സി പി അച്യുതന്‍:   വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍

സി പി അച്യുതന്‍: വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍

ചിന്ത വാരികയുടെ ആദ്യകാല പത്രാധിപ ചുമതലക്കാരനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന സി പി അച്യുതന്റെ 23-ാം ചരമവാര്‍ഷികമാണ് ഏപ്രില്‍ 30

ഹിന്ദുത്വവര്‍ഗീയതയ്‌ക്കെതിരെ ഏറ്റവും ശക്തമായും നിരന്തരവും എഴുതിയ പത്രപ്രവര്‍ത്തകന്‍ ആരായിരിക്കാം? സംശയിക്കേണ്ട സി പി അച്യുതനായിരിക്കും. ഡിമേ നാലിലൊന്ന് വലുപ്പത്തിലുള്ള ന്യൂസ്പ്രിന്റില്‍ ബോള്‍പെന്‍ ഉപയോഗിച്ച് അദ്ദേഹം എഴുതുന്നതു കണ്ടിട്ടുണ്ട്. അതിനൊരു യുദ്ധസമാനതയുണ്ടായിരുന്നു. ചുറ്റും എത്രയോ പേര്‍ സംസാരിച്ചുനില്‍ക്കുന്നുണ്ടാകാം, പുകവിട്ട് തമാശകള്‍ കാച്ചുന്നുണ്ടാവാം. അതൊന്നും അറിയാതെ സി പി കുനുകുനാ എഴുതി മുന്നേറുകയാണ്. ഇടതടവില്ല, ഇടയ്ക്ക് വലതുചുമല്‍ പ്രത്യേക രൂപത്തില്‍ ചലിപ്പിക്കുന്നതുകാണാം, ചിലപ്പോള്‍ വാ തുറന്ന് വലത്തോട്ടോ ഇടത്തോട്ടോ ചലിപ്പിക്കുന്നതുകാണാം, കോട്ടുവായിടുന്നതും. ചിലപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം. ഏഴോ എട്ടോ പേജില്‍ നിറഞ്ഞുനില്‍ക്കുന്ന അക്ഷരങ്ങള്‍. മുക്കാല്‍ മണിക്കൂര്‍, കൂടിയാല്‍ ഒരു മണിക്കൂര്‍ അപ്പോഴേക്കും മുഖപ്രസംഗം റെഡി.

''സീ പീ മുഖമായോ?'' എന്നും ചോദിച്ച് ഫോര്‍മാന്‍ അപ്പൂട്ടിയേട്ടനോ ബാലകൃഷ്‌ണേട്ടനോ രാഘവന്‍ നായരോ നിറഞ്ഞ ചിരിയോടെ കയറിവരും. കമ്പോസിറ്റര്‍മാര്‍ക്കും ഫോര്‍മാന്‍മാര്‍ക്കും മാത്രമല്ല പ്രൂഫ് വായിക്കുന്നവര്‍ക്കും വലിയ ആവേശമാണത് വായിക്കാന്‍. അതിന്റെ ശക്തിയും ഓജസ്സും ഒന്നുവേറെത്തന്നെയാണ്. ഹിന്ദുത്വ വര്‍ഗീയത, കശ്മീര്‍ പ്രശ്‌നം, ആര്‍ എസ്എസ് ആക്രമണം തുടങ്ങിയ വിഷയങ്ങളാണെങ്കില്‍, അതല്ലെങ്കില്‍ അഴിമതിയുമായി ബന്ധപ്പെട്ട വിഷയമാമെങ്കില്‍ അതിന്റെ തീവ്രത പറഞ്ഞറിയിക്കാനാവില്ല. ഗോള്‍വാള്‍ക്കറെക്കുറിച്ചും വിചാരധാരയെക്കുറിച്ചുമെല്ലാം കേട്ടറിയുന്നതും വായിച്ചറിയുന്നതും വര്‍ഗീയഭീകരതയുടെ ആഴം മനസ്സിലാക്കുന്നതുമെല്ലം സി പിയുടെ എഴുത്തുകളിലൂടെയും. സംസാരത്തിലൂടെയുമാണ്. പത്രത്തിലും വാരികയിലും ചിന്തയിലുമായി എത്രയെത്ര ചര്‍ച്ചകള്‍ക്കാണ് സി പി നായകത്വം വഹിച്ചത്. ആത്മീയവാദികള്‍ക്കെതിരെ പടവാളായാണദ്ദേഹം അക്കാലത്ത് പ്രവര്‍ത്തിച്ചത്.

സി പി അച്യുതന്‍ ദേശാഭിമാനിയുടെ കോഴിക്കോട് എഡിഷനില്‍ പ്രൊഡക്ഷന്‍ ചുമതയുള്ള ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴാണ് 1987- ഡിസംബറില്‍ ഞങ്ങള്‍ (ഞാന്‍, കെ എം മോഹന്‍ദാസ്, പി പി രാധാകൃഷ്ണന്‍, പി എം മനോജ്, കെ പ്രേമനാഥ്, പി കെ ഫല്‍ഗുനന്‍, ജോണ്‍ ബ്രിട്ടാസ്, കെ സി രാജഗോപാലന്‍, സണ്ണി ജോസഫ് എന്നിവര്‍) അവിടെ ട്രെയിനികളായെത്തുന്നത്. തസ്തികയിലെ വലുപ്പച്ചെറുപ്പമോ, പ്രസിലെ തൊഴിലാളികളും പത്രാധിപന്മാരുമെന്ന വ്യത്യാസമോ ഒന്നുമില്ലാത്ത തികച്ചും അനൗപചാരികത നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. നല്ല കഷണ്ടിയും തലയുടെ പിന്‍ഭാഗത്തും വശങ്ങളിലും നീണ്ട വെള്ളിനൂലുകള്‍പോലെ പാറിപ്പറക്കുന്ന മുടിയും ചൂണ്ടില്‍ ആരോടെന്നില്ലാത്ത ചെറുചിരിയുമായി ഇരിക്കുന്ന സി പിയെ തപസ്വിയായോ സന്യാസിയായോ ഒക്കെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ മുമ്പില്‍നിന്ന് പുകവലിക്കാനും തമാശപറയാനുമൊക്കെ മടിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കമാണ് മനസിലായത് നല്ല തമാശ പറയുന്നയാളാണദ്ദേഹം. തലമുറകളുടെ വിടവ് തീരേയില്ല.

