ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'

ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'

സഖ്യത്തിലാണെങ്കിലും ബിജെപിയും ടിഡിപിയും ജനസേന പാര്‍ട്ടിയും രണ്ടുവഴിക്കാണ് യാത്ര

മാര്‍ച്ച് പതിനേഴിന് ആന്ധ്രാപ്രദേശില്‍ എന്‍ഡിഎയുടെ വലിയൊരു റാലി നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണും ഒരുമിച്ച് വേദിയില്‍ കൈകള്‍ ചേര്‍ത്തു പിടിച്ചു നിന്നു. ആ റാലിക്ക് ശേഷം ഒരുമാസം കഴിഞ്ഞിരിക്കുന്നു. ആന്ധ്രയില്‍ എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികള്‍ ഒരുമിച്ച് റാലിയില്ല, ഒരുമിച്ച് പ്രചാരണവുമില്ല. സഖ്യത്തിലാണെങ്കിലും ബിജെപിയും ടിഡിപിയും ജനസേന പാര്‍ട്ടിയും രണ്ടുവഴിക്കാണ് യാത്ര.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്ന ആന്ധ്രയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും നാമനിര്‍ദേശ പത്രിക സമര്‍പ്പണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍, മൂന്നു പാര്‍ട്ടികളും ചേര്‍ന്നുള്ള പൊതുപരിപാടികള്‍ ഇല്ല. ടിഡിപിയും ജനസേന പാര്‍ട്ടിയും ചേര്‍ന്ന് ചില റാലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ റാലികളില്‍ ബിജെപി നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ടിഡിപിയുമാള്ള സഖ്യത്തിന് ബിജെപി സംസ്ഥാന ഘടകത്തിന് താത്പര്യമില്ലായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചന്ദ്രബാബു നായിഡുവുമായി കൈകോര്‍ക്കാന്‍ ബിജെപി തയാറായത്.

Summary

നാലുവര്‍ഷമായി ബിജെപി സഖ്യത്തിലുള്ള ജനസേന പാര്‍ട്ടി, കഴിഞ്ഞ ഒക്ടോബറിലാണ് ടിഡിപിയുമായി സഖ്യം പ്രഖ്യാപിച്ചത്. മാര്‍ച്ചിലാണ് ടിഡിപിയും ബിജെപിയും തമ്മില്‍ സഖ്യ ധാരണയിലെത്തിയത്

ഏപ്രില്‍ പത്തിന് ടിഡിപി-ജനസേന റാലിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്തേശ്വരി പങ്കെടുത്തിരുന്നു. ഇവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന രാജമഹേന്ദ്രവാരം ലോക്‌സഭ മണ്ഡലത്തില്‍ വെച്ചാണ് റാലി നടന്നത് എന്നതുകൊണ്ടു മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷ ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ടിഡിപി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

ജനസേന പാര്‍ട്ടി സംഘടിപ്പിക്കുന്ന റാലിയിലും ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നില്ല. മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് തയാറാക്കിയ മുന്നണിയുടെ പ്രകടനപത്രികയും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ടിഡിപിയും ജനസേന പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തിയ പൊതു മിനിമം പരിപാടിയാണ് ഇരു പാര്‍ട്ടികളും പ്രചാരണത്തിന് ഉപയോഗിക്കുന്നത്. നാലുവര്‍ഷമായി ബിജെപി സഖ്യത്തിലുള്ള ജനസേന പാര്‍ട്ടി, കഴിഞ്ഞ ഒക്ടോബറിലാണ് ടിഡിപിയുമായി സഖ്യം പ്രഖ്യാപിച്ചത്. മാര്‍ച്ചിലാണ് ടിഡിപിയും ബിജെപിയും തമ്മില്‍ സഖ്യ ധാരണയിലെത്തിയത്.

ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'
'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ കലഹിച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ചന്ദ്രബാബു നായിഡു, മൂന്നാം മുന്നണി നീക്കം നടത്തി പരാജയപ്പട്ടതിന് പിന്നാലെയാണ് ബിജെപി പാളയത്തിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം നായിഡു എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. ഇതിനിടെ, സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ചന്ദ്രബാബു നായിഡു അറസ്റ്റിലാവുകയും ചെയ്തു. അഴിമതി കേസില്‍ ജയിലിലായ ചന്ദ്രബാബു നായിഡുവുമായി സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിക്ക് കോട്ടമുണ്ടാക്കുമെന്ന നിലപാടിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍, ദേശീയ നേതൃത്വം നായിഡുവിന് കൈകൊടുത്തു. ഇത് സംസ്ഥാന ഘടകത്തെ അസ്വസ്ഥരാക്കിയെങ്കിലും ദേശീയ നേതൃത്വത്തെ എതിര്‍ക്കാന്‍ ആന്ധ്രയിലെ ബിജെപി നേതാക്കള്‍ ധൈര്യമുണ്ടായില്ല. പകരം, ടിഡിപിയുമായി നിസ്സഹകരണം നടത്തുക എന്ന വഴിയാണ് സംസ്ഥാന ഘടകം കണ്ടെത്തിയത്.

