വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍

വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍

ഇന്ത്യന്‍ പത്രരംഗത്തെ അനുകരണീയനായ എഡിറ്ററായിരുന്നു വിനോദ് മേത്ത

വിനോദ് മേത്ത ഒരിക്കലും ഒരു പത്രത്തിലും റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടില്ല. പത്രപ്രവര്‍ത്തകന്റെ സാഹസികതയോടെ, അല്ലെങ്കില്‍ ജിജ്ഞാസയോടെ വാര്‍ത്തകള്‍ തേടി ഒരിക്കലും എവിടെയും അലഞ്ഞിട്ടില്ല. സംഭവങ്ങളും വാര്‍ത്തകളും അദ്ദേഹത്തെ തേടിവരികയായിരുന്നു. കാരണം അദ്ദേഹം പത്രപ്രവര്‍ത്തനമാരംഭിച്ചത് ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിട്ടായിരുന്നു. ഒരു പക്ഷേ, പത്രലോകത്ത് അത്തരത്തില്‍ അപൂര്‍വം ഒരാള്‍! ആധുനിക ഇന്ത്യന്‍ പത്രലോകത്തെ ഏറ്റവും മികച്ച, വിജയിച്ച എഡിറ്റായിരുന്നു വിനോദ് മേത്ത.

നാല് പതിറ്റാണ്ട് നീണ്ട തന്റെ പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹം എഡിറ്റ് ചെയ്ത രണ്ട് മാസികളും നാല് പത്രങ്ങളും ഇന്ത്യയിലെ വളരെ പ്രശസ്തമായ പ്രസിദ്ധീകരണങ്ങളായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ ആരംഭത്തില്‍, വന്‍മാറ്റങ്ങള്‍ക്കു വിധേയമായ ഇന്ത്യന്‍ പത്രരംഗത്തെ അനുകരണീയനായ എഡിറ്ററായിരുന്ന വിനോദ് മേത്തയുടെ എണ്‍പത്തിയൊന്നാം ജന്മവാര്‍ഷികമാണിന്ന്.

വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍
എം പി നാരായണപിള്ളയെന്ന നാണപ്പൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അവിഭക്ത ഇന്ത്യയിലെ പശ്ചിമ-പഞ്ചാബിലെ റാവല്‍പിണ്ടിയിലാണ് 1942-ല്‍ മേത്ത ജനിച്ചത്.  മൂന്ന് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ലഖ്നൗവിലെ ഒരു പഞ്ചാബി അഭയാര്‍ത്ഥി കുടുംബത്തിലാണ് അദ്ദേഹം വളര്‍ന്നത്. റാവല്‍പിണ്ടിയിലെ പ്രശസ്തരായ തുണിവ്യാപാരികളായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ പൂര്‍വികര്‍. റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 1946 മുതല്‍ ലഖ്‌നൗ കന്റോണ്‍മെന്റിലാണ് വിനോദ് മേത്തയുടെ കുടുംബം താമസിച്ചിരുന്നത്.

തനിക്ക് 40 വയസുള്ള മകള്‍ വിദേശത്തുണ്ടെന്ന് ആത്മകഥയായ 'ലഖ്‌നൗ ബോയ്' യിലൂടെ അദ്ദേഹം വെളിപ്പെടുത്തി

ലഖ്‌നൗവിലെ കോളേജ് വിദ്യഭ്യാസത്തിനുശേഷം ഇംഗ്ലണ്ടില്‍ പോയ മേത്ത അവിടെ എട്ട് വര്‍ഷം ചെലവഴിച്ചെങ്കിലും ഉന്നത വിദ്യഭ്യാസം നേടാതെ തിരിച്ചെത്തി. ലണ്ടനില്‍ ചെലവഴിച്ച കാലത്ത് കിങ്സ്റ്റന്‍ പോളി ടെക്‌നിക്ക്നിക്കില്‍ പഠിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ലഖ്‌നൗവിലെ ലാ മാര്‍ട്ടിനിയര്‍ കോളേജില്‍നിന്ന് നേടിയ സ്വയം പ്രഖ്യാപിത 'ബിഎ രണ്ടാം ക്ലാസ്' ഡിഗ്രിയും ഇംഗ്ലണ്ടിലെ പ്രത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള സാമാന്യ അറിവുമായാണ് വിനോദ് മേത്ത ഇന്ത്യയിലേക്ക് മടങ്ങിയത്. മറ്റൊന്നുകൂടി അദ്ദേഹം സ്വന്തമാക്കിയിരുന്നു, ഒരു സ്വിസ് വനിതയായുള്ള വിവാഹപൂര്‍വബന്ധത്തില്‍ അദ്ദേഹത്തിന് മകള്‍ ജനിച്ചു. 50 വര്‍ഷത്തിനുശേഷം, തന്റെ ഭാര്യ സുമിതയ്ക്ക് മാത്രമറിയാവുന്ന ആ രഹസ്യം, തനിക്ക് 40 വയസുള്ള മകള്‍ വിദേശത്തുണ്ടെന്ന് ആത്മകഥയായ 'ലഖ്‌നൗ ബോയ്' യിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ അദ്ദേഹം രണ്ടുതവണ വിവാഹിതനായെങ്കിലും മക്കളില്ലായിരുന്നു.

വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍
ഒരേയൊരു പി ജെ ആന്റണി

തന്റെ ലണ്ടന്‍ അനുഭവങ്ങളും മൂന്നാം ക്ലാസ് ബിരുദവും മനോഹരമായി ഇംഗ്ലീഷിലെഴുതാനുള്ള കഴിവുമായി  
ഭാഗ്യം പരീക്ഷിക്കാന്‍ ബോംബെയിലെ ടാജ് ഹോട്ടലിനടുത്തുള്ള സാല്‍വേഷന്‍ ഹോസ്റ്റലില്‍ വിനോദ് മേത്ത താമസമാരംഭിച്ചു. എഴുപതുകളുടെ ആദ്യമായിരുന്നു അത്. സ്വപ്നനഗരമായ ബോംബെ അന്ന് പ്രായേണ, ശാന്തമായിരുന്നു. അക്കാലത്ത് മോഡലിങ്ങും പരസ്യമേഖലയും ഇന്ത്യയില്‍ തരംഗമായി ഉയര്‍ന്നുവരികയായിരുന്നു. അതിന്റെ കേന്ദ്ര ബിന്ദുവാകട്ടെ ബോംബെയും.

വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍
എസ് മുള്‍ഗോക്കര്‍: പത്രപ്രവര്‍ത്തനത്തിലെ വേറിട്ട മുഖം

ജെയിസണ്‍സ് എന്നൊരു ചെറുകിട പരസ്യക്കമ്പനിയില്‍ 300 രൂപ ശമ്പളത്തില്‍ വിനോദ് മേത്ത ജോലി ആരംഭിച്ചു. താനൊരു നല്ല പരസ്യമെഴുത്തുകാരനാവില്ലെന്ന് ഏറെ താമസിയാതെ അദ്ദേഹത്തിന് തോന്നിയെങ്കിലും അവിടെ തുടര്‍ന്നു.
ആഴ്ചയില്‍ രണ്ടുദിവസം അവധിയുള്ളതിനാല്‍, ധാരാളം ഒഴിവ് സമയം ലഭിച്ചു. വില കുറഞ്ഞ റം കുടിച്ച്, തട്ടുകട ഭക്ഷണം കഴിച്ച് ബോംബയിലെ തെരുവുകളില്‍ അയാള്‍ അലഞ്ഞു. സ്വപ്ന നഗരത്തിലെ താഴെക്കിടയിലുള്ള ജീവിതവുമായി പരിചയപ്പെടലായിരുന്നു അത്. ഏറെ കഴിയും മുന്‍പ് ആനുഭവങ്ങള്‍ പുസ്തകമാക്കി ആദ്യ പുസ്തകം 'Bombay A Private View'. 3000 കോപ്പി, അഞ്ച് രൂപ വില. സംഭവം ഒരാഴ്ച കൊണ്ട് വിറ്റുപോയി.

