ഇന്ത്യ സഖ്യത്തിന് ഉത്തരേന്ത്യയിൽ പ്രതീക്ഷിക്കാനെന്തുണ്ട്?

ഇന്ത്യ സഖ്യത്തിന് ഉത്തരേന്ത്യയിൽ പ്രതീക്ഷിക്കാനെന്തുണ്ട്?

ഉത്തരേന്ത്യയിൽ ഇന്ത്യ സഖ്യത്തിന്റെ സാധ്യതകൾ എന്തൊക്കെ, ഹിന്ദി ഹൃദയഭൂമിയിൽ സീറ്റുകൾ പിടിക്കുമോ 'ഇന്ത്യ'?

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ എന്താകും ഇത്തവണത്തെ പ്രചാരണ വിഷയം? ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും എങ്ങനെ പ്രതികരിക്കും? ദക്ഷിണേന്ത്യയിലേക്ക് ബിജെപിക്കും എൻഡിഎയ്ക്കും കടന്നുകയറാൻ സാധിക്കുമോ? ഉത്തരേന്ത്യ എൻഡിഎയുടെ തകരാത്ത കോട്ടയായി നിലനിൽക്കുമോ? ഇതെല്ലാമാണ് നിലവിൽ ഉയരുന്ന ചോദ്യങ്ങൾ. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ'യുടെ ഭാവിയെന്താകും എന്ന് തീരുമാനിക്കപ്പെടുന്നതും ഈ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ഹിന്ദി ഹൃദയഭൂമിയിൽ ഏറ്റവുമൊടുവിൽ നടന്ന മൂന്നു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുഖ്യധാരയിലില്ലാത്ത പല കണക്കുകളും ഇപ്പോഴും അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് നേരിയ വ്യത്യാസത്തിനാണ് രണ്ടാം സ്ഥാനത്തേക്ക് പോയത്. ഇവിടെയൊന്നും മറ്റു കക്ഷികളുമായി കോൺഗ്രസിന് സഖ്യമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. അത് അവര്‍ക്ക് വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ നിന്നു പാഠമുൾക്കൊണ്ട് ഇത്തവണ കൂടുതൽ ശ്രദ്ധയോടെ നീങ്ങാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചാൽ എൻഡിഎയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് മനസിലാക്കേണ്ടത്.

ഇന്ത്യ സഖ്യത്തിന് ഉത്തരേന്ത്യയിൽ പ്രതീക്ഷിക്കാനെന്തുണ്ട്?
കേരളം വിധിയെഴുതുക ഒറ്റഘട്ടമായി; ഫലമറിയാന്‍ 2019-ലേക്കാള്‍ നീണ്ട കാത്തിരുപ്പ്‌

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച വോട്ട് വിഹിതം 45 ശതമാനമാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്ന കക്ഷികൾക്ക് ലഭിച്ച വോട്ട് വിഹിതം അത്ര കുറവല്ല, കേവലം 7 ശതമാനത്തിന്റെ കുറവുമാത്രമാണ് ഇന്ത്യ സഖ്യത്തിനുള്ളത്. 120 സീറ്റുകളുമായി 38 ശതമാനം വോട്ട് ഇന്ത്യ സഖ്യം നേടിയിട്ടുണ്ട്.

പ്രതിപക്ഷ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചേക്കാമെന്ന് പറയുന്നതിന് കൃത്യമായ അടിസ്ഥാനമുണ്ട്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ധാരണയിലെത്തിയത് ഇന്ത്യ സഖ്യത്തിന് നേട്ടമാകും, ഹരിയാനായാണ് മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനം. 2019 ന് ശേഷം രണ്ട് കർഷക സമരമാണ് രാജ്യം നേരിട്ടത്. അതിന്റെ ചലനങ്ങൾ ഹരിയാനയിലാണ് ഏറ്റവുമധികം ഉണ്ടാകുക. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ചതുപോലെ ഹരിയാനയിലെ പത്തിൽ പത്ത് സീറ്റുകളും ബിജെപിക്കു ലഭിച്ചേക്കില്ല.

മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനം പഞ്ചാബാണ്. കോൺഗ്രസും ആം ആദ്മിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിലും കർഷക സമരമുൾപ്പെടെയുള്ള വിഷയങ്ങൾ പഞ്ചാബിൽ ചർച്ചയാകും. ഇന്ത്യ സഖ്യം കൂടുതൽ സീറ്റുകൾ നേടാൻ തന്നെയാണ് പഞ്ചാബിലും സാധ്യത. കാശ്മീരിൽ തിരഞ്ഞെടുപ്പുകൾ നടന്നിട്ട് കാലങ്ങളായെങ്കിലും ഇതിനിടയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ തിരിച്ചടി നേരിട്ടത് കശ്മീരിലെ വോട്ടിംഗ് ഏതു രീതിയിലാകുമെന്നു സൂചിപ്പിക്കുന്നതാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ പൂർണ്ണമായും ബിജെപിക്കൊപ്പം തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപിൽ നിന്നത്. എന്നാൽ 2019ൽ എൻഡിഎയ്ക്കൊപ്പം നിന്ന ശിവസേന, പിളർന്നതുകൊണ്ടു തന്നെ മഹാരാഷ്ട്രയിൽ എന്താകും ഇത്തവണത്തെ ജനവിധി എന്ന് പ്രവചിക്കാൻ സാധിക്കില്ല. ഈ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ഓരോ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ബോണസാണ്.

ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ 100 ഇടത്ത് ബിജെപി ചിത്രത്തിൽ പോലുമില്ല എന്നകാര്യം നമ്മൾ കാണണം. അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലാണ്. ബാക്കിയുള്ള സീറ്റുകളിൽ ഏകദേശം 240 സീറ്റുകളിൽ ബിജെപിയും പ്രാദേശിക കക്ഷികളുമാണ് മത്സരരംഗത്തുള്ളത്. ഈ 340 സീറ്റുകളാണ് ജനവിധിയെ നിർണയിക്കുന്നത്. ബാക്കി വരുന്ന 200 ഓളം സീറ്റുകളിലാണ് കോൺഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്നത്. അതിൽ 170 സീറ്റുകളും കഴിഞ്ഞ തവണ ജയിച്ചത് ബിജെപിയാണ്. എന്നാൽ മേൽപ്പറഞ്ഞ 340 മണ്ഡലങ്ങളിൽ കാര്യങ്ങൾ എന്താകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പ്രാദേശിക കക്ഷികളുമായി ബിജെപി നേരിട്ട് ഏറ്റുമുട്ടുന്ന മിക്കവാറും സ്ഥലങ്ങളിൽ ബിജെപി പരാജയപ്പെടുകയാണ് ചെയ്തതെന്ന് മനസിലാക്കേണ്ടതുണ്ട്. എന്നാൽ മറുവശത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉത്തരേന്ത്യയിലെ കൂടുതൽ സീറ്റുകളുള്ള യുപിപോലുള്ള സ്ഥലങ്ങളിൽ എന്ത് സംഭവിക്കും എന്നതാണ്. ഉത്തർപ്രദേശിലെ 80 സീറ്റുകൾ എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ്. യുപിയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഖിലേഷ് യാദവിന്റെ എസ്പിക്ക് അഞ്ച് സീറ്റും മായാവതിയുടെ ബിഎസ്പിക്ക് പത്ത് സീറ്റുമാണ് ലഭിച്ചത്.

ബിഎസ്പി കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് ദുർബലപ്പെട്ടത് എസ്പിക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാൽ വലിയ തോതിൽ ബിജെപിയുടെ സീറ്റുകൾ അപഹരിക്കാൻ ഇവർക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്. കോൺഗ്രസുമായി എസ്പി ധാരണയിലെത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്. സഖ്യവും, കർഷക സമരവുമുൾപ്പെടെയുള്ള കാര്യങ്ങളും തുണയ്ക്കുകയാണെങ്കിൽ ഇന്ത്യ സഖ്യം രണ്ടക്കസീറ്റുകൾ യുപിയിൽ നേടിയേക്കാം. എന്നാൽ ഈ സാധ്യതകളെയൊക്കെ നിഷ്പ്രഭമാക്കുന്ന രീതിയിൽ രാമക്ഷേത്രമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നു വരികയാണെങ്കിൽ 'ഇന്ത്യ'യുടെ പ്രതീക്ഷകൾ മങ്ങുകയും ചെയ്യും.

ഇന്ത്യ സഖ്യത്തിന് ഉത്തരേന്ത്യയിൽ പ്രതീക്ഷിക്കാനെന്തുണ്ട്?
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

2019ലെ ഫലമടിസ്ഥാനമാക്കിയാൽ 120 സീറ്റുകളാണ് 'ഇന്ത്യ' സഖ്യത്തിനുള്ളത്. അതുകൊണ്ടു തന്നെ യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ നേടുന്ന ഓരോ സീറ്റും ഇന്ത്യ സഖ്യത്തിന് ബോണസാണ്. ബിഹാറാണ് മറ്റൊരു വലിയ സംസ്ഥാനം. 40 ലോക്സഭാ സീറ്റുകളുണ്ട് ബിഹാറിൽ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് എതിരാണ് ബിഹാറിലെ ജനവിധി. 2015ലും 2020ലും ബിജെപി വിരുദ്ധ ചേരിക്കാണ് ജനപിന്തുണ. എന്നാൽ നിരന്തരമായി മറുകണ്ടം ചാടിക്കൊണ്ടിരിക്കുന്ന നിതീഷ്കുമാറിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്നതാണ് കണ്ടറിയേണ്ടത്.

തേജസ്വി യാദവ് അവിടെ ഒരു പ്രധാന ഫിഗറായി മാറുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ബിഹാറിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ 'ജനവിശ്വാസ്‌ യാത്ര'യിൽ വമ്പിച്ച ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. തേജസ്വിക്കും ഇന്ത്യ സഖ്യത്തിനും അനുകൂലമാണോ കാര്യങ്ങളെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു. മറ്റൊരു പ്രധാന സംസ്ഥാനം പശ്ചിമ ബംഗാളാണ്. 42 സീറ്റുകളുള്ള ബംഗാളിൽ 22 സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസാണ്. 18 സീറ്റ് ബിജെപിയും നേടി. ബംഗാളിൽ കൂടുതൽ സീറ്റുകൾ നേടുക എന്ന ഉദ്ദേശത്തോടെ ബിജെപി പൗരത്വഭേദഗതി നിയമം അവതരിപ്പിച്ചു കഴിഞ്ഞു. അസമും ബംഗാളുമാണ് നിലവിൽ ഇന്ത്യ സഖ്യത്തിന് മുന്നിലുള്ള വെല്ലുവിളി. ബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നിലനിർത്താൻ ഇന്ത്യ സഖ്യത്തിന് സാധിക്കുകയും ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് സീറ്റുകൾ ചിലതെങ്കിലും പിടിച്ചെടുക്കാൻസാധിക്കുകയും ചെയ്താൽ ഇന്ത്യ സഖ്യം 150നും 200നുമിടയിൽ സീറ്റുകൾ നേടാൻ വരെസാധ്യതയുണ്ട്. എന്നാൽ അപ്പോഴും ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുന്ന കാര്യം പരുങ്ങലിലാണ്.

logo
The Fourth
www.thefourthnews.in