എറണാകുളത്തുകാരുടെ 
'ഹൈ വോള്‍ട്ടജ്' ഹൈബി

എറണാകുളത്തുകാരുടെ 'ഹൈ വോള്‍ട്ടജ്' ഹൈബി

ഹൈബിയെ മാറ്റിനിര്‍ത്തിയൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ വലിയ കുതിപ്പ്. എറണാകുളത്തുകാര്‍ ഹൈബി ഈഡന്‍ എന്ന യുവനേതാവിനെ നെഞ്ചേറ്റിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയം. തുടക്കം മുതല്‍ മുന്നേറിയ ഹൈബി ഒരിക്കല്‍ പോലും ഒരിഞ്ച് പിന്നോട്ടു പോയിരുന്നില്ല. പോള്‍ ചെയ്തതില്‍ പകുതിയിലേറെ വോട്ടുകളും ഹൈബി സ്വന്തമാക്കി. എതിര്‍സ്ഥാനാര്‍ഥി കെ ജെ ഷൈന്‍ ടീച്ചറെ 2,50,385 വോട്ടുകള്‍ക്കാണ് ഹൈബി പരാജയപ്പെടുത്തിയത്.

4,82,317 വോട്ടുകള്‍ (52.97%) ഹൈബി സ്വന്തമാക്കിയപ്പോള്‍ ഷൈന്‍ ടീച്ചര്‍ നേടിയത് 2,31,932 (25.47%) വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണന് സ്വന്തമാക്കാനായത് 1,44,500 (15.87%)വോട്ടുകളാണ്.

ഹൈബിയെ മാറ്റിനിര്‍ത്തിയൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തതും, ഏതൊരു ആവശ്യത്തിനും മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നതും യുവാക്കളെയുള്‍പ്പടെ ആകര്‍ഷിക്കാനുള്ള കഴിവുമാണ് ഹൈബിയെ തന്നെ വീണ്ടും നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈബി വോട്ട് തേടിയത്. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളും കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന്റെ 1000 കോടിയുടെ പദ്ധതികളും ഒക്കെ നേട്ടമായി ഹൈബി ഉയര്‍ത്തിക്കാട്ടി. ലത്തീന്‍ സമുദായംഗമായ കെ ജെ ഷൈന്‍ ടീച്ചറെ രംഗത്തിറക്കി പരീക്ഷണം നടത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് മണ്ഡലത്തിലെ സമുദായ സമവാക്യങ്ങള്‍.

ഹൈബി ഈഡൻ
ഹൈബി ഈഡൻ

തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തോടെയാണ് പിഎസ്‍സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണനെ രംഗത്തിറക്കിയത്.

എറണാകുളത്തുകാരുടെ 
'ഹൈ വോള്‍ട്ടജ്' ഹൈബി
മലയോരമേഖലയ്ക്ക് മനംമാറ്റമില്ല; ഇടുക്കിയില്‍ വിജയം ഡീലാക്കി ഡീന്‍

എറണാകുളം മണ്ഡലത്തിലെ മുന്‍കാല വോട്ട് കഥകള്‍കൂടി പരിശോധിക്കാം. സംസ്ഥാന രൂപീകരണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ ആകെ 18 തിരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നടന്നിട്ടുള്ളത്. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പേ തന്നെ കോണ്‍ഗ്രസിന്റെ കൈപിടിച്ചാണ് എറണാകുളം ലോക്സഭയിലേക്ക് കയറിയത്.

പിന്നീട് സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും എറണാകുളത്തുകാര്‍ കോണ്‍ഗ്രസിനെ കൈവിട്ടില്ല. 1957-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ എഎം തോമസ് മികച്ച ജയം നേടി പാര്‍ലമെന്റിലെത്തി. ഇടത് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം എം അബ്ദുള്‍ ഖാദറിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 62-ലും തോമസില്‍ തന്നെ എറണാകുളത്തെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. ഇത്തവണയും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത് അബ്ദുള്‍ഖാദറായിരുന്നു. സിപിഎം മണ്ഡലത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരത്തിനിറങ്ങിയതും അത്തവണയായിരുന്നു. 1967-ല്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നു.

