'22 വർഷത്തിനിപ്പുറവും അണയാത്ത തീ'; ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിയ ഗോധ്ര കലാപം

'22 വർഷത്തിനിപ്പുറവും അണയാത്ത തീ'; ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിയ ഗോധ്ര കലാപം

ഗോധ്ര സംഭവവും തുടർന്നുണ്ടായ വർഗീയ കലാപവും നടന്നിട്ട് ഇന്നേക്ക് 22 വർഷം

ഇന്ത്യയുടെയും ഗുജറാത്തിന്റെയും രാഷ്ട്രീയഗതി തന്നെ മാറ്റിമറിക്കുന്നതിന് കാരണമായ ഗോധ്ര സംഭവത്തിനും തുടർന്നുണ്ടായ വർഗീയ കലാപത്തിനും 22 വയസ്. 2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ആക്രമിക്കപ്പെടുകയും തുടർന്ന് തീവണ്ടിയുടെ എസ് 6 കോച്ചിന് തീപിടിച്ച് 59 പേർ കൊല്ലപ്പെടുകയും ചെയ്തത്.

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത്, നടത്തിയ പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന കർസേവകരായിരുന്നു സബർമതി എക്‌സ്പ്രസിലുണ്ടായിരുന്നത്. ട്രെയിനിൽ സഞ്ചരിച്ച കർസേവകർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗോധ്രയിലും പിന്നീട് ഗുജറാത്ത് ഒന്നാകെയും വർഗീയ കലാപം അരങ്ങേറി.

2005ൽ പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ഗോധ്ര സംഭവത്തിനുശേഷമുണ്ടായ അക്രമങ്ങളിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2500 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗോധ്രയിൽ കർസേവകർ കൊല്ലപ്പെട്ടതിനു പിന്നാലെ വിശ്വഹിന്ദു പരിശ്വത്ത് ഹർത്താൽ പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ പ്രദർശനത്തിന് അന്നത്തെ ഗുജറാത്ത് സർക്കാർ അനുമതി നൽകുകയും ചെയ്തതാണ് വർഗീയ കലാപത്തിന് ആക്കം കൂട്ടിയത്.

'22 വർഷത്തിനിപ്പുറവും അണയാത്ത തീ'; ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിയ ഗോധ്ര കലാപം
രാജ്യസഭ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ രണ്ടാം സ്ഥാനാര്‍ഥിയിൽ അങ്കലാപ്പിലായി കർണാടക കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്ക് 'പൂട്ട്'

ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റി എന്ന മുസ്ലീം ഹൗസിങ് കോളനി അക്രമികൾ തീവെച്ചു. ആക്രമത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ ഇഹ്സാൻ ജെഫ്രി ഉൾപ്പെടെ 35 പേർ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. തുടർ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിലും നിരവധി പേരാണ് ഗുജറാത്തിൽ കൊല്ലപ്പെട്ടത്.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് നാനാവതി കമ്മീഷനെ ചുമതലപ്പെടുത്തി. അതേസമയം കലാപം ആസൂത്രണം ചെയ്തതിൽ നരേന്ദ്രമോദിക്കും പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അമേരിക്ക നരേന്ദ്രമോദിക്ക് വിസ നിഷേധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ഈ ആരോപണമായിരുന്നു. 2002 ലെ ഗുജറാത്ത് കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് സർക്കാരും മോദിക്കെതിരെ നയതന്ത്ര ബഹിഷ്‌കരണം നടത്തി. 2012 ഒക്ടോബറിലാണ് ഈ ബഹിഷ്‌കരണം അവസാനിച്ചത്.

Narendra Modi
Narendra Modi

കലാപത്തിനു പിന്നാലെ ഗുജറാത്ത് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ഗോധ്ര ട്രെയിൻ ആക്രമണം ആക്‌സ്മികമായി സംഭവിച്ച ഒന്നല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നുമുള്ള നിഗമനത്തിലെത്തി. എന്നാൽ 2004-ല്‍ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് യു സി ബാനർജിയെ ഗോധ്ര സംഭവം അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ചു. തീപിടിച്ചത് ട്രെയിനിനുള്ളിൽ നിന്നാണെന്നും ആകസ്മികമായിട്ടാണെന്നും ജസ്ടിസ് യു സി ബാനർജി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു.

2008 ൽ ഗുജറാത്ത് സർക്കാരും കേന്ദ്രസർക്കാരും ചേർന്ന് നിയോഗിച്ച ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് ഷാ എന്നിവരടങ്ങിയ കമ്മിറ്റി മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചു. നാനാവതി കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഗോധ്രയിൽ ട്രെയിൻ കത്തിച്ചത് ആസൂത്രിതമായിട്ടാണെന്നും ട്രെയിന് ആൾകൂട്ടം തീവെയ്ക്കുകയായിരുന്നെന്നും പറഞ്ഞു. കലാപാരോപണത്തിൽ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചീറ്റ് നൽകുകയും സർക്കാർ ചെയ്ത ദുരന്തനിയന്ത്രണ നടപടികളെ പ്രകീർത്തിക്കുകയും ചെയ്തു.

'22 വർഷത്തിനിപ്പുറവും അണയാത്ത തീ'; ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിയ ഗോധ്ര കലാപം
അരി കയ്യിട്ടുവാരുന്ന കേന്ദ്രസർക്കാർ; സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അരി അടിച്ചുമാറ്റുന്ന പുത്തൻ വോട്ടുരാഷ്ട്രീയം

ഗോധ്ര സംഭവത്തിൽ 2011 മാർച്ച് ഒന്നിന് 11 പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീടത് ജീവപര്യന്തമാക്കി കുറച്ചു. അതേസമയം തന്നെ പ്രത്യേക അന്വേഷണ സംഘം തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ 2014-ല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തുകയും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ചിരുന്ന ഹർജി തള്ളുകയും ചെയ്തു.

ഇതിനിടെ 2023 ൽ പുറത്തിറങ്ങിയ ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയിൽ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. 'മന്ത്രിമാർ അക്രമത്തിൽ സജീവമായി പങ്കെടുത്തതായും കലാപത്തിൽ ഇടപെടരുതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും' ബിബിസി ഡോക്യുമെന്ററിയിൽ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in