ഉച്ചയ്ക്ക് രണ്ടിന് തുടങ്ങി രാത്രി എട്ടരവരെ സി പി ഒരുതരം തപസ്യയിലാണ്. സംസാരം നന്നേ കുറവ്. രാത്രി എട്ടരയായാല്‍ എന്തു സംഭവിച്ചാലും സിപിക്ക് പ്രശ്‌നമല്ല. ഫസ്റ്റ് എഡിഷനിലേക്കുള്ള മാറ്റര്‍ കൊടുക്കാനുള്ള ഡെഡ്‌ലൈനാണത്. ഇനി ഏതു ഭയങ്കര വാര്‍ത്ത വന്നാലും രണ്ടാം എഡിഷനില്‍ കൊടുത്തോളൂ, പേജ് പൊളിക്കുന്ന പ്രശ്‌നമില്ലെന്ന കര്‍ക്കശ നിലപാട്. കാരണം കാസര്‍ക്കോട് വരെ വാനില്‍ എത്തിക്കേണ്ട പത്രമാണ്. മൈസുരുവിലേക്കും മറ്റും ബസ്സില്‍ അയയ്‌ക്കേണ്ടതും ട്രെയിനില്‍ അയക്കേണ്ടതുമൊക്കെയാണ്. എട്ടരയ്ക്ക് ഭക്ഷണം കഴിച്ചുവരുമ്പോഴേക്കും ഒന്നാം എഡിഷന്‍ റെഡി. അത് പാസാക്കികൊടുക്കുന്നതോടെ സി പിയുടെ സ്വകാര്യസമയത്തിന്റെ തുടക്കമാകും. ഡസ്‌കില്‍ അധികം തിരക്കൊന്നുമില്ലെങ്കില്‍ സി പി ചെറിയ ശബ്ദത്തില്‍ ഹിന്ദി പാട്ടുകള്‍ പാടുകയായി... ഹിന്ദി ചലച്ചിത്രഗാനങ്ങളും ഗസലുമൊക്കെയാണ് ഏറ്റവും പഥ്യം. പത്തുമണിയോടെ ഉറക്കം. അത് ന്യൂസ് റൂമിന് തൊട്ടടുത്ത് അലമാരകളാല്‍ മറക്കിയുണ്ടാക്കിയ മുറിയിലാണ്. പകല്‍ ആ മുറി അസിസ്റ്റന്റ് എഡിറ്ററും സാമ്പത്തികകാര്യ ലേഖകനുമായിരുന്ന ഇ പി ജനാര്‍ദനന്റെ സാമ്രാജ്യമാണ്. ന്യൂസ്പ്രിന്റ് കവര്‍ചെയ്തുവരുന്ന തടിച്ച കടലാസ് ഷീറ്റാണ് പത്രമോഫീസുകളില്‍ കിടക്കപ്പായായുപയോഗിക്കുക പതിവ്. സി പി അങ്ങനെയൊരു നീണ്ട കടലാസ് സ്വകാര്യസ്വത്താക്കി മാറ്റിയിട്ടുമുണ്ടായിരുന്നു. അതില്‍ ഒരു വിരിപ്പും തലയണയും. അത് അലമാരക്കുപിന്നില്‍ ഒളിച്ചുവെക്കുകയാണ് പതിവ്. അതിരാവിലെ എഴുന്നേറ്റാല്‍ സി പിക്ക് ഒരു നടത്തമുണ്ട്. ബാഗുമായി നടക്കുന്നതുകണ്ടപ്പോള്‍ ഒരിക്കല്‍ ചോദിച്ചു, പ്രഭാത സവാരിക്കുപോകുമ്പോള്‍ എന്തിനാ ബാഗെടുക്കുന്നതെന്ന്. കോഴിക്കോട് കോടതിക്കടുത്തുള്ള ദേശാഭിമാനിയില്‍നിന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് പുറകിലുള്ള സി എച്ച് കണാരന്‍ മന്ദിരം വരെയാണ് സി പിയുടെ നടത്തം. അവിടെയാണ് പ്രഭാതകര്‍മങ്ങളും പല്ലുതേപ്പും കുളിയുമൊക്കെ. ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഉച്ചവരെ വായനയാണ്. ഇടയ്ക്ക് പാട്ടും.

സി പി അച്യുതന്‍:   വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍
ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍
സ്റ്റാലിനെക്കുറിച്ചുള്ള ചെറിയ വിമര്‍ശംപോലും സി പിക്ക് സഹിക്കാനാകുമായിരുന്നില്ല. മുഖ്യപത്രാധിപരായിരുന്ന പി ജിയുമായി ഇക്കാര്യത്തില്‍ പലപ്പോഴും നീരസത്തിലായിരുന്നു. 1989-90 കാലത്ത് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നസ്തും പെരിസ്‌ട്രോയിക്കയും വന്നുകൊണ്ടിരുന്ന കാലം. ഇരുമ്പുമറയല്ല, തുറസ്സാണ് വേണ്ടതെന്ന ചര്‍ച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വലിയ ഇളക്കങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. സി പിഅതിശക്തമായി ഗോര്‍ബച്ചേവിനെതിരെ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു

