'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'

'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ച് പാര്‍ട്ടികള്‍ നിശബ്ദ പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ച് പാര്‍ട്ടികള്‍ നിശബ്ദ പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍. മണിക്കൂറുകൾ കൂടി കഴിഞ്ഞാല്‍, രാജ്യത്തെ 11 സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും വിധിയെഴുതും. കടുത്ത വേനല്‍ ചൂടിനേയും വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടായിരുന്നു കഴിഞ്ഞ ഒരുമാസമായി കേരളത്തിലുണ്ടായിരുന്നത്. വാക്‌പോര് നടത്തിയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചും പാര്‍ട്ടികള്‍ കളംപിടിച്ചു.

ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് എല്‍ഡിഎഫ്. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് ഫെബ്രുവരി 12-ന് പ്രഖ്യാപിക്കുമ്പോള്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പോലും തീരുമാനിച്ചില്ലായിരുന്നു. അങ്ങനെ, ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍ മാറി. മാര്‍ച്ച് പതിനാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് കനത്തിരുന്നു.

യുഡിഎഫിന്റെ സര്‍പ്രൈസ്, നിരാശനായ പി സി ജോര്‍ജ്

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പാര്‍ട്ടികളും മുന്നണികളും കൂടുതല്‍ ആവേശത്തിലായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്. സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂരില്‍ കെ സുധാകരന്‍ സസ്പന്‍സ് നിലനിര്‍ത്തി. ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍, കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ വന്നെങ്കിലും തൃശൂരിലും വടകരയിലും യുഡിഎഫ് അപ്രതീക്ഷിത വെടിപൊട്ടിച്ചു. തൃശൂരില്‍ സിറ്റിങ് എംപി ടിഎന്‍ പ്രതാപനെ മാറ്റി വടകരയില്‍ നിന്ന് കെ മുരളീധരനെ രംഗത്തിറക്കി. വടകരയിലേക്ക് പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പറഞ്ഞുവിട്ടു. ഇത് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ വരെ ചലനമുണ്ടാക്കി. അതുവരെ തൃശൂരില്‍ മുന്നിട്ടുനിന്ന എല്‍ഡിഎഫിന് മുരളീധരന്റെ വരവോടെ കാര്യങ്ങള്‍ അത്ര എളുമപ്പമല്ലാതെയായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കരുതെന്ന് ഇടതുപാര്‍ട്ടികള്‍ ആവുംവിധം പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. രാഹുല്‍ വയനാട്ടിലേക്ക് തന്നെവന്നു. രാഹുലിന്റെ വരവ് മുന്‍കൂട്ടി കണ്ട സിപിഐ, അപ്പോഴേക്കും ദേശീയനേതാവ് ആനി രാജയെ രംഗത്തിറക്കിയിരുന്നു.

'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'
സമസ്ത- ലീഗ് ഭിന്നത: വിവാദങ്ങള്‍ക്ക് വോട്ട് ചോര്‍ത്താനുള്ള മൂര്‍ച്ചയുണ്ടോ?

ബിജെപിയും ഇത്തവണ 'രണ്ടുംകല്‍പ്പിച്ചായിരുന്നു'. തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തി പ്രചാരണത്തിന് തുടക്കംകുറിച്ചു. പത്തനംതിട്ടയില്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍, ഞെട്ടിയത് സീറ്റ് പ്രതീക്ഷിച്ച് ബിജെപി കുപ്പായം എടുത്തിട്ട പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും. അനില്‍ ആന്റണിയെ ജനങ്ങള്‍ക്കറിയില്ല എന്ന പിസിയുടെ പരാമര്‍ശം ബിജെപി ക്യാമ്പില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി.

പിണറായി, ദി ടാര്‍ഗറ്റ്!

