ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

എകെജിയുടെ സെക്രട്ടറിയായി ഡൽഹിയിലെത്തി, പിന്നീട് ദേശാഭിമാനി പത്രത്തിൻ്റെ ലേഖകനും രാജ്യതലസ്ഥാനത്തെ അറിയപ്പെടുന്ന പത്രപ്രവർത്തകനുമായ നരിക്കുട്ടി മോഹനനെക്കുറിച്ച് പഴയ സഹപ്രവർത്തകൻ കൂടിയായ ലേഖകൻ എഴുതുന്നു

നരിക്കുട്ടി മോഹനന്‍ എന്ന പേര് മലയാളസാഹിത്യലോകത്തോ പത്രലോകത്തോ ഇന്ന് അത്ര അറിയപ്പെടുന്ന പേരല്ല. 34 വര്‍ഷം മുമ്പ് കടുത്ത രോഗപീഡകളനുഭവിച്ച് കടന്നുപോയ അദ്ദേഹം പക്ഷേ ഡല്‍ഹിയിലെ പത്രലോകത്ത് ഒരുകാലത്ത് നരിക്കുട്ടിതന്നെയായിരുന്നു. നൂറോളം കഥകളും ഒരു മുഴു നോവലും ഒരു പാതി നോവലും ശ്രദ്ധേയമായ ഏതാനും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും പുസ്തകമായില്ല...

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ദിനപത്രം കണ്ടത്. അന്ന് മനസ്സില്‍ പതിഞ്ഞപേരാണ് വികെ മാധവന്‍കുട്ടി. രണ്ടോ മൂന്നോ കൊല്ലത്തിനുശേഷമാണ് മാതൃഭൂമിക്ക് പുറമെ ഒരു പത്രം കാണുന്നത്, ദേശാഭിമാനി. നരിക്കുട്ടി മോഹനന്‍ എന്ന പേര് അന്നേ മനസ്സില്‍ പതിഞ്ഞു. അക്കാലത്ത് ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്തകളാണ് പത്രങ്ങളില്‍ ഒന്നാം പേജിലെ സിംഹഭാഗവും. ഇന്തോ-പാക് യുദ്ധവാര്‍ത്തകളാണ് മാധവന്‍കുട്ടിയെ മാത്രം പരിചയമുള്ളപ്പോള്‍ ആകര്‍ഷിച്ചത്. ദേശാഭിമാനിയില്‍ മുഖ്യ വാര്‍ത്തയുടെ ബൈലൈന്‍ മിക്കദിവസവും നരിക്കുട്ടി മോഹനന്‍ എന്നതാവും. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തോല്‍വി, ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരത, ബിഹാറിലെ വിദ്യാര്‍ഥി മുന്നേറ്റം, ജയപ്രകാശ് പ്രസ്ഥാനം, സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ സാഹസങ്ങള്‍, അഴിമതിക്കെതിരെ പാര്‍ലമെന്റില്‍ ജ്യോതിര്‍മയി ബസു നടത്തുന്ന വെളിപ്പെടുത്തലുകള്‍, പോരാട്ടങ്ങള്‍...ഇതെല്ലാം എത്ര ആവേശത്തോടെയാണ് വായിച്ചതെന്ന് ഇന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല.

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍

അക്കാലത്ത് വളരെക്കുറച്ച് വീടുകളില്‍ മാത്രമേ പത്രം വരുത്താറുള്ളു. വായനശാലയാണ് ഞങ്ങള്‍ക്കൊക്കെ പത്രവായനയക്ക് ആശ്രയം. റോഡും ബസ്സുമെല്ലാം രണ്ടുകിലോമീറ്റര്‍ അകലെയേ ഉള്ളൂവെന്നതിനാല്‍ പത്രങ്ങള്‍ എത്തുന്നത് ചിലപ്പോള്‍ വൈകീട്ടാവും. പിറ്റേന്ന് രണ്ടുദിവസത്തേത് ഒന്നിച്ചുകൊണ്ടുവരുന്നതും വിരളമല്ല. അവധിദിവസങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ നടന്നുപോയി പത്രവും വാരികയും എടുത്തുകൊണ്ടുവന്ന് വായിക്കുകയും അതിനെപ്പറ്റി ചര്‍ച്ച നടത്തുന്നതുമൊക്കെ ഇന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു.

നരിക്കുട്ടി മോഹനൻ ദേശാഭിമാനി ഡസ്കിൽ, സി.പി. അച്യുതൻ, കോയ മുഹമ്മദ്, നരിക്കുട്ടി മോഹനൻ, ജോൺ ബ്രിട്ടാസ്. നിൽക്കുന്നത് അന്ന് ദേശാഭിമാനി സബ് എഡിറ്ററായിരുന്ന സി എൽ തോമസ്. 1988 ലെ ചിത്രം
നരിക്കുട്ടി മോഹനൻ ദേശാഭിമാനി ഡസ്കിൽ, സി.പി. അച്യുതൻ, കോയ മുഹമ്മദ്, നരിക്കുട്ടി മോഹനൻ, ജോൺ ബ്രിട്ടാസ്. നിൽക്കുന്നത് അന്ന് ദേശാഭിമാനി സബ് എഡിറ്ററായിരുന്ന സി എൽ തോമസ്. 1988 ലെ ചിത്രം