24 മണിക്കൂറും ഓഫീസില്‍ത്തന്നെ കഴിയുന്ന മറ്റൊരാളെന്നനിലയില്‍ സി പിയുമായി നിരന്തരം സംവാദത്തിലേര്‍പ്പെടുമായിരുന്നു. രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും മാത്രമല്ല പാട്ടിലും സിനിമയിലുമെല്ലാം കടുത്ത ഇഷ്ടാനിഷ്ടങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. രാജ് കപൂര്‍ അന്തരിച്ചപ്പോള്‍ സി പി പറഞ്ഞു, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനായിരുന്നു അദ്ദേഹമെന്ന്. അടുത്ത മിനിട്ടില്‍ മറ്റൊരു കൂട്ടിച്ചേര്‍ക്കല്‍- നിങ്ങളുടെ മലയാള സിനിമയില്‍ ഒരാള്‍ക്കേ അഭിനയമറിയൂ- ശ്രീനിവാസന്.. മറ്റൊക്കെ... എന്ന് പറഞ്ഞ് നിര്‍ത്തുകയും. എന്താ സീ പീ പറയുന്നതെന്ന് കളിയായി ചോദിച്ചപ്പോഴും ശ്രീനിവാസന്റെ മഹത്വത്തെക്കുറിച്ച് വാചാലനാവുകയായിരുന്നു.

ചങ്ങമ്പുഴയാണ് സി പിയുടെ മറ്റൊരു ദൗര്‍ബല്യമോ ബലമോ. അതിതീവ്രവാദിയായി പുറമേക്കു തോന്നുമ്പോഴും വളരെ തരളമായിരുന്നു ആ മനസ് ചങ്ങമ്പുഴയുടെ രമണനൊക്കെ മനപ്പാഠം. ഇടക്കിടെ അതിലെ വരികള്‍ പാടുന്നതുകേള്‍ക്കാം. മറ്റാരെയും കേള്‍പ്പിക്കാനല്ല, സ്വയം പാടികേള്‍ക്കുന്നതിലെ സുഖം. സി പി കവിത ചൊല്ലുമ്പോള്‍ സബ് എഡിറ്റര്‍ യു സി ബാലകൃഷ്ണന്‍ അവിടെയുണ്ടെങ്കില്‍ അടുത്തുകൂടും. പിന്നെ സാഹിത്യചര്‍ച്ചയാണ്. ചിലപ്പോള്‍ കെ വി കുഞ്ഞിരാമനടക്കമുള്ളവരും കൂടും. അതിലെല്ലാം ഇഷ്ടാനിഷ്ടങ്ങള്‍ കടുത്തനിലയില്‍ കടന്നുവരും. ചങ്ങമ്പുഴ, അതുകഴിഞ്ഞാല്‍ ജി. സാഹിത്യത്തില്‍ കാല്പനികതയുടെ ഉപാസകനായിരുന്നു അദ്ദേഹം.

പഴയ സഹപ്രവര്‍ത്തകനായ കെ കോയ എന്ന കോയാസാഹിബ് സി പി യെ കാണാന്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും ഓഫീസില്‍ വരും. കോയാസാഹിബ് അക്കാലത്ത് കേരളകൗമുദിയില്‍ പ്രവര്‍ത്തിക്കുകയാണ്. സഞ്ചിയും കുടയുമായി നാടോടിയെപ്പോലെ നടന്നെത്തി കോയാസാഹിബ് സി പിയുടെ മുമ്പില്‍വന്നുനിന്ന് രാഷ്ട്രീയം പറയും. പ്രതികരിക്കാന്‍ പറ്റാത്തതാമെങ്കില്‍ സി പി ഒന്നും മിണ്ടാതെ കോയാസാഹിബിന്റെ മുഖത്തുനോക്കി ചിരിച്ചുകൊണ്ടിരിക്കും. പറയാനുള്ളത് തീര്‍ന്നാല്‍ ഒരു പത്രവും വാരികയുമെടുത്ത് കോയാസാഹിബ് പോകും. സി പിയുടെ മറ്റൊരു സുഹൃത്ത് എം എന്‍ സത്യാര്‍ഥിയാണ്. സത്യാര്‍ഥിമാഷ് എന്തോ കാരണത്താല്‍ എഡിറ്റോറിയല്‍ റൂമില്‍ കയറില്ല. പ്രൂഫ് മുറിയാണ് ആസ്ഥാനം. മാഷ് വന്നാല്‍ സി പി അങ്ങോട്ടുപോകും. ബംഗാളി ഭാഷ പഠിക്കാനും ഹിന്ദി- ബംഗാളി നോവലുകളെക്കുറിച്ച് സത്യാര്‍ഥി മാഷില്‍നിന്ന് കേള്‍ക്കുകയുമാണ് താല്പര്യം.

വിവാഹത്തിന്റെ കാര്യത്തിലും വിപ്ലവകാരിയായിരുന്നു. വ്യത്യസ്ത ജാതിയെന്നത് പ്രശ്‌നമായില്ല. തലശ്ശേരിയിലെ സിപിഎം നേതാവായിരുന്ന എം വി രാജഗോപാലന്‍ മാഷുടെ സഹോദരി സതീദേവിയാണ് സി പിയുടെ സഹധര്‍മിണി. വന്‍ പ്രണയമായിരുന്നു. ഒരുദിവസം രാജഗോപാലന്‍മാഷുടെ തറവാട്ടുവീട്ടിന്റെ മുറ്റത്തുകടന്നുചെന്ന് കാമുകിയെ വിളിച്ചിറക്കി ഒപ്പം കൂട്ടുകയായിരുന്നു.