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണമുഖം. പിണറായി വിജയനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു യുഡിഎഫിന്റേയും ബിജെപിയുടേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാ ലോജിക്കിനും സിഎംആര്‍എലിനും എതിരെ മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ ആരോപണങ്ങളും പിന്നാലെവന്ന എസ്എഫ്‌ഐഒ അന്വേഷണവും ഇടതുപക്ഷത്തിന് എതിരായ പ്രചാരണയുധമാക്കി മാറ്റാന്‍ യുഡിഎഫിന് സാധിച്ചു. പെന്‍ഷന്‍ കുടിശ്ശിക, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, വയനാട്ടില്‍ അടക്കമുണ്ടായ വന്യമൃഗ ആക്രമണങ്ങള്‍, തുടങ്ങി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു യുഡിഎഫ് പ്രചാരണം. മറുവശത്ത് എല്‍ഡിഎഫ് ദേശീയവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പൗരത്വ നിയമം, ഏകീകൃത സിവില്‍ കോഡ്, രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷം തുടങ്ങി ദേശീയതലത്തിലെ പ്രശ്‌നങ്ങളില്‍ ഊന്നി ഇടതുപക്ഷം പ്രചാരണം നടത്തി. ബിജെപിയും സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ചാണ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ കേരള റാലിയിലും ആവര്‍ത്തിച്ച് ആരോപിച്ചു.

കേരള സ്റ്റോറിയും കെ കെ ശൈലജയും

പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചതിന് എതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് രംഗത്തെത്തിയെങ്കിലും പിന്നാലെ സിറോ മലബാര്‍ സഭ ഇടുക്കി, താമരശ്ശേരി രൂപതകള്‍ കേരള സ്റ്റോ പ്രദര്‍ശിപ്പിച്ചു. ഇതിനെതിരെ ലത്തീന്‍ സഭ രംഗത്തെത്തി. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'
വോട്ടിങ് ശതമാനം കുറഞ്ഞു, ബിജെപി ഭയന്നു? ട്രാക്ക് മാറ്റി മോദി, വിദ്വേഷപ്രസംഗത്തിന് രാജസ്ഥാന്‍ തിരഞ്ഞെടുത്തതിന് പിന്നില്‍

പ്രചാരണം മുറുകിയപ്പോള്‍, വ്യക്തിപരമായ ആരോപണങ്ങളും കൊടുമ്പിരികൊണ്ടു. തനിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ വ്യക്തിഹത്യ നടക്കുന്നെന്ന് ആരോപിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ രംഗത്തെത്തിയതും ചര്‍ച്ചയായി. തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ശൈലജയുടെ ആരോപണം. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ വീഡിയോയെക്കുറിച്ച് താന്‍ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെക്കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്ന നിലപാടുമായി ഷാഫി പറമ്പില്‍ രംഗത്തുവന്നു. 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന ഷാഫി പറമ്പലിന്റെ വക്കീല്‍ നോട്ടീസിലെ ആവശ്യം തള്ളിയ കെകെ ശൈലജ, തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകള്‍ പൊതുമധ്യത്തിലുണ്ടെന്ന് മറുപടി നല്‍കി.

രാഹുല്‍ ഗാന്ധിയുടെ വയനാട് റാലിയില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പതാകകള്‍ ഉപയോഗിക്കാത്തിനെ ആയുധമാക്കി ബിജെപിയും സിപിഎമ്മും രംഗത്തെത്തി. വയനാട്ടിലും രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നും മറ്റൊരു മണ്ഡലം തേടേണ്ടിവരുമെന്ന മോദിയുടെ പ്രസ്താവന ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വോട്ടെടുപ്പിന്റെ അവസാന ലാപ്പിലേക്ക് എത്തിയപ്പോള്‍ കേരള രാഷ്ട്രീയം ദേശീയതലത്തില്‍ തന്നെ മുന്നണികള്‍ പ്രചാരണായുധമാക്കി. രാഹുല്‍ ഗാന്ധിയാണ് ഇതിന് തുടക്കമിട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം സിപിഎമ്മിനെ ചൊടിപ്പിച്ചു. കേന്ദ്രനേതാക്കള്‍ അടക്കം രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്തെത്തി.

രാഹുലിന്റെ പഴയ പേര് (രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച് വിളിക്കുന്ന പപ്പു എന്ന പ്രയോഗം) ഇപ്പോഴും മാറിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇതിനോടുള്ള പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാന്‍ കാണിക്കുന്ന അതേ അക്രമണോത്സുകത പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും രാഹുലിനെതിരെയും പ്രയോഗിച്ചു. ഇത് കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചു. മോദിക്കും പിണറായിക്കും ഒരേസ്വരം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'
വീശിയത് കോടികൾ; ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ 'കത്തിച്ച്' പാര്‍ട്ടികൾ, ചർച്ചയായത് കച്ചത്തീവ് മുതല്‍ തേജസ്വിയുടെ മീന്‍ വരെ