അക്കാലത്ത് പത്രങ്ങളോടുള്ളത്ര തന്നെ വാരികകളോടും വിശേഷാല്‍ പ്രതികളോടും വലിയ പ്രിയമായിരുന്നു. പത്രലേഖകന്‍ എന്നതിനപ്പുറം നരിക്കുട്ടിയോടുള്ള ഇഷ്ടം കൂടിയത് അടിയന്തരാവസ്ഥ കഴിഞ്ഞ് അല്പകാലത്തിനകം അദ്ദേഹം ദേശാഭിമാനി വാരികയില്‍ എഴുതിത്തുടങ്ങിയ 'തീരങ്ങള്‍ തേടി' എന്ന നോവല്‍ വായനയോടെയാണ്. ചെറുകാടിന്റെ ജീവിതപ്പാത വരാന്‍ തുടങ്ങിയതോടെയാണ് ദേശാഭിമാനി വാരികയുടെ സ്ഥിരം വായനക്കാരനായത്. അന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ കോട്ടമൈതാനത്തോട് ചേര്‍ന്ന ബെര്‍ണശ്ശേരി. ആംഗ്ലോ ഇന്ത്യക്കാരുടെ കേന്ദ്രം, തിരുവേപ്പതി മില്‍, പട്ടാളകേന്ദ്രം, ഹോക്കിയും ക്രിക്കറ്റും കളിക്കുന്ന സ്ഥലം, ജില്ലാ ആശുപത്രി പരിസരം, കടല്‍ത്തീരം... തീരങ്ങള്‍ തേടി എന്ന നോവല്‍ ബെര്‍ണശ്ശേരിയിലെ ജീവിതമാണ് അടയാളപ്പെടുത്തുന്നത്. മിഷന്‍ ഷാപ്പ് എന്നറിയപ്പെട്ട തിരുവേപ്പതി മില്ലിലെ തൊഴിലാളികളുടെ ജീവിതം, സമരം.. അരാജകജീവിതം ഇതെല്ലാം കടന്നുവരുന്ന നോവലാണ്. മിഷന്‍ ഷാപ്പിന്റെ ഇംഗ്ലീഷുകാരനായ മാനേജര്‍ സായിവിന്റെ ബട്‌ളറായ കുഞ്ഞിരാമന്റെ അനുജനായ കുമാരനാണ് നായകന്‍. ബട്‌ളറുടെ സഹായിയാണ് കുമാരന്‍ (ചന്‍സിന്റെ ജീവന്‍തുടിക്കുന്ന ഇലസ്‌ട്രേഷനോടെയാണ് നോവല്‍). നല്ല മീന്‍ വാങ്ങിയോ പിടിച്ചോ കൊണ്ടുവന്നു കൊടുക്കലടക്കമുള്ള പ്രവൃത്തിയാണ് കുമാരന്.

കണ്ണൂരിലെ പഴയ നഗരത്തിന്റെ കഥകള്‍ ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് നോവല്‍ പ്രസിദ്ധീകരണം നിലച്ചു. ചില സാങ്കേതികകാരണങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന അറിയിപ്പ്. നോവല്‍ നിര്‍ത്തിയത് നോവലിസ്റ്റിന്റെ അച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്ന് പിന്നീട് മനസ്സിലായി. നോവലിസ്റ്റിന്റെ അച്ഛന്‍ നരിക്കുട്ടി മാധവന്‍ കണ്ണൂരിലെ തൊഴിലാളി നേതാവായിരുന്നു. പരോക്ഷമായി തന്റെ ജീവിതമാണ് നോവലിലെന്ന് മനസ്സിലാക്കിയതിനാലല്ല, മറ്റ് ചില കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ചിലരുടെ സാമ്യമുണ്ടെന്നതിനാലാണ്, പരാതികളുയര്‍ന്നതിനാലാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്. പിന്നീട് തുടരാമെന്ന വ്യവസ്ഥയിൽ. പത്രലേഖകരുടെ നോവലെഴുത്തും ഖണ്ഡശ്ശയായതിനാല്‍ എഴുതി പൂര്‍ത്തിയാക്കിയല്ല, പ്രസിദ്ധീകരണത്തിനയച്ചത്. ഓരോ അധ്യായം എഴുതിയ അയയ്ക്കുകയായിരുന്നു. അതിനാല്‍ ആ നോവല്‍ അച്ചടിച്ച 23 അധ്യായത്തിനപ്പുറം പിന്നെയും പോയില്ല...