സ്റ്റാലിനെക്കുറിച്ചുള്ള ചെറിയ വിമര്‍ശംപോലും സി പിക്ക് സഹിക്കാനാകുമായിരുന്നില്ല. മുഖ്യപത്രാധിപരായിരുന്ന പി ജിയുമായി ഇക്കാര്യത്തില്‍ പലപ്പോഴും നീരസത്തിലായിരുന്നു. 1989-90 കാലത്ത് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നസ്തും പെരിസ്‌ട്രോയിക്കയും വന്നുകൊണ്ടിരുന്ന കാലം. ഇരുമ്പുമറയല്ല, തുറസ്സാണ് വേണ്ടതെന്ന ചര്‍ച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും വലിയ ഇളക്കങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. സി പിഅതിശക്തമായി ഗോര്‍ബച്ചേവിനെതിരെ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു. പക്ഷേ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അക്കാലത്താണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആദ്യമായി ഔദ്യോഗിക ബന്ധം ആരംഭിക്കുന്നത്. കോഴിക്കോട് ദേശാഭിമാനിയില്‍ സി പിയുടെ സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് എഡിറ്റര്‍ ഇ പി ജനാര്‍ദനന്‍ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതിനിധിയും പാര്‍ട്ടി പത്രങ്ങളുടെ ലേഖകനുമായി മോസ്‌കോയില്‍ ചുമതലയേറ്റത് ആയിടെയായിരുന്നു. പാര്‍ട്ടി ഖണ്ഡിതമായ ഒരു തീരുമാനമെടുത്തിട്ടില്ലാതിരുന്നതിനാല്‍ സോവിയറ്റ് സംഭവവികാസങ്ങളെക്കുറിച്ച് മുഖപ്രസംഗങ്ങളോ ലേഖനങ്ങളോ എഴുതാന്‍ സി പിക്ക് കഴിയുമായിരുന്നില്ല. അക്കാര്യങ്ങളെല്ലാം വികാരാവേശത്തോടെ ഞങ്ങളോട് വിവരിക്കാനേ കഴിയുമായിരുന്നുള്ളൂ.

അങ്ങനെയിരിക്കെ 1990-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഇറ്റലിയില്‍ നടക്കാന്‍പോകുന്നു. അതിന്റെ റിപ്പോര്‍ട്ടിങ്ങ് വലിയ സംഭവമാക്കാന്‍ ദേശാഭിമാനി തീരുമാനിക്കുന്നു. കൊച്ചിയില്‍ എ എന്‍ രവീന്ദ്രദാസിന്റെ നേതൃത്വത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് ഡസ്‌കിന് പുറമെ മറ്റൊരു സ്‌പെഷല്‍ ഡസ്‌ക് കോഴിക്കോട്ട് വെങ്കിടേഷ് രാമകൃഷ്ണന്റെയും രവിവര്‍മയടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വെങ്കിടിയും രവിവര്‍മയും ചീഫ് സബ് എഡിറ്ററായ കോയ മുഹമ്മദ് അടക്കമുള്ളവരും ദേശാഭിമാനി പത്രം കാലികമായി ഏറെ മാറേണ്ടതുണ്ടെന്ന അഭിപ്രായക്കാര്‍. പൊതുപത്രമെന്ന നിലയില്‍ മത്സരക്ഷമമാകണം. ലേ ഔട്ടില്‍ മാറ്റം വരണം, ഗതാനുഗതികത്വത്തില്‍നിന്ന് പുറത്തുകടക്കണം- ഇത്തരം ചര്‍ച്ചകളൊക്കെ സജീവം. പാരമ്പര്യവാദം വിടാതെ മാറ്റങ്ങള്‍ അനിവാര്യമെന്ന മധ്യവര്‍ത്തി അഭിപ്രായക്കാരും ഏറെ. അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ വെങ്കിടിയും രവിവര്‍മയും ഞാനും ഫല്‍ഗുനനും (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ഒക്കെ ഉള്‍പ്പെട്ട ശബ്ദായമാനമായ ഒരു ചര്‍ച്ച. ലാസ്റ്റ് എഡിഷന്റെ ചുമതലക്കാരനായ കെ കെ ഗോപിനാഥന്‍ മാത്രമേ ഡസ്‌കില്‍ ആ സമയത്ത് ജോലിയിലുള്ളൂ. ഞങ്ങള്‍ ഭക്ഷണം കഴിച്ച് തിരിച്ചുവന്നതാണ്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നസ്തും പത്രത്തിനും ബാധകമാണെന്ന മട്ടില്‍ വെങ്കിടി ശക്തമായി വാദിക്കാന്‍ തുടങ്ങി. പത്രം പൂര്‍ണമായും പ്രൊഫഷണലാകണം. പിന്നെ സോവിയറ്റ് യൂനിയനില്‍ നടന്നതും നടക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരണവും. സ്റ്റാലിനെപ്പറ്റി ചരിത്രപരമായി ഒരുപാട് നല്ല കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും സ്റ്റാലിനിസം വളരെ അപകടകരമാണെന്നും അതില്‍നിന്ന് പുറത്തുകടന്നേ തീരൂ എന്നുമൊക്കെയാണ് വെങ്കിടേഷും രവിവര്‍മയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെ ഒരുപരിധിവരെ അംഗീകരിച്ചുകൊണ്ട് ഞാനും. രാത്രി 12 മണിവരെ അത് തുടര്‍ന്നു.

സിപി അച്യുതൻ, കെ ബാലകൃഷ്ണൻ, ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന കെ എം അബ്ബാസ് എന്നിവർക്കൊപ്പം
സിപി അച്യുതൻ, കെ ബാലകൃഷ്ണൻ, ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന കെ എം അബ്ബാസ് എന്നിവർക്കൊപ്പം

