മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍

മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍

മാർച്ച് 22നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്

ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണ്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ളതാണ്. താരലേലത്തിനുശേഷമുള്ള ആദ്യ ഐപിഎല്‍, നിരവധി താരങ്ങളുടെ തിരിച്ചുവരവ്, അടിമുടി മാറിയ ടീം ഘടന...അങ്ങനെ കാരണങ്ങള്‍ ഏറെയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടവേളയ്ക്കുശേഷം ഐപിഎല്ലിലേക്ക് എത്തുന്ന സൂപ്പർ താരങ്ങളുടെ പട്ടികയാണ്. മരണത്തിനരികില്‍നിന്ന് തിരിച്ചെത്തിയ റിഷഭ് പന്ത് മുതല്‍ എട്ട് സീസണുകള്‍ക്കുശേഷം ഐപിഎല്ലിന്റെ ഭാഗമാകുന്ന മിച്ചല്‍ സ്റ്റാർക്ക് വരെയുണ്ട് പട്ടികയില്‍.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്)

2022 ഡിസംബർ അവസാനമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് റിഷഭ് പന്ത് അപകടത്തില്‍പ്പെട്ടത്. താരം സഞ്ചരിച്ച വാഹനം പൂർണമായി കത്തിനശിക്കുകയും ചെയ്തു. പന്തിന് ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവ് സാധിക്കുമോയെന്ന ആശങ്കകളും നിലനിന്നിരുന്നു. എന്നാല്‍ 14 മാസത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ഇടം കയ്യന്‍ ബാറ്റർ. താരം ഇതിനോടകം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേർന്നുകഴിഞ്ഞു.

റിഷഭ് പന്ത്
റിഷഭ് പന്ത്

ദീർഘനാള്‍ കളത്തില്‍ നിന്നു വിട്ടുനിന്ന പന്തിന്റെ പ്രകടനം എത്തരത്തിലായിരിക്കുമെന്ന ആകാംഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. കാല്‍മുട്ടിന് ശസ്ത്രക്രിയ, തെറാപ്പി, നിരവധി പരുക്കുകള്‍ എന്നിവ അതിജീവിച്ചാണ് പന്തിന്റെ മടങ്ങിവരവ്. താരത്തിന്റെ സാന്നിധ്യം ഡല്‍ഹിയുടെ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ ശക്തി പകരും. കഴിഞ്ഞ സീസണില്‍ മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ഡല്‍ഹി ബാറ്റിങ് നിരയക്ക് സാധിച്ചിരുന്നില്ല. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവും.

മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍
'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

ജസ്പ്രിത് ബുംറ (മുംബൈ ഇന്ത്യന്‍സ്)

പുറത്തിന് പരുക്കേറ്റ ബുംറയ്ക്ക് 2023 സീസണ്‍ നഷ്ടമായിരുന്നു. പുതിയ സീസണിലേക്ക് ബുംറയെത്തുന്നത് ഉജ്വല ഫോമുമായാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 16.89 ശരാശരിയില്‍ 19 വിക്കറ്റുകളാണ് താരം പിഴുതത്. 2023ലെ അയർലന്‍ഡ് പര്യടനത്തിനുശേഷം ബുംറ ട്വന്റി20 ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല.

ജസ്പ്രിത് ബുംറ
ജസ്പ്രിത് ബുംറ

ശ്രേയസ് അയ്യർ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

പുറത്തിനേറ്റ പരുക്കും ശസ്ത്രക്രിയയും മൂലമായിരുന്നു ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണ്‍ നഷ്ടമായത്. വിവാദങ്ങള്‍ നടുവില്‍ നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാന്‍ ശ്രേയസ് എത്തുന്നത്. ലോകകപ്പിലെ ഗംഭീര പ്രകടനത്തിനുശേഷം ട്വന്റി20, ദേശീയ ടീമുകളില്‍നിന്ന് പുറത്താക്കപ്പെട്ട ശ്രേയസിന് ബിസിസിഐ സെന്‍ട്രല്‍ കരാറും നഷ്ടമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഭാഗമാകാതിരുന്നിട്ടും രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതിരുന്നതായിരുന്നു ശ്രേയസിന് തിരിച്ചടിയായത്. ബിസിസിഐ നടപടിക്ക് പിന്നാലെ രഞ്ജിയുടെ ഭാഗമായ ശ്രേയസ് ഫൈനലില്‍ മുംബൈക്ക് വേണ്ടി 95 റണ്‍സ് നേടി. എന്നാല്‍ താരത്തിന് വീണ്ടും പരുക്കേറ്റതായാണ് വിവരങ്ങള്‍.

