IPL 2024| ഡല്‍ഹിക്ക് പഞ്ചാബിന്റെ പഞ്ച്; നാല് വിക്കറ്റിന് തകർത്ത് ആദ്യ ജയം

IPL 2024| ഡല്‍ഹിക്ക് പഞ്ചാബിന്റെ പഞ്ച്; നാല് വിക്കറ്റിന് തകർത്ത് ആദ്യ ജയം

63 റണ്‍സെടുത്ത സാം കറണാണ് പഞ്ചാബിന്റെ ജയം ഉറപ്പിച്ചത്

ഐപിഎല്‍ പതിനേഴാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സിന് ജയം. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് നാല് പന്തും നാല് വിക്കറ്റും ശേഷിക്കെയാണ് വിജയം നേടിയത്. 63 റണ്‍സെടുത്ത സാം കറണാണ് പഞ്ചാബിന്റെ ജയം ഉറപ്പിച്ചത്. 38 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ സാം കറണ് മികച്ച പിന്തുണയും നല്‍കി.

175 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് പവർപ്ലെയ്ക്കുള്ളില്‍ തന്നെ ഓപ്പണർമാരായ ശിഖർ ധവാനെയും (22) ജോണി ബെയർസ്റ്റോയേയും (9) നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റില്‍ സാം കറണും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേർന്ന് 42 റണ്‍സ് ചേർത്തു. 26 റണ്‍സ് നേടിയ പ്രഭ്‌സിമ്രാനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ജിതേഷ് ശർമയേയും (9) കുല്‍ദീപ് മടക്കി.

IPL 2024| ഡല്‍ഹിക്ക് പഞ്ചാബിന്റെ പഞ്ച്; നാല് വിക്കറ്റിന് തകർത്ത് ആദ്യ ജയം
MSD...ഒന്നും അവസാനിച്ചിട്ടില്ല!

എന്നാല്‍ ലിയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച് സാം കറണ്‍ പഞ്ചാബിനെ അപകടങ്ങളില്ലാതെ നയിക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് സീസണിലെ ആദ്യ അർധ ശതകം സാം കറണ്‍ സ്വന്തമാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ സഖ്യം ബൗണ്ടറികളും കണ്ടെത്തി. വിജയത്തിന് എട്ട് റണ്‍സ് മാത്രം അകലെയായിരുന്നു സാം കറണിന്റെ വിക്കറ്റ് ഖലീല്‍ അഹമ്മദ് വീഴ്ത്തിയത്. 47 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. മധ്യനിരയുടെ തകർച്ചയ്ക്ക് ശേഷം ഇംപാക്ട് പ്ലെയറായി എത്തിയ അഭിഷേക് പോറലാണ് (പത്ത് പന്തില്‍ 32) ഡല്‍ഹിയുടെ രക്ഷകനായത്. പഞ്ചാബിനായി ഹർഷല്‍ പട്ടേലും അർഷദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഡേവിഡ് വാർണർ - മിച്ചല്‍ മാർഷ് സഖ്യം പവർപ്ലെ കൃത്യമായി വിനിയോഗിച്ചു. നാലാം ഓവറിന്റെ തുടക്കത്തില്‍ മാർഷ് (20) മടങ്ങുമ്പോള്‍ ഡല്‍ഹിയുടെ സ്കോർ 40 അടുത്തിരുന്നു. മൂന്നാമനായെത്തിയ ഷായ് ഹോപിനെ കൂട്ടുപിടിച്ച് വാർണർ റണ്ണൊഴുക്ക് തുടർന്ന്. എന്നാല്‍ ലഭിച്ച തുടക്കം മുതലാക്കാന്‍ വാർണറിനായില്ല. 29 റണ്‍സെടുത്ത താരത്തെ പുറത്താക്കി ഹർഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്.

IPL 2024| ഡല്‍ഹിക്ക് പഞ്ചാബിന്റെ പഞ്ച്; നാല് വിക്കറ്റിന് തകർത്ത് ആദ്യ ജയം
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്തിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു കാണികള്‍ വരവേറ്റത്. വൈകാതെ ഷായ് ഹോപിനെ പുറത്താക്കാനും പഞ്ചാബിനായി. 25 പന്തില്‍ 33 റണ്‍സെടുത്ത ഹോപിനെ റബാഡയാണ് പുറത്താക്കിയത്. അപകടത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ പന്തിനുമായില്ല. 18 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. പിന്നീട് ഡല്‍ഹിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു.

റിക്കി ഭുയ് (3), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (5) എന്നിവർ പന്തിന് പിന്നാലെ തന്നെ കൂടാരം കയറി. 13 പന്തില്‍ 21 റണ്‍സെടുത്ത അക്സർ പട്ടേലിന്റെ ചെറുത്തു നില്‍പ്പും ഇംപാക്ട് പ്ലെയറായെത്തിയ അഭിഷേക് പോറലും ചേർന്നാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഹർഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 25 റണ്‍സാണ് പോറല്‍ നേടിയത്. 10 പന്തില്‍ 32 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in