''എഴുത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീയെക്കുറിച്ച് തര്‍ക്കമില്ലാത്ത ഒരു വസ്തുത പോലും ശേഖരിക്കുക അസാധ്യമാണെന്ന് ഞാന്‍ കണ്ടെത്തി

അതോടെ തന്റെ ജോലി പരസ്യമെഴുത്തല്ലെന്ന് മേത്ത തിരിച്ചറിഞ്ഞു. അതുറപ്പിച്ച മറ്റൊരു സംഭവം കൂടി നടന്നു. പ്രസിദ്ധരായ 'ജെയ്‌ക്കോ' പ്രസിദ്ധീകരണക്കാരുടെ വിളി വന്നു. ആയിടെ അന്തരിച്ച പ്രശസ്ത നടി മീനാ കുമാരിയുടെ ജീവിത കഥയെഴുതണം. ഇതിനകം തന്റെ സ്ഥാനമുറപ്പിച്ച വിനോദ് മേത്ത സമ്മതം മൂളി. പക്ഷേ, പ്രതിഫലത്തിന്റെ  അഡ്വാന്‍സ് ആദ്യം ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായി ജെയ്‌കോ ഒരു എഴുത്തുകാരന് മുന്‍കൂര്‍ പ്രതിഫലം നല്‍കി, 500 രൂപ! അതും എഴുപതുകളിലെ വന്‍ തുക. ആറു മാസത്തിനു ശേഷം 1972 ഒക്ടോബറില്‍ 'മീനാകുമാരി' ജീവിത കഥ പുറത്തുവന്നു. വിവാദങ്ങളിലൂടെ കടന്നുപോയ ഒരു ജീവിതമായിരുന്നു അവരുടേതെന്നതിനാല്‍ പുസ്തകം വേഗം വിറ്റഴിഞ്ഞു.

''എഴുത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീയെക്കുറിച്ച് തര്‍ക്കമില്ലാത്ത ഒരു വസ്തുത പോലും ശേഖരിക്കുക അസാധ്യമാണെന്ന് ഞാന്‍ കണ്ടെത്തി. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകള്‍ക്കും കുറഞ്ഞത് നാല് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടായിരുന്നു,'' വിനോദ് മേത്ത ക്ഷമാപണത്തോടെ ആമുഖത്തില്‍ കുറിച്ചു. പുസ്തകത്തിന് പല പതിപ്പുകളുണ്ടായി.

50 വര്‍ഷം മുന്‍പ് ഇന്ത്യയിലാദ്യമായി 'പുരുഷന്‍മാര്‍ക്ക് വേണ്ടി' എന്ന ടാഗ് ലൈനോട് കൂടി ഒരു പ്രസിദ്ധീകരണം പ്രത്യക്ഷപെട്ടു. 'ഡബനിയര്‍' എന്നായിരുന്നു അതിന്റെ പേര്. 1973 കളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച അച്ചടിശാലയായിരുന്ന, ബോബെയിലെ  'ജി ക്ലാരിഡ്ജ് ' ഉടമ സുശീല്‍ സോമാനിയായിരുന്നു ഈ ആശയത്തിനു പിന്നില്‍. പ്രസിദ്ധമായ അമേരിക്കന്‍ ലൈഫ് സ്റ്റെല്‍ മാസികയായ 'പ്ലേ ബോയ്' ആയിരുന്നു സോമാനിയുടെ പ്രചോദനം. സുന്ദരിമാരുടെ നഗ്നചിത്രങ്ങള്‍ നടു ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന അശ്ലീല മാസികയാണെങ്കിലും ഈ മാഗസിനിലാണ് മാസിക ഡിസൈന്റെ പല നൂതനാശയങ്ങളും ലോകത്തിലാദ്യമായി പ്രത്യക്ഷപ്പെട്ടത്.

എസ്‌ക്വയര്‍ മാസികയില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കക്കാരനായ ഹ്യൂ ഹെഫ്‌നര്‍ 1953 ല്‍ ആരംഭിച്ച 'പ്ലേ ബോയ്' അറുപതുകളിലും എഴുപതുകളില്ലും നിലവാരമുള്ള സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയായിരുന്നു. ആര്‍തര്‍ സി ക്ലര്‍ക്ക്, നബക്കോവ്, ജോണ്‍ അപ് ഡെക്ക്, സോള്‍ ബെല്ലോ തുടങ്ങിയവരുടെ ആദ്യ രചനകള്‍ പ്രസിദ്ധികരിച്ചത് പ്ലേ ബോയ് ആയിരുന്നു. റഷ്യന്‍ കവി യെവ്തുഷ്‌കോവിന്റെ കവിതകള്‍ പോലും പ്ലേ ബോയിയില്‍ വന്നിരുന്നു. നഗ്‌നചിത്രങ്ങള്‍ പോലെ ശ്രദ്ധേയമായിരുന്നു അതില്‍ വന്നിരുന്ന അഭിമുഖങ്ങള്‍. ബീറ്റില്‍സിന്റെ സ്ഥാപകാംഗമായ ജോണ്‍ ലെന്നന്റെ വെടിയേറ്റ് മരിക്കുന്നതിന് മുന്‍പ് വന്ന അവസാന അഭിമുഖം പ്രസിദ്ധീകരിച്ചത് 'പ്ലേ 'ബോയ് ആയിരുന്നു.

ലോകത്തെ പല മാസികള്‍ക്കും പ്രചോദനം നല്‍കിയ നൂതന ഡിസൈനുകള്‍ പ്ലേ ബോയിയുടേതായിരുന്നു. റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ 'ആര്‍ട്ട് പോള്‍' എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ ആര്‍തര്‍ പോളായിരുന്നു ഡിസൈനര്‍. അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ് പ്ലേ ബോയിയുടെ പ്രശസ്തമായ ലോഗോയായ' മുയല്‍ത്തല'.
ഇന്ത്യയില്‍ പ്ലേ ബോയ് പോലൊരു മാസിക തുടങ്ങുക സാഹസികമാണ്.

ഇന്ത്യയില്‍ കപട സദാചാരക്കാരുടെ കുത്തകയാണ് സമൂഹത്തിലെ സ്ത്രീജീവിതം. വ്യക്തമായ അതിര്‍വരമ്പുകളും വേലിക്കെട്ടുകളും സ്വതന്ത്രചിന്തകള്‍ക്ക് എന്നും പ്രതിബന്ധമാകാറുള്ള ഒരു ലോകത്തിലേക്കാണ് ഒരു അശ്ലീല മാസിക വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആണിനുവേണ്ടി ഒരു മാസികയിലൂടെ സ്ത്രീ ശരീരമൊരുക്കുകയെന്ന വെല്ലുവിളിയാണ് ഈ പ്രസിദ്ധീകരണം.

1973  പകുതിയോടെ വാന്‍ ബ്രാന്‍ഡ് എന്നൊരു ബ്രിട്ടിഷ് പത്രപ്രവര്‍ത്തകന്‍ എഡിറ്ററായി 'പുരുഷ 'മാസിക' എന്ന വിശേഷണത്തോടെ  ഇന്ത്യയിലെ ആദ്യത്തെ നൂഡ്  പ്രസിദ്ധീകരണമായ 'ഡബനിയര്‍' കടകളില്‍ പ്രത്യക്ഷപ്പെട്ടു.
അരോഗദൃഢഗാത്രരായ, മസിലുകള്‍ പെരുപ്പിച്ച് അര്‍ധനഗ്‌നരായി നില്‍ക്കുന്ന യുവാക്കളുടെ ചിത്രങ്ങള്‍ക്കായിരുന്നു ഉള്ളടക്കത്തില്‍ പ്രാധാന്യം. മോഡലുകളെന്ന വ്യാഖ്യാനത്തോടെ യുവതികളുടെ അര്‍ധനഗ്‌നചിത്രങ്ങളും ഉണ്ടായിരുന്നു. അശോക് റോ കവിയെന്നൊരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു എഡിറ്ററുടെ സഹായി.