പിറ്റേന്ന് രാവിലെ ആദ്യത്തെ ചായകുടിക്ക് പുറത്തിറങ്ങുമ്പോള്‍ സി പി ചോദിച്ചു, ഇന്നലെ ഓവര്‍ടൈമായിരുന്നു അല്ലേ? മനസിലാകാതെപോലെ നോക്കിയപ്പോള്‍ കോപമോ ദുഖമോ എന്തോ ആ മുഖത്ത് ഇരച്ചുകയറുന്നു. ''എങ്കിലും ബാലകൃഷ്ണനില്‍നിന്ന് ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല...'' പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി, സ്റ്റാലിനെ വിമര്‍ശിച്ചത് തന്നെ ആക്ഷേപിച്ചതിന് തുല്യമായി സി പി എടുത്തിരിക്കുന്നു. ''നിങ്ങളൊക്കെ റിവിഷനിസത്തിന്റെ ചെളിക്കുണ്ടിലേക്കാണെന്നതാണ് സങ്കടം..'' അതും പറഞ്ഞ് സി പി മുന്നോട്ടുനടക്കുമ്പോള്‍ ആ കണ്ണ് നിറയുന്നുണ്ടോ എന്ന് സംശയിച്ചു. പിന്നീട് ഉച്ചയ്ക്ക് കണ്ടപ്പോള്‍ സ്റ്റാലിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. അതിവേഗവും വൈകാരികതയും കാരണം മുഴുവന്‍ മനസ്സിലായില്ല, സ്ഫുടത വളരെ കുറവായിരുന്നു. കൂട്ടത്തില്‍ പാര്‍ട്ടിയുടെ സോവിയറ്റ് നയത്തെയും സി പി വിമര്‍ശിച്ചു. പെരിസ്‌ട്രോയിക്കയും ഗ്ലാസനസ്തും കമ്യൂണിസത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള സിദ്ധാന്തങ്ങളാണെന്നും ഗോര്‍ബച്ചേവ് അമേരിക്കയുടെ പാവയാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നസ്ത് എന്നിവ സംബന്ധിച്ച് അഭിപ്രായവ്യത്യാസവും അവ്യക്തതയുമുണ്ടായിരുന്നു. പൊതുവേ സി പി എസ് യുവിനെ പാര്‍ട്ടി അനുകൂലിച്ചുവെങ്കിലും മുതിര്‍ന്ന പി ബി അംഗമായ ബി ടി രണദിവെ ശക്തമായി എതിര്‍ത്തു. ബിടിആറിന് സ്വന്തം അഭിപ്രായവും വിശകലനവും പരസ്യമായി അവതരിപ്പിക്കാവുന്നതാണെന്ന അസാധാരണ തീരുമാനവും പി ബി എടുത്തിരുന്നു. കോഴിക്കോട്ട് നടന്ന സി ഐ ടി യു സമ്മേളനത്തില്‍ ബി ടി ആര്‍ സ്വന്തം അഭിപ്രായമെന്ന നിലയില്‍ അതവതരിപ്പിക്കുകയുംചെയ്തു. സി പി പിന്തുടര്‍ന്നത് അതാണ്. എന്തിനധികം- 1992 ആദ്യം മദ്രാസില്‍ നടന്ന സിപിഎം പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി പി പ്രതിനിധിയോ നിരീക്ഷകനോ ആയിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും സിപി എസ് യുവിന്റെ തകര്‍ച്ചയും മാത്രമല്ല കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയുമെല്ലാം യാഥാര്‍ഥ്യമായ കാലം. സോവിയറ്റ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കമ്യൂണിസത്തിന്റെ ഭാവി ചര്‍ച്ചാവിഷയമായ ആ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും അതില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിച്ചതും സിപിക്ക് വലിയ സംതൃപ്തി നല്‍കിയിരുന്നു. എന്നാല്‍ സോവിയറ്റ് തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയും സി പിയെ വല്ലാത്ത വിഷാദിയാക്കി.

മദ്രാസിലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പ് നടന്ന ഒരു സംഭവം കൂടി പരാമര്‍ശിക്കാം. അത്യന്തം വികാരതീവ്രമാണത്. 1991 ഓഗസ്റ്റ് 19-ന് വൈകിട്ട് ഒരു സംഭവമുണ്ടായി. ഇവിടെയല്ല, അങ്ങ് മോസ്‌കോയി. മിഖായേല്‍ ഗോര്‍ബച്ചേവ് അവധിക്കാല വസതിയിലേക്കുപോയ ഘട്ടമാണ്. വൈസ്പ്രസിഡന്റ് ഗെന്നഡി യാനയേവ് സോവിയറ്റ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഗോര്‍ബച്ചേവിനെ വീട്ടുതടങ്കലിലാക്കിയാണ് യാനയേവിന്റെ നേതൃത്വത്തില്‍ എട്ട് പ്രമുഖനേതാക്കള്‍ ചേര്‍ന്ന് ഭരണം പിടിച്ചതെന്നായിരുന്നു വാര്‍ത്ത. ലോകമാകെ സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് ആവേശം പകരുന്ന സംഭവം. ശനിയാഴ്ചകളില്‍ വൈകീട്ട് മൂന്നോടെ തലശ്ശേരിയിലെ വീട്ടിലേക്ക് ബസ്സില്‍ പോകുന്നതാണ് സി പിയുടെ പതിവ്. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചുവരും. എന്നാല്‍ ആ ആഴ്ച എന്തോ കാരണത്താല്‍ തിങ്കളാഴ്ചയും വന്നില്ല. അന്നാണ് ഗോര്‍ബച്ചേവിനെ അധികാരഭ്രഷ്ടനാക്കി യാനയേവ് അധികാരമേറ്റത്. സാധാരണഗതിയില്‍ നാട്ടില്‍പോയാല്‍ ജോലിദിവസം മൂന്നുമണിയോടെ മാത്രം ഓഫീസിലെത്താറുള്ള സി പി ഓഗസ്റ്റ് 20-ന് ചൊവ്വാഴ്ച രാവിലെ പത്തിന് മുമ്പേതന്നെ ഓഫീസിലെത്തി. വിഷാദഭാവമെല്ലാം മാറി പ്രസന്നമുഖഭാവത്തോടെ എന്നാല്‍ തികഞ്ഞ ഗൗരവത്തോടെ സി പി ഏജന്‍സിയുടെ മുറിയിലേക്ക് പോയി. അവിടെ കുന്നുപോലെ കിടക്കുന്ന പിടിഐ. സ്ലഗ്ഗുകള്‍... അതാകെ മുറിച്ചുകൊണ്ടുവന്ന് ഓടിച്ചുനോക്കിയശേഷം മാത്രമാണ് ശ്വാസംവിട്ടത്!.