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

എണ്‍പതുകളുടെ തുടക്കത്തിലാണ് മോഹനേട്ടനെ അടുത്തുപരിചയപ്പെടുന്നത്. ഡല്‍ഹിയില്‍നിന്ന് വിട്ട് കണ്ണൂരില്‍ ദേശാഭിമാനിയുടെ ബ്യൂറോ ചീഫായി 1979-ലാണ് നരിക്കുട്ടി എത്തിയത്. ദേശാഭിമാനി ബാലസംഘത്തിന്റെയും തുടര്‍ന്ന് എസ് എഫ് ഐ.യുടെയും പ്രവര്‍ത്തകനെന്നനിലയില്‍ സി പി എം. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തില്‍ മിക്കദിവസവും പോകാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ താമസവും അവിടെത്തന്നെ. ദേശാഭിമാനിയുടെ ബ്യൂറോ അഴീക്കോടന്‍ മന്ദിരത്തിലെ ഒരു മുറിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പത്രപ്രവര്‍ത്തനത്തോടുള്ള പ്രത്യേക താല്പര്യം കാരണം ദേശാഭിമാനി ഓഫീസില്‍പോയി ഇരിക്കും. ടെലിപ്രിന്ററില്‍ വാര്‍ത്ത അടിക്കുന്നതും അതിന്റെ ശബ്ദവുമെല്ലാം ഏറെ പ്രിയങ്കരം. മുഖത്തുനിറയെ വസൂരിക്കുത്തുകളുള്ള കറുത്ത മനുഷ്യന്‍. ഇടയ്ക്കിടെ ബീഡി വലിച്ചൂതുന്നതു കാണാം.. കൊമ്പന്‍മീശയല്ലെങ്കിലും ചെറിയ കൊമ്പുണ്ടാക്കി തിരിച്ചുകൊണ്ടിരിക്കും. ബ്യൂറോയിലും പുറത്ത് പത്രവായനാസ്ഥലത്തും ഇരിക്കുന്നവരെ കളിയാക്കാന്‍ എന്തെങ്കിലും വിദ്യകളൊപ്പിക്കും ചിലപ്പോള്‍. തലമുറ വ്യത്യാസമില്ലാതെ കുട്ടികളോടൊപ്പം കൂടാന്‍ ബഹുമിടുക്ക്. സാഹിത്യത്തില്‍ താല്പര്യമുള്ളവരുമായി പുതിയ നോവലുകളെക്കുറിച്ചെല്ലാം സംസാരിക്കും. ചിലപ്പോള്‍ ഡല്‍ഹിക്കഥകള്‍ പറയും.

ഡല്‍ഹിയില്‍ രണ്ടുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചശേഷം കണ്ണൂരില്‍വന്ന് സാധാരണവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ നരിക്കുട്ടിക്ക് കുറെയൊക്കെ മടിയോ താല്പര്യക്കുറവോ ഉണ്ടായിരുന്നു. സഹലേഖകനോ ടെലപ്രിന്റര്‍ ഓപ്പറേറ്ററായ ടി പി വിജയനോ (പിന്നീട് ലേഖകനായി, അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു) വാര്‍ത്തകള്‍ കൈകാര്യം ചെയ്യും. പ്രധാന റൈറ്റപ്പുകള്‍ മാത്രം മോഹനേട്ടന്‍ വക. നരിക്കുട്ടി ഡല്‍ഹിയില്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ണൂരിലേക്ക് വരാന്‍പോകുന്നുവെന്നത് കുറേനാള്‍ അഴീക്കോടന്‍മന്ദിരത്തിലെ പ്രധാന വാര്‍ത്തയായിരുന്നു (അഴീക്കോടന്‍ മന്ദിരം കാലപ്പഴക്കത്തെ തുടര്‍ന്ന് ഈയിടെയാണ് പൊളിച്ചത്). എപ്പോഴാണത് വരുന്നത് നരീ എന്ന് ശ്രീനിവാസന്‍ തമാശയാക്കും. ഒടുവില്‍ അത് വന്നു. വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ ഓടി ഇപ്പോള്‍ എല്ലും കൊട്ടുമായി മാറിയ സ്‌കൂട്ടര്‍... ഡല്‍ഹിയില്‍ ഉപയോഗിച്ചിരുന്ന വെളുത്ത കുര്‍ത്തയും പൈജാമയുമായി, അതല്ലെങ്കില്‍ ജുബ്ബയുമായി, അതല്ലെങ്കില്‍ സാദാ മുറിക്കയ്യന്‍ ഷര്‍ട്ടും പാന്റുമായി നരി ആ സ്‌കൂട്ടറില്‍ തന്റെ പ്രിയപ്പെട്ട നഗരത്തിലാകെ കറങ്ങി. കണ്ണൂരിലെ പത്രക്കാര്‍ അദ്ദേഹത്തെ അവരുടെ നേതാവായി അവരോധിച്ചു, പ്രസ്‌ക്ലബ്ബ് പ്രസിഡന്റാക്കി.

നരിക്കുട്ടി മോഹനൻ, എകെജിയോടൊപ്പം
നരിക്കുട്ടി മോഹനൻ, എകെജിയോടൊപ്പം
അടച്ചിട്ട വാതിലിന് മുന്നില്‍ നില്‍ക്കുന്നയാളോട് നരിക്കുട്ടി മോഹനന്‍ എന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാതെ മുറി തുറന്നു- അതാ പ്രേംനസീര്‍ ഏതോ സിനിമാമാസിക മറിച്ചുനോക്കുന്നു. വരണം, വരണം, മോഹന്‍ എത്രനാളായി കണ്ടിട്ട്... നിറഞ്ഞ ചിരിയോടെ സ്വീകരണം. ഇയാള്‍ക്ക് നസീറിനെ അടുത്തുനിന്ന് കാണണമെന്നുപറഞ്ഞു. ഞങ്ങളുടെ ഒരു പ്രവര്‍ത്തകനാണ്.
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

