പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?

സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഐക്യവും സഖ്യവും എങ്ങനെയാണ് കഷ്ടിച്ച് ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുകയെന്നാണ് ഇന്ത്യമുന്നണിയിലെ കക്ഷികള്‍ ചോദിക്കുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഒരു സെമി ഫൈനലായിട്ടാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. മിസോറാം, ചത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഒരുമാസം മുമ്പായിരുന്നു മുംബൈയിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ മുന്നണി'യുടെ മൂന്നാം യോഗം ചേർന്നത്. ഈ യോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാനും സീറ്റുകളിൽ പരസ്പര ധാരണകളോടെ മത്സരിക്കാനുമായിരുന്നു തീരുമാനമായത്. ബിജെപിക്കെതിരെ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി മുന്നോട്ട് പോകാനും സഖ്യം തീരുമാനത്തിലായിരുന്നു. 26 പാർട്ടികളുള്ള സഖ്യം രൂപീകരിച്ച് ഒരുമാസം കഴിയുന്നതിന് മുമ്പ് തന്നെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മുന്നണിയായി പാർട്ടികൾ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് നിരാശയായിരുന്നു ഫലം.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
സമാജ്‌വാദി പാർട്ടി 'ഇന്ത്യ' മുന്നണിയിൽനിന്ന് പിന്മാറുന്നുവോ? ചർച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്

കോൺഗ്രസിനെതിരെ പരസ്യമായി സഖ്യകക്ഷികളിൽ ഒന്നായ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് എത്തുകയും ചെയ്തു. ഏറ്റവുമൊടുവിൽ ഇന്ത്യ മുന്നണിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷനായിരുന്ന നിതീഷ് കുമാറും കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യമുണ്ടാക്കിയില്ലെന്ന് മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യമുണ്ടാക്കിയതെന്ന തരത്തിൽ കോൺഗ്രസ് പ്രസ്താവനകൾ നടത്തുകയും ചെയ്തു. ഇതിന് പുറമെ ഇന്ത്യമുന്നണി നിസ്സഹകരണം തീരുമാനിച്ച മാധ്യമപ്രവർത്തകയ്ക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് അഭിമുഖം നൽകുകയും ചെയ്തതും മുന്നണിയിൽ ആശയകുഴപ്പമുണ്ടാക്കുകയും ചെയ്തു.

സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഐക്യവും സഖ്യവും എങ്ങനെയാണ് കഷ്ടിച്ച് ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുകയെന്നാണ് പാർട്ടികൾ ചോദിക്കുന്നത്

കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണെന്നും സഖ്യത്തിനെക്കാൾ അതിലാണ് അവർക്കിപ്പോൾ കൂടുതൽ താൽപ്പര്യമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. ഇതിന് പിന്നാലെ സഖ്യത്തിലെ മറ്റു പാർട്ടികളും കോൺഗ്രസിനെതിരെ പരസ്യപ്രതിഷേധം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പ്രതിപക്ഷ ഐക്യത്തെക്കാൾ സ്വന്തം നേട്ടമാണ് കോൺഗ്രസ് നോക്കുന്നതെന്നാണ് സഖ്യകക്ഷികൾ ആരോപിക്കുന്നത്.

സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഐക്യവും സഖ്യവും എങ്ങനെയാണ് കഷ്ടിച്ച് ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുകയെന്നാണ് പാർട്ടികൾ ചോദിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങൾക്കെല്ലാം കാരണം കോൺഗ്രസിന്റെ സഹകരണം ഇല്ലായ്മയാണെന്നും പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നവംബറിൽ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ രാജസ്ഥാനിലും തെലങ്കാനയിലും മാത്രമാണ് കോൺഗ്രസ് മുന്നണിയായി മത്സരിക്കുന്നത്. അതാകട്ടെ സഖ്യ കക്ഷിക്ക് ഒരു സീറ്റ് മാത്രമാണ് നൽകിയത്.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
പ്രാദേശിക പാർട്ടികൾ നിർണായകമാകുന്ന മധ്യപ്രദേശ്; കച്ചമുറുക്കി കോൺഗ്രസും ബിജെപിയും