തിരുവന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതും രംഗം കൊഴിപ്പിച്ചു. 2021-22ല്‍ 680 രൂപയും 2022-23-ല്‍ 5,59,200 രൂപയുമാണ് നികുതി നല്‍കേണ്ട വരുമാനമായി നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ബോംബ് നിര്‍മ്മാണത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സിപിഎമ്മിന് എതിരായ ആയുധമാക്കി കോണ്‍ഗ്രസ് മാറ്റി. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു പ്രചാരണം.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട വിഷയം തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്. പോലീസ് ഇടപെടല്‍ കാരണം തൃശൂര്‍ പൂരത്തിലുണ്ടായ പ്രശ്നങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. വിവാദത്തില്‍ ആദ്യം സംയമനത്തോടെ പ്രതികരിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പിന്നീട് രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും സര്‍ക്കാരിനെ വിമര്‍ശിച്ച് കളംനിറഞ്ഞു.

'ഇന്ത്യ'യിൽ ഒന്ന്, കേരളത്തിൽ 'രണ്ട്';കടന്നാക്രമിച്ച് സിപിഎമ്മും കോണ്‍ഗ്രസും, തമ്മിലടിപ്പിച്ച് ബിജെപിയും; 'നിശബ്ദം തകൃതി'
കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ 'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും

ആലപ്പുഴയിലേയും പത്തനംതിട്ടയിലേയും എന്‍ഡിഎ സ്ഥാനാര്‍ഥികളായ ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കും എതിരെ വിവാദ ദല്ലാള്‍ ടിജി നന്ദകുമാര്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തു. ശോഭയ്ക്ക് പത്തു ലക്ഷം രൂപയും അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപയും നല്‍കി എന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാന്‍ അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റി. നിയമനം നടന്നില്ല. തുടര്‍ന്ന് പലതവണയായി 25 ലക്ഷം തിരികെ നല്‍കിയെന്ന് നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ പേരിലുള്ള സ്ഥലം കച്ചവടം ചെയ്യാനാണ് പണം നല്‍കിയത് എന്നാണ് ശോഭയുടെ വാദം. പ്രമുഖ സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചെന്നും ശോഭ പറഞ്ഞു.

കൊട്ടിക്കലാശ ദിനത്തില്‍ അക്രമസംഭവങ്ങളും അരങ്ങേറി. കൊല്ലത്ത് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു നടത്തിയ കല്ലേറില്‍ കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനും നാലു പോലീസുകാര്‍ക്കും പരുക്കേറ്റു.

പ്ലേറ്റ് മാറ്റി മോദി

ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ പരാമര്‍ശമാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ വലിയ ചര്‍ച്ചയായത്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ രൂക്ഷമായ പ്രസ്താവനകള്‍ പ്രധാന നേതാക്കളില്‍ നിന്നുണ്ടായിരുന്നില്ല. എന്നാല്‍, ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപി ശൈലിമാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അതിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ വിഭവങ്ങളുടെമേല്‍ പ്രഥമപരിഗണന മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞുവെന്നും അതുകൊണ്ട് കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ നമ്മുടെ സമ്പത്ത് മുഴുവന്‍ കോണ്‍ഗ്രസ് ഈ നുഴഞ്ഞുകയറി വന്നവര്‍ക്ക് നല്‍കുമെന്നുമായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്. ഇതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, തന്റെ നിലപാട് മയപ്പെടുത്താനോ പിന്നോട്ടു പോകാനോ മോദി കൂട്ടാക്കിയിട്ടില്ല.

Narendra Modi addressing the public
Narendra Modi addressing the public

12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് 26-ന് വിധിയെഴുതുന്നത്. കേരളത്തിലെ 20 സീറ്റിന് പുറമേ, കര്‍ണാടക-14, രാജസ്ഥാന്‍- 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര- എട്ട് വീതം, മധ്യപ്രദേശ്- ഏഴ്, ബിഹാര്‍, അസം- അഞ്ച് വീതം,ഛത്തീസ്ഗഡ്, ബംഗാള്‍-മൂന്നു വീതം, ത്രിപുര, ജമ്മു കശ്മീര്‍- ഒന്നു വീതം, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് 26ന് വോട്ടെടുപ്പ് നടക്കുന്നത്. കേരളമാണ് മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം.രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ വോട്ടെടുപ്പ് നടക്കുന്നതും കേരളത്തില്‍ തന്നെ.

logo
The Fourth
www.thefourthnews.in