IPL 2024| ഫൈവ് സ്റ്റാർ ബുംറ, വെടിക്കെട്ടുമായി കാർത്തിക്കും; ബെംഗളൂരുവിനെതിരെ മുംബൈക്ക് 197 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. വാങ്ക്ഡെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. സന്ദർശകർക്കായി ഫാഫ് ഡുപ്ലെസിസ് (61), ദിനേശ് കാർത്തിക്ക് (53*), രജത് പാട്ടിദാർ (50) എന്നിവർ അർധ സെഞ്ചുറി നേടി. മുംബൈക്കായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റ് നേടി
ജസ്പ്രിത് ബുംറയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച വിരാട് കോഹ്ലി (3) ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയത് ബെംഗളൂരുവിന്റെ മികച്ച തുടക്കമെന്ന ലക്ഷ്യം ഇല്ലാതാക്കി. ഐപിഎല്ലില്‍ ആദ്യ മത്സരത്തിനിറങ്ങിയ വില്‍ ജാക്സിന് നാല് പന്തിനിപ്പുറം മൈതാനത്ത് തുടരാനായില്ല. എട്ട് റണ്‍സെടുത്ത താരത്തെ ആകാശ് മധ്വാളാണ് പുറത്താക്കിയത്. പവർപ്ലെയ്ക്കുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ മൂന്നാം വിക്കറ്റില്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും രജത് പാട്ടിദാറും കരുതലോടെയാണ് തുടങ്ങിയത്.
മോശം ഫോമില്‍ തുടരുന്ന ഡുപ്ലെസിസ് താളം കണ്ടെത്താന്‍ വൈകിയതോടെ പാട്ടിദാർ മറുവശത്ത് സ്കോറിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. 25 പന്തില്‍ അർധ സെഞ്ചുറി തികച്ചു പാട്ടിദാർ. നേട്ടത്തിന് പിന്നാലെ തന്നെ ജെറാള്‍ഡ് കോറ്റ്സിക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. മൂന്ന് ഫോറും നാല് സിക്സുമാണ് ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. അഞ്ചാമനായെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ (0) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ശ്രേയസ് ഗോപാലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
33 പന്തിലായിരുന്നു സീസണിലെ ആദ്യ അർധ ശതകം ബെംഗളൂരു നായകന്‍ കുറിച്ചത്. ഡുപ്ലെസിസിനൊപ്പം ദിനേശ് കാർത്തിക്കും ചേർന്നതോടെ ബെംഗളൂരുവിന്റെ റണ്‍റേറ്റ് ഒന്‍പത് കടന്നു. എന്നാല്‍ ജസ്പ്രിത് ബുംറയെ തിരിച്ചെത്തിച്ച് ഹാർദിക്ക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തില്‍ 61 റണ്‍സെടുത്ത് ഡുപ്ലെസിസായിരുന്നു പുറത്തായത്. ടിം ഡേവിഡിന്റെ ഡൈവിങ് ക്യാച്ചാണ് വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെയെത്തിയ മഹിപാല്‍ ലോംറോറിന് ബുംറയുടെ അളന്നുമുറിച്ചുള്ള യോർക്കർ അതിജീവിക്കാനായില്ല.
19-ാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച സൗരവ് ചൗഹാനെയും (9) വൈശാഖിനേയും (0) പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് തികച്ചു. 23 പന്തില്‍ 53 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച കാർത്തിക്കാണ് ബെംഗളൂരു സ്കോർ 190 കടത്തിയത്. അഞ്ച് ഫോറും നാല് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.