കെ ജെ ഷൈൻ
കെ ജെ ഷൈൻ

സിപിഎമ്മിന്റെ വി വിശ്വനാഥ മേനോന്‍ 16,606 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില്‍ ചെങ്കൊടി നാട്ടിയത്. ഹാട്രിക് വിജയം തേടിയിറങ്ങിയ എ എം തോമസ് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്. 1971 മുതല്‍ 1996 വരെ എറണാകുളത്ത് ഇടതുപക്ഷത്തിന് നിലംതൊടാനായില്ല. ഇതിനിടെ കോണ്‍ഗ്രസിന്റെ ഹെന്ററി ഓസ്റ്റിന്‍, സേവ്യര്‍ അറയ്ക്കല്‍ എന്നിവര്‍ ഓരോ തവണ വീതവും പ്രൊഫ. കെ വി തോമസ് തുടര്‍ച്ചയായി മൂന്നു തവണയും എറണാകുളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തി. 1984, 89, 1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാണ് കെ വി തോമസ് ഹാട്രിക് നേട്ടം കൊയ്തത്.

29 വര്‍ഷത്തിനു ശേഷമാണ് പിന്നീട് ഇടതുപക്ഷത്തിന് ഒരു അട്ടിമറി ജയം നേടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നു തന്നെ ആളെ കണ്ടെത്തിയുള്ള സിപിഎം തന്ത്രം 1996-ല്‍ വിജയം കണ്ടു. 1980-ല്‍ എറണാകുളത്തു നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ സേവ്യര്‍ അറയ്ക്കലിനെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം 96-ല്‍ അട്ടിമറി ജയം നേടിയത്.

സേവ്യര്‍ അറയ്ക്കലിന്റെ നിര്യാണത്തെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം മുതലാക്കി ഇടതുപക്ഷം തന്നെ വിജയം നേടി. അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളായിരുന്നു വിജയി

എന്നാല്‍ 1996-ലെ 11-ാം ലോക്സഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 1998-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എറണാകുളത്തിന്റെ ജനകീയനായ എംഎല്‍എ ജോര്‍ജ് ഈഡനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് തന്ത്രം ഫലം കണ്ടു. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈഡനായി. 12-ാം ലോക്സഭയും കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് എത്തി.

എറണാകുളത്തുകാരുടെ 
'ഹൈ വോള്‍ട്ടജ്' ഹൈബി
വടകരയെ ഭൂരിപക്ഷത്തിന്റെ 'വന്‍കര' കടത്തി ഷാഫി

ഈഡനെ തന്നെ നിര്‍ത്തിയ കോണ്‍ഗ്രസിന് പിഴച്ചില്ല. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രന്‍ മാണി വിതയത്തിലിനെ തോല്‍പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ഈഡന്‍ വീണ്ടും പാര്‍ലമെന്റിലെത്തി. എന്നാല്‍ കാലാവധി തീരും മുമ്പേ രോഗബാധിതനായി ജോര്‍ജ് ഈഡന്‍ അന്തരിച്ചതോടെ എറണാകുളത്ത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് എത്തി.സെബാസ്റ്റ്യന്‍ പോളിനെയാണ് ഇക്കുറിയും ഇടതുപക്ഷം ഇറക്കിയത്. ഇടത് സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്, ചിഹ്നമാകട്ടെ ടെലിവിഷനും.