സി പി അച്യുതന്‍:   വര്‍ഗീയതക്കെതിരെ ഗര്‍ജിച്ച പത്രാധിപര്‍
നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 

അതുകഴിഞ്ഞ് ഒരു ക്ലാസാണ്,''ആരാണ് പറഞ്ഞത് സോഷ്യലിസം തകരുമെന്ന്? ശാസ്ത്രീയസോഷ്യലിസം അജയ്യമാണ്, അതിനെ ആര്‍ക്കും തകര്‍ക്കാനാവില്ല. റിവിഷനിസ്റ്റായ ഗോര്‍ബച്ചേവ് വീണില്ലേ? അയാള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കോടാലിക്കയ്യാണ്...'' അന്ന് സി പിയുടെ ദിവസമായിരുന്നു. പ്രധാന വാര്‍ത്തകളില്‍ ചിലത് മറ്റുള്ളവര്‍ എഴുതിയാല്‍ ശരിയാകില്ലെന്ന തോന്നലില്‍ സ്വയം എഴുതും. മുഖപ്രസംഗം... പക്ഷേ മൂന്നാം ദിവസം സി പി വീണ്ടും വിഷാദത്തിലേക്കു വീണു, യാനയേവിനെ അറസ്റ്റ് ചെയ്ത് പ്രതിവിപ്ലവശക്തികള്‍ വീണ്ടും അധികാരത്തില്‍...

തലയിലെ വെള്ളിനൂല്‍കൂമ്പാരവും പെരുമാറ്റത്തിലെ സാത്വികതയും പച്ചക്കറി ഭക്ഷണശീലവും അതിലളിതജീവിതവുമെല്ലാംകൊണ്ട് സന്ന്യാസിയുടെ പ്രതീതിയാണ് സി പി സൃഷ്ടിക്കുന്നതെങ്കിലും പല കാര്യത്തിലും അതിതീവ്രവാദിയാണ്. ഒരുദിവസം ഈ ലേഖകന്‍ തീവണ്ടിയിലുണ്ടായ ദുരനുഭവം സി പിയോട് പറഞ്ഞു. തമാശ മട്ടിലാണ് പറഞ്ഞത്. രാവിലെ പരശുരാമിന് കണ്ണൂരില്‍നിന്ന് വരുമ്പോളുണ്ടാകുന്ന ദുരനുഭവമാണ്. കോഴിക്കോട്ട് ജോലിയുള്ള കുറേ സീസണ്‍ ടിക്കറ്റുകാര്‍ തലശ്ശേരിയില്‍നിന്ന് കയറിയാലുടന്‍ ചീട്ടുകളി തുടങ്ങും, റെമ്മി. കംപാര്‍ട്‌മെന്റില്‍ സ്ത്രീകളും കുട്ടികളുമുണ്ട്, വൃദ്ധന്മാരുണ്ട് എന്നതൊന്നും അവരുടെ പരിഗണനയിലില്ല. വലിയ തിരക്കുള്ള വണ്ടിയില്‍ അവര്‍ കളിക്കുള്ള സ്ഥലം സംവരണം ചെയ്‌തെടുക്കും. എന്നിട്ട് വലിയ ശബ്ദകോലാഹലത്തില്‍ റമ്മി കളി. പണംവെച്ചാണ് കളി. വലിയൊരു സെറ്റാണത്. ഒരുദിവസം കോഴിക്കോട്ട് വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ആ സെറ്റുകാര്‍ വളരെ മോശമായി എന്നോട് പെരുമാറി. കയ്യേറ്റം ചെയ്തുവെന്നുതന്നെ പറയാം. മനസ്സില്‍ വല്ലാതെ മുറിവേറ്റ സംഭവമാണെങ്കിലും തമാശമാട്ടില്‍ ഇതാണ് ഞാന്‍ പറഞ്ഞത്. സി പി പറഞ്ഞു, ഇതങ്ങനെ വിട്ടുകൂട... പിറ്റേന്ന് രാവിലെ എട്ടരയക്ക് പരശുവരുന്നതുംകാത്ത് സി പിയും സബ് എഡിറ്റര്‍ പി പി രാധാകൃഷ്ണനും (അല്പകാലം പത്രത്തില്‍ പ്രവര്‍ത്തിച്ചശേഷം മേപ്പയൂര്‍ സഹകരണബാങ്ക് സെക്രട്ടറിയായി പോയി) പിന്നെയും ആരൊക്കെയോ ഉണ്ട്. ഞങ്ങള്‍ ആ പൂവാലന്മാരെ കണ്ടു. അവരെ സി പി ചോദ്യംചെയ്തു. ഖേദം പ്രകടിപ്പിച്ചേ അവരെ വിട്ടുള്ളൂ. അതാണ് സി പി.

മലയാളപത്രപ്രവര്‍ത്തനചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാതെ പോയ ഒരു പേരാണ് സി പി അച്യുതന്‍. സുവര്‍ണലിപിയില്‍ അടയാളപ്പെടുത്തപ്പെടേണ്ടിയിരുന്ന ഒരു പേര്. പതിമൂന്നാം വയസ്സില്‍ 1946-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായി എന്നതാണ് സി പി എന്ന വിപ്ലവകാരിയുടെ ആദ്യത്തെ അസാധാരണത. 1951-ല്‍ പതിനെട്ടാം വയസ്സിലാണ് സി പി ദേശാഭിമാനിയുടെ തലശ്ശേരി ലേഖകനാകുന്നത്. പ്രാദേശിക വാര്‍ത്തകള്‍ മാത്രം അയക്കുന്ന ലേഖകനല്ല, ശ്രീനാരായണാദര്‍ശത്തെക്കുറിച്ചും മഹാകവി ചങ്ങമ്പുഴയെക്കുറിച്ചും പ്രണയത്തെയും അനുഭൂതിയെക്കുറിച്ചുമെല്ലാം ലേഖനമെഴുതുന്ന ലേഖകന്‍. തന്റെ പൂര്‍വകാല മഹിമകളൊന്നേും പുതിയ തലമുറയിലെ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ 1962 മുതല്‍ 17 വര്‍ഷത്തോളം തലശ്ശേരി നഗരസഭയില്‍ അംഗമായിരുന്നപ്പോള്‍ തെറ്റുകള്‍ക്കെതിരെ പൊരുതിയതിന് അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങള്‍ വിവരിക്കുമായിരുന്നു. അകത്തും പുറത്തുമുള്ള പ്രശ്‌നങ്ങള്‍. തലശ്ശേരിയിലെ മുനിസിപ്പല്‍ തൊഴിലാളികളെയും ക്ഷേത്ര ജീവനക്കാരെയും സംഘടിപ്പിച്ച് വര്‍ഗസംഘടനയുണ്ടാക്കുന്നതില്‍ നേതൃത്വം നല്‍കിയത് സി പിയാണ്. 1964-ല്‍ സിപിഎം രൂപീകരിച്ചപ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ അംഗമായിരുന്നു സി പി എന്ന് ഇന്നാരും ഓര്‍ക്കുന്നുണ്ടാവില്ല. ആ കാലം പോയ്മറഞ്ഞു.

