ബാസ്ബോൾ കീഴടക്കുന്ന ബുംറ; സ്പിൻ കുഴിയിലെ ബ്രില്യന്റ് കില്ലർ

ബാസ്ബോൾ കീഴടക്കുന്ന ബുംറ; സ്പിൻ കുഴിയിലെ ബ്രില്യന്റ് കില്ലർ

ഇന്ത്യയുടെ തന്ത്രങ്ങളെ അനായാസം മറികടന്നുകൊണ്ട് ഇംഗ്ലണ്ട് ബാറ്റർമാർ ആധിപത്യം തുടരുമ്പോഴാണ് തന്റെ വിശ്വസ്തന്റെ കൈകളിലേക്ക് രോഹിത് പന്ത് ഏല്‍പ്പിക്കുന്നത്

54 പന്തില്‍ 47 റണ്‍സുമായി ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു ബെന്‍ സ്റ്റോക്സ്. അപ്പോഴാണ് തനതുശൈലിയില്‍ കുറിയ റണ്ണപ്പുമായി അയാള്‍ പന്തെറിയാനെത്തിയത്. ലെങ്ത് ബോള്‍, സ്ലോ കട്ടർ... കണ്ണ് ചിമ്മിയ നേരംകൊണ്ട് ഓഫ് സ്റ്റമ്പ് മൈതാനത്ത് പതിച്ചു. സ്റ്റോക്സിന്റെ കൈകളില്‍ നിന്ന് ബാറ്റ് പിച്ചിലേക്ക് വീണു, പ്രതിരോധം തകർന്ന് നിസഹായനായി ഇംഗ്ലണ്ട് നായകന്‍ നില്‍ക്കുന്നു. മറുവശത്ത് വാനിലേക്ക് കൈകളുയർത്തി അയാള്‍, ജസ്പ്രിത് ബുംറ.

മറ്റൊരു ബുംറ ബ്രില്യന്‍സിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാർഥ്യം കാണികള്‍ക്ക് മാത്രമായിരുന്നില്ല, സഹതാരങ്ങളുടെ മുഖത്തുമുണ്ടായിരുന്നു. ബാസ്‌ബോളിനെ നേരിടാന്‍ രോഹിത് ശർമയുടെ കൈകളില്‍ അസ്ത്രമുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ബുംറയുടെ ആ പന്ത്.

പേസിനെ തുണയ്ക്കുന്ന വിദേശപിച്ചുകളില്‍ എതിർ ബാറ്റർമാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ബുംറയുടെ നിരവധി സ്പെല്ലുകള്‍ക്ക് ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകം കാണിയായിട്ടുണ്ട്. പക്ഷേ, വിശാഖപട്ടണത്ത് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സ്പിന്നർമാരോട് അല്‍പ്പം 'കൂറ്' കൂടുതല്‍ കാണിക്കുന്ന റെഡ് സോയിലും ബ്ലാക്ക് സോയിലും ഉള്‍പ്പെട്ട പിച്ചില്‍ ബാറ്റർമാരെ പവലിയനിലേക്ക് മടക്കണമെങ്കില്‍ 'മണ്ണറിഞ്ഞ്' തന്നെ പന്തെറിയണമായിരുന്നു. ഇതേ പിച്ചില്‍ ഒരുപരിധി വരെ മാത്രം വിജയിക്കാനായ വെറ്ററന്‍ ജെയിംസ് ആന്‍ഡേഴ്സണെ പോലും ബുംറയുടെ സ്പെല്‍ അതിശയിപ്പിച്ചിട്ടുണ്ടാകണം.

ബാസ്ബോൾ കീഴടക്കുന്ന ബുംറ; സ്പിൻ കുഴിയിലെ ബ്രില്യന്റ് കില്ലർ
മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?

