അംബേദ്ക്കറിസം പാഷൻ ആണ്

അംബേദ്ക്കറിസം പാഷൻ ആണ്

സഹജീവികളെ പരിഗണിച്ചു കൊണ്ട് ജീവിക്കുവാൻ പഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയ സംഹിതയാണ് അംബേദ്ക്കറിസം

ഈ ലേഖനം എഴുതുന്നതിനു മുൻപ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ നന്ദ് ഗാവ് ഖണ്ഡേശ്വർ പഞ്ചായത്തിലെ അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിരക്കുകൾ കാണുവാൻ വേണ്ടി ഞാൻ ഇറങ്ങി. പൊതുവെ വെള്ളവസ്ത്രം ആണ് ഇവർ ആഘോഷത്തിന് വേണ്ടി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കടകളിൽ വെള്ള സാരി, വെള്ള കുർത്ത ഒക്കെ വാങ്ങുവാനുള്ള ആളുകളുടെ തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. കുർത്തിയിൽ അംബേദ്ക്കറുടെ മുഖം ആലേഖനം ചെയ്തിട്ടുണ്ട്.

അംബേദ്ക്കറിസം പാഷൻ ആണ്
ഇന്ത്യൻ ഫെമിനിസത്തിൻ്റെ പ്രധാന ചിന്തകൻ കൂടിയാണ് ഡോ. അംബേദ്ക്കർ

അടുത്തുള്ള ബുദ്ധവിഹാരങ്ങൾ അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. ഈ ഗ്രാമത്തിന് അംബേദ്ക്കറും, ബുദ്ധനും ദൈവതുല്യരാണ്. അല്ലെങ്കിൽ ദൈവം തന്നെയാണ്. അവർ രണ്ടുപേരും ദൈവങ്ങൾ അല്ലല്ലോ എന്ന് ചോദിക്കുമ്പോഴേയ്ക്കും കണ്ണിൽ വെള്ളം നിറയുന്ന മനുഷ്യർ. ഇവരില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോഴും ചാളയിൽ കിടന്നേനെ എന്ന് പറഞ്ഞുകൊണ്ട് സ്നേഹം നിറയ്ക്കുന്ന അവരുടെ കണ്ണുകൾ. ഞാനും അതിൽ നിന്നും ഒട്ടും വ്യത്യസ്ത അല്ലല്ലോ എന്നുള്ളതാണ് വാസ്തവം. അവർ ഉൾക്കൊള്ളുന്ന രീതിയിൽ അല്ലെങ്കിലും വേറൊരു തരത്തിൽ എന്റെയും ആത്മീയ വെളിച്ചവും, രാഷ്ട്രീയ ബോധ്യവും അംബേദ്ക്കർ തന്നെയാണല്ലോ.

അംബേദ്ക്കറിസം പാഷൻ ആണ്
അംബേദ്ക്കര്‍ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമല്ല

ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോഴൊക്കെ അംബേദ്ക്കറിസം ആണ് സഹായകമായത്

"എത്ര നാൾ നമ്മൾ ജീവിച്ചു എന്നുള്ളതല്ല എങ്ങനെ നമ്മൾ ജീവിച്ചു എന്നുള്ളതാണ് " ജീവിതത്തിനു മൂല്യം നൽകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സഹജീവികളെ പരിഗണിച്ചു കൊണ്ട് ജീവിക്കുവാൻ പഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയ സംഹിതയാണ് അംബേദ്ക്കറിസം. ജീവിതത്തിൽ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോഴൊക്കെ അംബേദ്ക്കറിസം ആണ് എനിക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായകമായത്.