അക്കാലത്തെ ഏറ്റവും മികച്ച പരസ്യ കമ്പനിയായ 'റെഡിഫ്യൂഷന്‍' 'ഡെബനിയര്‍' മാസികക്കുവേണ്ടി മികച്ച പരസ്യപരമ്പര തന്നെയൊരുക്കി. മാസികയുടെ മറ്റൊരു സവിശേഷത, പ്രസിദ്ധീകരണത്തിന്റെ വിഷയത്തെ സാധൂകരിക്കുന്ന ഒന്നായിരുന്നു. എഡിറ്ററും സഹായിയും സ്വവര്‍ഗനുരാഗികളായിരുന്നു. വായയില്‍ വെള്ളമൂറുന്ന, റെഡിഫ്യൂഷന്റെ പരസ്യങ്ങള്‍ ഉണ്ടായിട്ടും മാസിക രക്ഷപ്പെട്ടില്ല. ഒരു കൊല്ലത്തിനു ശേഷം ഉടമ പ്രസിദ്ധീകരണം നിര്‍ത്തി. അശോക് റോ കവി പിന്നീട് സ്വവര്‍ഗനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റായി അറിയപ്പെട്ടു.

ഡബനിയര്‍ ഇഷ്ടപ്പെട്ടിരുന്ന വിനോദ് മേത്ത ഉടനെ തന്നെ ഉടമ സുശീല്‍ സോമാനിക്ക് കത്തെഴുതി. അവസരം തന്നാല്‍ ഡബനിയര്‍ പുനര്‍ ജീവിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നറിയിച്ചു. തന്റെ വിശദമായ പദ്ധതിയും കത്തില്‍ വിശദീകരിച്ചിരുന്നു.
സോമാനി മേത്തയെ ടാജില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആറ് മാസം കൊണ്ട് മാസികയെ വിജയിപ്പിക്കാമെന്ന വിനോദ് മേത്തയുടെ അവകാശ വാദം മുഖവിലയ്‌ക്കെടുത്ത സോമാനി ഒരിക്കല്‍ കൂടി ആ ധീരകൃത്യത്തിന് പണം മുടക്കാന്‍ തയ്യാറായി. അതോടെ, ഇരുപത്തിയേഴുകാരനായ വിനോദ് മേത്ത എഡിറ്റായി 'ഡബനിയര്‍' ഒരിക്കല്‍ കൂടി പുറത്തുവന്നു.

ഷഹിദ് ഭഗത് സിങ്ങ് റോഡിലെ ഒരു അച്ചടിശാലയുടെ ഒരു ഭാഗത്തുള്ള പുതിയ ഓഫീസില്‍, ആണിനെയും പെണ്ണിനെയും ആകര്‍ഷിക്കുന്ന മാസികയൊരുക്കയെന്ന ദൗത്യവുമായി വിനോദ് മേത്ത താന്‍ എറ്റെടുത്ത ദുഷ്‌കരമായ ജോലിയാരംഭിച്ചു. ഭാഗ്യവശാല്‍ എ ജി മൊയിനുദീന്‍ എന്നൊരു പ്രതിഭാശാലിയായ ഒരു കലാകാരനെ വിനോദ് മേത്തയ്ക്ക് ലഭിച്ചു. അയാള്‍ ലിനോ ടൈപ്പ് ഓപ്പറേറ്ററായി ജോലി ആരംഭിച്ച ആളാണെങ്കിലും ടൈപ്പോഗ്രാഫിയിലും ഡിസൈനിങ്ങിലും നല്ല അറിവുണ്ടായിരുന്നു. അയാള്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളായ എസ്‌ക്വയറിന്റെയും ന്യൂയോര്‍ക്കിന്റെയും പഴയ ലക്കങ്ങള്‍ റഫറര്‍ ചെയ്ത് ഡിസൈനുകള്‍ പഠിച്ചു. പ്ലേ ബോയ്, പൈന്റ് ഹൗസ് തുടങ്ങിയ ഈ ശ്രേണിയിലുള്ള മാസികളും റഫര്‍ ചെയ്ത് ഡബനിയര്‍  മാസികക്ക് പുതിയൊരു മുഖച്ഛായ നല്‍കി. പുരുഷന്മാരുടെ അര്‍ധനഗ്‌ന ചിത്രങ്ങളെല്ലാം ഒഴിവാക്കി. കിങ് ഫീച്ചര്‍ സിന്‍ഡിക്കേറ്റില്‍നിന്ന് 40 രൂപ നിരക്കില്‍ ആകര്‍ഷകമായ വിദേശ മോഡലുകളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ സെന്റര്‍ സ്‌പ്രെഡ് ആയി കൊടുത്തു. മേമ്പൊടിക്കായി ബോളിവുഡിലെ എക്‌സ്ട്രാ നടിമാരുടെയും കാബറെ നൃത്തക്കാരികളുടെയും പടങ്ങള്‍ ഇടകലര്‍ത്തി പേജുകള്‍ വര്‍ണശബളമാക്കി. കൂടാതെ സാഹിത്യം, കല, പുസ്തക നിരൂപണം, ലേഖനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തി. എഴുത്തുകാരോട് ലേഖനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇത്തരമൊരു പ്രസിദ്ധീകരണത്തിലെഴുതാന്‍ അവരെല്ലാം മടിച്ചു. അതിലെഴുതി പേര് ദോഷം നേടാന്‍ ആരും തയ്യാറായില്ല.

ഒടുവില്‍ വിനോദ് മേത്തയ്ക്ക് തന്നെ വിവിധ പേരുകളില്‍ എഴുതണ്ടി വന്നു. അഭിമുഖം വളരെ പ്രാധാന്യമുള്ളതിനാല്‍ അത് മാത്രം സാധിക്കുകയില്ലായിരുന്നു. ഒടുവില്‍, അലിവുതോന്നിയ  ക്രിക്കറ്റ് താരം ടൈഗര്‍ പട്ടൗഡി ഒരു അഭിമുഖം അനുവദിച്ചു. ഹെന്‍ട്രി മില്ലര്‍, നോര്‍മന്‍ മെയ്‌ലര്‍ നിഷേ തുടങ്ങിയവരുടെ സന്ദര്‍ഭത്തിനുചിതമായ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വരികളും ഉദ്ധരണികളും മാസികയില്‍ ധാരാളം ഉപയാഗിച്ചു. അതോടെ ആദ്യ ലക്കം പൂര്‍ത്തിയായി. അതൊരു ഒറ്റയാള്‍ പട്ടാളത്തിന്റെ പോരാട്ടമായിരുന്നു. ജയിച്ചേ തീരൂവെന്ന് അറിയാവുന്ന ഒറ്റയാള്‍ പട്ടാളം.

വരാനിരിക്കുന്ന ലക്കങ്ങള്‍ നിരാശപ്പെടുത്തുകയില്ലെന്ന സൂചനയോടെ ആദ്യ എഡിറ്റോറിയലില്‍ വിനോദ് മേത്ത ഇങ്ങനെ ഉപസംഹരിച്ചു: ''ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന, ഡബനിയര്‍ ആവശ്യപ്പെടുന്ന എല്ലാവരോടും അല്‍പ്പം ക്ഷമയോടെയിരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നെ വിശ്വസിക്കൂ, ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഞങ്ങള്‍ക്ക് കുറച്ച് സമയം തരൂ.''

