പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം

പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം

കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ മ്യൂസിയമാണ് ഗാസ.

'For a colonized people the most essential value, because the most concrete, is first and foremost the land: the land which will bring them bread and, above all, dignity'

Frantz Fanon, The Wretched of the Earth

ഇസ്രായേല്‍ പലസ്തീനിനു മുകളില്‍ കഴിഞ്ഞ 75 വര്‍ഷമായി തുടരുന്ന ആക്രമണം കൂടുതല്‍ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശം വീണ്ടുമൊരു പ്രധാന ചര്‍ച്ച വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. ഈ വിഷയം ദൈനം ദിനമെന്നോണം മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളെല്ലാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമുക്ക് ലഭ്യമാകുന്ന വിവരങ്ങളില്‍ പലതും സാമ്രാജ്യത്വത്തിന്റെ സങ്കുചിതമായ താല്പപര്യങ്ങള്‍ക്കനുസരിച്ച് പ്രൊപ്പഗണ്ട നടത്തുന്ന പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്നും അവരുടെ ന്യൂസ് ഏജന്‍സികളുടെ വാര്‍ത്തകള്‍ അതുപോലെ വിഴുങ്ങുന്ന പ്രാദേശിക മാധ്യമങ്ങളില്‍ നിന്നുമാണ് എന്നതാണ്. അതുകൊണ്ട് പലസ്തീന്‍ വിമോചന സമരവുമായി ബന്ധപ്പെട്ട വസ്തുതകളുടെ സത്യാന്വേഷണം പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ആദ്യ ചുവട്. അതിനുള്ള ശ്രമമാണ് ഈ ലേഖനം.

ഇന്ത്യന്‍ ജനതയുടെ പലസ്തീന്‍ അനുകൂല നിലപാട് അതിന്റെ ബ്രിട്ടീഷ് കോളനി വിരുദ്ധ സമരാനുഭവങ്ങളില്‍ നിന്നുള്ളതാണ്. അത് സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തവര്‍ക്ക് മനസ്സിലാകാന്‍ വഴിയില്ല. ജൂതരാഷ്ട്ര ആവശ്യം ശക്തമായിരുന്ന 1930 കളില്‍ ഗാന്ധിയുടെ പിന്തുണയ്ക്കായി സയണിസ്റ്റുകള്‍ കാര്യമായി ശ്രമിച്ചിരുന്നു

ഇന്ത്യയും പലസ്തീനും

ഇസ്രായേല്‍ നടത്തുന്ന അധിവേശ ചരിത്രത്തെയും ക്രൂരതകളെയും സംബന്ധിച്ച സത്യാന്വേഷണം നിലവിലെ ഇന്ത്യയിലിരുന്ന നടത്തുക എന്നത് ഏറെ ദുഷ്‌കരമായ ഒന്ന് തന്നെയാണ്. കാരണം നിലവിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇസ്രായേല്‍ എന്ന സയണിസ്റ്റ് ഭീകരരാഷ്ട്രത്തിനു പിന്തുണ നല്‍കിയിരിക്കുകയാണ്. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ദീര്‍ഘകാലം പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശ സമരങ്ങളോടൊപ്പം അചഞ്ചലമായി നിന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ സ്പെഷല്‍ കമ്മറ്റി ഓണ്‍ പലസ്തീനില്‍ അംഗമായിരിന്നു ഇന്ത്യ. ചരിത്രപരമായ പലസ്തീനിനെ വിഭജിക്കാതെ ജൂത ന്യൂനപക്ഷത്തിന് സ്വയം ഭരണ അവകാശം കൊടുക്കുന്ന ഒരു ഫെഡറല്‍ പലസ്തീന്‍ രാജ്യം നിര്‍മ്മിക്കണം എന്നാണ് ഇന്ത്യ അന്ന് വാദിച്ചത്.

പക്ഷേ ആ അഭിപ്രായം യുഎന്‍ മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്ന് ചരിത്രപരമായ പലസ്തീനിനെ വിഭജിക്കാനുള്ള യുഎന്‍ തീരുമാനത്തിനെതിരെ ഇന്ത്യ സഭയില്‍ വോട്ടും ചെയ്തു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഇസ്രായേലിനെ ഐക്യരാഷ്ട്രസഭയില്‍ എടുക്കാനുള്ള തീരുമാനത്തിനും എതിരായി ഇന്ത്യ വോട്ട് ചെയ്തു. കോളോണിയല്‍ - സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കമുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആശയധാര പിന്‍പറ്റിയാണ് ഇന്ത്യ പലസ്തീന് അനുകൂലമായി ആക്കാലത്തു നിലകൊണ്ടത്.

ഈ നിലപാടില്‍ നിന്ന് ഇന്ത്യയുടെ പിന്‍മടക്കം ആരംഭിക്കുന്നത് 1979 ല്‍ ഇസ്രായേലും -ഈജിപ്തും തമ്മിലുള്ള സമാധാനം ഉടമ്പടിയോടെയാണ്. ഈജിപ്തായിരുന്നു അറബ് ലോകവുമായി ഇന്ത്യയെ ബന്ധിപ്പിച്ചിരുന്നത്. പിന്നെ സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയോടെ പിഎല്‍ഒ യുടെ നേതൃത്വത്തിലുള്ള പലസ്തീന്‍ പ്രതിരോധം ദുര്‍ബലപ്പെട്ടപ്പോഴേക്കും ഇന്ത്യ ഏതാണ്ട് മുഴുവനായും അമേരിക്കന്‍ ക്യാമ്പില്‍ എത്തിയിരുന്നു. അത് നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. 1950 ല്‍ ഇസ്രയേലിനെ രാജ്യമായി അംഗീകരിച്ചെങ്കിലും 1992 ല്‍ മാത്രമാണ് ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇത് ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ അതുവരെ എടുത്തിരുന്ന കൊളോണിയല്‍-സാമ്രജ്യത്വ നിലപാടിന് വിരുദ്ധമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ സജീവമായി. ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് ഇസ്രായേല്‍ . തൊണ്ണൂറുകളില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മോദിയിലൂടെ കൂടുതല്‍ ഇസ്രായേല്‍ അനുകൂലമായി പുറത്ത് വരുന്നത്. 2015ല്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്റെ (UNHRC) അന്വേഷണ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്ന പ്രമേയത്തില്‍ ഇന്ത്യവിട്ടുനിന്നതാണ് എടുത്തു പറയേണ്ട മറ്റൊരു ഇസ്രായേല്‍ അനുകൂല നടപടി. ആദ്യമായാണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ ഇസ്രായേലിനെതിരെ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചത്. ഇപ്പോള്‍ ഇസ്രായേല്‍ ഗാസയ്ക്ക് മുകളില്‍ നടത്തുന്ന ബോംബാക്രമണത്തിന് ഇസ്രായേലിനു പിന്തുണ പ്രഖ്യാപിക്കുക വഴി ഒരു ഭീകര രാഷ്ട്രത്തിന്റെ സഖ്യകക്ഷിയായി ഇന്ത്യ മാറി.