സഹതാപ തരംഗം ഉണ്ടായിട്ടുപോലും ഫലം വന്നപ്പോള്‍ ജോണിനെ 23,000 വോട്ടുകള്‍ക്കു തോല്‍പിച്ചു സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം വീണ്ടും ഇടതു പക്ഷത്തിനു സമ്മാനിച്ചു. ഒരു വര്‍ഷത്തിനു ശേഷം നടന്ന 2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍ എറണാകുളം വീണ്ടും ഇടത്തേക്കു ചാഞ്ഞു. സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. എറണാകുളത്ത് ഇടതുപക്ഷം ഏറ്റവും ഒടുവില്‍ ജയിച്ചത് ആ തവണയാണ്.

2009-ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കെവി തോമസിനെ തന്നെ കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കി. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ അത്തവണ ഇടതുപക്ഷം രംഗത്തിറക്കിയത് എസ് എഫ് ഐയുടെ നേതൃനിരയിലുണ്ടായിരുന്ന സിന്ധു ജോയിയെ. സ്ത്രീ വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ സിന്ധു ജോയിക്കു മുന്നില്‍ കെ വി തോമസ് അക്ഷരാര്‍ഥത്തില്‍ വിയര്‍ത്തു. സമീപകാലത്ത് എറണാകുളത്ത് യുഡിഎഫിനെ ഇടതുപക്ഷം ഏറ്റവും കൂടുതല്‍ വിറപ്പിച്ച മത്സരമായിരുന്നു അത്തവണത്തേത്. അന്തിമ ജയം കോണ്‍ഗ്രസിനായിരുന്നെങ്കിലും കെ വി തോമസിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് 3.42 ലക്ഷം വോട്ട് നേടിയപ്പോള്‍ സിന്ധു ജോയ് നേടിയത് 3.31 ലക്ഷം, മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് വെറും 59,968 വോട്ടുകള്‍ മാത്രം.

2014ലെ ഇടതിന്റെ 'പാളിയ പരീക്ഷണം'

2009-ല്‍ മണ്ഡലം തിരിച്ചുപിടിച്ച ശേഷം കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ ഒരു വെല്ലുവിളി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് നേരിട്ടിട്ടില്ല. ലാറ്റിന്‍ സമുദായ വോട്ടുകളാണ് കോണ്‍ഗ്രസിനെ ജയിപ്പിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന സിപിഎം 2014-ല്‍ ഒരു പരീക്ഷണത്തിനു മുതിര്‍ന്നു. ലത്തീന്‍ സഭയ്ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ഉദ്ദേശ്യത്തില്‍ എല്‍ഡിഎഫ് രംഗത്തു കൊണ്ടു വന്നത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ.

ലത്തീന്‍ വോട്ടുകള്‍ ഭിന്നിക്കുമെന്ന ഇടത് പ്രതീക്ഷകള്‍ പക്ഷേ അസ്ഥാനത്തായി. ക്രിസ്റ്റിയുടെ 'ബ്യൂറോക്രാറ്റ് ഇമേജി'നെക്കാള്‍ എറണാകുളത്തുകാര്‍ക്ക് ബോധിച്ചത് കെവി തോമസിന്റെ 'നാടന്‍' ഇമേജായിരുന്നു. ഫലം വന്നപ്പോള്‍ കെ വി തോമസ് 3.54 ലക്ഷം വോട്ടും ക്രിസ്റ്റിക്ക് 2.67 ലക്ഷം വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ ഇക്കുറി വോട്ടുവിഹിതം ഉയര്‍ത്തി 99,003 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഈഡന്റെ മകന്‍ ഹൈബിയുടെ വരവ്

എറണാകുളത്തെ ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഇന്നും ജോര്‍ജ് ഈഡന്‍ എന്നായിരിക്കും മറുപടി ലഭിക്കുക. അത്രകണ്ട് എറണാകുളത്ത് വോട്ടര്‍മാരുമായി അടുപ്പമുണ്ടാക്കാന്‍ ജോര്‍ജ് ഈഡന് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കെവി തോമസിനു പകരം 2019-ല്‍ ലോകസഭയിലേക്ക് മറ്റൊരാളെ പരിഗണിച്ചപ്പോള്‍ ഈഡന്റെ കുടുംബത്തില്‍ നിന്നുതന്നെ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല.