സി പി അച്യുതന്‍ കുടുംബത്തോടൊപ്പം
സി പി അച്യുതന്‍ കുടുംബത്തോടൊപ്പം
ഇച്ഛയ്‌ക്കൊത്ത് സാമൂഹ്യമാറ്റമുണ്ടാകാത്തതും മുന്നേറ്റത്തിലെ വേഗക്കുറവും പ്രശ്‌നങ്ങളുമെല്ലാം സി പിയെ വിഷാദിയാക്കി. പ്രവര്‍ത്തിക്കാതെ ജീവിക്കാനാവില്ലെന്നതായിരുന്നു സി പിയുടെ അവസ്ഥ

തലശേരിയിലെ തൊഴിലാളി പ്രവര്‍ത്തകനും നഗരസഭാംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരവേ സി പി വര്‍ക്കിങ്ങ്‌ ജേണലിസ്റ്റായത് രസകരമായ ഒരു കഥയാണ്. 1965-ലെ ഒരുദിവസം ദേശാഭിമാനി മാനേജരായ കെ എന്‍ നാരായണന്‍ നായരും പത്രാധിപച്ചുമതല വഹിച്ചുകൊണ്ടിരുന്ന എം എന്‍ കുറുപ്പും കോഴിക്കോട്ടുനിന്ന് ഒരു ജീപ്പില്‍ കണ്ണൂരില്‍ വരുന്നു. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലുള്ള പി വി അപ്പക്കുട്ടിയെ അവര്‍ കാണുന്നു. സി പിയെ ദേശാഭിമാനിയിലേക്ക് വേണം. അതാണവരുടെ ആവശ്യം. ചൈനാചാരന്മാരായി മുദ്രകുത്തി സിപിഎം നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിരിക്കുകയാണ്. ദേശാഭിമാനി പത്രാധിപസമിതിയിലെ മിക്കവരും ജയിലില്‍. പത്രമിറക്കുക പ്രയാസമായി. അതേതുടര്‍ന്നാണ് സി പിയെ പിടികൂടാന്‍ മാനേജരും പത്രാധിപരും എത്തിയത്. പി വി അപ്പക്കുട്ടി അവരുടെ കയ്യില്‍ ഒരു കത്ത് കൊടുത്തയച്ചു. ഇവരോടൊപ്പം കോഴിക്കോട്ട് പോയി ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുക- അത്രമാത്രമാണ്. ഇല്ലത്തുതാഴെയില്‍ സി പിയുടെ വീട്ടില്‍ അവര്‍ എത്തി കത്തുകൊടുത്തു. ആ ജീപ്പില്‍തന്നെ സി പി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പിന്നെ ഏതാനും മാസം എം എന്‍ കുറുപ്പിനൊപ്പം സി പിയായി ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ ചുമതലയില്‍. പത്രാധിപസമിതി അംഗങ്ങള്‍ ജയില്‍മുക്തരായെത്തിയതോടെ സി പി ചിന്തയിലേക്ക് മാറി. കെ ചന്ദ്രന്റെ ഉടമസ്ഥതയിലും കെ ചാത്തുണ്ണിമാസ്റ്റരുടെ പത്രാധിപത്യത്തിലും 1963-ല്‍ കോഴിക്കോട്ട് ആരംഭിച്ച വാരികയാണ് ചിന്ത. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോള്‍ ഇടതുവിഭാഗത്തിനുവേണ്ടിയാണത് തുടങ്ങിയത്. പാര്‍ട്ടി പിളര്‍ന്നതോടെ ചിന്ത സിപിഎമ്മിന്റെ മുഖപത്രമായി. തുടക്കംമുതല്‍ അതില്‍ എഴുതാന്‍ തുടങ്ങിയ സി പി 1966-ഓടെ അതിന്റെ വര്‍ക്കിങ്ങ് എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ലേഖനമെഴുത്തും തര്‍ജമയും എഡിറ്റിങ്ങും ലേ ഔട്ടുമെല്ലാം... പിന്നീട് സി എം അബ്ദുറഹ്‌മാന്‍ തര്‍ജമക്കാരനെന്ന നിലയിലെത്തിയെങ്കിലും വേഗത്തില്‍ ദേശാഭിമാനി പത്രാധിപസമിതിയിലേക്ക് മാറി. കുറേക്കാലം സി പി തനിച്ചാണ് ചിന്ത വാരികയുടെ എഡിറ്റോറിയല്‍ ചുമതല വഹിച്ചത്.