നെതന്യാഹുവും നരേന്ദ്രമോദിയും
നെതന്യാഹുവും നരേന്ദ്രമോദിയും

ഈ വസ്തുതകള്‍ പറഞ്ഞുകൊണ്ട് പലസ്തീനിനു പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഞാനും നിങ്ങളും എല്ലാവരും ഹിന്ദുത്വ ബ്രിഗേഡില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന പ്രധാന പരിഹാസമെന്നത് നിങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനാണ് ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്നതാണ്. ഈ ആരോപണം പുതിയ ഒന്നല്ല. ഇതേ ആരോപണം സയണിസ്റ്റുകള്‍ ഗാന്ധിജിക്ക് നേരെ അദ്ദേഹത്തിന്റെ പലസ്തീന്‍ അനുകൂല നിലപാട് കാരണം എടുത്തിട്ടുണ്ട്. പണ്ട് സയണിസ്റ്റുകള്‍ ഗാന്ധിജിക്ക് എതിരെ സ്വീകരിച്ച അതെ നിലപാട് ഇപ്പോള്‍ ഗാന്ധി ഘാതകരും പലസ്തീന്‍ അനുകൂലികള്‍ക്ക് നേരെ സ്വീകരിക്കുന്നു. ഇതാണ് നടക്കുന്നത്.

ഇന്ത്യന്‍ ജനതയുടെ പലസ്തീന്‍ അനുകൂല നിലപാട് അതിന്റെ ബ്രിട്ടീഷ് കോളനി വിരുദ്ധ സമരാനുഭവങ്ങളില്‍ നിന്നുള്ളതാണ്. അത് സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തവര്‍ക്ക് മനസ്സിലാകാന്‍ വഴിയില്ല. ജൂതരാഷ്ട്ര ആവശ്യം ശക്തമായിരുന്ന 1930 കളില്‍ ഗാന്ധിയുടെ പിന്തുണയ്ക്കായി സയണിസ്റ്റുകള്‍ കാര്യമായി ശ്രമിച്ചിരുന്നു. കാരണം അഹിംസ ഒരു സമരമാര്‍ഗ്ഗമായി സ്വീകരിച്ചു ആഗോളതലത്തില്‍ തന്നെ ഗാന്ധി നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു അത്.

പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം
ഗാസയിലെ കണ്ണീരിന് കണ്ണൂരില്‍ നിന്നൊരു പ്രതിഷേധം; ഇസ്രയേല്‍ പോലീസിന് ഇനി യൂണിഫോം നല്‍കില്ലെന്ന് മരിയന്‍ അപ്പാരല്‍സ്

അങ്ങനെയാണ് ഗാന്ധി 1938 നവംബര്‍ 26 ന് ഹരിജന്‍ മാസികയില്‍ ജൂത രാഷ്ട്രം എന്ന സയണിസ്റ്റ് ആവശ്യത്തെ വിമര്‍ശിച്ചും അറബ് പലസ്തീനികളോട് ഐക്യദാര്‍ഢ്യം അറിയിച്ചും എഡിറ്റോറിയല്‍ എഴുതുന്നത്.

''..My sympathies are all with the Jews... They have been the untouchables of Christianity. The parallel between their treatment by Christians and the treatment of untouchables by Hindus is very close... But my sympathy does not blind me to the requirements of justice... The cry for the national home for the Jews does not make much appeal to me. The sanction for it is sought in the Bible... Palestine belongs to the Arabs in the same sense that England belongs to the English or France to the French. It is wrong and inhuman to impose the Jews on the Arabs. The mandates have no sanction but that of the last war . And now a word to the Jews in Palestine... The Palestine of the Biblical conception is not a geographical tract... if they must look to the Palestine of geography as their national home, it is wrong to enter it under the shadow of the British gun... They can settle in Palestine only by the goodwill of the Arabs... As it is, they are co-sharers with the British in despoiling a people who have done no wrong to them...'

ഇതിന് മാസങ്ങള്‍ മുന്‍പ് 1938 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എ. ഐ. സി. സി സമ്മേളനം ബ്രിട്ടന്‍ പലസ്തീന്‍ വിടണമെന്ന് പ്രമേയം പാസ്സാക്കുന്നുണ്ട്. ഗാന്ധിയുടെ അഹിംസ മാര്‍ഗത്തിനോട് വലിയ താല്പര്യമുണ്ടായിരുന്ന ജൂതന്മാര്‍ ഗാന്ധിയുടെ സയണിസ്റ്റ് വിരുദ്ധ നിലപാടില്‍ നിരാശരായിരുന്നു. യുദ്ധവിരുദ്ധ ജൂതരില്‍ പ്രമുഖനായ മാര്‍ട്ടിന്‍ ബബര്‍ ഗാന്ധിയുടെ ഹരിജന്‍ ലേഖനത്തെ വിമര്‍ശിച്ചു ലേഖനം പോലും എഴുതി. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ജ്യൂയിഷ് ഫ്രന്റിയര്‍' ഗാന്ധിയുടെ ഹരിജന്‍ ലേഖനത്തോട് പ്രതികരിച്ചത് ഗാന്ധി അറബ് അനുകൂല നിലപാട് എടുക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ പിന്തുണയ്ക്ക് വേണ്ടിയാണ് എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ്.

