ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിങ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവ്, മണിപ്പൂരില്‍ നാളെ റീ-പോളിങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിങ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവ്, മണിപ്പൂരില്‍ നാളെ റീ-പോളിങ്

102 -ല്‍ 10 സീറ്റൊഴികെ, മിക്കവാറും എല്ലായിടത്തും പോളിങ് ശതമാനം കുറഞ്ഞു. ഏകദേശം 48 ലക്ഷം വോട്ടർമാരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടിങ് ശതമാനം 2019നെ അപേക്ഷിച്ച് നാല് ശതമാനം കുറവ്. 18-ാം ലോക്സഭയ്ക്കായുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റിലേക്കുള്ള വോട്ടെടുപ്പായിരുന്നു ഏപ്രിൽ 19ന് നടന്നത്. ഇതിന്റെ വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയിലാക്കിയിട്ടുണ്ട്. അടുത്ത ആറ് ഘട്ടങ്ങളിലും ആളുകളെ കൂടുതലായി പോളിങ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.

102 ലോക്സഭാ സീറ്റിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. 65.5 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. ഇവിടെ 2019ൽ 70 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ശനിയാഴ്ച വൈകുന്നേരം ഏഴുമണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം, ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭര പ്രദേശങ്ങളും ഉള്‍പ്പെട്ട 21 ഇടങ്ങളിൽ 19 സ്ഥലങ്ങളിലും പോളിങ് കുറവായിരുന്നു. 102-ൽ 10 സീറ്റുകൾ ഒഴികെ, മിക്കവാറും എല്ലായിടത്തും പോളിങ് ശതമാനം കുറഞ്ഞു. ഏകദേശം 48 ലക്ഷം വോട്ടർമാരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.

സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ നാളെ റീ-പോളിങ്

വോട്ടെടുപ്പ് പൂർത്തിയായ തമിഴ്‌നാട്ടിൽ, മൂന്ന് ശതമാനത്തിന്റെ കുറവാണ് പോളിങ്ങിലുണ്ടായത്. 72.44 ശതമാനമായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം 69.46 ആയാണ് കുറഞ്ഞത്. ഉത്തരാഖണ്ഡിലും സമാനമാണ് അവസ്ഥ. ആറു ശതമാനത്തിന്റേതാണ് ഉത്തരാഖണ്ഡിൽ ഉണ്ടായിരിക്കുന്ന കുറവ്. അതേസമയം, ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരുശതമാനത്തിന്റെയും മേഖലയിലെ രണ്ടുസീറ്റിൽ രണ്ട് ശതമാനത്തിന്റെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളുടെയും പാറ്റേൺ പരിശോധിക്കുകയാണെങ്കിൽ ആദ്യഘട്ട വോട്ടെടുപ്പിലാണ് സാധാരണയായി ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. പൗരന്മാരെ പോളിങ് ബൂത്തിലെത്തിക്കാൻ പത്തിലധികം സെലിബ്രിറ്റി അംബാസഡർമാറുമായും ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനായ ബിസിസിഐയുമായൊക്കെ സഹകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചിരുന്നു. നിലവിലേത് ഒരു ഭയാനകമായ കുറവല്ലെങ്കിലും ഇടിവ് സംഭവിച്ചതായാണ് കമ്മീഷൻ വിലയിരുത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിങ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവ്, മണിപ്പൂരില്‍ നാളെ റീ-പോളിങ്
ടിഡിപിയുമായി സഖ്യമുണ്ട്, പക്ഷേ ഇല്ല!; ആന്ധ്രയിലെ ബിജെപിയുടെ 'ഡബിള്‍ ഗെയിം'

അതേസമയം, സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ നാളെ റീ-പോളിങ് നടക്കും. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളിലാണ് റീ-പോളിങ് നടക്കുന്നത്. അക്രമത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന്, റി-പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഏപ്രില്‍ 19-നാണ് മണിപ്പൂരിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ഇന്നര്‍, ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പിനിടെ, വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറി. വെടിവെപ്പ്, ഇവിഎം മെഷീനുകള്‍ നശിപ്പിക്കല്‍, ബൂത്തു പിടിത്തം എന്നിവയുണ്ടായി. 72 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. വ്യാപകമായ ബൂത്തു പിടിത്തം നടന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 47 പോളിങ് സ്‌റ്റേഷനുകളില്‍ റീ-പോളിങ് നടത്തണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിങ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവ്, മണിപ്പൂരില്‍ നാളെ റീ-പോളിങ്
കള്ളവോട്ട് പിടിക്കാന്‍ ആപ്പ്; ഓരോ ബൂത്തിലും എ എസ് ഡി മോണിറ്റര്‍

കലാപത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വന്‍ സൈനിക വിന്യാസം നടത്തിയിരുന്നു. എന്നിട്ടും പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിനിടെ, വെടിവെയ്പ്പ് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഭൂരിഭാഗം വോട്ടര്‍മാരു വോട്ട് ചെയ്യാനെത്തിയത്.

logo
The Fourth
www.thefourthnews.in