ചരിത്രം മറന്ന സിപിഎം

സിപിഎം നയം മാറ്റിയിട്ടില്ല എന്ന് ഒരുദിവസം എം വി ഗോവിന്ദൻ പറഞ്ഞാൽ മാഞ്ഞു പോകുന്നതാണോ ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തിനും സ്വയംഭരണ കോളേജുകൾക്കുമെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങൾ?

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന് കരുത്തേകാൻ വിദേശ സർവകലാശാല ക്യാമ്പസുകളും സ്വകാര്യ സർവകലാശാലകളും അവതരിപ്പിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിക്കുമ്പോൾ, ഒരുപാട് കാലം മുമ്പത്തേതൊന്നുമല്ല, സിപിഎമ്മിന്റെ കഴിഞ്ഞ പത്തുവർഷത്തെ സമരചരിത്രമാണ് ചെറുതായി ഓർമിപ്പിക്കാനുള്ളത്.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട സിപിഎം നയം മാറ്റിയിട്ടില്ല എന്ന് ഒരുദിവസം എം വി ഗോവിന്ദൻ പറഞ്ഞാൽ മാഞ്ഞു പോകുന്നതാണോ ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തിനും സ്വയംഭരണ കോളേജുകൾക്കുമെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങൾ? പാർട്ടി ക്ലാസുകളിൽ താത്വിക വിശദീകരണങ്ങൾ നൽകുന്ന എം വി ഗോവിന്ദന് മനസിലാക്കാനും വിശദീകരിക്കാന് സാധിക്കാത്ത തരത്തിൽ നയമാറ്റം നടത്തി എന്നത് ഈ സർക്കാരിന് ഒരു നേട്ടമായി കണക്കാക്കാവുന്നതാണ്.

പത്ത് വർഷം മുമ്പത്തെ ചരിത്രം നിങ്ങൾക്ക് ഓർക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കഴിഞ്ഞ വർഷത്തെ ചരിത്രം ഓർമ്മിപ്പിക്കാം. 2023 ജനുവരി 7 ന് സിപിഎം പോളിറ്റ്ബ്യുറോ പാസാക്കിയ ഒരു പ്രമേയമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന്റെ തുടർച്ചയിൽ അതിനുള്ളമാർഗ നിർദേശം യുജിസി പുറത്തിറക്കുന്നത് കഴിഞ്ഞ വർഷമാണ്. ആ നിർദേശങ്ങളെ എതിർത്തുകൊണ്ട് പോളിറ്റ്ബ്യുറോ പാസാക്കിയ പ്രമേയം കേരളത്തിലെ സിപിഎം ആവർത്തിച്ച് വായിക്കുന്നത് നന്നാകും.

സ്വകാര്യ സർവകലാശാലകൾ സജീവമാകുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ സവർണ്ണ സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉയർന്ന ഫീസ് നല്കാൻ സാധിക്കാത്തതുമൂലം ഇതിന്റെ പ്രശ്നങ്ങൾ അനുഭവിക്കാൻ പോകുന്നത് സാമ്പത്തിക അസമത്വം നേരിടുന്ന വിദ്യാര്‍ഥികളായിരിയ്ക്കുമെന്നും ഈ പ്രമേയം ചൂണ്ടിക്കാണിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും 90 ദിവസം നീണ്ടു നിൽക്കുന്ന അപ്പ്രൂവൽ പ്രോസസ്സ് നിർബന്ധമാക്കുന്നതിലൂടെ സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന പലരും പുറംതള്ളപ്പെടാൻ സാധ്യതയുണ്ട് എന്ന കാര്യവും ഈ പ്രമേയം ഉൾക്കൊള്ളുന്നുണ്ട്.

ചരിത്രം മറന്ന സിപിഎം
നയം മാറ്റത്തിന്റെ 'സൂര്യോദയം'; ബജറ്റിൽ പ്രതിഫലിക്കുന്ന ഇടതുപരിണാമം

സ്വകാര്യവത്കരണത്തിലൂടെയും വിദേശ സർവകലാശാല ക്യാമ്പസുകളുടെ കടന്നുവരവിലൂടെയും ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിൽ വരാൻ പോകുന്ന മാറ്റത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊണ്ടതായിരുന്നു ആ പ്രമേയം. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് കേരളത്തിലെ ഇടതുപക്ഷത്തിന് വായിച്ചിട്ട് മനസിലാകുന്നില്ല. വിദേശസർവകലാശാല ക്യാമ്പസുകൾ അവതരിപ്പിക്കുന്നതിലൂടെ വിദേശത്ത് നിന്ന് കുട്ടികളെ കേരളത്തിലേക്കെത്തിക്കാൻ സാധിക്കും എന്നതിനപ്പുറം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ ഇവിടെ തന്നെ നിലനിർത്തനാകും എന്ന വിശ്വാസമാണ് കെ എൻ ബാലഗോപാൽ പ്രകടിപ്പിക്കുന്നത്.

വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ മുഴുവൻ ഇങ്ങോട്ട് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷ നല്ലതു തന്നെ. ആളുകൾ വിദേശത്തേക്ക് പോകുന്നത് സർവകലാശാലകളുടെ പേരുകേട്ടുമാത്രമാണോ എന്ന് നമ്മൾ വേറെ ചിന്തിക്കണം. പക്ഷെ വിദേശ സർവകലാശാലകളും സ്വകാര്യ സ്ഥാപനങ്ങളും ഇവിടെ അവതരിപ്പിക്കുന്നതിലൂടെ സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ തീവ്രത നിങ്ങൾക്കിനിയും മനസിലാകാത്തതാണോ അങ്ങനെ നടിക്കുന്നതാണോ?