ഒരിക്കല്‍ ഞാനദ്ദേഹത്തോട് ഞങ്ങളുടെ ഒരു സാഹസത്തെക്കുറിച്ച് പറഞ്ഞു. 'അട്ടിമറി' എന്ന സിനിമയില്‍ അഭിനയിക്കാന്‍വന്ന പ്രേംനസീറിനെ കാണാന്‍ പോയ സാഹസം. ഇപ്പോള്‍ പ്രവര്‍ത്തനത്തിലില്ലാത്ത ചോയ്‌സ് ഹോട്ടലിലാണ് നസീറും ജയഭാരതിയും ശ്രീവിദ്യയുമടക്കമുള്ള സിനിമക്കാര്‍ താമസിക്കുന്നത്. ചോയ്‌സിലേക്ക് പ്രവേശനമില്ല. ഗേറ്റിന് മുമ്പില്‍ നിറയെ പോലീസ്. ഞാനും അക്കാലത്ത് പ്രിയസുഹൃത്തും സന്തതസഹചാരിയുമായ കെ നാരായണനും (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. ഗസ്റ്റ്ഹൗസിന്റെ പിന്നിലൂടെ കടല്‍ഭിത്തിമേലൂടെ നടന്ന് ചോയ്‌സിന്റെ പിറകിലെത്തി ആ കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ചു. നസീറിനെ അദ്ദേഹത്തിന്റെ മുറിക്കു മുമ്പില്‍ച്ചെന്ന് കണ്ടു. കുറേപേര്‍ നസീറിനെ വളഞ്ഞുനില്‍ക്കുന്നു. ഞങ്ങളോടും അദ്ദേഹം ചിരിച്ചു... ചോയ്‌സിന്റെ ഹാളില്‍ സിനിമയുടെ ഏതോ രംഗം ചിത്രീകരിക്കുന്നതിനുള്ള ഒരുക്കം കണ്ടു. വരാന്തയില്‍നില്‍ക്കുയായിരുന്ന അക്കാലത്തെ പുതുമുഖനടന്‍ മോഹന്‍ലാലുമായി ഞങ്ങള്‍ സംസാരിച്ചു... ഈ സാഹസകഥയാണ് മോഹനേട്ടനോട് പറഞ്ഞത്.

ഏതാനും മാസത്തിനുശേഷം ഒരുദിവസം മോഹനേട്ടന്‍ പറഞ്ഞു, ''വാ നമുക്കൊരു സ്ഥലത്തേക്ക് പോകാം.'' അദ്ദേഹത്തിന്റെ ആ പുരാതന സ്‌കൂട്ടറില്‍ പിന്നില്‍ കയറിയിരുന്നു. പരിണാമഗുപ്തിയുണ്ടാക്കാനുള്ള നീക്കമാണ്. സ്‌കൂട്ടര്‍ നേരെ പോയത് ചോയ്‌സിലേക്കുതന്നെ. മുമ്പ് ഞങ്ങള്‍ നസീറിനെ കണ്ട അതേ മുറിയിലേക്കാണ് നരിക്കുട്ടി നടക്കുന്നത്. അടച്ചിട്ട വാതിലിന് മുന്നില്‍ നില്‍ക്കുന്നയാളോട് നരിക്കുട്ടി മോഹനന്‍ എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാതെ മുറി തുറന്നു- അതാ പ്രേംനസീര്‍ ഏതോ സിനിമാമാസിക മറിച്ചുനോക്കുന്നു. ''വരണം, വരണം, മോഹന്‍ എത്രനാളായി കണ്ടിട്ട്...'' നിറഞ്ഞ ചിരിയോടെ സ്വീകരണം. ഇയാള്‍ക്ക് നസീറിനെ അടുത്തുനിന്ന് കാണണമെന്നുപറഞ്ഞു. ഞങ്ങളുടെ ഒരു പ്രവര്‍ത്തകനാണ്... ഓ ഹോ ഹോ എന്ന് നസീര്‍. പിന്നെ അവര്‍ തമ്മിലുള്ള കുറെ കാര്യങ്ങള്‍. എകെജിയുള്ളപ്പോള്‍ മദ്രാസില്‍ പിരിവിന് പോകാറുള്ളതും മറ്റു സിനിമക്കാരെ വിളിച്ച് എകെജി വരുന്നുണ്ടെന്ന് പറഞ്ഞ് പിരിവിന് സഹായിക്കാറുള്ളതും ഒക്കെയായ കഥകള്‍...

