ഇനി സഞ്ജുവിന് എതിരാളി ജൂറല്‍; ലോകകപ്പ് ഗ്ലൗവിനായുള്ള പോരിന് ആരംഭം

ഇനി സഞ്ജുവിന് എതിരാളി ജൂറല്‍; ലോകകപ്പ് ഗ്ലൗവിനായുള്ള പോരിന് ആരംഭം

ട്വന്റി 20 ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുമെന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ ബിസിസിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയം നേടുമ്പോള്‍ ചർച്ചയായ യുവതാരങ്ങള്‍ യശസ്വി ജയ്സ്വാളും സർഫറാസ് ഖാനുമായിരുന്നു. ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയാണ് സർഫറാസ് മികവ് തെളിയിച്ചത്. ഇരുവരുടേയും തിളക്കത്തില്‍ അല്‍പ്പം മങ്ങിപ്പോയത് ദ്രുവ് ജൂറലിന്റെ ഇന്നിങ്സായിരുന്നു.

ആദ്യ ഇന്നിങ്സില്‍ മാത്രം ബാറ്റിങ്ങിന് അവസരം ലഭിച്ച ജൂറല്‍ 104 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 46 റണ്‍സെടുത്താണ് മടങ്ങിയത്. മാർക്ക് വുഡിന്റെ 150 കിലോമീറ്ററോളം വേഗത്തിലെത്തിയ പന്ത് അപ്പർ കട്ട് ചെയ്ത് ബൗണ്ടറി കടത്തിയ ആ നിമിഷം ജൂറലിന്റെ ക്ലാസ് തെളിഞ്ഞതാണ്. മോശം ഫോമില്‍ ശ്രീകർ ഭരത് തുടരുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഇനി ജൂറലിന്റെ കൈകളില്‍ ഭദ്രമായിരിക്കും.

ഇന്ത്യന്‍ കുപ്പായത്തിലെ ജൂറലിന്റെ സാന്നിധ്യം വിരല്‍ ചൂണ്ടുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. ഇന്ത്യ ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന സുപ്രധാന ടൂർണമെന്റ് ജൂണില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പാണ്. ആര് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുമെന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ ബിസിസിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജൂറലിനൊപ്പം ഇവിടെ ചേർത്ത് വെക്കാന്‍ കഴിയുന്ന പേരുകള്‍ മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവയാണ്.

ഇനി സഞ്ജുവിന് എതിരാളി ജൂറല്‍; ലോകകപ്പ് ഗ്ലൗവിനായുള്ള പോരിന് ആരംഭം
ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍

നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ സഞ്ജുവിനാണ് ജൂറലിനോട് മത്സരിക്കാന്‍ കൂടുതല്‍ സാധ്യത. അന്താരാഷ്ട്ര ട്വന്റി20യില്‍ കണക്കുകളുടെ കാര്യത്തില്‍ സഞ്ജു ബഹുദൂരം പിന്നിലാണ്. 22 ഇന്നിങ്സുകളില്‍ നിന്ന് നേടാനായത് 374 റണ്‍സ് മാത്രമാണ്. പേരിനൊപ്പമുള്ളത് ഒരു അർധ സെഞ്ചുറിയും. എന്നാല്‍ ഐപിഎല്ലിലെ താരത്തിന്റെ മികവിനോട് കണ്ണടയ്ക്കാനാകാത്ത ഒന്നാണ്. മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 3888 റണ്‍സ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. പരിചയസമ്പത്തും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകുമെന്ന ഫ്ലെക്സിബിലിറ്റിയും സഞ്ജുവിനെ തുണയ്ക്കും.

കെ എല്‍ രാഹുല്‍
കെ എല്‍ രാഹുല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ രാഹുലിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന കാര്യം മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഒരു പ്രോപ്പർ വിക്കറ്റ് കീപ്പറിന് മുഖ്യ പരിഗണന നല്‍കുക എന്നതായിരിക്കാം തീരുമാനത്തിലൂടെ ടീം മാനേജ്മെന്റ് ഉദ്ദേശിച്ചത്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ 'ആളൊഴിഞ്ഞ' കസേരയില്‍ ഇരുന്ന് രാഹുല്‍ തനിക്ക് വിക്കറ്റ് കീപ്പിങ് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങിലെ മെല്ലപ്പോക്ക് രാഹുലിനെ സംബന്ധിച്ച് തിരിച്ചടിയായിരിക്കും.

ഇനി സഞ്ജുവിന് എതിരാളി ജൂറല്‍; ലോകകപ്പ് ഗ്ലൗവിനായുള്ള പോരിന് ആരംഭം
'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്
ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്റെ സാധ്യതകള്‍ എത്രത്തോളം സങ്കീർണമാണെന്ന് പറയേണ്ടതില്ലല്ലൊ. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ദേശീയ ടീമില്‍ നിന്ന് ഇടവേളയെടുത്ത ഇഷാനെ ദീർഘകാലമായി മൈതാനത്ത് പോലും കാണാനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമും ശാരീരിക ക്ഷമതയും തെളിയിച്ചാല്‍ മാത്രമെ ടീമിലേക്കുള്ള വാതില്‍ തുറക്കുകയുള്ളെന്നാണ് ബിസിസിഐയുടെ അവസാന വാക്ക്.

പക്ഷേ, ഐപിഎല്ലിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇഷാനെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബിസിസിഐ മുഖം തിരിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇഷാന് ഐപിഎല്‍ ഏറെ നിർണായകമാകുമെന്ന് മാത്രമല്ല, അത്ഭുതപ്പെടുത്തുന്ന സ്ഥിരതയോടെ റണ്‍മഴ തന്നെ പെയ്യിക്കേണ്ടി വരും.

റിഷഭ് പന്ത് പരിശീലനത്തില്‍
റിഷഭ് പന്ത് പരിശീലനത്തില്‍

അവശേഷിക്കുന്നത് റിഷഭ് പന്താണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യ ഒരേപോലെ വിശ്വാസം അർപ്പിച്ച താരം. എം എസ് ധോണിക്ക് ശേഷം പന്തിനോളം മികവ് പുലർത്തിയ ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടം വില്ലനായതോടെ താരത്തിന്റെ കരിയർ തന്നെ തുലാസിലായിരുന്നു.

ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് പന്ത്. ഐപിഎല്ലിലൂടെ ഇടം കയ്യന്‍ ബാറ്റർ 'രണ്ടാം ഇന്നിങ്സിന്' തയാറെടുക്കുകയാണ്. ഐപിഎല്ലില്‍ പൂർണമായും പന്ത് പങ്കെടുക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ് കഴിഞ്ഞ വാരം വെളിപ്പെടുത്തിയിരുന്നു. ട്വന്റി20 ലോകകപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ പന്തിന് മികവ് തെളിയിക്കാനാകുമോ എന്നൊരു ചോദ്യവും അവശേഷിക്കുന്നു.

logo
The Fourth
www.thefourthnews.in