എന്‍ഡിഎ റാലിയില്‍ ചന്ദ്രബാബു നായിഡു, മോദി, പവന്‍ കല്യാണ്‍
എന്‍ഡിഎ റാലിയില്‍ ചന്ദ്രബാബു നായിഡു, മോദി, പവന്‍ കല്യാണ്‍

ആന്ധ്രയില്‍ കാലുറപ്പിക്കാന്‍ സാധിക്കുമെന്ന സംസ്ഥാന നേതാക്കളുടെ അവകാശവാദം ബിജെപി കേന്ദ്രനേതൃത്വം മുഖവിലയ്ക്ക് എടുക്കുന്നില്ല. ടിഡിപിയുമായും ജനസേനയുമായും സഖ്യമില്ലാതെ, ഒരു സീറ്റ് പോലും നേടാനാകില്ലെന്നും ഇവരുമായി ചേര്‍ന്നാല്‍ മൂന്നു സീറ്റുവരെ കിട്ടിയേക്കും എന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ആറ് ലോക്‌സഭ സീറ്റുകളും പത്ത് നിയമസഭ സീറ്റുകളുമാണ് ടിഡിപി ബിജെപിക്ക് അനുവദിച്ചിരിക്കുന്നത്. ടിഡിപി 17 ലോക്‌സഭ സീറ്റിലും 144 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കുന്നു. ജനസേന പാര്‍ട്ടി രണ്ട് ലോക്‌സഭ സീറ്റിലും 21 നിയമസഭ സീറ്റിലും മത്സരിക്കുന്നു. 25 ലോക്‌സഭ മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. 175 നിയമസഭ മണ്ഡലങ്ങളുമുണ്ട്.

ചന്ദ്രബാബു നായിഡു, നരേന്ദ്ര മോദി
ചന്ദ്രബാബു നായിഡു, നരേന്ദ്ര മോദി

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും ബിജെപി നേതാക്കള്‍ കടന്നാക്രമിക്കുന്നില്ലെന്ന ആക്ഷേപം ടിഡിപിക്കുണ്ട്. മാര്‍ച്ച് 17-ന് നടത്തിയ റാലിയില്‍ മോദി പോലും ജഗനെ കടന്നാക്രമിച്ചില്ല എന്ന് ടിഡിപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ബിജെപി നേരത്തെ സഖ്യനീക്കവും നടത്തിയിരുന്നു. പാര്‍ലമെന്റില്‍ ബിജെപി കൊണ്ടുവരുന്ന ബില്ലുകളെ എതിര്‍ക്കാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുന്നത് ടിഡിപിയെ കൂടെക്കൂട്ടുന്നതിലും ഉപകരിക്കുമെന്ന് ഒരുവിഭാഗം ബിജെപി നേതാക്കള്‍ കണക്കുകൂട്ടിയിരുന്നു. ഡല്‍ഹിയിലെ പിന്തുണയ്ക്ക് പകരമായി, ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുമുണ്ട്.

ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'
തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം കഴിഞ്ഞു, തര്‍ക്കം തീരാതെ ബിജെപി സഖ്യം; മഹാരാഷ്ട്രയില്‍ ഇപ്പോഴും ഏഴ് സീറ്റുകള്‍ കീറാമുട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍, സഖ്യത്തിന് വൈഎസ്ആര്‍ കോണ്‍ഗ്രസ് തയാറായില്ല. പിന്നെ, ബിജെപിക്ക് മുന്നിലുണ്ടായിരുന്ന വഴി, എന്‍ഡിഎ പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന നായിഡുവിനെ കൂടെക്കൂട്ടുക എന്നതായിരുന്നു. ജയിച്ച് പാര്‍ലമെന്റിലെത്തുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ തങ്ങള്‍ക്ക് ഭീഷണിയാകില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. ആന്ധ്രയില്‍ സാന്നിധ്യം ഉറപ്പിക്കാനായി സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല പാര്‍ട്ടിയായ ടിഡിപിക്കൊപ്പം നിന്ന് സീറ്റ് നേടിയെടുക്കാനുമാണ് ബിജെപിയുടെ പദ്ധതി. മാര്‍ച്ച് 13-നാണ് ആന്ധ്ര നിയസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.

logo
The Fourth
www.thefourthnews.in