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്

സാധാരണയായി പ്രസംഗിക്കാന്‍ പോകാത്ത നരിക്കുട്ടിയെ ഒരു ഉദ്ഘാടച്ചടങ്ങില്‍ പ്രസംഗകനാക്കിയ അനുഭവവും എനിക്കുണ്ട്. ഞങ്ങളുടെ നാട്ടിലെ പൊതുജനവായനശാല- ജയകേരളവായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തത് എം വി.രാഘവന്‍ എംഎല്‍എയാണ്. ആ പരിപാടിയില്‍ സാംസ്‌കാരികപ്രഭാഷണം നരിക്കുട്ടി വക. എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വന്നത്. സുഹൃത്തുക്കളെ എന്ന് നാടകീയമായി നാടകത്തിലെ ഡയലോഗ് പോലെ അദ്ദേഹം പ്രസംഗം തുടങ്ങി...അക്കാലത്ത് ഞങ്ങളുടെ നാട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനാദാരങ്ങളുണ്ടായിരുന്നു. 1987- ഡിസമ്പറില്‍ ഞാന്‍ കോഴിക്കോട് ദേശാഭിമാനിയില്‍ സബ് എഡിറ്ററായി ചേരുമ്പോള്‍ നരിക്കുട്ടി ചീഫ് സബ് എഡിറ്ററായി അവിടെയുണ്ട്. നരിക്കുട്ടിക്ക് ഡസ്‌കില്‍ പ്രവര്‍ത്തിച്ച് അധികം പരിചയമില്ലാത്തതിനാല്‍ പ്രൊഡക്ഷന്‍ ചുമതലയുണ്ടാകില്ല. ഉണ്ടെങ്കില്‍ത്തന്നെ സബ് എഡിറ്റര്‍മാരായ കെഎം അബ്ബാസോ കോയമുഹമ്മദോ ആ ജോലി ഏറ്റെടുക്കും. നരിക്കുട്ടി വാര്‍ത്തകള്‍ തര്‍ജമ ചെയ്തുകൊടുക്കും. ചില ദേശീയവാര്‍ത്തകള്‍ എഴുതും. പലപ്പോഴും ജോലി കുറവായിരിക്കും. കാരണം മറ്റൊരു ചീഫ് സബ് എഡിറ്ററായ, പ്രൊഡക്ഷന്‍ ചുമതലയുള്ള സിപി അച്യുതന്‍ മറ്റുള്ളവരെ അധികം ബുദ്ധിമുട്ടിക്കില്ല. വൈകീട്ടാവുമ്പോള്‍ മോഹനേട്ടന്‍ ചോദിക്കും ''എടോ ചെറുപ്പക്കാരാ ഇന്നെന്താ നമ്മള്‍ കൊടുക്കുക...'' പോക്കറ്റ് കാര്‍ട്ടൂണിന്റെവിഷയമാണ് ചോദിക്കുന്നത്. മനോരമയ്ക്ക് കുഞ്ചുക്കുറുപ്പും മാതൃഭൂമിക്ക് ബിഎം ഗഫൂറിന്റെ കുഞ്ഞമ്മാനുമുണ്ട്. ബിഎം ഗഫൂര്‍ ദേശാഭിമാനിയിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു. അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം ഇന്ദിരാഗാന്ധിക്കെതിരെ അടിയന്തരാവസ്ഥ എന്ന പേരിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയത് വലിയ പ്രശ്‌നമായി. ദേശാഭിമാനിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്താന്‍ സാധ്യമല്ലാത്തവിധം പത്രമാരണ സെന്‍സര്‍ഷിപ്പായിരുന്നതിനാല്‍ ഗഫൂര്‍ പിന്നീട് മാതൃഭൂമിയിലേക്ക് മാറുകയായിരുന്നു. ദൈനംദിന രാഷ്ട്രീയ സംഭവങ്ങളോട് പ്രതികരിക്കുന്ന പോക്കറ്റ് കാര്‍ട്ടൂണിന്റെ അഭാവം പത്രത്തിന് വലിയൊരു ന്യൂനത തന്നെയായിരുന്നു. അത് പരിഹരിക്കാനുള്ള എളിയ ശ്രമമാണ് നരിക്കുട്ടി നടത്തിയത്. രണ്ടുവര്‍ഷത്തോളം അത് തുടര്‍ന്നതായാണ് ഓര്‍മ. പലദിവസങ്ങളിലും സബ്ജക്ട് പറഞ്ഞ് സഹകരിച്ച ഓര്‍മയുണ്ട്. കുറ്റമറ്റതെന്ന് പറയാനാവില്ലെങ്കിലും അത് നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.

നരിക്കുട്ടി മോഹനൻ്റെ നോവൽ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ
നരിക്കുട്ടി മോഹനൻ്റെ നോവൽ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ
1980-ല്‍ ഇന്ദിരാഗാന്ധി കോഴിക്കോട്ട് തിരഞ്ഞെടുപ്പുറാലിക്ക് വന്നപ്പോള്‍ പ്രസ് ഗാലറിയില്‍ നരിക്കട്ടിയെ കണ്ട് അടുത്തേക്ക് പോയത് അന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. 1970-ല്‍ എംപിയായ വയലാര്‍ രവി നരിക്കുട്ടി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കോഴിക്കോട് ദേശാഭിമാനിയുടെ താഴെയെത്തി നരിക്കുട്ടിയെ വിളിച്ചുകൊണ്ടുപോയ അനുഭവവുമുണ്ട്

അക്കാലത്ത് നരിക്കുട്ടി 'ചൈനയിലെ ഗോത്രവര്‍ഗങ്ങള്‍' എന്ന പേരില്‍ ഒരു യാത്രാവിവരണം എഴുതിയിരുന്നു ദേശാഭിമാനി വാരികയില്‍. എഡിറ്ററായ സിദ്ധാര്‍ഥന്‍ പരുത്തിക്കാട് അത് സബ് എഡിറ്ററായ എന്നെയാണ് എഡിറ്റ് ചെയ്യാന്‍ ഏല്പിക്കുക. ഓരോ അധ്യായമായി ചിത്രങ്ങള്‍ സഹിതമാണ് തരുക. അതിന് നല്ല വായനക്കാരുണ്ടായിരുന്നതായാണ് ഓര്‍മ. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ഓരോ കഥയും തരും. അക്കാലത്തുതന്നെയാണ് എം പി നാരായണപിള്ളയുടെ 'ട്രയല്‍' എന്ന വാരികയില്‍ (അതോ മാസികയോ) 'കടലാസുപൂക്കള്‍' എന്ന ഒരു നോവല്‍ നരിക്കുട്ടി എഴുതിയത്. ട്രയല്‍ ക്രൈം വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതടക്കം വിവാദമുണ്ടാക്കിയ ഒരു പ്രസിദ്ധീകരണമാണ്. കലാകൗമുദിയുടെ വകയായിരുന്നു അതെന്നാണ് ഓര്‍മ. ട്രാന്‍സ് ജെന്‍ഡര്‍ ജീവിതമാണ് കടലാസുപൂക്കളുടെ ഇതിവൃത്തം. ഒരു ദിവസം സിദ്ധാര്‍ഥന്‍ പരുത്തിക്കാട് ചോദിച്ചു, അതെന്താ നരീ ട്രയലിന് കൊടുത്തത്... പൊട്ടിച്ചിരിച്ചുകൊണ്ട് മോഹനേട്ടന്‍ പറഞ്ഞു, അത് നിങ്ങള്‍ക്ക് പറ്റാത്തതാണ്....