ഗാന്ധിയുടെ അഹിംസ മാര്‍ഗത്തിനോട് വലിയ താല്പര്യമുണ്ടായിരുന്ന ജൂതന്മാര്‍ ഗാന്ധിയുടെ സയണിസ്റ്റ് വിരുദ്ധ നിലപാടില്‍ നിരാശരായിരുന്നു

ഇതിന് 1939 മെയ് 27 ന് ഗാന്ധി മറുപടി കൊടുക്കുന്നുണ്ട്.

'ലേഖകന്റെ ആരോപണം ഗൗരവമുള്ള ഒന്നാണ്. ഹിന്ദു-മുസ്ലീം ഐക്യത്തിന് വേണ്ടിയുള്ള എന്റെ അതിയായ ആഗ്രഹം എന്നെ അറബുകള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് അദ്ദേഹം കരുതുന്നത്. ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ മോചനത്തിന് വേണ്ടി ഒരിക്കലും ഞാന്‍ സത്യത്തെ വില്‍ക്കുകയില്ല. ഏതെങ്കിലും സൗഹൃദം നേടുന്നതിന് വേണ്ടിയും അത്തരത്തില്‍ ഒന്നും ചെയ്യുകയില്ല.'

പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം
ഇസ്ലാമോഫോബിയ, രാജ്യങ്ങൾ തകർത്ത അധിനിവേശങ്ങൾ; ബൈഡൻ ഏറ്റുപറഞ്ഞ 'അബദ്ധ'ങ്ങളിൽ പൊലിഞ്ഞത് ലക്ഷങ്ങളുടെ ജീവനുകൾ

ഗാന്ധിയെ സ്വാധീനിക്കാന്‍ വേണ്ടി സയണിസ്റ്റ് ലോബി കാര്യമായി പലപ്പോഴായി പരിശ്രമിക്കുന്നുണ്ട്. ഗാന്ധിയുടെ സൗത്ത് ആഫ്രിക്കന്‍ ജൂത സുഹൃത്ത് ഹെര്‍മന്‍ കല്ലെന്‍ബാച്ച് ഇന്ത്യ സന്ദര്‍ശിച്ചു ആഴ്ചകളോളം ഗാന്ധിയോട് സംസാരിക്കുന്നുണ്ട്. ഗാന്ധിയുടെ ജീവചരിത്രകാരന്‍ ലൂയിസ് ഫിഷര്‍ വഴിയും സയണിസ്റ്റ് ലോബി അതിന് ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴെല്ലാം പലസ്തീന് അനുകൂലമായ ഉറച്ച നിലപാടാണ് അദ്ദേഹമെടുത്തത്. ഗാന്ധി ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യന്‍ സ്വതന്ത്ര്യ സമരം ഉയര്‍ത്തിപ്പിടിച്ച സാമ്രജ്യത്വ വിരുദ്ധമായ ആ പാരമ്പര്യമാണ് നമ്മള്‍ എല്ലാം പിന്‍പറ്റുന്നത്.

ബാല്‍ഫര്‍ പ്രഖ്യാപത്തിനു ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പല ഘടകങ്ങളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാരണങ്ങളായി വിദഗ്ധര്‍ പറയുന്നത്

1. ഈജിപ്തിനെയും സൂയസ് കനാലിനേയും ബ്രിട്ടന്റെ സ്വാധീനവലയത്തിനുള്ളില്‍ നിലനിര്‍ത്താനുള്ള സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിരുന്നു പലസ്തീന്റെ മേലുള്ള ബ്രിട്ടന്റെ നിയന്ത്രണം

2. ഒന്നാം ലോക യുദ്ധ സമയത്ത് യുഎസിലെയും റഷ്യയിലെയും ജൂതന്മാരുടെ പിന്തുണ ശേഖരിക്കാന്‍ ബ്രിട്ടന് സയണിസ്റ്റുകളുടെ പക്ഷം ചേരേണ്ടി വന്നു. ഇവര്‍ വിജയംവരെ വരെ യുദ്ധത്തില്‍ തുടരാന്‍ അതാത് സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

3. അക്കാലത്തെ ബ്രിട്ടീഷ് സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ സയണിസ്റ്റുകളായിരുന്നു. തീവ്രമായ സയണിസ്റ്റ് ലോബിയിംഗും ബ്രിട്ടനിലെ സയണിസ്റ്റ് സമൂഹവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ശക്തമായ ബന്ധങ്ങളും ബാല്‍ഫര്‍ പ്രഖ്യാപനത്തിനു കാരണമായി.

1917 നവംബറില്‍ ഫലസ്തീനില്‍ 'ജൂതരാഷ്ട്രം' സ്ഥാപിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചു കൊണ്ട് ബ്രിട്ടന്‍ നടത്തിയ ബാല്‍ഫര്‍ പ്രഖ്യാപനമാണ് (Balfour Declaration) ഇന്ന് കാണുന്ന പ്രശ്ങ്ങളുടെ തുടക്കം.
പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം
ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്

പലസ്തീന്‍: യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ബാക്കി

ഇന്ത്യക്ക് സ്വാതന്ത്യനന്തരം ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ശരിയായ നിലപാട് എടുക്കാന്‍ കഴിഞ്ഞത് ആ പ്രശ്‌നത്തിന്റെ മൂല കാരണം മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷണങ്ങളോ സംസ്‌കാരങ്ങള്‍ തമ്മില്ലുള്ള സംഘട്ടനങ്ങളോ അല്ല, മറിച്ചു പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ പ്രബലമായിരുന്ന യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ബാക്കി പത്രമാണ് അതെന്ന വസ്തുപരമായ തിരിച്ചറിവാണ്. എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നങ്ങളിലെ സാമ്രാജ്യത്വ താല്‍പര്യം എന്ന് ചരിത്രപരമായി മനസ്സിലാക്കേണ്ടത് അനിവാര്യമായ ഒന്നാണ്.

പലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം തുടങ്ങുന്നത് ഒന്നാം ലോക യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്. അതുവരെ ചരിത്രപരമായ പലസ്തീന്‍ അടക്കമുള്ള അറബ് പ്രദേശങ്ങള്‍ തുര്‍ക്കി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഒന്നാം ലോക യുദ്ധത്തില്‍ അറബികളുടെ സൈനിക-രാഷ്ട്രീയ പിന്തുണ നേടുന്നതിനായി, പലസ്തീന്‍ ഉള്‍പ്പെടെ ഒട്ടോമന്‍ തുര്‍ക്കികള്‍ അതുവരെ ഭരിച്ചിരുന്ന ഭൂരിഭാഗം രാജ്യങ്ങളിളുടെയും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് ബ്രിട്ടന്‍ നല്കികയിരുന്നു.

1915 ഒക്ടോബര്‍ 24-ന് അന്നത്തെ ഈജിപ്തിലെ ഹൈക്കമ്മീഷണറായിരുന്ന സര്‍ ഹെന്റി മക്മഹോണ്‍, മക്കയിലെ ഷെരീഫായ ഹുസൈന്‍ ഇബ്ന്‍ അലിയ്ക്ക് അയച്ച കത്ത് ഇതിനു തെളിവാണ്. ആ കത്ത് പ്രകാരം ഹുസൈന്‍ ഇബ്ന്‍ അലിയുടെ ആവശ്യപ്രകാരം അറേബ്യന്‍ ഉപദ്വീപ്, സിറിയ (ലെബനന്‍, പാലസ്തീന്‍, ട്രാന്‍സ് ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ), ഇറാഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഭാവിയിലെ ഒരു അറബ് രാഷ്ട്രത്തിന്റെ ഭാഗമാകുമെന്നു ബ്രിട്ടന്‍ ഉറപ്പ് നല്‍കി. അതേസമയം, Sykes-Picot എന്ന പേരില്‍ പശ്ചിമേഷ്യ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീന മേഖലകളാക്കി മാറ്റാന്‍ ബ്രിട്ടന്‍ ഫ്രാന്‍സിനോടും സാറിസ്റ്റ് റഷ്യയോടും യോജിച്ചു ഒരു രഹസ്യ കാരാര്‍ ഉണ്ടാക്കുകയും അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള ഒട്ടോമന്‍ പ്രവിശ്യകളെ ബ്രിട്ടീഷ്, ഫ്രഞ്ച് നിയന്ത്രണത്തിന്റെയും സ്വാധീനത്തിന്റെയും മേഖലകളായി വിഭജിച്ചെടുക്കുകയും ചെയ്തു. അങ്ങനെയാണ് 1,400 വര്‍ഷത്തെ ഓട്ടോമന്‍ തുര്‍ക്കി ഭരണം അവസാനിപ്പിച്ചുകൊണ്ട് 1917 ഒക്ടോബര്‍ 31-ന് ബ്രിട്ടീഷ് സൈന്യം പലസ്തീന്‍ കീഴടക്കുന്നത്.

ഇതിനിടയില്‍ 1917 നവംബറില്‍ ഫലസ്തീനില്‍ 'ജൂതരാഷ്ട്രം' സ്ഥാപിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചു കൊണ്ട് ബ്രിട്ടന്‍ നടത്തിയ ബാല്‍ഫര്‍ പ്രഖ്യാപനമാണ് (Balfour Declaration) ഇന്ന് കാണുന്ന പ്രശ്ങ്ങളുടെ തുടക്കം. 1917 നവംബര്‍ 2 ന് ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫോര്‍ ബ്രിട്ടീഷ് ജൂത സമൂഹത്തിന്റെ നേതാവായ റോത്ത്ചൈല്‍ഡ് പ്രഭുവിന് അയച്ച കത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.

Summary

ഇസ്രയേലിന്റെ രൂപീകരണവും പിന്നീട് നടന്നുകൊണ്ടിരുന്ന സയണിസ്റ്റ് ഭീകരതയും പലപ്പോഴും ന്യായീകരിക്കപ്പെട്ടത് ഹിറ്റ്ലര്‍ നടത്തിയ ജൂതവേട്ടയെ മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇതുമൊരു സാമ്രാജ്യത്വ താല്പര്യമായിരുന്നു. പലരാജ്യങ്ങളിലും ഭരണകൂട പിന്തുണയോടെ നടന്ന ജൂത വിരുദ്ധത തങ്ങളുടെ കൊളോണിയല്‍ പദ്ധതിക്ക് അനിവാര്യമാണെന്ന് സയണിസ്റ്റ് നേതാക്കള്‍ തന്നെ ബോധപൂര്‍വ്വം തിരിച്ചറിഞ്ഞിരുന്നു എന്നതാണ് വാസ്തവം

പലസ്തീന്‍ പ്രദേശത്തു ജീവിക്കുന്ന ജൂതരല്ലാത്ത 90% ലധികം വരുന്ന തദ്ദേശീയരുടെ അനുവാദമോ അറിവോ ഇല്ലാതെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഏകപക്ഷീയമായി ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഥാപിതമായ അധികാര താല്പര്യങ്ങളാണ് പലസ്തീന്‍ ഭൂമിയില്‍ ഇന്ന് നടക്കുന്ന സംഘര്‍ഷങ്ങളുടെ എല്ലാം തുടക്കം എന്നതാണ്.

ബാല്‍ഫല്‍ പ്രഖ്യാപനത്തില്‍ നീതികേടിനെക്കുറിച്ചു ചിന്തകനായ എഡ്വേര്‍ഡ് സെയ്ദ പറയുന്നത് '... യൂറോപ്യന്‍ അല്ലാത്ത ഒരു പ്രദേശത്തെക്കുറിച്ച് ... ആ പ്രദേശത്തെ തദ്ദേശീയരായ ഭൂരിപക്ഷ നിവാസികളുടെ സാന്നിധ്യത്തെയും ആഗ്രഹങ്ങളെയും അവഗണിച്ചുകൊണ്ട് ഒരു യൂറോപ്യന്‍ ശക്തി സൃഷ്ടിച്ചത് ' എന്നാണ്. ഇതാണ് ഈ പ്രഖ്യാപനത്തിന്റെ പ്രശ്‌നവും.