അംബേദ്ക്കറിസം പാഷൻ ആണ്
എന്റെ അംബേദ്ക്കർ

എപ്പോൾ വേണമെങ്കിലും ഭയരഹിതമായി പ്രതികരിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമുക്ക് മുകളിൽ ഹൈക്കമാന്റുകളോ, പോളിറ്റ് ബ്യൂറോകളോ നിയന്ത്രിക്കുവാൻ ഉണ്ടാവുന്നില്ല. പ്രതികരിച്ചതിന്റെ പേരിൽ പുഷ്പചക്രങ്ങൾ കിട്ടാൻ പോകുന്നുമില്ല. മഹാത്മാ ജ്യോതിറാവു ഫുലെ ആയിരുന്നു ഡോക്ടർ ബി ആർ അംബേദ്ക്കറുടെ രാഷ്ട്രീയ ഗുരു.

സാമൂഹിക ജനാധിപത്യം എന്ന വിശാലമായ ആശയം കൊണ്ടുവന്ന ഫുലെ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഇവർ രണ്ടുപേരും തങ്ങളുടെ പങ്കാളികളായ സാവിത്രി ബായ് ഫുലെ, രമാബായ് എന്നിവരെ വിദ്യാഭ്യാസപ്രക്രിയയിൽ എത്തിച്ചു. സ്ഥിതിസമത്വത്തിലധിഷ്ഠിതമായ കുടുംബജീവിതം പുലർത്തിയിരുന്നവരായിരുന്നതിനാലാണ് സമൂഹത്തിലും കൃത്യമായി ഇടപെടുവാൻ ഇവർ ഇറങ്ങിയതും.

അംബേദ്ക്കറിസം പാഷൻ ആണ്
കപ്പൽ നിറയെ പുസ്തകങ്ങളുമായി ഒരു വിദ്യാർത്ഥി !

പങ്കാളിയെ കൂടെ ചേർത്തുകൊണ്ടല്ലാതെ ഇവർ രണ്ടാളും സാമൂഹിക പ്രവർത്തനം നടത്തിയിട്ടില്ല. അക്കാലത്ത് സതി ആചരിക്കുന്ന സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച ശേഷം മിച്ചം ജനതയായി വരുന്ന ഈ സ്ത്രീകളെ തീയിലിട്ട് ചുട്ടുകൊല്ലുന്നത് പല കാരണങ്ങൾ കൊണ്ടായിരുന്നു. ഒരുപ്രയോജനവുമില്ലാത്ത ആ വസ്തുക്കളെ തീറ്റിപ്പോറ്റുന്നത് സാമ്പത്തിക നഷ്ടം വരുത്തും. മറ്റൊന്ന് വിധവയായ ഒരു സ്ത്രീയോട് വീട്ടിലെ മറ്റു പുരുഷന്മാര്‍ക്ക് ലൈംഗിക താത്പര്യം തോന്നാം. അങ്ങനെ ഉണ്ടാവുകയും അതിൽ കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്താൽ സ്വത്തിന്റെ അവകാശി ആയി മറ്റൊരു കുഞ്ഞുണ്ടാവും.

വിധവയായ സ്ത്രീയെ തെറ്റായ രീതിയിൽ സമീപിക്കാതിരിക്കുക എന്നുള്ള സ്വയം സംയമനം അല്ല ബ്രാഹ്മണ മതത്തിന്റെ വക്താക്കൾ ആയ പുരുഷൻ ചെയ്തത്. മറിച്ച് അവരുടെ സ്വഭാവത്തെ സ്വന്തം ശരീരം കൊണ്ട് ആകർഷിക്കുവാൻ സാധ്യതയുള്ള ശരീരത്തെ ചുട്ടു കൊല്ലുക എന്നുള്ള നയമാണ് സതി ആചരണത്തിൽ കൂടി ഇന്ത്യൻ ജാതി ഹിന്ദുക്കൾ നടപ്പിലാക്കിയത്. അവർക്കിടയിലേയ്ക്കാണ് ജ്യോതിബാ ഫുലെ, സാവിത്രി ബായ് ഫുലെ എന്നിവർ വിദ്യാലയങ്ങളുമായി കടന്നുചെന്നത്.