1974 ഏപ്രിലില്‍ ആദ്യ ലക്കം വായക്കാരുടെ കയ്യിലെത്തി. വിഷയ വൈവിധ്യവും വായിക്കാന്‍ ലളിതവും നല്ല തെളിമയും ധാരാളം സ്‌പേസിലുള്ള ഡിസ്‌പ്ലേയുമുള്ള ഒന്നായി അത് മാറിക്കഴിഞ്ഞിരുന്നു. ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ വേറെയില്ല. മാസിക വായനക്കാരുടെ മനം കവര്‍ന്നു. യുവതലമുറയുടെ വികാരങ്ങളെ ചൂടുപിടിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന മാസികയായ് ഡബനിയര്‍ വളര്‍ന്നു. അക്കാലത്തെ ഇന്ത്യയിലെ മുന്‍നിര ഡിസൈനറായ പന്ന ജെയിന്‍ വിനോദ് മേത്തയോട് പറഞ്ഞു, ''അതിശയകരം!  പക്ഷേ ഇതൊരു നഗ്‌ന മാഗസിന്‍ ആവാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
മാസികക്ക് ലഭിച്ച മികച്ച സ്വീകരണം കൂടുതല്‍ പ്രശസ്തരെ ഡബനിയറിലേക്ക് ആകര്‍ഷിച്ചു.
മറിയിയോ മിറാന്‍ഡ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തുടങ്ങി. അബു എബ്രഹാം കാര്‍ട്ടൂണ്‍ വരയ്ക്ക് പുറമേ കോളവും എഴുതി. അനില്‍ ധാര്‍ക്കര്‍, കെ എ അബ്ബാസ്, പ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരനായ ബോബി തലയാര്‍ ഖാന്‍ തുടങ്ങിയവരൊക്കെ സ്ഥിരമായി എഴുതാന്‍ തുടങ്ങിയതോടെ വിനോദ് മേത്തയും ഡബനിയറും വിജയം ഉറപ്പിച്ചു.

''പത്രപ്രവര്‍ത്തനത്തിലെ സിംഹങ്ങളും സാഹിത്യകാരന്മാരും അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് എന്റെ ഓഫീസിന് പുറത്തുനിന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകാം. എങ്കിലും, ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തയാറായി,'' വിനോദ് മേത്ത പിന്നീട് അനുസ്മരിച്ചു.
ഏറെ താമസിയാതെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാധ്യമങ്ങളെ വരിഞ്ഞുകെട്ടാനായി പത്ര സെന്‍സര്‍ഷിപ്പും നിലവില്‍ വന്നു. രാഷ്ട്രീയം ഡബനിയറിന് അപരിചിതമാണെങ്കിലും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി വി സി ശുക്ലയെ കാണാനാവശ്യപ്പെട്ടുകൊണ്ട് എഡിറ്റര്‍ക്ക് ഫോണ്‍ വന്നു. അടുത്ത ലക്കത്തിന്റെ എല്ലാ മാറ്ററും പടങ്ങളുമായി വരാനായിരുന്നു നിര്‍ദേശം. അതുമായി വിനോദ് മേത്ത ശുക്ലയുടെ മുന്നിലെത്തി.

''നിങ്ങള്‍ വിഷമിക്കേണ്ടതില്ല,'' ശുക്ല പറഞ്ഞു. അദ്ദേഹം സൗമ്യനായി കാണപ്പെട്ടു. ''ഒരു സാഹചര്യത്തിലും മറ്റുചിലര്‍ ചെയ്തതുപോലെ  പ്രശ്‌നമുണ്ടാക്കരുത്, ജാഗ്രത പാലിക്കണം,'' അദ്ദേഹം കല്‍പ്പിച്ചു. ഡബനിയറിന്റെ അടുത്ത ലക്കത്തിലെ  സെന്റര്‍സ്പ്രെഡ് കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഞാന്‍ അര ഡസന്‍ കളര്‍ ചിത്രങ്ങള്‍ അദ്ദേഹത്തെ കാണിച്ചു.
അദ്ദേഹം ആ പടങ്ങളില്‍ എതാണ്ട് മുഴുവനായും നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ഒരു പടം എടുത്ത് ഒരു വശത്തേക്ക് മാറ്റിവച്ചു.. സെന്റര്‍സ്‌പ്രെഡ് ഒഴിവാക്കണോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ''വേണ്ട പക്ഷേ, അത് മാന്യമായി കൊടുക്കുക,''അദ്ദേഹം പറഞ്ഞു. ബാക്കി ചിത്രങ്ങളും ലേഖനങ്ങളുമെടുത്ത് ഞാന്‍ പോകാനെഴുന്നേറ്റു. അപ്പോള്‍, മാറ്റി ഒരു വശത്ത് വച്ചിരുന്ന നഗ്നചിത്രമെടുത്ത് ശുക്ല തന്റെ പോക്കറ്റിലിട്ടു. അത് ശുക്ലയെ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും തന്റെ അടിയന്തരാവസ്ഥ അനുഭവത്തെക്കുറിച്ച് വിനോദ് മേത്ത എഴുതി.

തന്റെ ആദ്യ പ്രസിദ്ധീകരണം വിജയിപ്പിച്ച എഡിറ്റര്‍ വിനോദ് മേത്ത ബോംബെയിലെ സാമൂഹികപരിഷ്‌കൃത വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് ഒരു നഗ്നചിത്ര വാരികയുടെ എഡിറ്റായിട്ടാണെന്നുള്ളത് ഒരു വസ്തുതയായിരുന്നു. 'ഇത് മിസ്റ്റര്‍ വിനോദ് മേത്ത, ഡബനിയറിന്റെ എഡിറ്റര്‍' എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നയാളിന്റെ മുഖത്താരു ചെറു പുഞ്ചിരിയുണ്ടാകും. ഇടതു കൈ കൊണ്ടുള്ള ഹസ്തദാനം വിനോദ് മേത്തയെ അസ്വസ്ഥനാക്കിയിരുന്നു. എറെ താമസിയാതെ അദ്ദേഹം ഡബനിയര്‍ വിട്ടു.

വിനോദ് മേത്ത തളരുകയല്ല, വളരുകയായിരുന്നു. ആഴ്ചയില്‍ അവസാന ദിവസം മാത്രം ഇറങ്ങുന്ന ഒരു പത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിലെ പുതിയ ആശയം. വന്യവും ഭ്രാന്തവുമായി തോന്നാമെങ്കിലും ഇന്ത്യയില്‍ അധികമാരും ചിന്തിക്കാത്ത നൂതനാശയമായിരുന്നു അത്. പത്രവും മാസികയും ഒരുമിച്ചുനല്‍കുന്ന ഒരു ദിവസം മാത്രം പുറത്തുവരുന്ന പ്രസിദ്ധീകരണം. എന്നാല്‍ ഇങ്ങനെ  ചിന്തിച്ച മറ്റൊരാളുണ്ടായിരുന്നു, പത്രരംഗത്തെ കുലപതിയായ രാം നാഥ് ഗോയങ്ക. വിനോദ് മേത്തയുടെ പദ്ധതിയെ കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം വിനോദ് മേത്തയെ ബോംബെയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ടവറില്‍ വിളിച്ചുവരുത്തി. '' ഞാന്‍ അഞ്ച് വര്‍ഷം മുന്‍പ് ഇത് ആലോചിച്ചതാണ്,'' സണ്‍ഡേ പേപ്പര്‍ എന്ന തന്റെ മുന്നിലിരിക്കുന്ന ഫയല്‍ ചൂണ്ടികാണിച്ച് അദ്ദേഹം പറഞ്ഞു. ''ലാഭകരമാവില്ല,'' കണക്കുദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പായ 'സണ്‍ഡേ സ്റ്റാന്‍ഡേര്‍ഡി'ന്റെ എഡിറ്ററാകാന്‍ അദ്ദേഹം വിനോദ് മേത്തയെ ക്ഷണിച്ചു. പക്ഷേ, മേത്ത നിരസിച്ചു. ഗോയങ്ക പറഞ്ഞു,''താങ്കളുടെ ഞായറാഴ്ച പത്രം പരാജയപ്പെടുകയാണെങ്കില്‍ എന്നെ വന്നു കാണുക, ജോലി ഞാന്‍ തരാം.''