സപ്തകക്ഷി മന്ത്രിസഭയുടെ തകര്‍ച്ചക്കുശേഷം അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തില്‍വന്നപ്പോള്‍ ആ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിന് തലശ്ശേരിയില്‍ നേതൃത്വംനല്‍കിയതിന് സി പി അറസ്റ്റിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്യപ്പെട്ടു. ചിന്തയുടെ മാറ്റര്‍ പ്രസ്സില്‍ കൊടുക്കേണ്ട ദിവസത്തിന് തലേന്നാണ് ജയിലിലായത്. ചിന്ത ആ ലക്കം മുടങ്ങുന്ന സ്ഥിതിയിലായി. എന്നാല്‍ ജയിൽ വാർഡനില്‍നിന്ന് കടലാസും പേനയും സംഘടിപ്പിച്ച് മാറ്റര്‍ എഴുതിയുണ്ടാക്കി അദ്ദേഹത്തെ തന്നെ ഉപയോഗിച്ച് പുറത്തെത്തിച്ച് കോഴിക്കോട്ടേക്ക് മാനേജര്‍ ചന്ദ്രന് എത്തിച്ചുകൊടുക്കുകയും ചിന്ത കൃത്യസമയത്ത് പുറത്തിറക്കുകയുംചെയ്തു. 1975-ല്‍ ചിന്തയുടെ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. തലശ്ശേരിയിലെ സംഘടനാചുമതലകളും നഗരസഭാ പ്രവര്‍ത്തനവുമെല്ലാമുള്ളതിനാല്‍ സി പിക്ക് അങ്ങോട്ടുപോകാനാവുമായിരുന്നില്ല. തുടര്‍ന്ന് സി പി ദേശാഭിമാനിയില്‍ സബ് എഡിറ്ററായി. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് ഔദ്യോഗികമായി വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ട് അനുസരിച്ചുള്ള നിയമനമായത്. ദേശാഭിമാനിയില്‍ മുതിര്‍ന്ന സബ് എഡിറ്ററായി സി പി എത്തിയത് ചിന്തയില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ച സി എം അബ്ദുറഹ്‌മാന്റെ കീഴിലാണ്. 1993-ല്‍ ദേശാഭിമാനിയില്‍നിന്ന് വിരമിച്ചുവെങ്കിലും കണ്ണൂര്‍ എഡിഷന്‍ തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് എഡിറ്ററായി സി പിയെ നിയോഗിച്ചു. രാവിലെ വന്ന് മുഖപ്രസംഗം എഴുതിവെച്ച് ഉച്ചയ്ക്കു പോകും. അതല്ലെങ്കില്‍ ചിലപ്പോള്‍ മുഖപ്രസംഗമെഴുതി മകന്‍ രാജീവ്കുമാറിന്റെ കയ്യില്‍ കൊടുത്തയക്കും. രാജീവ് അത് കണ്ണൂര്‍ ദേശാഭിമാനി ബുക്ഹൗസില്‍ ഏല്പിക്കും. അങ്ങനെ കുറേനാള്‍. പതിറ്റാണ്ടുകള്‍ നീണ്ട് പത്രപ്രവര്‍ത്തനം സി പിക്ക് ഒരു ജോലിയായിരുന്നില്ല. അതൊരു പോരാട്ടമായിരുന്നു. വിശ്രമമില്ലാത്ത പോരാട്ടം. ജീവിതസായാഹ്നത്തില്‍ രോഗങ്ങളുടെ പിടിയിലായത് ഈ അവിശ്രമപ്രവര്‍ത്തനം കാരണം.

ഇച്ഛയ്‌ക്കൊത്ത് സാമൂഹ്യമാറ്റമുണ്ടാകാത്തതും മുന്നേറ്റത്തിലെ വേഗക്കുറവും പ്രശ്‌നങ്ങളുമെല്ലാം സി പിയെ വിഷാദിയാക്കി. പ്രവര്‍ത്തിക്കാതെ ജീവിക്കാനാവില്ലെന്നതായിരുന്നു സി പിയുടെ അവസ്ഥ. മരണം അടുത്തെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ഒരു കുറിപ്പെഴുതിവെച്ചു. താന്‍ മരിച്ചാല്‍ ദേശാഭിമാനി പത്രത്തിലാണ് കിടത്തേണ്ടത്. മരണസമയത്ത് ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും പുതപ്പിക്കാതെയാണ് ശവം കത്തിക്കേണ്ടത്. കുളിപ്പിക്കരുത്. മതപരമായ ആചാരങ്ങളൊന്നും പാടില്ലെന്നുമാത്രമല്ല, റീത്തുകള്‍ വെക്കുകയോ അനുശോചനയോഗം ചേരുകയോ പാടില്ല.. പൂര്‍ണമായും അത് പാലിച്ചുകൊണ്ടാണ് സംസ്‌കാരം നടത്തിയത്.

1987 ഡിസംബര്‍ മുതല്‍ 1991 ഒക്ടോബര്‍വരെ സി പിയോടൊപ്പം കോഴിക്കോട്ടും പിന്നീട് കണ്ണൂരിലെത്തിയശേഷവും ഒപ്പം പ്രവര്‍ത്തിച്ച കാലം ശരിയായ രാഷ്ട്രീയ അധ്യയനത്തിന്റെ കാലമായിരുന്നു. ഒരുപാടൊരുപാടെഴുതിയിട്ടും ഒരു പുസ്തകംപോലും പ്രസിദ്ധപ്പെടുത്തിയില്ലെന്നു മാത്രമല്ല, എഴുതിയതൊന്നും സൂക്ഷിച്ചുവെച്ചുമില്ല. ആ കാലം അങ്ങനെയായിരുന്നു. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ ഏറ്റവും സ്മരണീയരായവരുടെ കൂട്ടത്തിലാണ് സി പിയുടെ സ്ഥാനം. കേരളത്തില്‍ ഇടതുപക്ഷ ബോധം വളര്‍ത്തുന്നതില്‍, വര്‍ഗീയതക്കെതിരെ അവബോധം സൃഷ്ടിക്കുന്നതില്‍ അക്ഷീണം പ്രവര്‍ത്തിച്ച മനീഷി.

logo
The Fourth
www.thefourthnews.in