അതിശയിപ്പിക്കാന്‍ തക്കതായ കാരണവുമുണ്ട്. വിശാഖപട്ടണത്ത് സ്പിന്നിനാണോ പേസിനാണോ കൂടുതല്‍ പ്രധാന്യമെന്നത് ഇരുടീമുകളും ബൗളർമാരെ ഉപയോഗിച്ച രീതി പരിശോധിച്ചാല്‍ വ്യക്തമാകും. 112 ഓവറുകളാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ഇന്ത്യന്‍ ബാറ്റർമാർക്കെതിരെ 87 ഓവറുകളിലും സ്റ്റോക്സ് പരീക്ഷിച്ചത് സ്പിന്നർമാരെയായിരുന്നു, വീഴ്ത്തിയത് ഏഴ് വിക്കറ്റുകളും. അവശേഷിക്കുന്ന മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ആന്‍ഡേഴ്സണ് വേണ്ടി വന്നത് 25 ഓവറുകളായിരുന്നു.

രോഹിതിന്റെ തന്ത്രവും ഒരുപാട് വ്യത്യസ്തമായിരുന്നില്ല. ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ആവശ്യമായി വന്നത് 55.5 ഓവർ. ഇതില്‍ 33 ഓവറിലും രോഹിത് വിശ്വാസം അർപ്പിച്ചത് സ്പിന്നർമാരിലായിരുന്നു. നാല് വിക്കറ്റ് സ്പിന്നർമാർ നേടിയെങ്കിലും കേവലം 15.5 ഓവർ മാത്രമെടുത്താണ് ആറ് ഇംഗ്ലണ്ട് ബാറ്റർമാരെ ബുംറ പവലിയനിലേക്ക് മടക്കിയത്.

ഒലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തുന്ന ബുംറ
ഒലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തുന്ന ബുംറ

വിക്കറ്റിലെ ബുംറ ടച്ച്

ഇന്ത്യയുടെ തന്ത്രങ്ങളെ അനായാസം മറികടന്നുകൊണ്ട് ഇംഗ്ലണ്ട് ബാറ്റർമാർ ആധിപത്യം തുടരുമ്പോഴാണ് തന്റെ വിശ്വസ്തന്റെ കൈകളിലേക്ക് രോഹിത് പന്ത് ഏല്‍പ്പിക്കുന്നത്. ക്രീസില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ട്. ആദ്യം എവെ സ്വിങ്ങറുകള്‍ക്കൊണ്ട് റൂട്ടിന് ബുംറ ആശയക്കുഴപ്പം സൃഷ്ടിച്ചു. ശേഷം ലെങ്ത് ലൈനില്‍ സ്വിങ്ങില്ലാതെ എത്തിയ പന്തില്‍ ബാറ്റ് വെച്ച റൂട്ടിന് പിഴയ്ക്കുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളില്‍ ഭദ്രമായി പന്തൊതുങ്ങി.

ഒന്നാം ടെസ്റ്റില്‍ 196 റണ്‍സുമായി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ഒലി പോപ്പായിരുന്നു ബുംറയുടെ രണ്ടാം ഇരയായത്. വെല്ലുവിളികളൊന്നുമില്ലാതെ തന്നെ 55 പന്തുകള്‍ അതിജീവിച്ച പോപ്പിന് ബുംറ നല്‍കിയത് അളന്നുമുറിച്ചൊരു യോർക്കറായിരുന്നു. മിഡില്‍, ലെഗ് സ്റ്റമ്പുകള്‍ക്കിടയിലേക്ക് റിവേഴ്സ് സ്വിങ് ചെയ്തെത്തിയ പന്തിന് പോപ്പിന്റെ ബാറ്റിന് മറുപടിയുണ്ടായിരുന്നില്ല. രണ്ട് സ്റ്റമ്പുകളും പിച്ചിന് പുറത്തേക്ക് തെറിച്ചു. 'മാജിക്ക്' എന്നായിരുന്നു ഇന്ത്യന്‍ പേസ് ഇതിഹാസം സഹീർ ഖാന്‍ ആ പന്തിനെ വിശേഷിപ്പിച്ചത്.