വിനോദ് മേത്തയുടെ സ്വപ്നമായ ഞായറാഴ്ച പത്രത്തിന് പണം മുടക്കാനെത്തിയത് അദ്ദേഹത്തിന്റെ പഴയ പ്രസാധകരായ ജെയ്‌കോ പബ്ലിഷിങ് ആയിരുന്നു. ജവഹര്‍ലാല്‍ നെഹറുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' പോലുള്ള പ്രശസ്ത കുതികള്‍ പ്രസിദ്ധീകരിച്ച പാരമ്പര്യമുള്ളവരാണ് ജെയ്‌കോ. ഉടമയായ അശ്വിന്‍ ഷാ ആശയത്തെ അനുകൂലിച്ചെങ്കിലും ഞായറാഴ്ച മാത്രമുള്ള പത്രത്തിന് പരസ്യം കിട്ടുമോയെന്ന ആശങ്ക ബാക്കിനിന്നു. എന്നാല്‍ പരസ്യരംഗത്തെ രണ്ട് ഉന്നതര്‍ ഈ ആശയത്തെ പിന്തുണച്ചതോടെ മേത്തയുടെ ഞായറാഴ്ച സ്വപ്നം സഫലമായി.

1981 ഓഗസ്റ്റ് 23, ഞായറാഴ്ച. 'സണ്‍ഡേ ഒബ്‌സര്‍വര്‍' ബോംബെയിലെ വായനക്കാരുടെ മുന്നിലെത്തി. 20 പേജുള്ള 75 പൈസ വിലയുള്ള മികച്ച ലേ ഔട്ടോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ പ്രതിവാര പത്രം. പരമ്പരാഗതമായ ഇന്ത്യന്‍ പത്രസങ്കല്‍പ്പത്തെ വിനോദ് മേത്ത മാറ്റിയെഴുതി. ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വിദേശവാര്‍ത്തകള്‍ക്കുവേണ്ടി ചെലവാക്കുന്ന തുക പോലുമില്ലായിരുന്നു സണ്‍ഡേ ഒബ്‌സര്‍വറിന്റെ മൊത്തം ബജറ്റ്. അബൂ ബ്രഹാമിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണായിരുന്നു ഒരു ഹൈലൈറ്റ്. ഖുഷ്വന്ത് സിങ്ങിന്റെ പ്രശ്‌സ്തമായ പംക്തി 'പകയോടെ' മറ്റൊരു ആകര്‍ഷണമായിരുന്നു.
ഇന്ത്യന്‍ പത്രലോകത്തെ ഗോല്യാത്തുമാരെ നേരിടുകയായിരുന്നു സണ്‍ഡേ ഒബ്‌സര്‍വര്‍ എന്ന് പറയാം. വിനോദ് മേത്തയെന്ന ദാവീദ് അതില്‍  ജയിച്ചു. സണ്‍ഡേ ഒബ്‌സര്‍വര്‍, ബോംബെയിലെ വായനക്കാര്‍ ഏറ്റെടുത്തു. 60,000 കോപ്പികള്‍ അക്കാലത്ത്  മോശമല്ലാത്ത പ്രചാരമായിരുന്നു.

സണ്‍ഡേ ഒബ്‌സര്‍വറിന്റെ ചില സ്‌കൂപ്പുകള്‍ രാജ്യത്ത് വന്‍ ചലനങ്ങളുണ്ടാക്കി. ധിരുഭായി അംബാനിയുടെ
റിലയന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ഇന്ത്യന്‍ എക്‌സ്പ്രസ് രംഗത്തെത്തിയപ്പോള്‍ അതിനെ ടൈംസ് ഓഫ് ഇന്ത്യ ശക്തിയായി പ്രതിരോധിച്ചിരുന്നു. പത്രത്തിന്റെ എഡിറ്ററായ ഗിരി ലാല്‍ ജെയിന്‍ അതിന് പ്രതിഫലമായി 30 ലക്ഷം രൂപയുടെ റിലയന്‍സ് ഓഹരികള്‍ കൈപ്പറ്റിയെന്ന എക്‌സ്‌ക്ലുസീവ് വാര്‍ത്ത സണ്‍ഡേ ഒബ്‌സര്‍റാണ് വായനക്കാരെ അറിയിച്ചത്.
അംബാനിയും ഗിരിലാല്‍ ജെയിനും പ്രതികരിക്കാന്‍ തയ്യാറായില്ല. അതോടെ സണ്‍ഡേ ഒബ്‌സര്‍വറിന്റെ വിശ്വാസ്വതയും ആധികാരികതയും ഉയര്‍ന്നു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബോംബെയിലെ നാഷണല്‍ സെന്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ഓഡിറ്റോറിയത്തെക്കുറിച്ചുള്ളതായിരുന്നു സണ്‍ഡേ ഒബ്‌സര്‍വറിന്റെ മറ്റൊരു വിവാദ സ്റ്റോറി. ഇന്ത്യന്‍ സംഗീതത്തെയും നാടകത്തെയും നൃത്തത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടാറ്റയുടെ ഒരു ട്രസ്റ്റ് നിര്‍മിച്ച ഓഡിറ്റോറിയം രൂപകല്‍പ്പന ചെയ്തത് രണ്ട് അമേരിക്കന്‍ വാസ്തുശില്‍പ്പികളായിരുന്നു. ചാള്‍സ് കൊറയേപ്പോലെ ഇന്ത്യയിലെ മികച്ച വാസ്തുശില്‍പ്പികളെ ഒഴിവാക്കി നിര്‍മിച്ച ഈ ഓഡിറ്റോറിയം ഇന്ത്യന്‍ കലാവതരണരീതികള്‍ക്ക് ഒട്ടും യോജിക്കാത്തതായിരുന്നു. ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ ഓഡിറ്റോറിയത്തിന്റെ പരിമിതികളെ എടുത്തുപറഞ്ഞ് നിശിതമായി വിമര്‍ശിച്ചു. ഇതെല്ലാം ഉള്‍ക്കൊളളിച്ച് 'സംസ്‌കാരത്തിന്റെ ശവകുടീരം' എന്ന തലവാചകത്തില്‍ 'സണ്‍ഡേ ഒബ്‌സര്‍വര്‍ ലേഖനം തയ്യാറാക്കി. ട്രസ്റ്റ് ഡയറക്ടറായ ജംഷഡ് ബാബ ഫോണില്‍ വിളിച്ച്  ലേഖനം വന്നാല്‍ ടാറ്റ ഗ്രൂപ്പിന്റെ ഒരു പരസ്യം പോലും ഇനി പത്രത്തിന് ലഭിക്കില്ലെന്ന് പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കി. ടാറ്റ ഗ്രൂപ്പിന്റെ വിരോധം സമ്പാദിച്ചാല്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം പത്രത്തിനെ ബാധിക്കുമെന്നതിനാല്‍ വിനോദ് മേത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. വിവാദ ലേഖനത്തോടൊപ്പം നാഷണല്‍ സെന്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ മറുപടി ലേഖനം കൂടി പത്രത്തില്‍ നല്‍കി. 'എന്റെ പത്രപ്രവര്‍ത്തനത്തിലെ ആദ്യ അനുഭവമാണത്. ഒട്ടും സുഖകരമായിരുന്നില്ല അത്,' എന്നായിരുന്നു ഇതേക്കുറിച്ച് വിനോദ് മേത്ത പിന്നീട് പറഞ്ഞത്.

