ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്; നേട്ടം പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചതിന്

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്; നേട്ടം പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചതിന്

പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്‌, ആൻ ലുലിയെ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്

ഭൗതികശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേർക്ക്. പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്‌, ആൻ ലുലിയെ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം.

ഉത്കൃഷ്ട വാതകങ്ങളി(നിറമോ ഗന്ധമോ ഇല്ലാത്ത വാതകം)ലൂടെ ഇൻഫ്രാറെഡ് ലേസർ പ്രകാശം പ്രക്ഷേപണം ചെയ്തപ്പോൾ പ്രകാശത്തിന്റെ വിവിധ ഓവർടോണുകൾ ഉയർന്നുവന്നതായി 1987-ൽ ആൻ ലുലിയെ കണ്ടെത്തി. ലേസർ ലൈറ്റിലെ ഓരോ ചക്രത്തിനും നിശ്ചിത എണ്ണം സൈക്കിളുകളുള്ള പ്രകാശ തരംഗമാണ് ഓരോ ഓവർടോണുകളും. ലേസർ പ്രകാശം വാതകത്തിലെ ആറ്റങ്ങളുമായി ഇടപഴകുന്നതാണ് ഇതിന് കാരണമാകുന്നത്. ആൻ ലുലിയെ ഈ പ്രതിഭാസം പര്യവേക്ഷണം ചെയ്യുന്നത് തുടർന്നു.

തുടർന്ന് 2001-ൽ, പിയറെ അഗോസ്റ്റിനി തുടർച്ചയായി പ്രകാശത്തിന്റ സ്പന്ദനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. അതിലെ ഓരോ സ്പന്ദനവും 250 അറ്റോസെക്കൻഡ് നീണ്ടുനിന്നു. പിന്നീട് ഫെറെൻസ് ക്രൗസ്‌ മറ്റൊരു തരത്തിലുള്ള പരീക്ഷണം നടത്തി. അതിൽ 650 അറ്റോസെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു പ്രകാശ സ്പന്ദനത്തെ വേർതിരിച്ചെടുക്കാൻ സാധിച്ചു.

പിയറെ അഗോസ്റ്റിനി: ഫ്രാന്‍സിലെ ഐക്സ്-മാര്‍സീലെ സര്‍വകലാശാലയില്‍നിന്ന് 1968-ല്‍ പിഎച്ച്ഡി. അമേരിക്കയിലെ കൊളംബസിലെ ഓഹിയോ സർവകലാശാല പ്രൊഫസര്‍.

ഫെറെൻസ് ക്രൗസ്‌: 1962-ല്‍ ഹംഗറിയിലെ മോറില്‍ ജനനം. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് 1991 പിഎച്ച്ഡി. ഗാർച്ചിങ് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്‌വിഗ്- മാക്‌സിമില്ല്യൻസ് സർവകലാശാല പ്രൊഫസറും.

ആൻ ലുലിയെ- 1958ല്‍ ഫ്രാന്‍സിലെ പാരീസില്‍ ജനിച്ചു. ഫ്രാന്‍സിലെ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകാശാലയിൽനിന്ന് 1986ല്‍ പിഎച്ച്ഡി. സ്വീഡനിലെ ലണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍.

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളായി ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയെയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്; നേട്ടം പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചതിന്
വൈദ്യശാസ്ത്ര നൊബേല്‍ കാതലിൻ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

കോവിഡ്-19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് കാതലിന്‍ കാരിക്കോയെയും ഡ്രൂ വീസ്മാനെയും പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കാന്‍സര്‍ വാക്‌സിനായും തെറാപ്യൂട്ടിക് പ്രോട്ടീന്‍ ഡെലിവറി, പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്നിവയ്ക്കും എംആര്‍എന്‍എ സാങ്കേതിക വിദ്യ ഭാവിയില്‍ ഉപകാരപ്പെടും.

രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. സാഹിത്യത്തിനുള്ള പുരസ്‌കാരജേതാവ് അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒന്‍പതിനും പ്രഖ്യാപിക്കും.

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്; നേട്ടം പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചതിന്
നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?

1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണംപൂശിയ ഫലകവും 11 മില്യണ്‍ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്‌കാരത്തുക. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം അലെയ്ന്‍ ആസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ എഫ് ക്ലൗസര്‍ (യുഎസ്), ആന്റണ്‍ സെയ്‌ലിംഗര്‍ (ഓസ്ട്രിയ) എന്നിവര്‍ പങ്കിടുകയായിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ്ങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണങ്ങളാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്; നേട്ടം പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചതിന്
നൊബേല്‍ പുരസ്കാര പ്രഖ്യാപനം ഇന്നുമുതല്‍; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
logo
The Fourth
www.thefourthnews.in