ട്രാന്‍സ് ജെന്‍ഡര്‍ ജീവിതത്തെപ്പറ്റിയുള്ള ഒരുപക്ഷേ മലയാളത്തിലെ ആദ്യനോവലായിട്ടും അതും പുസ്തകരൂപത്തില്‍ വന്നില്ല, ആരും സൂക്ഷിച്ചതായും അറിയില്ല. പുസ്തകപ്രസിദ്ധീകരണം അക്കാലത്ത് എളുപ്പമല്ലാത്തതിനാല്‍ നരിക്കുട്ടിയുടെ നൂറോളം കഥകളോ നോവലോ യാത്രാവിവരണമോ ഒന്നും പുസ്തകമായി വന്നില്ല. 1989 ഒക്ടോബര്‍ 31-ന് 53-ാമത്തെ വയസ്സില്‍ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു. ഡല്‍ഹി ദര്‍ബാര്‍ കഥകളെല്ലാം പറയാതെ ബാക്കിവച്ച്...

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം

കേവലം പത്താംക്ലാസ് വരെ മാത്രം പഠിച്ച അതിദരിദ്രനായ ഒരാള്‍ എങ്ങനെ ഡല്‍ഹിയിലെ മലയാളം പത്രപ്രവര്‍ത്തകരില്‍ പ്രമുഖനായി എന്നതിലേക്കാണിനി പോകേണ്ടത്. 'തീരങ്ങള്‍ തേടി' എന്ന നോവലില്‍ പരോക്ഷമായി അതെല്ലാം കടന്നുവരുമായിരുന്നിരിക്കണം. ആ നോവലിലെ ബട്‌ളറുടെ അനുജനായ കുമാരന്‍ എന്ന കഥാപാത്രത്തിന് നരിക്കുട്ടിയുടെ പിതാവായ നരിക്കുട്ടി മാധവന്റെ ഛായയുണ്ട്. ആരെയും വകവയ്ക്കാത്ത തെറിച്ച, രോഷാകുലനായ ചെറുപ്പക്കാരന്‍. അയാള്‍ ബെര്‍ണശ്ശേരിയിലെതന്നെ ജാനി എന്ന ക്രിസ്ത്യന്‍ യുവതിയെയാണ് ജീവിതപങ്കാളിയാക്കിയത്. വലിയ വെല്ലുവിളിയായിരുന്നു അത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കുഴപ്പങ്ങള്‍. ജാനിയാകട്ടെ മതംമാറിയതാണ്. അതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങള്‍... ആ ദമ്പതികളുടെ ഒരേയൊരു മകനാണ് മോഹനന്‍. പ്രസവത്തോടെ ജാനി മരിച്ചു. അതോടെ കുമാരന്‍ വല്ലാത്ത അവസ്ഥയിലായി. മറ്റൊരു വിവാഹംകഴിച്ച് മകന് പോറ്റമ്മയെ കണ്ടെത്തുകയായിരുന്നു. അലവിലിനും ചാലാട്ടിനും ഇടയില്‍ ഒരു ഓലക്കൂരയിലാണ് ആ കുടുംബം കഴിഞ്ഞുകൂടിയത്. നരിക്കുട്ടി മരിച്ച ശേഷമാണ് ആ ഓലപ്പുരയുടെ സ്ഥാനത്ത് പുതൊയൊരു വീടുവച്ചത്. ഡല്‍ഹിയില്‍നിന്ന് തിരിച്ചുവന്നശേഷം നരിക്കുട്ടിയും കുടുംബവും പലപ്പോഴും താമസിച്ചത് കണ്ണോത്തുംചാലിലുള്ള ചെറിയൊരു വീട്ടിലാണ്. നരിക്കുട്ടിയുടെ ഭാര്യ കമലയുടെ തറവാട്ടുവീട്.