സണ്‍ഡേ ഒബ്‌സര്‍വറിന്റെയും വിനോദ് മേത്തയുടെയും വിജയം പത്രലോകത്ത് ചില വന്‍മാറ്റങ്ങള്‍ക്ക് വഴിവച്ചു. പരമ്പരാഗതമായി വന്‍കിട വ്യവസായികള്‍ നടത്തിയിരുന്ന കുത്തകപ്പത്രങ്ങളുടെ മേധാവിത്തം പഴങ്കഥയായി. മറ്റ് വ്യവസായികളും പത്ര ബിസിനസിലേക്കുവരാന്‍ അത് കാരണമായി. റെയ്മണ്ട് ഗ്രൂപ്പ് ഉടമ വിജയ് പാഥ് സിഘാനിയയായിരുന്നു പത്രരംഗത്തേക്കുവന്ന ഇത്തരം ജനുസിലെ ആദ്യയാള്‍.

1987 ല്‍ എപ്രിലില്‍ സിഘാനിയയുടെ പത്രം 'ഇന്ത്യന്‍ പോസ്റ്റ്' പുറത്തുവന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ് നിഹാല്‍ സിങ്ങായിരുന്നു എഡിറ്റര്‍. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഇന്ത്യയിലെ ആദ്യ പത്രമായിരുന്നു ഇന്ത്യന്‍ പോസ്റ്റ്. സംവിധാനങ്ങളെല്ലാം മികച്ചതായിട്ടും ഇന്ത്യന്‍ പോസ്റ്റ് ദുരന്തമായി. പ്രാദേശിക വാര്‍ത്തയോടൊപ്പം ബള്‍ഗേറിയയിലെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് വായിക്കേണ്ടി വന്നപ്പോള്‍ വായനക്കാര്‍ പത്രത്തെ കൈയ്യൊഴിഞ്ഞു. താമസിയാതെ ഉടമസ്ഥശല്യം സഹിക്കാതെ നിഹാല്‍ സിങ് രാജിവച്ചു. പത്രത്തെ പുനഃരുജ്ജീവിപ്പിക്കാന്‍ സിഘാനിയ തേടിപ്പിടിച്ചത് വിനോദ് മേത്തയേയായിരുന്നു. കാരണം ലളിതം, സണ്‍ഡേ ഒബ്‌സര്‍വറിന്റെ വിജയഗാഥ മേത്തയെ പ്രശ്‌സ്തനാക്കിയിരുന്നു.

ടെലിഫോണോടുകൂടി താമസിക്കാന്‍ കൊള്ളാവുന്ന വസതി, കാര്‍, ഹെര്‍ക്കുലിസ് റമ്മില്‍നിന്ന് മുന്തിയ ഇന്ത്യന്‍ വിസ്‌കിയിലേക്കുള്ള മാറ്റം. നഗ്‌നചിത്രമാസികയുടെ എഡിറ്റര്‍ എന്നതില്‍നിന്ന് താന്‍ ഏറെ വളര്‍ന്നുവെന്നാണ് വിനോദ് മേത്ത ആ കാലത്തെ ഓര്‍മിച്ചത്. 1987 ഡിസംബര്‍ മൂന്നിന് പുതിയ രൂപഭാവവുമായി 'ഇന്ത്യന്‍ പോസ്റ്റ്' എന്ന തന്റെ രണ്ടാമത്തെ പത്രം വിനോദ് മേത്ത പുറത്തിറക്കി. ആദ്യ ദിനം പത്രത്തിന്റെ കൂടെ എഡിറ്റര്‍ വിനോദ് മേത്തയുടെ വായനക്കാര്‍ക്കായുള്ള ഒരു കത്തുണ്ടായിരുന്നു. പത്രത്തിന്റെ പുതിയ മുഖത്തെക്കുറിച്ചും വ്യത്യസ്തമായ ഉള്ളടക്കത്തെക്കുറിച്ചുമുള്ള ഹ്രസ്വമായ ഒരു കുറിപ്പായിരുന്നു അത്. ഒടുവില്‍ വിനോദ് മേത്ത വായനക്കാരോട് ഇങ്ങനെ പറഞ്ഞു: ''ഇന്ത്യന്‍ പോസ്റ്റ്, നിങ്ങള്‍ക്ക് വിജയകരവും പ്രൊഫഷണലായതുമായ ദിനപത്രം വാഗ്ദാനം ചെയ്യുന്നു, പത്രം തുറക്കുമ്പോള്‍ നിങ്ങളത് കണ്ടെത്തും.''

വിനോദ് മേത്തയെഴുതിയ എരിവും പുളിയും അല്‍പ്പം വസ്തുതയും കലര്‍ത്തിയെഴുതിയ 'പൊളിറ്റിക്കല്‍ ഡയറി' വന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ആറ് മാസം കൊണ്ട് ഇന്ത്യന്‍ പോസ്റ്റില്‍ വന്ന സ്‌കൂപ്പുകള്‍ കോളിളക്കം സൃഷ്ടിച്ചു. എല്‍.ടി.ടി.ഇയുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു അതിലൊന്ന്. 1987 ജൂലൈയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക കരാറിനെ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി രണ്ട് ലക്ഷം പൗണ്ട് നല്‍കിയെന്നായിരുന്നു വാര്‍ത്ത. 43 ദശലക്ഷത്തോളം രൂപ ജാഫ്‌നയില്‍ എല്‍.ടി.ടി.ഇക്ക് സഹായമായി നല്‍കിയെന്നും പത്രം പറഞ്ഞു. ശീലങ്കന്‍ ഹൈ കമ്മീഷണായ ജെ.എന്‍ ദീക്ഷതിനെ ഉദ്ധരിച്ച് വന്ന ഈ വാര്‍ത്തയോട് സര്‍ക്കാര്‍ പ്രതികരിച്ചില്ല.

രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ച സമയം. സെയില്‍ സിങ്ങ് രാജിവ് ഗാന്ധിക്കയച്ച ഒരു കത്ത് പുറത്തായത് വിവാദമായി. ഈ കത്ത് പ്രശസ്തനായ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ എസ്. മുള്‍ഗോക്കറാണ് രാഷ്ട്രപതിക്ക് എഴുതിക്കൊടുത്തതെന്ന വാര്‍ത്ത ഇന്ത്യന്‍ പോസ്റ്റിലൂടെയാണ് ലോകമറിഞ്ഞത്. അത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി.

ഒരിക്കല്‍ കൂടി വിനോദ് മേത്തയും അദ്ദേഹത്തിന്റെ പത്രവും അഗീകരിക്കപ്പെട്ടു. പ്രചാരത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മധ്യത്തില്‍ ഇന്ത്യന്‍ പോസ്റ്റ്  സ്ഥാനം നേടി. പത്രയുടമയായ വിജയ്പഥ് സിഘാനിയയുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയ എഡിറ്ററായിരുന്നു വിനോദ് മേത്ത. ഇന്ത്യന്‍ പോസ്റ്റിന്റെ വിജയത്തില്‍ സിഘാനിയ തൃപ്തനുമായിരുന്നു. എന്നാല്‍, ക്രമേണ സിഘാനിയക്കുമേല്‍ രാഷ്ട്രീയസമ്മര്‍ദമേറി. അക്കാലത്തെ രാഷ്ടീയപ്രമുഖരും വിശിഷ്ട വ്യക്തികളുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ, അമിതാഭ് ബച്ചന്‍, മുരളി ദിയോറ, ലളിത് സൂരി തുടങ്ങിയവരെക്കുറിച്ച് പത്രത്തിലെഴുതരുതെന്ന് എഡിറ്റര്‍ക്ക് പത്രയുടമയുടെ നിര്‍ദേശം ലഭിച്ചു. ശരദ് പവാര്‍ ഉള്‍പ്പടെ ചില ഉന്നതരെ തൊടരുതെന്ന സൂചനയും ഉണ്ടായി.