എറണാകുളത്തുകാരുടെ 
'ഹൈ വോള്‍ട്ടജ്' ഹൈബി
പ്രേമചന്ദ്രൻ: കൊല്ലത്ത് തുടരുന്ന ചന്ദ്രോദയം

അങ്ങനെ ജോര്‍ജ് ഈഡന്റെ പാത പിന്തുടര്‍ന്ന് നിയമസഭയില്‍ നിന്നിറങ്ങി മകന്‍ ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് മത്സരിച്ചു. സിപിഎം അത്തവണ ഗൗരവത്തിലായിരുന്നു കച്ചകെട്ടിയത്. പരീക്ഷണങ്ങള്‍ക്കൊന്നും നില്‍ക്കാന്‍ ജില്ലയിലെ പ്രധാന നേതാവും അന്നത്തെ ജില്ലാ സെക്രട്ടറിയുമായിരുന്നു ഇപ്പോഴത്തെ മന്ത്രി പി രാജീവാണ് ഹൈബിക്കെതിരേ സിപിഎം സ്ഥാനാര്‍ഥിയായത്. ബിജെപിക്കു വേണ്ടി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഇടത് എംഎല്‍എയുമായ അല്‍ഫോണ്‍സ് കണ്ണന്താനം കൂടി എത്തിയതോടെ മത്സരം കൊഴുത്തു.

പക്ഷേ എറണാകുളത്തുകാര്‍ ഈഡനെ മറന്നില്ല. തങ്ങളുടെ പ്രിയ നേതാവിന്റെ മകനെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് ഡല്‍ഹിയിലേക്ക് യാത്രയയച്ചത്. ഹൈബിക്ക് 4.9 ലക്ഷം വോട്ട് ലഭിച്ചപ്പോള്‍ രാജീവ് നേടിയത് 3.2 ലക്ഷം. ഹൈബിയുടെ ഭൂരിപക്ഷം 1.69 ലക്ഷം, 1998-ല്‍ അച്ഛന്‍ ജോര്‍ജ് ഈഡന്‍ നേടിയ 1.11 ലക്ഷത്തിനേക്കാള്‍ അരലക്ഷം കൂടുതല്‍.

കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പക്ഷേ ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലെന്നു പറയാം, ഇരുകൂട്ടര്‍ക്കും ഉറച്ച മണ്ഡലങ്ങളുമുണ്ട്, വിജയപരാജയങ്ങള്‍ മാറിമാറി വരുന്നവയുമുണ്ട്. എങ്കിലും നേരിയ മേല്‍കൈ കോണ്‍ഗ്രസിനു തന്നെ.

പറവൂരും തൃക്കാക്കരയും കോണ്‍ഗ്രസിന്റെ തട്ടകമാണെങ്കില്‍ വൈപ്പിനും കൊച്ചിയും ഇടതുപക്ഷത്തെ ചെങ്കോട്ടകളാണ്. കളമശേരി മുസ്ലീം ലീഗിന്റെ കരുത്തില്‍ കാലങ്ങളായി യുഡിഎഫിനൊപ്പം നിന്നുപോന്നതാണ്, പക്ഷേ ഇക്കുറി ഇടത്തേക്കു മറിഞ്ഞു. എറണാകുളം നിയമസഭാ മണ്ഡലം കൂടുതലും യുഡിഎഫ് ചായ്‍വാണ് കാട്ടിയിട്ടുള്ളത്, എങ്കിലും ഇടതോരം ചേര്‍ന്നുപോയ കാലഘട്ടവും ഉണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറ ഇരുപക്ഷത്തേക്കും മാറിമാറി ചവിട്ടും.

logo
The Fourth
www.thefourthnews.in