നാലാമങ്കവും ജയിച്ചു; കോഴിക്കോട് രാഘവഗാഥ

നാലാമങ്കവും ജയിച്ചു; കോഴിക്കോട് രാഘവഗാഥ

യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ രാഘവന്റെ ഭൂരിപക്ഷം ഉയരുകയും സിപിഎമ്മിന്റെ വോട്ടുവിഹിതം ഇടിയുകയും ചെയ്തു

കോഴിക്കോട് ലോക്‌സഭയെന്ന് പറഞ്ഞാല്‍ 'രാഘവേട്ടന്‍'...ഇതായിരുന്നു കഴിഞ്ഞ മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിലേയും സ്ഥിതി. ഇത്തവണയും മാറ്റമില്ല, കോഴിക്കോടിന്റെ എംപി എം കെ രാഘവന്‍ തന്നെ. കോഴിക്കോട് തിരിച്ചുപിടിക്കാന്‍ സമുന്നതനായ നേതാവ് എളമരം കരീമിനെ കളത്തിലിറക്കിയിട്ടും സിപിഎമ്മിന് ഒരു ഘട്ടത്തിലും മുന്നേറാനായില്ല. യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ രാഘവന്റെ ഭൂരിപക്ഷം ഉയരുകയും സിപിഎമ്മിന്റെ വോട്ടുവിഹിതം ഇടിയുകയും ചെയ്തു.

18 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഒറ്റ എംഎല്‍എ പോലും കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭ മണ്ഡലങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. അതേസമയം ലോക്സഭയുടെ കാര്യത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ 'കൈക്കുമ്പിളിലാണ്' കോഴിക്കോട്. തുടര്‍ച്ചയായ നാലാം വിജയം തേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ കോഴിക്കോട് വീണ്ടും മത്സരിച്ചത്.

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ ഒരേപോലെ മണ്ഡലത്തിലെ ജനപ്രിയരായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷം കൊണ്ട് താന്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയ ജനകീയത കൈമുതലാക്കിയാണ് എം കെ രാഘവന്‍ നാലാമതും മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ പതിനഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ വികസന മുരടിപ്പായിരുന്നു എന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന പ്രചാരണായുധം. വിജയസാധ്യതയില്ലെങ്കില്‍ കൂടിയും പരമാവധി വോട്ടുകള്‍ നേടി തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി കളത്തിലിറങ്ങിയത്.

നാലാമങ്കവും ജയിച്ചു; കോഴിക്കോട് രാഘവഗാഥ
അത്ഭുതങ്ങൾ സൃഷ്ടിക്കാതെ മലപ്പുറം; കോട്ട ഇ ടി തന്നെ കാക്കും

എം കെ രാഘവന്റെ 'ഏട്ടന്‍' ഇമേജിനെതിരെ തുടക്കത്തില്‍ എളമരം കരീം 'ഇക്ക' ഇമേജ് വെച്ച് പ്രചാരണം ആരംഭിച്ചെങ്കിലും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ 'കരീംക്ക' വീണ്ടും കരീം ആയി മാറി. രാഷ്ട്രീയവും വികസനവും ചര്‍ച്ചയാവുന്നതിന് ഒപ്പം മതസാമുദായിക ഘടകങ്ങളും കോഴിക്കോട് വോട്ടിന്റെ ഭാഗമാകും. ഇരു സമസ്തകള്‍ക്കും വലിയ സ്വാധീനമുള്ള കോഴിക്കോട് ലോക്സഭയില്‍ തന്നെയാണ് കാന്തപുരം നേതൃത്വം നല്‍കുന്ന മര്‍ക്കസ് സ്ഥിതി ചെയ്യുന്നത്. സിഎഎ, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയവയില്‍ എടുത്ത ശക്തമായ നിലപാടുകള്‍ തങ്ങള്‍ക്ക് വോട്ടുകളായി മാറുമെന്നായിരുന്നു സിപിഎം വിലയിരുത്തിയിരുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സിഎഎയ്ക്ക് എതിരായി നിലപാട് സ്വീകരിച്ചില്ലെന്നും തങ്ങളാണ് പൗരത്വഭേദഗതിക്ക് എതിരെ ശക്തമായി നിലകൊണ്ടതെന്നും സിപിഎം പ്രചാരണം നടത്തിയിരുന്നു.

എംകെ രാഘവന്‍
എംകെ രാഘവന്‍

പതിനഞ്ചു വര്‍ഷം അടക്കിഭരിച്ച 'രാഘവേട്ടന്‍'

2009-ലാണ് എം കെ രാഘവന്‍ ആദ്യമായി കോഴിക്കോട് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കുന്നത്. സിപിഎമ്മിന്റെ യുവ നേതാവ് പി എ മുഹമ്മദ് റിയാസിനെയാണ് ഇടതുപക്ഷം കളത്തിലിറക്കിയത്. 838 വോട്ടിനാണ് രാഘവന്‍ അന്ന് വിജയിച്ചത്. 42.81 ശതമാനം വോട്ടായിരുന്നു രാഘവന്റെ സമ്പാദ്യം.

മുഹമ്മദ് റിയാസ് 42.81 ശതമാനം വോട്ട് നേടി. ബിജെപിയുടെ വി മുരളീധരന്‍ 11.25 ശതമാനം വോട്ടായിരുന്നു സ്വന്തമാക്കിയത്. 2014-ല്‍ എത്തിയപ്പോള്‍ സിപിഎമ്മിന്റെ എ വിജയരാഘവന്‍ ആയിരുന്നു എം കെ രാഘവന്റെ എതിരാളിയായത്.

നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കരുത് എന്ന യുഡിഎഫ് ആഹ്വാനം ചെവികൊണ്ട കോഴിക്കോട്ടുകാര്‍ എം കെ രാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. 42.15ശതമാനം വോട്ടായിരുന്നു എം കെ രാഘവന്‍ നേടിയത്. വിജയരാഘവന്‍ 40.36 ശതമാനം വോട്ടും ബിജെപിയുടെ സി കെ പത്മനാഭന്‍ 12.27 ശതമാനം വോട്ടും നേടി.

2019 രാഹുല്‍ ഗാന്ധി ഇഫക്ട് കൂടി ഉണ്ടായതോടെ റെക്കോര്‍ഡ് ഭുരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ലീഡ് നില 85225 ആയി ഉയര്‍ത്താന്‍ എം കെ രാഘവന് കഴിഞ്ഞു. കോഴിക്കോടിന്റെ ജനകീയനായ എംഎല്‍എ എ പ്രദീപ് കുമാറായിരുന്നു സിപിഎം സ്ഥാനാര്‍ഥി ആയതെങ്കിലും പക്ഷേ ജനകീയത വോട്ടില്‍ പ്രതിഫലിച്ചില്ല. 45.97 ശതമാനം വോട്ട് എംകെ രാഘവന്‍ നേടിയപ്പോള്‍ 37.92 ശതമാനം വോട്ടാണ് എ പ്രദീപ് കുമാര്‍ നേടിയത്. അതേസമയം ബിജെപിയുടെ അഡ്വക്കേറ്റ് എ പ്രകാശ് ബാബു വോട്ട് ശതമാനം 15.53 ആയി ഉയര്‍ത്തി.

എളമരം കരീം
എളമരം കരീം

യുഡിഎഫ് കോട്ടയായ കോഴിക്കോട്

1951-52 വര്‍ഷങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തന്നെ ഞെട്ടിച്ച മണ്ഡലമാണ് കോഴിക്കോട്. അന്ന് കോണ്‍ഗ്രസിന് വെല്ലുവിളിയായ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി സ്ഥാനാര്‍ഥിയായ അച്യുത ദാമോദരന്‍ മേനോന്‍ ആയിരുന്നു ആദ്യ വിജയി. പിന്നീട് 1957 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ പി കുട്ടികൃഷണന്‍ നായരിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരികെ പിടിച്ചു. 62-ല്‍ സി എച്ച് മുഹമ്മദ് കോയ, 1967, 1971 വര്‍ഷങ്ങളില്‍ ഇബ്രാഹിം സുലൈമാന്‍ സേഠ് എന്നിവര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായും വിജയിച്ചു. 1977 ല്‍ കോണ്‍ഗ്രസിന്റെ വി എ സൈയ്ദ് മുഹമ്മദ് വിജയി ആയി. എന്നാല്‍ 1980 ല്‍ ഇ കെ ഇമ്പിച്ചി ബാവയിലൂടെ ഇടതുപക്ഷം ആദ്യമായി കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് യുഡിഎഫിന്റെ കെ ജി അടിയോടി, കെ മുരളീധരന്‍ എന്നിവര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റില്‍ എത്തി. 1996 ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാര്‍ വിജയിച്ചെങ്കിലും 1998 ലും 1999 ലും കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 2004 ല്‍ എംപി വീരേന്ദ്രകുമാര്‍ വീണ്ടും വിജയം നേടി.

നാലാമങ്കവും ജയിച്ചു; കോഴിക്കോട് രാഘവഗാഥ
പാലക്കാട് വിജയ ശ്രീ ലാളിതനായി ശ്രീകണ്ഠൻ

ഏഴു നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭയില്‍ ഉള്ളത്. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, ബാലുശേരി, ഏലത്തൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ് ഇത്. നിലവില്‍ കൊടുവള്ളി നിയോജകമണ്ഡലം മാത്രമാണ് യുഡിഎഫിനൊപ്പം ഒപ്പമുള്ളത്.ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ സിപിഎമ്മും എലത്തൂരില്‍ എന്‍സിപിയും കോഴിക്കോട് സൗത്തിലും കുന്നമംഗലത്തും ഐഎന്‍എല്ലുമാണ് ഭരിക്കുന്നത്.

ഇടതുതരംഗം ആഞ്ഞടിച്ച 2016 ലും 2021 ലും കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. 2016 ല്‍ കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ (സിപിഎം) , കോഴിക്കോട് സൗത്ത് എംകെ മുനീര്‍ (മുസ്ലിം ലീഗ് ), ബേപ്പൂര്‍ വി കെ സി മമ്മദ് കോയ (സിപിഎം), ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി (സിപിഎം), കൊടുവള്ളി കാരാട് റസാഖ് ( ഇടത് സ്വതന്ത്രന്‍), കുന്ദമംഗലംപി ടി എ റഹീം (ഇടത് സ്വതന്ത്രന്‍ ) എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി) എന്നിവരായിരുന്നു വിജയികള്‍. 2021 ല്‍ കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം) കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍ ( ഐ എന്‍ എല്‍)ബേപ്പൂര്‍ പി എ മുഹമ്മദ് റിയാസ് ( സിപിഎം ) ബാലുശ്ശേരി സച്ചിന്‍ ദേവ് ( സിപിഎം ) കൊടുവള്ളി എം കെ മുനീര്‍ ( മുസ്ലിം ലീഗ്) കുന്ദമംഗലം പി ടി എ റഹീം എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി ) എന്നിവരായിരുന്നു വിജയികള്‍.

logo
The Fourth
www.thefourthnews.in