പരസ്യവിമർശനം, തർക്കം, മധ്യപ്രദേശിൽ പാളിയ ചർച്ചകൾ

ഇന്ത്യ മുന്നണിയിൽ ഏറ്റവും വലിയ തർക്കവും പരസ്യവിമർശനവും നടന്നത് മധ്യപ്രദേശിലാണ്. മുൻ മുഖ്യമന്ത്രി കമൽനാഥാണ് കോൺഗ്രസിന്റെ പ്രധാന സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി മര്യാദകൾ പാലിച്ചുകൊണ്ട് സീറ്റുകളിൽ തീരുമാനം ഉണ്ടാകുമെന്നായിരുന്നു വിവിധ പാർട്ടികൾ വിലയിരുത്തിയിരുന്നത്. കോൺഗ്രസിന് പുറമെ ഇന്ത്യ മുന്നണിയിൽ ഉണ്ടായിരുന്ന സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ എന്നിവയാണ് സംസ്ഥാനത്ത് ശക്തിയുള്ള പാർട്ടികൾ. സംസ്ഥാനത്തെ സീറ്റുകളിൽ കോൺഗ്രസ് നീക്കുപോക്കുകൾ ഉണ്ടാക്കുമെന്നും പരസ്പര ധാരണകൾ ഉണ്ടാകുമെന്നുമായിരുന്നു മുന്നണിയിലെ പാർട്ടികളുടെ പ്രതീക്ഷകൾ. എന്നാൽ ഇത് അസ്ഥാനത്തായി എന്നുമാത്രമല്ല 230 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

രൂക്ഷമായ വിമർശനമാണ് അഖിലേഷ് യാദവ് കോൺഗ്രസിന്റെ നടപടികൾക്കെതിരെ നടത്തിയത്. കോൺഗ്രസ് ചതിയുടെയും കുതന്ത്രങ്ങളുടെയും പാർട്ടിയാണെന്നും ഞങ്ങളെ ചതിക്കാമെങ്കിൽ ആരെയും ചതിക്കാനാകുമെന്നുമായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചർച്ചകൾ പരാജയപ്പെട്ടതോടെ തങ്ങൾക്ക് ശക്തിയുള്ള പരമാവധി സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടികൾ തീരുമാനിക്കുകയും ചെയ്തു.

കമൽനാഥ്
കമൽനാഥ്

ഒടുവിലത്തെ കണക്കുകൾ പ്രകാരം കോൺഗ്രസ് 230 സീറ്റുകളിൽ മത്സരിക്കുമ്പോൾ സമാജ്‌വാദി പാർട്ടി 80 സീറ്റുകളും ആം ആദ്മി പാർട്ടി 60 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. സിപിഎം 4 സീറ്റുകളിലും സിപിഐ 9 സീറ്റുകളിലും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്. 10 സ്ഥാനാർത്ഥികളെ ജെഡിയു പ്രഖ്യാപിക്കുകയും ചെയ്തു. ഈ കണക്കുകൾ പ്രകാരം 92 സീറ്റുകളിലാണ് നിലവിൽ ഇന്ത്യ മുന്നണി മധ്യപ്രദേശിൽ പരസ്പരം മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് തോറ്റ 9 സീറ്റുകളും ഇതിൽപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.13 ശതമാനമായിരുന്നുവെന്നതും മത്സരം കടുപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ബിഎസ്പി അടക്കമുള്ള പാർട്ടികൾ പിടിക്കുന്ന വോട്ടുകളും സംസ്ഥാനത്ത് നിർണായകമാകൂം.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
എബിപി-സീ വോട്ടര്‍ സര്‍വേ: മധ്യപ്രദേശും ഛത്തിസ്ഗഡും കോണ്‍ഗ്രസിന്, രാജസ്ഥാന്‍ ബിജെപിക്ക്, തെലങ്കാനയില്‍ ബിആര്‍എസ് തന്നെ

മത്സരം കടുത്ത രാജസ്ഥാൻ, ശക്തികാണിക്കാൻ ഇടതുപാർട്ടികളും

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മൂന്ന് ശക്തികളാണ് പ്രധാനമായും രാജസ്ഥാനിൽ മത്സരിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും പുറമെ ലോക് താന്ത്രിക് പാർട്ടിയും സംസ്ഥാനത്ത് മുന്നണി രൂപീകരിക്കുകയും ശക്തമായ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട്.