 എഡ്വേര്‍ഡ് സെയ്ദ
എഡ്വേര്‍ഡ് സെയ്ദ

ഒന്നാം ലോക യുദ്ധാനന്തരം ചരിത്രപരമായ പലസ്തീനിന്റെ നിയന്ത്രണം കിട്ടിയ ബ്രിട്ടന്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞത് പോലെ പലസ്തീനിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റത്തിനു വേണ്ട പിന്തുണ കൊടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ യൂറോപ്പില്‍ ശക്തമായ ജൂതവിരുദ്ധതയും നാസികളുടെ നേതൃത്വത്തില്‍ നടന്ന ഹോളോകോസ്റ്റും സയണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ഈ കുടിയേറ്റത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ പലസ്തീനിലെ ജൂത ജനസംഖ്യ 6 ശതമാനത്തില്‍ നിന്ന് (1918) 33 ശതമാനമായി (1947) വര്‍ദ്ധിച്ചു. ഇസ്രയേലിന്റെ രൂപീകരണവും പിന്നീട് നടന്നുകൊണ്ടിരുന്ന സയണിസ്റ്റ് ഭീകരതയും പലപ്പോഴും ന്യായീകരിക്കപ്പെട്ടത് ഹിറ്റ്ലര്‍ നടത്തിയ ജൂതവേട്ടയെ മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇതുമൊരു സാമ്രാജ്യത്വ താല്പര്യമായിരുന്നു. പലരാജ്യങ്ങളിലും ഭരണകൂട പിന്തുണയോടെ നടന്ന ജൂത വിരുദ്ധത തങ്ങളുടെ കൊളോണിയല്‍ പദ്ധതിക്ക് അനിവാര്യമാണെന്ന് സയണിസ്റ്റ് നേതാക്കള്‍ തന്നെ ബോധപൂര്‍വ്വം തിരിച്ചറിഞ്ഞിരുന്നു എന്നതാണ് വാസ്തവം. ഇതേക്കുറിച്ച് തിയോഡോര്‍ ഹെര്‍സല്‍ പോലും ഒന്നും മിണ്ടിയില്ല. 'ജൂത വിരുദ്ധതയാല്‍ നയിക്കപ്പെട്ടു അവരെ അടിച്ചമര്‍ത്തിയ എല്ലാ രാജ്യങ്ങളിലെയും സർക്കാറുകൾ ഞങ്ങള്‍ ആഗ്രഹിക്കുന്ന പരമാധികാരം നേടുന്നതിന് ഞങ്ങളെ സഹായിക്കുന്നതില്‍ അതീവ താല്പര്യം കാണിക്കും' എന്ന് അദ്ദേഹം തന്റെ അടിസ്ഥാന ലഘുലേഖയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തെത്തുടര്‍ന്ന് രൂപീകരിച്ച ഐക്യരാഷ്ട്രസഭ ചരിത്രപരമായ പലസ്തീന്റെ 55 % ജൂത രാജ്യത്തിനും 42 % അറബ് രാജ്യത്തിനും ജറുസലേം അന്താരാഷ്ട്ര നിയന്ത്രണത്തിലുമെന്ന നിലയില്‍ രണ്ട് രാജ്യ നിര്‍മ്മാണം എന്ന ഒരു പദ്ധതി നിര്‍ദ്ദേശിച്ചു 1947 നവംബര്‍ 29-ന് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം 181 (II) ആയി അംഗീകരിച്ചു.പലസ്തീനികള്‍ ഈ നിര്‍ദ്ദേശം നിരസിച്ചു. കാരണം പ്രഥമ ദൃഷ്ട്ടിയാല്‍ തന്നെ പക്ഷപാതപരവും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നന്തുമായിരുന്നു ഈ പദ്ധതി. ആ സമയം വരെ ചരിത്രപരമായ പലസ്തീനിന്റെ 94% ഭൂമിയും ജനസംഖ്യയുടെ 67 ശതമാനം വരുന്ന പലസ്തീനിന്റെ കൈയ്യിലായിരുന്നു. അവിടെയുള്ള ജൂതരാകട്ടെ ബഹുഭൂരിപക്ഷവും ബാല്‍ഫര്‍ പ്രഖ്യാപനത്തിനു ശേഷം കുടിയേറ്റം നടത്തിയവരും. കുടിയേറിയ 33% വരുന്ന ജൂതന്മാര്‍ക്ക് വേണ്ടി തങ്ങള്‍ക്ക് അവകാശപ്പെട്ട 55 % ഭൂമിയും നല്‍കണം എന്നൊരു പദ്ധതി സ്വാഭാവികമായും തിരസ്‌ക്കരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ പദ്ധതി ഒരിക്കലും നടപ്പാക്കിയിട്ടില്ല.

പലസ്തീന്‍ ജനതയ്ക്ക് ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതി സ്വീകാര്യമായിരുന്നില്ലെങ്കിലും ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിച്ച 1948 മെയ് മാസത്തില്‍ ഇസ്രായേല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. അന്ന് World Zionist Organization ന്റെ തലവനായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണ്‍ ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയുമായി. അതേ ദിവസം തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ പുതിയ ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചു. അതില്‍ നിന്ന് തന്നെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള താല്പര്യം മനസിലാക്കാവുന്നതാണ്. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന്, 1948-ല്‍ അറബ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഇറാഖ്, സിറിയ, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ അഞ്ച് അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ നടന്ന ഈ യുദ്ധത്തിന്റെ ഭാഗമായി 700000 പലസ്തീനികള്‍ മേഖലയില്‍ നിന്ന് പലായനം ചെയ്യുകയും അയല്‍ അറബ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തു. ഈ സംഭവത്തെയാണ് പലസ്തീനികള്‍ ദുരന്തം എന്നര്‍ത്ഥം വരുന്ന നക്ബ എന്ന പേരിട്ട് വിളിക്കുന്നത്. കാരണം ഈ സംഭവത്തെ തുടര്‍ന്ന് നല്ലൊരു ശതമാനം പലസ്തീനികള്‍ രാജ്യരഹിതരായി. 1949-ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും കരാറിന്റെ ഭാഗമായി വെസ്റ്റ് ബാങ്ക് ജോര്‍ദാന് നല്‍കുകയും ഗാസ മുനമ്പ് ഈജിപ്തിന്റെ ഭാഗമാവുകയും ചെയ്തു. എന്നിരുന്നാലും, യുദ്ധത്തില്‍ വിജയിച്ച ഇസ്രായേല്‍, 1947 ലെ യുഎന്‍ പദ്ധതിക്ക് കീഴിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രദേശം നിയന്ത്രിച്ചു. കിഴക്കന്‍ ജറുസലേം ജോര്‍ദാന്റെ നിയന്ത്രണത്തിലായിരുന്നു. 1949 ല്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയ ഈ അതിര്‍ത്തിയാണ് ഗ്രീന്‍ ലൈന്‍ എന്ന് അറിയപ്പെടുന്നത്. ഇസ്രായേലിനും പലസ്തീനിനും ഇടയില്‍ പൊതുവായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള അതിര്‍ത്തി ഇതാണ്.

