കോഹ്ലിയും സച്ചിനും 49ല്‍;  കേമനാര്?

കോഹ്ലിയും സച്ചിനും 49ല്‍; കേമനാര്?

22 വർഷത്തെ കരിയറുകൊണ്ടാണ് സച്ചിന്‍ 49 സെഞ്ചുറികളിലേക്ക് എത്തിയത്. സമാന നേട്ടത്തിന് കോഹ്ലിക്ക് ആവശ്യമായി വന്നത് 15 വർഷം മാത്രമാണ്

വിരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് അനായാസം സെഞ്ചുറികള്‍ വന്നു തുടങ്ങിയ കാലം മുതല്‍ ആരംഭിച്ചതാണ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുമായുള്ള താരതമ്യം. എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ 49 സെഞ്ചുറികള്‍ എന്ന റെക്കോഡിന് ഒപ്പമെത്തിയ കോഹ്ലിയുടെ യാത്ര അതിവേഗമായിരുന്നു.

കേവലം 15 വർഷത്തെ കരിയറുകൊണ്ടാണ് കോഹ്ലി 49 സെഞ്ചുറികള്‍ സ്വന്തം പേരിലാക്കിയത്. എന്നാൽ സച്ചിന് വേണ്ടി വന്നത് 22 വർഷം. കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഓരോ 5.65 ഇന്നിങ്സിലും കോഹ്ലി സെഞ്ചുറി നേടിയിട്ടുണ്ട്. അതേസമയം സച്ചിന്റെ ശരാശരി 9.22 ഇന്നിങ്സാണ്.

ചെയ്സിങ്ങില്‍ കോഹ്ലി

ചെയ്സിങ്ങില്‍ ഇതുവരെ കോഹ്ലി നേടിയിട്ടുള്ളത് 27 ശതകങ്ങളാണ്, ഇതില്‍ 23 എണ്ണവും വിജയത്തില്‍ കലാശിച്ചിട്ടുണ്ട്. സച്ചിന്റെ പേരില്‍ ചെയ്സിങ്ങിലുള്ളത് 17 സെഞ്ചുറികളാണ്, ഇന്ത്യ പരാജയപ്പെട്ടതാകട്ടെ മൂന്ന് തവണ മാത്രവും.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന സന്ദർഭത്തിലെ സെഞ്ചുറിക്കണക്കില്‍ സച്ചിന്‍ ബഹുദൂരം മുന്നിലാണ്. 32 തവണ സച്ചിന്‍ മൂന്നക്കം കടന്നപ്പോള്‍ കോഹ്ലിയുടെ സെഞ്ചുറികളുടെ എണ്ണം 22ല്‍ ഒതുങ്ങി.

ഇന്ത്യയുടെ വിജയശരാശരിയിലും ഇരുവരുടേയും ഇന്നിങ്സുകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കോഹ്ലി ഭാഗമായ 61.59 ശതമാനം കളികളിലും നീലപ്പട വിജയിച്ചിട്ടുണ്ട്. മറുവശത്ത് സച്ചിന്‍ കളിച്ച 50.54 ശതമാനം കളികള്‍ മാത്രമാണ് ഇന്ത്യയ്ക്ക് അനുകൂലമായ ഫലം ലഭിച്ചത്. സച്ചിന്റെ 33 സെഞ്ചുറികളും കോഹ്ലിയും 41 എണ്ണവും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

കോഹ്ലിയും സച്ചിനും 49ല്‍;  കേമനാര്?
ഇന്ത്യയുടെ പ്രകടനം അസാധ്യം, ഇനി കിരീടം നേടാതെയുള്ള മടക്കം സങ്കല്‍പ്പിക്കാനാകില്ല