കുട്ടികളുടെ സാംസ്കാരിക സാമൂഹിക പിന്നോക്കാവസ്ഥകൾ ഉൾക്കൊണ്ട് രൂപപ്പെടുത്തിയ പൊതുവിദ്യാഭാസ വ്യവസ്ഥയിൽ നിന്ന് പോലും അരികുവത്കരിക്കപ്പെട്ട വിദ്യാർഥികൾ പുറന്തള്ളപ്പെടുന്ന കാലത്ത് നിങ്ങൾ ആരെ മനസ്സിൽ കണ്ടാണ് വലിയ ഫീസുകൾ ഈടാക്കുന്ന വിദേശ സർവകലാശാലകളെ അവതരിപ്പിക്കുന്നത്?

ഒരു സംഭവം കൂടി നിങ്ങളെ ഓർമ്മപ്പെടുത്താം. 2016ൽ നടന്ന ഒരു സംഭവം. അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും മുൻ ഇന്ത്യൻ അംബാസഡറുമായ ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാർ കയ്യേറ്റം ചെയ്ത സംഭവം. അത് നിങ്ങൾക്ക് ഓർമ്മയുണ്ടോ?

ആഗോള വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പക്ഷെ എസ്എഫ്ഐക്കാർക്ക് അത് പെട്ടന്ന് മറക്കാൻ സാധിക്കില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എസ്എഫ്ഐക്ക് പറയേണ്ടി വരുന്നത്. 90കളിൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും, 2001ൽ എകെ ആന്റണി പ്രൊഫഷണൽ കോഴ്സുകൾ സ്വാശ്രയ മേഖലയിൽ അവതരിപ്പിച്ചപ്പോഴും പിന്നീട് ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ സർക്കാർ എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകാൻ തീരുമാനിച്ചപ്പോഴും നടത്തിയ സമരങ്ങൾ തൂത്താലോ മായ്ച്ചാലോ ഇല്ലാതാകുമോ. സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി സംഘടനകൾ നേരിടുന്ന നിരോധനത്തെ മറികടക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്ന് അത്രശക്തിയോടെയൊന്നുമല്ലെങ്കിലും ഇപ്പോഴും ആവശ്യപ്പെടുന്ന സംഘടനയാണ് എസ്എഫ്ഐ എന്നുകൂടി ഇതിനോടനുബന്ധിച്ച് സ്മരിക്കാം

വിദേശ സർവകലാശാല കാമ്പസുകളിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും സംവരണതത്വങ്ങൾ അംഗീകരിക്കാത്ത, വിദ്യാർത്ഥി സംഘടനകൾ ഇല്ലാത്ത കിണാശേരിയാണോ നിങ്ങൾ സ്വപ്നം കാണുന്നത്? അതിനാണോ എസ്എഫ്ഐയും വഴങ്ങാൻ പോകുന്നത്?

എസ്എഫ്ഐക്ക് പിടിച്ചു നിൽക്കാൻ വേണമെങ്കിൽ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞ ക്ലാസിക് സ്റ്റേറ്റ്മെന്റുപയോഗിക്കാവുന്നതാണ്. അതിങ്ങനെയാണ്. "അതിവേഗം ലിബറൽ നയങ്ങൾ നടപ്പിലാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടമുണ്ടാകരുത്. അതുകൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുന്നത്." നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിൽ വലിയ പ്രശ്നമൊന്നുമില്ല പക്ഷെ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരെ, പൊതുയോഗം, ജാഥ, പന്തം കൊളുത്തി പ്രകടനം എന്നിങ്ങനെ നിങ്ങൾ നടത്തിയ പരിപാടികളുടെ പഴയ ബാനറുകൾ സിപിഎം ഓഫീസുകളിൽ തപ്പിയാൽ കാണാൻ സാധിക്കും. പറ്റുമെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കുകയെങ്കിലും ചെയ്യണം. ഇല്ലെങ്കിൽ സ്വപ്നങ്ങളിലെങ്കിലും അതിന്റെ ഓർമ്മകൾ വന്നു തികട്ടും. ഒരുദിവസം കഴിഞ്ഞ് ബോധോദയമുണ്ടായതുകൊണ്ടായിരിക്കണം, ബജറ്റ് പ്രഖ്യാപനയത്തിൽ അവസാന തീരുമാനമെടുത്തിട്ടില്ല എന്ന് മന്ത്രിക്കു പറയേണ്ടി വന്നത്.

ചരിത്രം മറന്ന സിപിഎം
ബൃന്ദാ കാരാട്ട് പറയുന്ന റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിങ്ങളുടേതായിരുന്ന എല്ലാ നിലപാടുകളെയും കീഴ്മേൽമറിച്ച്, ഇടതുപക്ഷത്തിന്റെ ബാധ്യതയെന്നു കരുതിയിരുന്ന മൂല്യങ്ങളെല്ലാം മറന്ന് പുതിയ നിലപാടെടുക്കുമ്പോൾ നേരത്തെ എടുത്ത നിലപാടുകൾക്ക് കടകവിരുദ്ധമാണത് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ മറവി ബാധിച്ച സിപിഎമ്മിൽ നിന്ന് ഇനിയെന്തെല്ലാം പ്രതീക്ഷിക്കണം എന്നാണ് പിടി കിട്ടാത്തത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in