IPL 2024| മിന്നല്‍ മുംബൈ! ബെംഗളൂരുവിന്റെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 15.3 ഓവറില്‍

IPL 2024| മിന്നല്‍ മുംബൈ! ബെംഗളൂരുവിന്റെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 15.3 ഓവറില്‍

ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24 പന്തില്‍ 38) എന്നിവരുടെ ഇന്നിങ്സാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24 പന്തില്‍ 38) എന്നിവരുടെ ഇന്നിങ്സാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്. മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെംഗളൂരുവിന്റെ അഞ്ചാം തോല്‍വിയും.

രോഹിതും-ഇഷാനും സ്വപ്നതുല്യമായ തുടക്കമായിരുന്നു മുംബൈയ്ക്ക് സമ്മാനിച്ചത്. റീസെ ടോപ്ലി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങി പന്തെറിഞ്ഞവരെല്ലാം പലകുറി ബൗണ്ടറി ലൈന്‍ കടന്നു. പവർപ്ലെയ്ക്കുള്ളില്‍ തന്നെ 23 പന്തുകളില്‍ നിന്ന് ഇഷാന്‍ അർധ സെഞ്ചുറിയും കുറിച്ചു. 72 റണ്‍സായിരുന്നു ആദ്യ ഓവറുകളില്‍ മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. രോഹിതിന്റെ സംഭാവന 15 റണ്‍സ് മാത്രമായിരുന്നു.

IPL 2024| മിന്നല്‍ മുംബൈ! ബെംഗളൂരുവിന്റെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 15.3 ഓവറില്‍
'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!

പവർപ്ലെയ്ക്ക് ശേഷവും ഇരുവരും ശൈലി മാറ്റാതിരുന്നതോടെ 8.3 ഓവറില്‍ മുംബൈയുടെ സ്കോർ മൂന്നക്കം തൊട്ടു. തൊട്ടുപിന്നാലെ തന്നെ ആകാശ് ദീപിന് വിക്കറ്റ് സമ്മാനിച്ച് ഇഷാന്‍ കളം വിട്ടു. 34 പന്തില്‍ 69 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. ഇഷാന്‍ അവാസാനിപ്പിച്ചിടത്ത് നിന്ന് സൂര്യകുമാറും രോഹിതും തുടർന്നു. ആകാശ് ദീപെറിഞ്ഞ 11-ാംഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്.

24 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 38 റണ്‍സെടുത്ത് രോഹിത് മടങ്ങിയെങ്കിലും റണ്ണൊഴുക്ക് തുടർന്നു. ടോപ്ലിയുടെ 13-ാം ഓവറില്‍ 18 റണ്‍സും നേടി സൂര്യ അർധ ശതകം തികച്ചു. 17 പന്തിലായിരുന്നു നേട്ടം. വൈകാതെ സൂര്യയുടെ ഇന്നിങ്സ് വൈശാഖിന്റെ പന്തില്‍ ലോംറോറിന്റെ കൈകളിലവസാനിച്ചു. അഞ്ച് ഫോറും നാല് സിക്സുമാണ് ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. പിന്നീട് ഹാർദിക്ക് പാണ്ഡ്യയും (ആറ് പന്തില്‍ 21), തിലക് വർമയും (16) അനായാസം മുംബൈയെ വിജയത്തിലെത്തിച്ചു.

ഫൈവ് സ്റ്റാർ ബുംറ, ആളിക്കത്തി കാർത്തിക്ക്

നേരത്തെ ജസ്പ്രിത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിനും ബെംഗളൂരുവിന്റെ സ്കോറിങ് മികവിനുമായിരുന്നു വാങ്ക്ഡെ സാക്ഷ്യം വഹിച്ചത്.  ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. സന്ദർശകർക്കായി ഫാഫ് ഡുപ്ലെസിസ് (61), ദിനേശ് കാർത്തിക്ക് (53*), രജത് പാട്ടിദാർ (50) എന്നിവർ അർധ സെഞ്ചുറി നേടി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

IPL 2024| മിന്നല്‍ മുംബൈ! ബെംഗളൂരുവിന്റെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 15.3 ഓവറില്‍
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

പവർപ്ലെയ്ക്കുള്ളില്‍ തന്നെ വിരാട് കോഹ്ലി (3), വില്‍ ജാക്ക്സ് (8) എന്നിവരെ നഷ്ടമായ ബെംഗളൂരുവിന് അടിത്തറ പാകിയത് ഡുപ്ലെസിസ്-പാട്ടിദാർ കൂട്ടുകെട്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ 82 റണ്‍സാണ് സഖ്യം നേടിയത്. 25 പന്തില്‍ അർധ സെഞ്ചുറി തികച്ച പാട്ടിദാർ തൊട്ടുപിന്നാലെ തന്നെ ജെറാള്‍ഡ് കോറ്റ്സിയുടെ പന്തില്‍ പുറത്താവുകയും ചെയ്തു. മറുവശത്ത് ബുംറ വിക്കറ്റുകള്‍ വീഴ്ത്തുമ്പോഴും ഫാഫ് ഡുപ്ലെസിസും ദിനേശ് കാർത്തിക്കും നടത്തിയ പോരാട്ടമാണ് ബെംഗളൂരുവിന് തുണയായത്.

23 പന്തില്‍ 53 റണ്‍സെടുത്ത് കാർത്തിക്കിന്റെ ഇന്നിങ്സില്‍ അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പെട്ടു. 40 പന്തില്‍ നിന്നാണ് ഡുപ്ലെസിസ് 61 റണ്‍സെടുത്തത്. കോഹ്ലി, ഡുപ്ലെസിസ്, മഹിപാല്‍ ലോംറോർ, സൗരവ് ചൗഹാന്‍, വൈശാഖ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ നേടിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in