സെഞ്ചുറി നേട്ടം എവിടെയെല്ലാം

ഇന്ത്യയില്‍ 20 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്, കോഹ്ലി 23 തവണയും സ്വന്തം മണ്ണില്‍ 100 പിന്നിട്ടു. എന്നാല്‍ എവെ മത്സരങ്ങളില്‍ 21 സെഞ്ചുറികള്‍ കോഹ്ലി നേടിയിട്ടുണ്ട് സച്ചിന്‍ പന്ത്രണ്ടും. ന്യൂട്രല്‍ വേദികളില്‍ സച്ചിന്റെ സെഞ്ചുറികളുടെ എണ്ണം 17 ആണ്, കോഹ്ലിയുടേത് അഞ്ചും. നേരിട്ട ഒന്‍പത് എതിരാളികള്‍ക്കെതിരെയും ഏകദിനത്തില്‍ ഒരു സെഞ്ചുറികളെങ്കിലും കോഹ്ലി കുറിച്ചിട്ടുണ്ട്. സച്ചിന് 16 രാജ്യങ്ങള്‍ക്കെതിരെ ബാറ്റ് ചെയ്യാനാണ് കരിയറില്‍ അവസരം ലഭിച്ചത്, 12 എതിരാളികള്‍ക്കെതിരെയും സച്ചിന്‍ മൂന്നക്കം കടന്നു.

ശക്തർക്കെതിരായുള്ള സെഞ്ചുറി നിരക്ക്

സച്ചിന്റെ കരിയറിലെ 44 ഏകദിന സെഞ്ചുറികള്‍ ഐസിസിയുടെ ഫുള്‍ മെമ്പർ (മൂന്ന് ഫോർമാറ്റും കളിക്കുന്ന ടീമുകള്‍) രാജ്യങ്ങള്‍ക്കെതിരെയായിരുന്നു. അഞ്ചെണ്ണമാണ് അസോസിയേറ്റ് ടീമുകള്‍ക്കെതിരെ നേടിയത്. ഇതില്‍ നാലെണ്ണം കെനിയക്കെതിരെയും ഒന്ന് നമീബിയക്കെതിരെയുമായിരുന്നു.

എന്നാല്‍ കോഹ്ലി തന്റെ കരിയറില്‍ ഇതുവരെ ഒരു അസോസിയേറ്റ് രാജ്യത്തിനെതിരെ സെഞ്ചുറി നേടിയിട്ടില്ല. ആറ് തവണ മാത്രമാണ് അസോസിയേറ്റ് ടീമുകള്‍ക്കെതിരെ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്. കോഹ്ലിയുടെ 49 ശതകങ്ങളും ഫുള്‍ മെമ്പർ രാജ്യങ്ങള്‍ക്കെതിരെയാണ്.

കോഹ്ലിയും സച്ചിനും 49ല്‍;  കേമനാര്?
ലോകകപ്പ് തോൽവി: ശ്രീലങ്കന്‍ ക്രിക്കറ്റിൽ പൊളിച്ചെഴുത്ത്; ബോർഡ് സസ്പെൻഡ് ചെയ്ത് കായിക മന്ത്രി, അർജുന രണതുംഗയ്ക്ക് ചുമതല

സെഞ്ചുറികളും സഹതാരങ്ങളുടെ പ്രകടനവും

മത്സരത്തിലെ തന്നെ ഏക സെഞ്ചുറി നേട്ടക്കാരനായി സച്ചിന്‍ മാറിയത് 32 തവണയാണ്. കോഹ്ലിയേക്കാള്‍ 10 ശതകങ്ങള്‍ കൂടുതല്‍. സച്ചിന്‍ സെഞ്ചുറി നേടിയപ്പോള്‍ മറ്റൊരു സഹതാരവും 100 കടന്നത് ഒന്‍പത് തവണ മാത്രമാണ്. കോഹ്ലിയുടെ കാര്യത്തില്‍ ഇത് 13 പ്രാവശ്യമാണ്.

മറ്റൊരു സഹതാരം അർദ്ധ സെഞ്ചുറി പോലും നേടാതിരുന്നപ്പോള്‍ സച്ചിന്‍ ഒന്‍പത് തവണ ശതകം കുറിച്ചു. കോഹ്ലിക്ക് ഇത്തരത്തില്‍ എട്ട് സെഞ്ചുറികളുണ്ട്. ഇന്ത്യ ഓള്‍ ഔട്ടായ മത്സരങ്ങളില്‍ ഇരുവരും ആറ് തവണ മൂന്നക്കം കടന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in