ചരിത്രപരമായ പലസ്തീനിന്റെ 100 % ഭൂമി ആരും ചോദിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ വിഭജനത്തില്‍ പലസ്തീന് നല്‍കിയ 45 % ഭൂമിയും ആവശ്യപ്പെടുന്നില്ല. പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ എല്ലാവരും ആവശ്യപ്പെടുന്നത് ഗ്രീന്‍ ലൈന്‍ പ്രകാരമുള്ള 22 % ഭൂമിയാണ്

ഈ അതിര്‍ത്തി പ്രകാരമുള്ള ഭൂമി തങ്ങള്‍ക്ക് വിട്ടു തരണം എന്നാണ് പലസ്തീന്‍ ജനതയും അവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സമൂഹവും പറയുന്നത്. ചരിത്രപരമായ പലസ്തീനിന്റെ 100 % ഭൂമി ആരും ചോദിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ വിഭജനത്തില്‍ പലസ്തീന് നല്‍കിയ 45 % ഭൂമിയും ആവശ്യപ്പെടുന്നില്ല. പലസ്തീനെ പിന്തുണയ്ക്കുന്നവര്‍ എല്ലാവരും ആവശ്യപ്പെടുന്നത് ഗ്രീന്‍ ലൈന്‍ പ്രകാരമുള്ള 22 % ഭൂമിയാണ്. പിന്നീട് 75 വര്‍ഷക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന അധിനിവേശ സംഘര്‍ഷങ്ങളില്‍ എല്ലാം ഏകപക്ഷീയമായി സാമ്രാജ്യത്വ പിന്തുണ ഇസ്രായേലിനു ലഭിക്കുന്നത് കാണാം. അതിന്റെ സുപ്രധാന കാരണം ഇസ്രായേല്‍ എന്ന രാജ്യം സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ ഒരു ഔട്‌പോസ്റ്റാണ്.

ഏഷ്യയിലെ ഒരു അമേരിക്കന്‍ സ്റ്റേറ്റാണ് ഇസ്രായേല്‍ എന്ന് പറഞ്ഞാല്‍ പോലും അതൊരു അതിശയോക്തിയല്ല. 1956-ല്‍ ഈജിപ്തിലെ ഗമാല്‍ അബ്ദുല്‍ നാസര്‍ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ സിനായ് ഉപദ്വീപിനെ ആക്രമിക്കുകയും കനാല്‍ തിരിച്ചുപിടിക്കുകയും ചെയ്തത് ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും പിന്തുണയോടെയായിരുന്നു. പശ്ചിമേഷ്യയിലെ എണ്ണ ശേഖരത്തിലും ഏറ്റവും തന്ത്രപ്രധാനമായ സൂയസ് കനാല്‍ ജലപാതയിലും ആധിപത്യമുറപ്പിക്കുക എന്നത് ലോകത്തെ സാമ്രാജ്യത്വ ശക്തിയായി തുടരാന്‍ അമേരിക്കന്‍-ആംഗ്ലോ സഖ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോക സാമ്രാജ്യത്വത്തിന്റെ നേതൃത്വം അമേരിക്ക ഏറ്റെടുത്തപ്പോള്‍ അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി ഇസ്രായേല്‍ മാറി. യൂറോപ്പിയന്‍ കോളനിവല്‍ക്കരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഒന്നാണ് അറബ് മണ്ണിലെ ജൂത സെറ്റില്‍മെന്റ് എന്നത്. എല്ലാ അര്‍ത്ഥത്തിലും യൂറോപ്യന്‍ കോളോണിയലിസത്തിന്റെ ഇന്നും തുടരുന്ന അധിനിവേശ പദ്ധതി.

അപാര്‍തീഡ് മ്യൂസിയം
അപാര്‍തീഡ് മ്യൂസിയം

ജോഹന്നാസ് ബര്‍ഗില്‍ പോയാല്‍ നിങ്ങള്‍ക്ക് അപാര്‍തീഡ് മ്യൂസിയം കാണാം. സാമ്രാജ്യത്വം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നടത്തിയ വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരതകളാണ് ആ മ്യൂസിയം നമ്മളോട് പറയുക. ആംസ്ട്രഡാമിലെ ട്രോപ്പന്‍ മ്യൂസിയം ഡച്ച് അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന മ്യൂസിയമാണ്. വിയറ്റ്‌നാമിലെ ഹൊച്ചമിന്‍ നഗരത്തില്‍ പോയാല്‍ നിങ്ങള്‍ക്ക് War Remnants Museum കാണാം, അമേരിക്കന്‍ സാമ്രാജ്യത്വം തോല്‍വി അടയാളപ്പെടുത്തിയ വിയറ്റ്നാം യുദ്ധത്തിലെ സാമ്രാജ്യത്തിന്റെ ഭീകരതയുടെ ഓര്‍മ്മയ്ക്കാണ് ആ മ്യൂസിയം. കൊളോണിയല്‍ ക്രൂരതയുടെ ഓര്‍മകള്‍ നല്‍കുന്ന ഇങ്ങനെ അനേകം മ്യൂസിയങ്ങളും സ്മാരങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാല്‍ കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ മ്യൂസിയമാണ് ഗാസ. കോളനി വിരുദ്ധ സമരത്തിന്റെ അനുഭവമോ ഓര്‍മയോ ഇല്ലാത്ത തലമുറയ്ക്ക് അതിന്റെ ക്രൂരത ഏതളവില്‍ ഉണ്ടെന്നു മനസിലാക്കാന്‍ ഗാസയിലേക്ക് നോക്കിയാല്‍ മതി.