അശോക് ഗഹലോട്ട് തന്നെയാണ് രാജസ്ഥാനിലെ കോൺഗ്രസിന്റെ താരസ്ഥാനാർത്ഥി. ബിജെപിക്ക് അകത്ത് തർക്കങ്ങൾ രൂക്ഷമാണ്. എന്നാൽ ഈ തർക്കത്തെ മുതലെടുക്കാൻ കോൺഗ്രസിന് ആവില്ലെന്നാണ് വിലയിരുത്തലുകൾ. അതേസമയം തർക്കങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും സച്ചിൻ പൈലറ്റിന്റെ പിണക്കം കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. വസുന്ധരരാജെ സിന്ധ്യയാണ് ബിജെപിക്ക് ആഭ്യന്തര രാഷ്ട്രീയത്തില്‍ വെല്ലുവിളിയാകുന്നത്.

അശോക് ഗെഹ്ലോട്ട്
അശോക് ഗെഹ്ലോട്ട്

200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമസഭയിൽ 199 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളുമാണ് (ആർഎൽഡി) മുന്നണിയായി മത്സരിക്കുന്നത്. ഇടത് പാർട്ടികൾക്ക് കൂടി ശക്തിയുള്ള രാജസ്ഥാനിൽ പക്ഷെ സീറ്റുകളിൽ ഐക്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇതോടെ 17 സീറ്റുകളിൽ സിപിഎമ്മും 12 സീറ്റുകളിൽ സിപിഐയും രാജസ്ഥാനിൽ മത്സരിക്കും 86 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്.

ബിജെപിക്കും കോൺഗ്രസിനും ഭീഷണിയായി 130 ലോക് താന്ത്രിക് പാർട്ടിയും ആസാദ് സമാജ് പാർട്ടി (കാൻഷിറാം)യും സഖ്യമായി മത്സരിക്കുന്നുണ്ട്. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ഇതിന് പുറമെ 2018 ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയും രണ്ട് സീറ്റ് വിജയിക്കുകയും ചെയ്ത ഭാരതീയ ട്രൈബൽ പാർട്ടി 9 സീറ്റുകളിൽ സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്. ബിടിപിയുടെ മത്സരം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല സീറ്റുകളിലും കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി വിലയിരുത്തിയിരുന്നു.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
ദേശീയതലത്തിൽ ജാതി സെൻസസിനൊപ്പം, ഇവിടെ 'റെഡ്ഡി പാർട്ടി'; ഫലിക്കുമോ തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് തന്ത്രം?

മൂന്ന് 'ദേശീയ' പാർട്ടികളുടെ മത്സരം, തെലങ്കാനയിൽ എന്താവും വിധി ?

അഭിമാനപോരാട്ടമായി ഭരണകക്ഷിയായ ബിആർഎസും, കോൺഗ്രസും ബിജെപിയും കാണുന്ന തിരഞ്ഞെടുപ്പാണ് തെലങ്കാനയിലേത്. ഭരണ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് ഉന്നം വെയ്ക്കുന്നത്. കർണാടക ആവർത്തിച്ച് ഭരണത്തിൽ ഏറാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അട്ടിമറിയിലൂടെ ഭരണം നേടാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്.