പത്താംക്ലാസ് കഴിഞ്ഞ് ബെര്‍ണശ്ശേരിയില്‍ ഒരു ടെക്‌സ്റ്റൈല്‍ കമ്പനിയില്‍ ക്ലാര്‍ക്ക് കം കറസ്‌പോണ്ടന്റായി ജോലിചെയ്യവേയാണ് മോഹനന് ഡല്‍ഹിയിലേക്കുള്ള വഴിതെളിഞ്ഞത്. നഗരത്തിലെ തൊഴിലാളിപ്രവര്‍ത്തകനെന്നനിലയില്‍ നരിക്കുട്ടി മാധവന്‍ എകെജിയുടെ അടുത്ത പരിചയവലയത്തിലുണ്ടായിരുന്നു. നരിക്കുട്ടിക്ക് നല്ല രാഷ്ട്രീയബോധമുണ്ടെന്നും ഇംഗ്ലീഷ് നന്നായി സംസാരിക്കുമെന്നും ഹിന്ദിയും അറിയാമെന്നും മനസ്സിലാക്കിയ എകെജി തന്റെ സഹായിയായി റിക്രൂട്ട് ചെയ്യുകയായിരുന്നു. എകെജിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നരിക്കുട്ടിക്ക് അനുകൂലമായി ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രിയടക്കം ഏതുമന്ത്രിയുടെയും ഓഫീസില്‍പോകാനും അവരോട് ഫോണില്‍ സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം. ഡല്‍ഹിയിലെത്തി എകെജിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ദേശാഭിമാനിക്ക് വാര്‍ത്തകള്‍ അയയ്ക്കാന്‍ തുടങ്ങി. ദേശാഭിമാനിക്ക് ഡല്‍ഹിയില്‍ ബ്യൂറോവും ഓഫീസുമൊന്നും അക്കാലത്തില്ല. രണ്ടുമൂന്നു വര്‍ഷംകഴിഞ്ഞപ്പോള്‍ ഔദ്യോഗികമായിത്തന്നെ ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനായി നിയമിതനായി. ഓഫീസും അക്രഡിറ്റേഷനുമെല്ലാമുണ്ടായി. എന്നാല്‍ അന്ന് വാര്‍ത്തകള്‍ അയക്കാന്‍ ട്രങ്ക് കോള്‍ സംവിധാനമേയുള്ളൂ. വിശദമായ വാര്‍ത്തകള്‍, ലേഖനങ്ങള്‍ എന്നിവയെല്ലാം കവറിലാക്കി ട്രെയിനില്‍ കൊടുത്തയക്കുകയാണ്. കോഴിക്കോട്ടേക്കുളള ഏതെങ്കിലും യാത്രക്കാരനെ കണ്ടുപിടിച്ച് കവര്‍ ഏല്പിക്കുകയാണ്...

അടിയന്തരാവസ്ഥയിൽ പോലീസ് നരിക്കുട്ടിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ വിവരമറിഞ്ഞ് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പത്രസമ്മേളനങ്ങളില്‍ ഇന്ദിരാഗാന്ധി മോഹന്‍സ് പേപ്പര്‍ എന്ന് പേരെടുത്ത് പറയുമായിരുന്നു

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍പോകുന്നുവെന്ന മണം ലഭിച്ച ഉടനെ അതുമായി ബന്ധപ്പെട്ട് പത്രത്തില്‍ കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എഴുതി ട്രെയിനില്‍ കൊടുത്തയച്ചതായി ഒരിക്കല്‍ നരിക്കുട്ടി പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം മലയാളത്തിലെ മറ്റൊരു പത്രത്തിനും ലഭിക്കാത്ത എത്രയോ അധികം വാര്‍ത്തകള്‍ ദേശാഭിമാനിയിലുണ്ടായിരുന്നു. മാതൃഭൂമിയും മനോരമയും അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന പത്രങ്ങളായതിനാല്‍ ലഭ്യമായ വാര്‍ത്തകളും അവര്‍ കൊടുക്കാതിരുന്നതാവാം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം എന്‍എഫ്‌പിടിഇ ദേശീയസമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ടായിരുന്നു. ആ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിഎഎന്‍ നമ്പൂതിരിയും മറ്റും അടിയന്താരവാസ്ഥയുടെ വിശദാംശങ്ങളറിയാന്‍ ആശങ്കയോടെ ദേശാഭിമാനി ഓഫീസിലെത്തി. വാര്‍ത്ത അയയ്ക്കാന്‍ സംവിധാനമില്ലാതെ പ്രയാസപ്പെട്ടിരിക്കുകയാണ് നരിക്കുട്ടി. വിഎഎന്‍ നമ്പൂതിരി കോഴിക്കോട്ടെ സഹപ്രവര്‍ത്തകനുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാക്കി, ട്രങ്ക് കോളിന് ഏര്‍പ്പാടാക്കി. വാര്‍ത്ത അങ്ങനെ വളഞ്ഞവഴിയിലൂടെ ദേശാഭിമാനിക്ക് എത്തിച്ചു.