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിലെ ഈ സാമ്രാജ്യത്വ പശ്ചാത്തലം മനസ്സിലാക്കിയില്ലെങ്കില്‍ ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള വൈരം കാരണമോ, സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമോ ഉണ്ടായ പ്രശ്നമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടും. അങ്ങനെ മതത്തിന്റെ പേരില്‍ വിഭജനം നടത്തി തങ്ങളുടെ അജണ്ട മുന്നോട് കൊണ്ടുപോകാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഇപ്പോഴുള്ള യുദ്ധത്തില്‍ ഒക്ടോബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 7028 പലസ്തീനികളാണ് ഒക്ടോബര്‍ 7 നു ശേഷം മാത്രം കൊല്ലപ്പെട്ടത്. ഇതില്‍ 2,913 കുട്ടികളാണ്. 1400 ഓളം ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ യുദ്ധം തുടങ്ങിയത് അതുകൊണ്ട് ഇസ്രായേലിനു ആക്രമണം നടത്താന്‍ അവകാശമുണ്ടെന്ന മട്ടിലുള്ള പ്രചാരണം പാശ്ചാത്യ മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തുന്നവര്‍ ഇസ്രായേല്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലമായി പലസ്തീനില്‍ നടത്തുന്ന അധിനിവേശവും പലസ്തീന്‍ ജനതയോട് കാട്ടുന്ന ക്രൂരതയും മനസ്സിലാക്കാതെ സാമ്രാജ്യത്വ യുക്തി പിന്‍പറ്റുന്നവരാണ്. ഈ ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഒരു നിര്‍ണായക യാഥാര്‍ത്ഥ്യത്തെ മനസിസിലാക്കുന്നില്ല. ഗാസയും വെസ്‌റ്ബാങ്കും ഒരു പരമാധികാര രാജ്യമല്ല. വാസ്തവത്തില്‍ നിലവില്‍ പലസ്തീന്‍ പോലും രാജ്യമല്ല. ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം രണ്ട് പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല മറിച്ച്, കോളനിവല്‍ക്കരിക്കപ്പെട്ട ഒരു ജനതയും അവരെ കോളനിവല്‍ക്കരിച്ചവരും തമ്മിലുള്ള സംഘര്‍ഷമാണ്. തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചതിനെ തുടര്‍ന്ന് 2007 മുതല്‍ ഹമാസിനെ 'ഭീകരവാദം' ആരോപിച്ച് ഇസ്രായേല്‍ ഗാസ മുനമ്പില്‍ കര, വ്യോമ, നാവിക ഉപരോധം ഏര്‍പ്പെടുത്തി വരികയാണ്. കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന ഈ ഉപരോധം ഗാസയെ അക്ഷരാര്‍ത്ഥത്തില്‍ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ് .

Summary

ഇസ്രയേലികള്‍ക്ക് നിലവില്‍ ഒറ്റ അജണ്ടയാണുള്ളത്, ഈ അവസരം ഉപയോഗപ്പെടുത്തി അറബികളെ വംശ ഉന്മൂലനം നടത്തി ഗാസ മുനമ്പിനെക്കൂടി പൂര്‍ണ്ണമായും കൈയ്യേറുക. ഇസ്രയേലിന്റെ ഈ പദ്ധതിക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണ എല്ലാ മറയും നീക്കി പുറത്തു വന്നരിക്കുന്നത്

പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം
രണ്ട് നൊബേൽ ജേതാക്കളുടെ ജീവനെടുത്ത രക്തരൂഷിത പാത: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ ചരിത്രമിതാണ്‌

ഈ കാലയളവില്‍ ഇസ്രായേല്‍ ഇപ്പോഴുള്ളതടക്കം അഞ്ചു തവണ ഗാസയെ അക്രമിച്ചിട്ടുണ്ട് . നൂറു കണക്കിന് കുട്ടികളടക്കം ആയിരക്കണക്കിന് പലസ്തീന്‍ നിരപരാധികളാണ് ഈ ആക്രമണങ്ങളില്‍ മരിച്ചു വീണത്. ലോകത്ത് തന്നെ ഏറ്റവും അസ്ഥിരവും ഭീതിതവുമായ ജീവിതം നയിക്കുന്ന മനുഷ്യരുടെ നാടായി ഗാസ ഇസ്രയേലിന്റെ ഉപരോധത്തില്‍ മാറി എന്നതാണ് വസ്തുത. ഈ ചരിത്ര യാഥാര്‍ഥ്യത്തെ വിസ്മരിച്ചുകൊണ്ട് ഹമാസ് ഹമാസ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഭീകരരായ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ന്യായം ചമയ്ക്കുന്നവരാണ്. സത്യത്തില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്താന്‍ പോലും അന്താരാഷ്ട്ര നിയമമനുസരിച്ച് പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ട്. ഇവിടെ അധിനിവേശം നടത്തിയത് ഇസ്രായേലാണ്.