കടുത്ത ത്രികോണ മത്സരം നടക്കുന്ന തെലങ്കാനയിൽ പക്ഷെ സഖ്യകക്ഷികളെ കൂട്ടാൻ കോൺഗ്രസ് തയ്യാറായില്ല. ഇടതുപാർട്ടികൾക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന. എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷവും ഐക്യത്തിലെത്താൻ സിപിഎമ്മിനും കോൺഗ്രസിനും സാധിച്ചില്ല. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള വൈര, മിരിയാലഗുഡ സീറ്റുകളായിരുന്നു പ്രധാനമായും സിപിഎം കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. ഇതിന് പുറമെ തമ്മിനേനി, പാലയർ, ഭദ്രാചലം സീറ്റുകളും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറായില്ല.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
'ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ല, കോണ്‍ഗ്രസിന് മികച്ച അടിത്തറ'; സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പ്രഖ്യാപിക്കുകയായിരുന്നു. ഇടതുമുന്നണിയിലെ സിപിഐക്ക് കോതഗുഡെം, ചേന്നൂർ സീറ്റുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നതായി സിപിഐ വ്യക്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ കോതഗുഡെം സീറ്റ് സിപിഐയ്ക്ക് നൽകിയ കോൺഗ്രസ് മുന്നണിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

119 സീറ്റുകൾ ഉള്ള തെലങ്കാനയിൽ 117 സീറ്റുകളിലാണ് നിലവിൽ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ ഒരു സീറ്റ് സിപിഐ ആണ് മത്സരിക്കുന്നത്. 19 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 5000 മുതൽ 10000 വരെ ഉറച്ച വോട്ടുകൾ സിപിഎമ്മിന് പല മണ്ഡലങ്ങളിലുമുണ്ട്. തൂക്കുമന്ത്രി സഭയ്ക്കാണ് തെലങ്കാനയിൽ സാധ്യതയെന്നാണ് പുറത്തുവന്ന അഭിപ്രായസർവേകൾ പറയുന്നത്. ഇതിൽ നേരിയ മുൻ തൂക്കം കോൺഗ്രസിനാണ്. പക്ഷെ ഇടതുപാർട്ടികളുടെ പിണക്കുന്നതോടെ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വലിയ വെല്ലുവിളികൾ ഉയരാനും സാധ്യതയുണ്ട്. ഇതിന് പുറമെ ഉവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ ) പാർട്ടിയും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
മൂന്നാമൂഴം ചന്ദ്രശേഖറാവുവിന് അന്യമോ? തെലങ്കാനയില്‍ 'കര്‍ണാടക' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ആപ്പും ഇടതുമുന്നണികളും കൂടെ ഇഡിയും, എളുപ്പമാകില്ല കോൺഗ്രസിന് ചത്തീസ്ഗഡ്

ഇടതുപക്ഷത്തിനും ഇടതുപക്ഷ ആശയത്തിനും ശക്തമായ വേരോട്ടം ഉള്ള സംസ്ഥാനമാണ് ചത്തീസ്ഗഡ്. ഭരണതുടർച്ചയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനിടെയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണം പുറത്തുവന്നത്. കേസിൽ ഇഡി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്തെ ഈ നടപടി കോൺഗ്രസിനെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
മഹാദേവ് ബെറ്റിങ് ആപ്പില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്ന് ഇഡി; ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കുരുക്കില്‍

90 സീറ്റുകളിലും കോൺഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി 57 സീറ്റുകളിലും ഇടതുമുന്നണി 19 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇതിന് പുറമെ ബിഎസ്പി സഖ്യവും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് പാർട്ടിയും സംസ്ഥാനത്ത് കനത്ത മത്സരം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണി മത്സരിക്കുന്ന 19 സീറ്റുകളിൽ 16 സീറ്റിൽ സിപിഐയും 3 സീറ്റുകളിൽ സിപിഎമ്മും മത്സരിക്കുന്നു.

നാല് ഘട്ടങ്ങളിലായി നടന്ന അഭിപ്രായവോട്ടെടുപ്പുകളിൽ എല്ലാം തന്നെ കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ നിലവിൽ 71 സീറ്റുകൾ ഉള്ള കോൺഗ്രസിന് 45 മുതൽ 55 സീറ്റുകൾ വരെ മാത്രമേ നേടാനാകുവെന്നാണ് സർവേ ഫലം. ഇതിനിടെയാണ് ഇഡിയുടെ അന്വേഷണമെന്നതും ശ്രദ്ദേയമാണ്.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്

അത്ഭുതങ്ങൾ സംഭവിക്കുമോ മിസോറാമിൽ ?