അടിയന്തരാവസ്ഥ വന്നതോടെ തനിക്ക് രഹസ്യപോലീസിന്റെ അകമ്പടിയുണ്ടായിരുന്നുവെന്ന് സ്വകാര്യസദസ്സുകളില്‍ തമാശയായി ആത്മപ്രശംസയെന്നോണം പറയാറുണ്ടായിരുന്നു. പലപ്പോഴും പോലീസ് ദേഹപരിശോധനനടത്തും. വാര്‍ത്തകള്‍ കോഴിക്കോട്ടെത്തിക്കാൻ ഭാര്യയുടെയോ മക്കളുടെയോ കയ്യില്‍ കൊടുത്തയയ്ക്കാറുമുണ്ടായിരുന്നു. എന്നിട്ടും ഒരുദിവസം പോലീസ് നരിക്കുട്ടിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ വിവരമറിഞ്ഞ് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പത്രസമ്മേളനങ്ങളില്‍ ഇന്ദിരാഗാന്ധി മോഹന്‍സ് പേപ്പര്‍ എന്ന് പേരെടുത്ത് പറയുമായിരുന്നു. 1980-ല്‍ ഇന്ദിരാഗാന്ധി കോഴിക്കോട്ട് തിരഞ്ഞെടുപ്പ് റാലിക്ക് വന്നപ്പോള്‍ പ്രസ് ഗാലറിയില്‍ നരിക്കുട്ടിയെ കണ്ട് അടുത്തേക്കുപോയത് അന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. 1970-ല്‍ എം പിയായ വയലാര്‍ രവി നരിക്കുട്ടി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കോഴിക്കോട് ദേശാഭിമാനിയുടെ താഴെയെത്തി നരിക്കുട്ടിയെ വിളിച്ചുകൊണ്ടുപോയ അനുഭവവുമുണ്ട്. കെ.കരുണാകരനുമായുള്ള ബന്ധത്തെക്കുറിച്ചുപറയുമ്പോള്‍ നരിക്കുട്ടി ആവേശംകൊള്ളും. രാഷ്ട്രീയമായല്ല. കരുണാകരന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ നാട്ടുകാരനെെന്നനിലയില്‍ പ്രത്യേകം വിളിപ്പിച്ച് സംസാരിക്കുമായിരുന്നു. പത്രത്തിന്റെ ഡസ്‌കില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാലത്ത് അക്രഡിറ്റേഷനുണ്ടായിരുന്നില്ല. പക്ഷേ നരിക്കുട്ടി ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഒറ്റദിവസംകൊണ്ടാണ് മുഖ്യമന്ത്രി കരുണാകരന്‍ അക്രഡിറ്റേഷന്‍ അനുവദിച്ചത്. രാഷ്ട്രീയകാര്യങ്ങളില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെങ്കിലും സൗഹൃദത്തിന് അതിര്‍വരമ്പുകളില്ലായിരുന്നു.

ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'!
കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന  പത്രപ്രവര്‍ത്തകന്‍
ഇഎംഎസ്... ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍

മദ്യപാനശീലമുള്ളത് പാര്‍ട്ടിയില്‍ പ്രശ്‌നമാകാറുണ്ടോയെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ നരി പറഞ്ഞു, ഞാന്‍ ഒന്നും ഒളിച്ചുവയ്ക്കാറില്ല. ഒരിക്കല്‍ ഒരു എംബസി പരിപാടിക്ക് ഇഎംഎസ്സിനോടൊപ്പം പോയി. അവിടെ മദ്യം വിളമ്പുന്നുണ്ടായിരുന്നു. മോഹന്‍ അധികമാവണ്ട, ആരോഗ്യം നോക്കണമെന്ന് ഇഎംഎസ് പറഞ്ഞു. ''ഞാന്‍ വീട്ടില്‍വച്ചാണ് മദ്യം പതിവായി കഴിക്കാറുള്ളത്. വളരെ കുറച്ചേ കഴിക്കാറുള്ളൂ. അത് ഭാര്യയുടെയും മക്കളുടെയും മുമ്പില്‍വച്ചാണ്. അതിലൊന്നും മറവിന്റെ പ്രശ്നമൊന്നുമില്ല. ഏതു ദൈവംതമ്പുരാന്‍ കണ്ടാലും എനിക്കൊന്നുമില്ല. എനിക്ക് ഒരു രഹസ്യവുമില്ല. ഇ ബാലാനന്ദന്‍ ഒരിക്കല്‍ വിദേശത്തുപോയി വന്നപ്പോള്‍ എനിക്കൊരു കുപ്പി സമ്മാനിക്കുകയുണ്ടായി. സ്വാമി എനിക്കായി വാങ്ങിയതായിരുന്നു അത്...''ഒരിക്കല്‍ മോഹനേട്ടന്‍ പറഞ്ഞു.

ഇത്തരത്തില്‍ വലിയ സ്വാധീനവും ബന്ധവും കഴിവുമുണ്ടായിരുന്നിട്ടും സദാ പ്രവര്‍ത്തനനിരതനായിട്ടും ദാരിദ്രമായ സാമ്പത്തിക ചുറ്റുപാടിലാണ് നരിക്കുട്ടിയും ഭാര്യയും നാലുമക്കളുമടങ്ങിയ കുടുംബം ജീവിച്ചത്. സ്വന്തമായി ഒരു വീടുണ്ടാക്കുയെന്ന ലക്ഷ്യത്തിലേക്ക് ഒരു കല്ലുപോലും വയ്ക്കാനാവാതെയാണ്, ഒരുരൂപപോലും സമ്പാദ്യമായി ഇല്ലാതെയാണ് അദ്ദേഹം കടന്നുപോയത്. നരിക്കുട്ടി എന്ന പേര് ഇപ്പോഴും അറിയപ്പെടുന്നത് മകന്‍ ജയകൃഷ്ണന്റെ പേരോട് ചേര്‍ന്നാണ്. കഥാകൃത്തുകൂടിയായ ദേശാഭിമാനി കോഴിക്കോട് ന്യൂസ് എഡിറ്റര്‍ ജയകൃഷ്ണന്‍ നരിക്കുട്ടി. അപൂര്‍ണമെങ്കിലും ആ നോവല്‍ 'തീരങ്ങള്‍ തേടി' പ്രസിദ്ധപ്പെടുത്താനുള്ള സാധ്യത ആരായേണ്ടതുണ്ട്. അതുപോലെ 'കടലാസുപൂക്കള്‍' എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ നോവലും.