രാജ്യത്തിലെ സ്ത്രീകൾ ചെളിക്കുഴിയിലും ആണെങ്കിൽ ആ രാജ്യത്തെ ഒരിക്കലും സാംസ്‌കാരികമായി ഉയർന്നു എന്ന് അടയാളപ്പെടുത്തുവാൻ സാധിക്കില്ലെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചിരുന്നു

പല വീടുകളിൽ നിന്നും, വ്യവസ്ഥയിൽ നിന്നും ഏറെ കഷ്ടപ്പെട്ട് മോചിതരായ നിരവധി സ്ത്രീകൾക്ക് ഇവർ വിദ്യാഭ്യാസം കൊടുത്തു. ഫുലെ ദമ്പതികളുടെ ഈ പ്രവൃത്തി അംബേദ്ക്കറെ ഏറെ സ്വാധീനിച്ചു. അദ്ദേഹവും അതുകൊണ്ട് തന്നെ സ്ത്രീകളെ. മുൻനിരയിൽ നിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് അദ്ദേഹവും ചെയ്‌തിരുന്നത്.

ഒരു രാജ്യം വികസനത്തിന്റെ മധുരഫലങ്ങൾ അനുഭവിക്കുകയും ആ രാജ്യത്തിലെ സ്ത്രീകൾ ചെളിക്കുഴിയിലും ആണെങ്കിൽ ആ രാജ്യത്തെ ഒരിക്കലും സാംസ്‌കാരികമായി ഉയർന്നു എന്ന് അടയാളപ്പെടുത്തുവാൻ സാധിക്കില്ല എന്ന് അംബേദ്ക്കര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് 1942 ജൂലൈ 20 ന് നാഗ്പൂരിൽ വച്ചു നടന്ന സ്ത്രീകളുടെ മീറ്റിംഗിൽ വച്ചു "ഒരു രാജ്യത്തിന്റെ പുരോഗതി ആ രാജ്യത്തിലെ സ്ത്രീകൾ ആർജ്ജിക്കുന്ന പുരോഗതി ആയി ഞാൻ എണ്ണുന്നുവെന്ന് " ഡോക്ടർ ബി ആർ അംബേദ്ക്കര്‍ പ്രഖ്യാപിക്കുന്നത്.

ഒരു ഫുലെ -അംബേദ്ക്കറൈറ്റ് ഫെമിനിസ്റ്റ് എന്ന രീതിയിൽ ഈ വാചകം എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അംബേദ്ക്കറൈറ്റ് ആയ ഏതൊരു വ്യക്തിയും പല സ്ഥലങ്ങളിൽ നിശബ്ദത പാലിക്കുകയും, ചിലയിടങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

പ്രത്യയ ശാസ്ത്രപരമായി നമുക്ക് യോജിക്കാൻ പറ്റാത്തവരും, നമ്മളെ ശത്രു പക്ഷത്ത് കാണുന്നവരും പലപ്പോഴും നമുക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവരെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേയ്ക്ക് തള്ളിവിടാതെ, അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാതെ പലപ്പോഴും മുന്നോട്ട് പോകുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളത് അംബേദ്ക്കറുടെ ആ പ്രസിദ്ധമായ ഉദ്ധരണി മനസോട് ചേർത്ത് പിടിച്ചത് കൊണ്ടാണ്. ഞാൻ അവർ ചെയ്യുന്ന അതെ രീതിയിൽ തന്നെ പെരുമാറിയാൽ അതെന്റെ രാജ്യത്തിനു കൂടി നാണക്കേടുണ്ടാക്കും എന്നുള്ള ബോധ്യം എനിക്ക് പകർന്നു തന്നതും പ്രസ്തുത വാചകങ്ങളാണ്.