പ്രാദേശിക പാർട്ടികൾക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനമാണ് മിസോറാം. 40 മണ്ഡലങ്ങൾ ഉള്ള മിസോറാമിൽ സോറം തംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണൽ ഫ്രണ്ട് ആണ് ഭരണത്തിൽ ഇരിക്കുന്നത്. ബിജെപി 23 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 40 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 4 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മത്സരിക്കുന്നു. സോറാം പീപ്പിൾസ് മൂവ്മെന്റ്ും 40 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. മണിപ്പൂർ കലാപത്തിന് പിന്നാലെ നടക്കുന്ന മിസോറാം തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതകളാണ് അഭിപ്രായസർവേകൾ പറയുന്നത്. കോൺഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും സർവേ പറയുന്നുണ്ട്.

പുത്തരിയില്‍ കല്ലുകടിച്ച് 'ഇന്ത്യ'; സംസ്ഥാനങ്ങളിൽ സാധ്യമാകാത്ത സഖ്യം ദേശീയതലത്തിൽ നടക്കുമോ?
മൂന്നരപ്പതിറ്റാണ്ടിന് ശേഷം മിസോറാമില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

ഇന്ത്യ മുന്നണി ഭാവിയെന്ത് ?

വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും ഉത്തർപ്രദേശിൽ തങ്ങൾ മുന്നണി മര്യാദകൾ പാലിക്കുമെന്നാണ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്. നിതീഷ് കുമാർ വിമർശനമുന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിതീഷ് കുമാറിനെ സന്ദർശിക്കുകയും ഇന്ത്യ മുന്നണിയുടെ യോഗങ്ങളിൽ തീരുമാനിച്ച പ്രകാരമുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.

മുംബൈയിൽ വെച്ച് നടന്നിരുന്ന ഇന്ത്യമുന്നണി യോഗത്തിൽ സഖ്യകക്ഷികൾ ഏല്ലാം ഒരുമിച്ച് ഒരു റാലി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായിരുന്നു. ഒക്ടോബറിൽ മധ്യപ്രദേശിൽ വെച്ച് റാലി സംഘടിപ്പിക്കാനായിരുന്നു യോഗ തീരുമാനം എന്നാൽ പിന്നീട് ഈ തീരുമാനം നടപ്പായില്ല. മധ്യപ്രദേശിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കമൽനാഥിന്റെ എതിർപ്പ് മൂലമാണ് തീരുമാനം മാറ്റിയെതെന്നാണ് പുറത്തുവരുന്ന ആരോപണം. ലോക്സഭാ സീറ്റ് വിഭജനത്തിലും ഇന്ത്യ മുന്നണിയിലെ ചർച്ചകൾ പൂർത്തിയായിരുന്നില്ല.

ഇതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലോക്സഭാ സീറ്റ് വിഭജന വിഷയത്തിൽ ഇന്ത്യൻ സഖ്യം മുന്നോട്ട് പോകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ഏകകണ്ഠമായി ഒന്നിച്ചതിനാൽ എല്ലാത്തരം പ്രശ്‌നങ്ങളും ചർച്ചയിലൂടെ സഖ്യത്തിനുള്ളിൽ പരിഹരിക്കുമെന്നുമായിരുന്നു രാജ പറഞ്ഞത്.

നവംബർ 30 നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ അവസാനഘട്ടം. ഡിസംബർ 3 ന് തിരഞ്ഞെടുപ്പുകളിലെ ഫലം പ്രഖ്യാപിക്കും ഇതിന് പിന്നാലെ തന്നെ ലോക്‌സഭയിലെക്കുള്ള തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളിലേക്കും ചർച്ചകളിലേക്കും ഇന്ത്യ മുന്നണി കടക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in