ശ്രേയസ് അയ്യർ
ശ്രേയസ് അയ്യർ
മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍
ഹർമന്‍ 'തണ്ടർ' കൗർ; അസാധ്യം പോലും അനായാസം സാധ്യം!

പാറ്റ് കമ്മിന്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കഴിഞ്ഞ സീസണില്‍ വിട്ടുനിന്നത്. ഓസ്ട്രേലിയക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും നേടാന്‍ കമ്മിന്‍സിന് സാധിച്ചു.

കഴിഞ്ഞ താരലേലത്തില്‍ 20 കോടിയിലധികം രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്. കമ്മിന്‍സിനെ നായകനായി ഹൈദരാബാദ് പ്രഖ്യാപിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ കമ്മിന്‍സിനായിട്ടില്ല. 2022 സീസണില്‍ കൊല്‍ക്കത്തയ്ക്കായി അഞ്ച് മത്സരം കളിച്ച കമ്മിന്‍സിന് ഏഴ് വിക്കറ്റ് മാത്രമായിരുന്നു നേടാനായത്.

പാറ്റ് കമ്മിന്‍സ്
പാറ്റ് കമ്മിന്‍സ്

മിച്ചല്‍ സ്റ്റാർക്ക് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന ഖ്യാതിയോടെയാണ് മിച്ചല്‍ സ്റ്റാർക്ക് എട്ട് സീസണിന്റെ ഇടവേളയ്ക്കുശേഷം എത്തുന്നത്. 24.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്. 2014, 2015 സീസണുകളില്‍ മാത്രമാണ് സ്റ്റാർക്ക് ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. 2018ല്‍ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നെങ്കിലും താരം ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

മിച്ചല്‍ സ്റ്റാർക്ക്
മിച്ചല്‍ സ്റ്റാർക്ക്
മരണമുനമ്പില്‍നിന്ന് പന്ത്, എട്ട് സീസണ്‍ ഇടവേളയ്ക്കുശേഷം സ്റ്റാർക്ക്; ഇത് തിരിച്ചുവരവുകളുടെ ഐപിഎല്‍
ജെയിംസ് ആന്‍ഡേഴ്‌സണ്‍: എ ടൈംലെസ് മാസ്റ്റർ ഓഫ് റെഡ് ബോള്‍

കെയിന്‍ വില്യംസണ്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള വില്യംസണിന്റെ ആദ്യ സീസണ്‍ അവസാനിച്ചത് ഒരു മണിക്കൂറിനുള്ളിലാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. പിന്നീട് ഏകദിന ലോകകപ്പിലാണ് വില്യംസണ്‍ തിരിച്ചുവന്നത്. ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറിയതോടെ പരിചയസമ്പന്നനല്ലാത്ത ശുഭ്മാന്‍ ഗില്ലാണ് ഇത്തവണ ഗുജറാത്തിനെ നയിക്കുന്നത്. ഈ സാഹചര്യത്തില്‍ വില്യംസണിന്റെ സാന്നിധ്യം ടീമിന് നിർണായകമാകും.

കെയിന്‍ വില്യംസണ്‍ പരുക്കേറ്റ് മടങ്ങുന്നു
കെയിന്‍ വില്യംസണ്‍ പരുക്കേറ്റ് മടങ്ങുന്നു

ജോണി ബെയർസ്റ്റോ (പഞ്ചാബ് കിങ്സ്)

കാലിനേറ്റ പരുക്കും ശസ്ത്രക്രിയയും കാരണമായിരുന്നു ബെയർസ്റ്റോയ്ക്ക് 2023 സീസണ്‍ നഷ്ടമായത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനുശേഷമാണ് താരം ഐപിഎല്ലിലേക്ക് എത്തുന്നത്. 2022 സീസണില്‍ പഞ്ചാബിനായി മികച്ച സ്ട്രൈക്ക് റേറ്റില്‍ 253 റണ്‍സ് നേടാന്‍ വലം കയ്യന്‍ ബാറ്റർക്ക് കഴിഞ്ഞിരുന്നു. എങ്കിലും താരത്തിന്റെ ശരാശരി 23 മാത്രമായിരുന്നു. ഇത്തവണ പഞ്ചാബിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ഇംഗ്ലണ്ട് ബാറ്റർക്ക് കഴിയുമോ എന്നത് ചോദ്യമാണ്.

logo
The Fourth
www.thefourthnews.in