മലയാള സിനിമയിലെ ഒരു നടനുമായി എനിക്കൊരു വിഷയം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാൻ എനിക്ക് ധൈര്യം നൽകിയത് അംബേദ്ക്കറിസം ആണ്

കുറച്ചു നാൾ മുമ്പ് മലയാള സിനിമയിലെ ഒരു നടനുമായി എനിക്കൊരു വിഷയം ഉണ്ടായി. ആ സമയത്ത് അതിനെതിരെ പ്രതികരിക്കുവാൻ എനിക്ക് ധൈര്യം നൽകിയത് ഞാൻ വിശ്വസിക്കുന്ന അംബേദ്ക്കറിസം ആണ്. കാരണം അത് കറക്ടീവ് മെഷറുകളെ പ്രോത്സാഹിപ്പിക്കുന്നു.

ഭയ രഹിതമായി ഏത് തരത്തിലുമുള്ള പ്രബലതകളെ ചോദ്യം ചെയ്യുവാനുള്ള ആത്മധൈര്യം എനിക്ക് ലഭിക്കുന്നതും അവിടെനിന്നു തന്നെയാണ്. ഇതേ നടൻ പിന്നീട് സംഘപരിവാർ സമൂഹങ്ങളാൽ മറ്റൊരു വിഷയത്തിൽ ആൾക്കൂട്ടവിചാരണ നേരിട്ടപ്പോൾ, അതിലേയ്ക്ക് എന്റെ വിഷയം കൂടി വലിച്ചിഴച്ചപ്പോൾ നടനൊപ്പം ഐക്യ ദാർഢ്യവുമായി ചെല്ലുവാൻ എനിക്ക് സാധിച്ചു. ഇതിനൊന്നും ആരോട് ഒരഭിപ്രായവും ഞാൻ ചോദിച്ചില്ല. കാരണം അംബേദ്ക്കറിസം നമ്മെ പഠിപ്പിക്കുന്ന സഹോദര്യം തെറ്റുകൾ ചൂണ്ടികാട്ടുവാനുള്ളതും , അകാരണമായി മറ്റൊരു വ്യക്‌തി ആക്രമിക്കപ്പെട്ടാൽ ചേർത്തുനിർത്തുവാനുമുള്ളതത്രെ!

അടുത്തിടെ ഉണ്ടായ ഒരു മി ടു വിഷയത്തിൽ അകാരണമായി ഞാനും ആക്രമിക്കപ്പെട്ടു. എനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ മിണ്ടാതായി. തോളിൽ കയ്യിട്ട് നടന്നവർ സഖ്യങ്ങൾ ഉണ്ടാക്കി എനിക്കെതിരെ തിരിഞ്ഞു. ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിച്ചു കൊണ്ടിരുന്നവർ എന്നെന്നേക്കുമായി അകന്നുപോയി. വേദനിച്ചില്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും വേദനിച്ചു. പക്ഷെ ആ വേദനയെ മറികടക്കുവാനും സഹായിച്ചത് അംബേദ്ക്കര്‍ തന്നെയാണ്. എനിക്കെതിരെ ആരോപിക്കുന്നവർ അംബേദ്ക്കറൈറ്റുകൾ ആയിരുന്നില്ല. ആയതിനാൽ അവർക്ക് കുത്തിനോവിക്കുന്നതിൽ വേദനയുണ്ടാവില്ല. എന്നാൽ അംബേദ്ക്കറിസം മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്നു.

