വാരണാസിക്കു പകരം വിലപേശി വാങ്ങിയ സീറ്റ്; എസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, 'ഖജുരാഹോ സ്വപ്‌നങ്ങള്‍' തകര്‍ന്ന് അഖിലേഷ്

വാരണാസിക്കു പകരം വിലപേശി വാങ്ങിയ സീറ്റ്; എസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, 'ഖജുരാഹോ സ്വപ്‌നങ്ങള്‍' തകര്‍ന്ന് അഖിലേഷ്

പതിനാല് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക അംഗീകരിച്ചപ്പോള്‍, എസ്‌പി സ്ഥാനാര്‍ഥിയുടേത് തള്ളുകയായിരുന്നു

വാരണാസിക്കു പകരം കോണ്‍ഗ്രസിനോട് വിലപേശി വാങ്ങിയ മധ്യപ്രദേശിലെ ഖജുരാഹോ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മീരാ യാദവിന്റെ സ്ഥാനാര്‍ഥിത്വം തള്ളി. നാമനിര്‍ദേശപത്രികയിലെ ഒരു രേഖയിൽ ഒപ്പുവെച്ചില്ലെന്നും പഴയ വോട്ടര്‍ ഐഡിയുടെ കോപ്പിയാണ് നല്‍കിയതന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി മീരാ യാദവിന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. ഇതോടെ, അഖിലേഷ് യാദവിന്റെ 'ഖജുരാഹോ സ്വപ്‌നങ്ങള്‍' തുടക്കത്തിലെ പൊലിയുന്ന സാഹചര്യമാണ്.

ഖജുരാഹോ മണ്ഡലത്തിൽ പതിനാല് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക അംഗീകരിച്ചപ്പോള്‍, എസ്‌പി സ്ഥാനാര്‍ഥിയുടേത് തള്ളുകയായിരുന്നു. ഇതോടെ, പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് എസ്‌പിയും കോണ്‍ഗ്രസും രംഗത്തെത്തി. വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി പറയുന്നത്.

വരണാധികാരിയുടെ നിലപാടിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കും. ഇവിടേയും തിരിച്ചടി നേരിട്ടാല്‍, മുന്നണിയുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.

വാരണാസിക്കു പകരം വിലപേശി വാങ്ങിയ സീറ്റ്; എസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, 'ഖജുരാഹോ സ്വപ്‌നങ്ങള്‍' തകര്‍ന്ന് അഖിലേഷ്
അപമാനിച്ച് ഇറക്കിവിട്ട കമല്‍നാഥിന് കിട്ടിയ അടി; അഖിലേഷിന്റെ ഖജുരാഹോ സ്വപ്‌നങ്ങള്‍

മറ്റു സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ഥി ഇക്കാര്യം വെളിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മധ്യപ്രദേശ് ബിജപി അധ്യക്ഷന്‍ വിഷ്ണുദത്ത് ശര്‍മയുടെ സിറ്റിങ് സീറ്റാണ് ഖജുരാഹോ. ഇത്തവണയും ഈ സീറ്റില്‍ വിഷ്ണുദത്ത് തന്നെയാണ് മത്സരിക്കുന്നത്.

വിലപേശി വാങ്ങി, സ്വപ്‌നം തകര്‍ന്ന് അഖിലേഷ്

ഉത്തര്‍പ്രദേശിലെ വാരണാസിക്കു പകരമാണ് സമാജ്‌വാദി പാര്‍ട്ടി മധ്യപ്രദേശിലെ ഖജുരാഹോ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി തങ്ങള്‍ക്ക് തന്നെ തരണമെന്ന കോണ്‍ഗ്രസ് ആവശ്യം അംഗീകരിച്ച അഖിലേഷ് യാദവ്, പകരം ഖജുരാഹോ ചോദിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയില്‍ ഝാന്‍സിക്ക് 175 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഖജുരാഹോ. ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളാല്‍, ഇന്ത്യയെമ്പാടും പ്രസിദ്ധമായ സ്ഥലനാമം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. ഈ മണ്ണിലേക്ക് അഖിലേഷ് യാദവിന്റെ ശ്രദ്ധ തിരിയാന്‍ നിരവധി കാരണങ്ങളുണ്ട്.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണിയാകണമെന്ന എസ്‌പിയുടെ ആവശ്യം കമല്‍നാഥ് തള്ളിയിരുന്നു. തുടര്‍ന്ന് 71 സീറ്റില്‍ എസ്‌പി തനിച്ചു മത്സരിച്ചു. കോണ്‍ഗ്രസും എസ്‌പിയും തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഇതിന്റെ പകവീട്ടലായാണ് ഖജുരാഹോ സീറ്റ് ചോദിച്ചുവാങ്ങിയതിനെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്.

വാരണാസിക്കു പകരം വിലപേശി വാങ്ങിയ സീറ്റ്; എസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി, 'ഖജുരാഹോ സ്വപ്‌നങ്ങള്‍' തകര്‍ന്ന് അഖിലേഷ്
വംശീയ കലാപത്തിന്റെ ഇരകള്‍; അഭയാര്‍ഥി ക്യാമ്പുകളില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിധിക്കപ്പെട്ട മണിപ്പൂര്‍ ജനത

യുപിക്ക് പുറത്തേക്ക് വളരാന്‍ ആഗ്രഹിക്കുന്ന അഖിലേഷ് ഇതിനുവേണ്ടി തിരഞ്ഞെടുത്ത സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. പല തിരഞ്ഞെടുപ്പുകളിലും എസ്‌പി മധ്യപ്രദേശില്‍ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടുകയും ചെയ്തു. ഖജുരാഹോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. നേരത്തെ, ഇവിടെ ഓഫീസ് തുറക്കാനുള്ള ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ലോക്സഭ മണ്ഡലം കിട്ടിയ സാഹചര്യത്തില്‍, ഓഫീസ് സംവിധാനം ഉള്‍പ്പെടെ ആരംഭിച്ച് പ്രവര്‍ത്തനം ഏകോപിക്കുന്നതിനിടെയാണ് പുതിയ തിരിച്ചടി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഖജുരാഹോ ലോക്സഭ മണ്ഡലത്തിന് കീഴിലെ ഛണ്ട്ലയിൽ 15.47ശതമാനവും ബഹോരിബാദിൽ 10.79 ശതമാനവും വോട്ട് നേടാന്‍ എസ്‌പിക്ക് സാധിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന മുഖമായ മുന്‍ ബിജെപി എംഎല്‍എ ആര്‍ പ്രജാപതി എസ്‌പിയില്‍ ചേരുകയും ചെയ്തു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്‌പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 40,77 വോട്ടാണ്. ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും എസ്‌പി മൂന്നാം സ്ഥാനത്തുമെത്തി.

ഖജുരാഹോ ലോക്‌സഭ മണ്ഡലത്തില്‍ ബിഎസ്‌പിയും ഒരു പ്രധാന ശക്തിയാണ്. 1989-ല്‍ മണ്ഡലത്തില്‍ പടയോട്ടം ആരംഭിച്ച ബിജെപിക്ക് 1999-ല്‍ മാത്രമാണ് കാലിടിറയിത്. അന്ന് വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു. ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ, തങ്ങള്‍ക്ക് വിജയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ എസ്‌പിക്കുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in