കാര്യങ്ങള്‍ പൊടുന്നന്നെ മാറിമറഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വായുദൂത് വിമാന കമ്പനിയുടെ ഡയറക്ടറായ ഹര്‍ഷവര്‍ദ്ധനെതിരെ പോസ്റ്റില്‍ വന്ന വാര്‍ത്തയെ ചോദ്യംചെയ്തുകൊണ്ട് സിഘാനിയ എഡിറ്റര്‍ക്ക് പ്രകോപനപരമായ ഒരു കത്തയച്ചു. 164 പേര്‍ കൊല്ലപ്പെട്ട വായുദൂതിന്റെ വിമാനാപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹര്‍ഷവര്‍ദ്ധന്‍ സ്ഥാനമൊഴിയണമെന്ന് ഇന്ത്യന്‍ പോസ്റ്റ് ആവശ്യപ്പെട്ടു. ഈ വാര്‍ത്തയായിരുന്നു ഉടമയുടെ പ്രകോപനം. (ഹര്‍ഷവര്‍ദ്ധനും സിഘാനയും അടുത്ത മിത്രങ്ങളായിരുന്നു) ഇത്തരം കാര്യങ്ങള്‍ വിനോദ് മേത്തയ്ക്ക് പരിചിതമല്ലായിരുന്നു. പത്രത്തിന്റെ നയം എഡിറ്ററുടെതാണെന്ന് വിശ്വസിച്ചിരുന്ന മേത്ത കൂടുതല്‍ വിശദീകരിക്കാനോ വാദിക്കാനോ നില്‍ക്കാതെ രാജിവച്ചു.

1989 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തുവന്ന ഏറ്റവും മനോഹരമായ ഡിസൈനുംലേ ഔട്ടുമുള്ള പത്രം എന്നറിയപ്പെട്ട 'ദി ഇന്‍ഡിപെന്‍ഡന്റ്' എന്ന ദിനപത്രവുമായി വിനോദ് മേത്ത പത്രലോകത്തെ അദ്ഭുതപ്പെടുത്തി

രണ്ട് വര്‍ഷത്തിനുശേഷം, 1989 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തുവന്ന ഏറ്റവും മനോഹരമായ ഡിസൈനും
ലേ ഔട്ടുമുള്ള പത്രം എന്നറിയപ്പെട്ട 'ദി ഇന്‍ഡിപെന്‍ഡന്റ്' എന്ന ദിനപത്രവുമായി വിനോദ് മേത്ത പത്രലോകത്തെ അദ്ഭുതപ്പെടുത്തി കൊണ്ട് രംഗത്തെത്തി. ഇത്തവണ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമ ബന്നറ്റ് കോള്‍മാനായിരുന്നു
വിനോദ് മേത്തയുടെ പുതിയ പത്രത്തിന്റെ ഉടമ. 1961 ല്‍ ഇക്കണോമിക്‌സ് ടൈംസ് ആരംഭിച്ചശേഷം 28 വര്‍ഷത്തിനുശേഷം ബന്നറ്റ് കോള്‍മാന്‍ തുടങ്ങിയ ആദ്യ പത്രമായിരുന്നു 'ദി ഇന്‍ഡിപെന്‍ഡന്റ്'. ഒരു ദശാബ്ദത്തില്‍ വിജയിച്ച മൂന്ന്  പത്രങ്ങളുടെ സ്ഥാപക എഡിറ്ററായി അദ്ദേഹം. പക്ഷേ ഇത്തവണ സംഭവങ്ങള്‍ അനുകൂലമല്ലായിരുന്നു.

ഒരു മാസം തികയും മുന്‍പ് മഹാരാഷ്ട്രയിലെ പ്രമുഖ നേതാവ് വൈ.ബി. ചവാന്‍ അമേരിക്കന്‍ ചാരനാണെന്ന് സമര്‍ത്ഥിക്കുന്ന, എട്ട് കോളം വാര്‍ത്ത ബാനര്‍ തലവാചകമായി ഇന്‍ഡിപെന്‍ഡന്‍ഡില്‍ വന്നത് വന്‍ വിവാദമായി. സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത ഇന്ത്യയില്‍ ബോംബെയുടെ മുഖ്യമന്ത്രിയും മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയുമൊക്കെയുമായിരുന്ന ചവാന്‍ മഹാരാഷ്ട്രയില്‍ അതികായനായ രാഷ്ട്രീയവിഗ്രഹമായിരുന്നു. സ്വാഭാവികമായും മഹാരാഷ്ട്രയില്‍ പൊട്ടിത്തെറിയുണ്ടായി. പത്രത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. രംഗം വഷളായി. ബന്നറ്റ് കോള്‍മാന്റെ ഓഫീസിലേക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായി. ടൈംസിന്റെ കെട്ടിടം കത്തിക്കുമെന്നുവരെ ഭീഷിണിയുയര്‍ന്നു. പ്രതിഷേധയോഗവും റാലികളും അരംഭിച്ചതോടെ ഉടമകളായ അശോക് ജെയിനും സമീര്‍ ജെയിനും പരിഭ്രാന്തരായി. ഒടുവില്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ആരംഭിച്ച് 29 ദിവസത്തിനുശേഷം എഡിറ്ററായ വിനോദ് മേത്ത രാജിവച്ചു. പത്രത്തില്‍ ക്ഷമാപണം പ്രസിദ്ധീകരിച്ച് ഉടമകള്‍ തലയൂരി.

1991 ല്‍ ഡല്‍ഹിയില്‍നിന്ന് പയനിയറിന്റെ എഡിറ്ററായി വിനോദ് മേത്ത ജോലിയാരംഭിച്ചു

ബോംബെയിലെ തന്റെ വിജയകരമായ പത്രപ്രവര്‍ത്തനം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ വിനോദ് മേത്ത തീരുമാനിച്ചു.
ഇത്തവണ അത് ഡല്‍ഹിയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നായ 'പയനീര്‍' ഥാപ്പര്‍ ഗ്രൂപ്പിന്റെ കൈവശമായിരുന്നു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഡല്‍ഹി പതിപ്പ് പുനരുദ്ധരിക്കാനായിരുന്നു ഉടമ ലളിത് മോഹന്‍ താപ്പറിന്റെ ശ്രമം. 1991 ല്‍ ഡല്‍ഹിയില്‍നിന്ന് പയനിയറിന്റെ എഡിറ്ററായി വിനോദ് മേത്ത ജോലിയാരംഭിച്ചു. പത്രത്തിന്റെ മട്ടിലും കെട്ടിലും മാറ്റം വരികയും പ്രചാരം ഉയരുകയും ചെയ്തു. ഥാപ്പറിന്റെ ബി ജെ പി രാഷ്ടീയം പത്രത്തിനെ സ്വാധീനിക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ് മേത്ത പയനിയറിനോട് യാത്ര പറഞ്ഞു.

1995 ല്‍ ജനുവരിയില്‍ ബോംബെയിലെ രാജന്‍ രഹീയ എന്ന വ്യവസായി വിനോദ് മേത്തയോട്  ചോദിച്ചു, ''ഒരു വാര്‍ത്താ മാസിക തുടങ്ങണമെന്നുണ്ട്. താല്‍പ്പര്യമുണ്ടോ?'' AK 47ല്‍നിന്ന് ഉതിരുന്ന വെടിയുണ്ട പോലെ മേത്ത മറുപടി പറഞ്ഞു,''' Yes Yes Yes ''പരമ്പരാഗതമായി ഉയര്‍ന്ന ശ്രേണിയിലുള്ള ബില്‍ഡിങ് നിര്‍മാണക്കാരായ ഒരു കുടുംബത്തില്‍നിന്ന് വന്ന രഹീയ സിമന്റ് വ്യവസായി കൂടിയായിരുന്നു. പ്രശസ്തമായ 'ഔട്ട്ലുക്ക്' വാരികയുടെ ആരംഭം അതായിരുന്നു.