എനിക്കെതിരെ നിലകൊണ്ടവർക്ക് എന്നോട് സാഹോദര്യം കാണിക്കേണ്ട ഉത്തരവാദിത്തം ഇല്ല. പക്ഷെ അംബേദ്ക്കറൈറ്റ് ആയ ഒരാൾ ആ പറഞ്ഞവരെയും ചേർത്തുകൊണ്ടുള്ള രാഷ്ട്രീയ ആലോചനയാണ് ചെയ്യേണ്ടത്. കാരണം "Cultivation of humanmind is the ultimate aim of human existance ''മനുഷ്യരാശിയുടെ നിലനിൽപ് മനുഷ്യ മനസുകൾക്കകത്ത് നടക്കേണ്ട ശുദ്ധീകരണം തന്നെയാണെന്ന് അംബേദ്ക്കറിസം പഠിപ്പിക്കുന്നു. ആരെങ്കിലും അകാരണമായി ഒറ്റപ്പെടുത്തുമ്പോഴൊക്കെ ഞാൻ ബാബ സാഹബ് അംബേദ്ക്കറെ ഓർക്കും. കാരണം തന്റെ രാഷ്ട്രീയ വഴികളിൽ ഒക്കെയും അദ്ദേഹം എന്നും ഒറ്റയാൻ ആയിരുന്നു. സുഹൃത്തുക്കൾ അദ്ദേഹത്തിനും ഇല്ലായിരുന്നു.

ഒറ്റപെടുമ്പോഴൊക്കെ ബാബയ്ക്ക് ആരുമുണ്ടായിരുന്നില്ല എന്ന കാര്യം മനസിലേക്ക് ഓടിയെത്തും. അകാലത്തിൽതന്നെ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ മരിച്ചു. ഭാര്യ രമാഭായി മറിച്ചു. എന്നും ദാരിദ്ര്യത്തിൽ ആയിരുന്നു ആ കുടുംബം. അംബേദ്ക്കറുടെ കയ്യിൽ ഇത്തിരി വരുമാനം കിട്ടിവന്നപ്പോഴേയ്ക്കും ഉറ്റവർ ഇല്ലാതായി. എന്നിട്ടും ഇന്ത്യയിലെ ജാതി ഉച്ചനീച്ചത്വങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. ഇവയൊക്കെ ഓർക്കുമ്പോൾ എന്റെ വിഷമങ്ങൾ ഞാൻ മറക്കും.

പരസ്പരസഹകരണത്തോടെയുള്ള ജീവിതം, സോഷ്യലിസം, സമത്വം, സ്വാതന്ത്ര്യം, സഹോദര്യം ധാർമിക നീതി, സാമൂഹിക നീതി ഇവയെപ്പറ്റി സംസാരിക്കുന്നതുകൊണ്ടാണ് ബാബ ഒറ്റപ്പെട്ടത്. അവ സംസാരിക്കുവാൻ മാത്രമുള്ളതല്ല. നമ്മുടെ നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ളതാണ്. അതു ഒരു എളുപ്പ സംഭവമല്ല. അത്തരം ആശയങ്ങളിൽ മുറുകിപ്പിടിക്കുന്നവർ പെട്ടെന്ന് മറ്റുള്ളവരാൽ ഒറ്റയാക്കപ്പെടും.

എനിക്ക് അംബേദ്ക്കറിസം പാഷൻ ആണ്, മിഷൻ ആണ് അതു ആരെയും പഠിപ്പിച്ചെടുക്കാൻ പറ്റില്ല

എനിക്കും മറ്റൊരു പ്രത്യയശാസ്ത്രത്തിലേയ്ക്ക് പോയി സേഫ് സോൺ ആകാവുന്നതാണ്. എന്നാൽ അത്തരം പ്രലോഭനങ്ങളെ നേരിട്ടുവാനുള്ള കരുത്തുറ്റ വൃക്ഷത്തിലാണ് ഞാൻ വേരായി നിലകൊള്ളുന്നത്. എനിക്ക് അംബേദ്ക്കറിസം പാഷൻ ആണ്. മിഷൻ ആണ്. അതു ആരെയും പഠിപ്പിച്ചെടുക്കാൻ പറ്റില്ല. സ്വാഭാവികമായി വന്നുചേരേണ്ട ബോധ്യമാണ്.. അതുകൊണ്ട് തന്നെ ധൈര്യമായി പറയാം.WE ARE BECAUSE HE WAS!!

logo
The Fourth
www.thefourthnews.in