ബാസ്ബോൾ കീഴടക്കുന്ന ബുംറ; സ്പിൻ കുഴിയിലെ ബ്രില്യന്റ് കില്ലർ
ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്

ജോണി ബെയർസ്റ്റോയ്ക്ക് ഫുള്ളർ ലെങ്ത്, സ്റ്റോക്സിന് ലെങ്ത് ബോള്‍, ഹാർട്ട്ലിക്ക് ഫോർത്ത് സ്റ്റമ്പ് ലൈനില്‍ ലെങ്ത് ബോള്‍, ആന്‍ഡേഴ്സണ് ഫുള്‍ ലെങ്ത് ബോള്‍... അങ്ങനെ വ്യത്യസ്തതകളാലും പേസ് വേരിയേഷനുകളാലും സമ്പന്നമായ ആറ് പന്തുകള്‍, ആറ് വിക്കറ്റുകള്‍. ഇംഗ്ലണ്ട് മധ്യനിരയേയും വാലറ്റത്തേയും പഴുതുകള്‍ നല്‍കാതെ കീറിമുറിക്കുകയായിരുന്നു ബുംറ. ബാറ്റർമാരുടെ ദുർബലതകളൊ പിഴവുകളോ ആയിരുന്നില്ല, മറിച്ച് ബുംറയുടെ അസാമാന്യ മികവ് തന്നെയായിരുന്നു ഓരോ വിക്കറ്റിന് പിന്നിലും.

ബുംറയുടെ പന്തില്‍ മറുപടിയില്ലാതെ സ്റ്റോക്സ്
ബുംറയുടെ പന്തില്‍ മറുപടിയില്ലാതെ സ്റ്റോക്സ്

റിവേഴ്സ് സ്വിങ്ങ് മാജിക്ക്

രണ്ടാം ദിനത്തിന് ശേഷം ഇന്ത്യയിലെ പിച്ചുകളില്‍ റിവേഴ്സ് സ്വിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ബുംറ വിവരിച്ചിരുന്നു. ഇന്ത്യയില്‍ പിറന്ന റിവേഴ്സിങ്ങിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ബുംറ തെളിയിച്ചതിന്റെ ക്ലാസിക്ക് ഉദാഹരണം കൂടിയായിരുന്നു ആറ് വിക്കറ്റ് പ്രകടനം. എല്ലാ പന്തുകളും റിവേഴ്സ് ചെയ്യിക്കാനായിരുന്നില്ല ബുംറയുടെ ശ്രമം. മറിച്ച് ബാറ്റർമാരെ തന്റെ തന്ത്രത്തിലേക്ക് പാകപ്പെടുത്തി എടുത്തതിന് ശേഷമായിരുന്നു പ്രയോഗം. ഒലി പോപ്പിനെ നിഷ്പ്രഭമാക്കിയ യോർക്കറിന് ശേഷം ഇന്‍സ്വിങ്ങറായിരുന്നു ബുംറയെറിഞ്ഞത്. ബാറ്റർമാരുടെ പ്രതീക്ഷകളെ അപ്പാടെ തെറ്റിക്കുന്ന ബുംറ ശൈലി തന്നെ!

ബൗള്‍ഡാകുന്ന റെക്കോഡുകള്‍

ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ബുംറയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലെ വിശാഖപട്ടണത്ത് (6/45) സംഭവിച്ചത്. കിങ്സ്റ്റണിലും (6/27) മെല്‍ബണിലുമാണ് (6/33) ബുംറയുടെ ഇതിലും മികച്ച സ്പെല്‍ കണ്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകാനും ബുംറയ്ക്കായി. ഉമേഷ് യാദവിന്റെ റെക്കോഡാണ് മറികടന്നത്. 150ലധികം വിക്കറ്റുകള്‍ നേടിയ ബൗളർമാരില്‍ രണ്ടാമത്തെ മികച്ച ശരാശരിയും ബുംറയ്ക്കാണ് (20.28).

logo
The Fourth
www.thefourthnews.in