ഇന്ത്യയിലെ മാസിക രംഗത്ത് ഏറ്റവും പ്രശസ്തരും ശക്തരുമായത് 'ഇന്ത്യാ ടുഡേ' ആയിരുന്നു

ഇന്ത്യയിലെ മാസിക രംഗത്ത് ഏറ്റവും പ്രശസ്തരും ശക്തരുമായത് 'ഇന്ത്യാ ടുഡേ' ആയിരുന്നു. 1975 ലെ അടിയന്തിരാവസ്ഥയിലാണ് ഇന്ത്യാ ടുഡേ അവതരിക്കുന്നത്. ഡല്‍ഹിയിലെ തോംസണ്‍ പ്രസിന്റെ ഉടമ അരുണ്‍പുരിയുടെ ഈ പ്രസിദ്ധീകരണം. ഇന്ത്യന്‍ പത്രരംഗത്തെ മാസിക ചരിത്രം മാറ്റിയെഴുതി. മനോഹരമായ അച്ചടി, അവതരണം, കളര്‍ ചിത്രങ്ങളോടുകൂടിയ ഉള്ളടക്കം. എതിരാളികളില്ലാതെ ഇന്ത്യന്‍ മാസികരംഗം പിടിച്ചടക്കിയ പ്രസിദ്ധീകരണമായിരുന്നു അത്.
എതിരാളികളല്ലാത്തതിനാല്‍ അലസമായി പുറത്തുവരുന്ന മാസികയായി അത് മാറിയിരുന്നു.

ആദ്യമായി ഒരു ന്യൂസ് വീക്കിലി എഡിറ്റ് ചെയ്യാന്‍ തയ്യാറായ വിനോദ് മേത്തയ്ക്ക് രാജ്യത്തിലെ മികച്ച ചില പത്രപ്രവര്‍ത്തകരെ തന്റെ ടീമിലേക്ക് ലഭിച്ചു. പുതിയൊരു പ്രസിദ്ധികരണത്തില്‍ ജോലി ചെയ്യാന്‍ അവരെല്ലാം ഉത്സുകരായിരുന്നു. തരുണ്‍ തേജ്പാല്‍, കാര്‍ട്ടൂണിസ്റ്റ് അജിത്ത് നൈനാന്‍ തുടങ്ങിയവര്‍ പുതിയ മാസികയിലെ താരങ്ങളായിരുന്നു. ജെ എന്‍. ദീക്ഷിത്തായിരുന്നു എഡിറ്റോറിയല്‍ ഉപദേശകന്‍. എല്ലാ വാര്‍ത്ത മാസികകളും അനുകരിക്കുന്ന ടൈം മാസികയുടെ രൂപം ഒഴിവാക്കിയാണ് ഔട്ട്‌ലുക്ക് രൂപം കൊണ്ടത്. കാശ്മീര്‍ പ്രശ്‌നം രൂക്ഷമായ കാലമായിരുന്നു. തീവ്രവാദം ആളിപ്പടരുകയും വിഘടന വാദം ഉച്ചസ്ഥായിയിലാവുകയും ചെയ്തു. ഔട്ട്‌ലുക്ക് ഒരു എജന്‍സി വഴി ജമ്മു കാശ്മീരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി. കാശ്മീര്‍ പ്രശ്‌നത്തിന് എന്താണ് പരിഹാരം എന്നതില്‍ ആ നാട്ടിലെ ജനതയുടെ അഭിപ്രായം തേടുകയായിരുന്നു ലക്ഷ്യം.

1995 ഒക്ടോബര്‍ 11ന് പുതിയ വാരികയുടെ ആദ്യ ലക്കം വായനക്കാരെ തേടിയെത്തി. '77 Percent, No Solution within Indian Constitution '  അതായിരുന്നു കവര്‍ സ്റ്റോറിയിലെ വാചകം. അഭിപ്രായ വോട്ടെടുപ്പിന്റെ ഭൂരിപക്ഷഫലമാണ് വാരികയിലൂടെ അറിയിച്ചത്. ഇതിനെതിരെ ആദ്യമായി പ്രതിഷേധമുയര്‍ത്തിയത് ശിവസേന തലവന്‍ ബാല്‍ താക്കറെയായിരന്നു. 'ദേശവിരുദ്ധ നടപടി' എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. വാരിക കത്തിക്കാന്‍ താക്കറെ തന്റെ അനുയായികളെ ആഹ്വാനം ചെയ്തു.

അതോടെ പുതിയ പ്രസിദ്ധീകരണം വാര്‍ത്തകളില്‍ നിറഞ്ഞു. ''ഒരു കോടി ചെലവാക്കിയാല്‍ കിട്ടാത്ത പ്രശസ്തി വാരികയ്ക്ക് ലഭിച്ചു. ഔട്ട്‌ലുക്ക് തന്റെ വിജയത്തിന് താക്കറെയോട് കടപ്പെട്ടിരിക്കുന്നു,'' വിനോദ് മേത്ത പറഞ്ഞു. ഔട്ട് ലുക്ക് വാരിക ഒരു ദശാബ്ദം കൊണ്ട് വിനോദ് മേത്തയുടെ കീഴില്‍ ഇന്ത്യയിലെ മികച്ച വാരികയായി ഉയര്‍ന്നു. ക്രിക്കറ്റ് വാതുവയ്പ് മുതല്‍ വീര സവര്‍ക്കര്‍ വരെ വിഷയങ്ങള്‍ ഇഴ കീറി വിശകലനം ചെയ്തു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഔട്ട്‌ലുക്കിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കപ്പെട്ടതായി മാറി. വിനോദ് മേത്തയുടെ പത്രപ്രവര്‍ത്തനത്തിലെ അവസാന സാഹസമായിരുന്നു ഇന്ത്യയിലെ മികച്ച മാസികയായി മാറിയ ഔട്ട്‌ലുക്ക്.

വിനോദ് മേത്ത അതിഭാവുകത്വവും വലിയ വാക്കുകളും ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ മുദ്രാവാക്യം പ്രസിദ്ധീകരണം രസകരമാക്കുക എന്നതായിരുന്നു. ഔട്ട്‌ലുക്കിന്റെ എഡിറ്റോറിയല്‍ ചെയര്‍മാനായിരിക്കെ 2015 മാര്‍ച്ച് എട്ടിന് എഴുപത്തി മൂന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. വിനോദ് മേത്ത തന്റെ ലേഖനങ്ങളുടെ ഒരു സമാഹാരം 'മിസ്റ്റര്‍ എഡിറ്റര്‍, ഹൗ ക്ലോസ് ആര്‍ യു ടു ദി പിഎം' എന്ന പേരില്‍ 2001 ല്‍ പ്രസിദ്ധീകരിച്ചു. 2011-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ 'ലഖ്നൗ ബോയ്' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 'ബോംബെ: ഒരു സ്വകാര്യ കാഴ്ച' (1971), 'മീന കുമാരി' (1972), 'ദ സഞ്ജയ് സ്റ്റോറി' (2012)'എഡിറ്റര്‍ അണ്‍പ്ലഗ്ഡ്' (2014). എന്നിവയാണ് മറ്റ് കൃതികള്‍.

മേത്ത ഒരു ടിവി പാനലിസ്റ്റ് കൂടിയായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്താ അവതാരകര്‍ അദ്ദേഹത്തെ ആദരിച്ചു. വിവിധ വിഷയങ്ങളില്‍ വിശകലനത്തിനായി ടെലവിഷന്‍ അവതാരകര്‍ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പത്രലോകത്ത് മാനിക്കപ്പെട്ടു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ അവസാനത്തെ മഹാനായ എഡിറ്റര്‍ എന്ന് തീര്‍ച്ചയായും വിനോദ് മേത്തയെ  വിശേഷിപ്പിക്കാം.

logo
The Fourth
www.thefourthnews.in