1983-ലെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പറയുന്നത് 'ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ദേശീയ ഐക്യത്തിനും കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും വര്‍ണ്ണവിവേചനത്തില്‍ നിന്നും വിദേശ അധിനിവേശത്തില്‍ നിന്നും സായുധ പോരാട്ടം ഉള്‍പ്പെടെ ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ നിയമസാധുത' ഉണ്ടെന്നാണ്. ഇസ്രയേലികള്‍ക്ക് നിലവില്‍ ഒറ്റ അജണ്ടയാണുള്ളത്, ഈ അവസരം ഉപയോഗപ്പെടുത്തി അറബികളെ വംശ ഉന്മൂലനം നടത്തി ഗാസ മുനമ്പിനെക്കൂടി പൂര്‍ണ്ണമായും കൈയ്യേറുക. ഇസ്രയേലിന്റെ ഈ പദ്ധതിക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണ എല്ലാ മറയും നീക്കി പുറത്തു വന്നരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ 18 നു നേരിട്ട് ഇസ്രായേല്‍ സന്ദര്‍ശിച്ചു പിന്തുണ അറിയിക്കുക പോലുമുണ്ടായി. യുദ്ധം തുടങ്ങി പിറ്റേദിവസം തന്നെ ഇസ്രായേലിനെ സഹായിക്കാന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

ഇന്ന് ഇസ്രായേല്‍ നടത്തുന്ന ആക്രമണം മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന അമേരിക്കന്‍ യുദ്ധകപ്പലിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ്. ജീവന്‍രക്ഷാ വസ്തുക്കളെ ഗാസയിലേക്ക് വിതരണം ചെയ്യാന്‍ അനുവദിക്കുന്നതിന് 'മാനുഷികമായ ഇടവേളകള്‍' ആവശ്യപ്പെട്ടു കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതി അതെ ദിവസം ബ്രസീല്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കാതെ അവരെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് അമേരിക്കയുടെ ഏകപക്ഷീയമായ പിന്തുണയുണ്ട് എന്നതിന് ഇതില്പരം തെളിവ് വേറെന്താണ് വേണ്ടത്. പലസ്തീനില്‍ നടക്കുന്ന സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ മനുഷ്യരുടെ ആലോചന ലോകത്തിനു പുറത്താണ് എന്ന് വേണം മനസ്സിലാക്കാന്‍. ലോക മനസാക്ഷിയെ ഞെട്ടിച്ചു ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനു കാരണമായ തെക്കന്‍ ഗാസയിലെ അല്‍-അഹ്ലി ആംഗ്ലിക്കന്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. ഈ ആക്രമണം നടക്കുന്നതിനു മുന്നേ വടക്കന്‍ ഗാസയിലെ 22 ആശുപത്രികളോട് 24 മണിക്കൂറിനുള്ളില്‍ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാന് ഇസ്രായേല്‍ ഒക്ടോബര്‍ 12 ന് വൈകുന്നേരം ഉത്തരവ് വിട്ടിരുന്നു. പിന്നീട് ഒക്ടോബര്‍ 15 നാണ് അല്‍-അഹ്ലി ആശുപത്രിക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായത്. ഈ ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ ലക്ഷ്യം തെറ്റി വന്ന റോക്കറ്റ് മൂലമാണ് സംഭവിച്ചതെന്നുമുള്ള നുണ ഇസ്രായേലും പാശ്ചാത്യ മാധ്യമങ്ങളും ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

Summary

രണ്ടു നൂറ്റാണ്ടു കാലത്തോളം ബ്രിട്ടീഷ് സാമ്രജ്യത്വത്തിന്റെ അതിരില്ലാത്ത ക്രൂരതയ്ക്ക് വിധേയമായ ഒരു ജനത എന്ന നിലയില്‍, അതിന്റെ ആഴത്തിലുള്ള മുറിവുകള്‍ രാഷ്ട്രശരീരത്തില്‍ ഇന്നും പേറുന്ന ഒരു സമൂഹമെന്ന നിലയില്‍ പലസ്തീനു പിന്തുണ നല്‍കുക എന്നത് നമ്മുടെ മൗലിക ഉത്തരവാദിത്വം

എന്നാല്‍ ഇത്രയും ശക്തമായ സ്ഫോടക വസ്തുക്കളുള്ള റോക്കറ്റുകള്‍ ഇസ്‌ലാമിക് ജിഹാദികളുടെ കയ്യില്‍ ഇല്ലെന്നാണ് സൈനിക വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്. ഈ ഹോസ്പിറ്റല്‍ ആക്രമണത്തെ പോലും ന്യായീകരിക്കുന്ന നിലപാടാണ് അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചത് എന്നോര്‍ക്കണം. ഇസ്രയേലിന്റെ ഈ യുദ്ധ കുറ്റകൃത്യത്തെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന്‍ അതോറിറ്റി നേതാക്കളുമായി അമ്മാനില്‍ നടത്താനിരുന്ന ബൈഡന്റെ കൂടിക്കാഴ്ച റദ്ദാക്കിയത്. യുഎസിന്റെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങളിലെ നേതാക്കള്‍ പോലും യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിന് തയ്യാറായില്ല. ഈ വിധത്തില്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു, ഐക്യരാഷ്ട്ര സഭയെപ്പോലും നോക്കു കുത്തിയാക്കി മനുഷ്യ വംശം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള യുദ്ധ ക്രൂരതകള്‍ തുടരാന്‍ ഇസ്രായേലിനു കരുത്തു പകരുന്നത് അമേരിക്കന്‍-ആംഗ്ലോ സാമ്രാജ്യത്വ ശക്തികളുടെ നിരുപാധികമായ പിന്തുണയാണ്. അതുകൊണ്ട് തന്നെ പലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ ഏറ്റവും ആത്യന്തികമായ ഉള്ളടക്കം സാമ്രജ്യത്വ -കൊളോണിയല്‍ വിരുദ്ധതയാണ്. രണ്ടു നൂറ്റാണ്ടു കാലത്തോളം ബ്രിട്ടീഷ് സാമ്രജ്യത്വത്തിന്റെ അതിരില്ലാത്ത ക്രൂരതയ്ക്ക് വിധേയമായ ഒരു ജനത എന്ന നിലയില്‍, അതിന്റെ ആഴത്തിലുള്ള മുറിവുകള്‍ രാഷ്ട്രശരീരത്തില്‍ ഇന്നും പേറുന്ന ഒരു സമൂഹമെന്ന നിലയില്‍ പലസ്തീനു പിന്തുണ നല്‍കുക എന്നത് നമ്മുടെയെല്ലാം ഏറ്റവും മൗലികമായ ഉത്തരവാദിത്തമാണ്.

logo
The Fourth
www.thefourthnews.in