ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?

ഇന്ത്യയിലെ ക്രിക്കറ്റ് സംസ്‌കാരത്തിന് ഐപിഎല്‍ ഒരു 'പാര'യാകുകയാണ് എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ മകന്റെ ആറ്റുനോറ്റ് കാത്തിരുന്ന അരങ്ങേറ്റം കണ്ട്‌ കണ്‍നിറഞ്ഞ ഒരച്ഛന്റെ ദൃശ്യങ്ങളായിരുന്നു വ്യാഴാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചേറ്റിയത്. ക്രിക്കറ്റ് ഒരു മതവും വികാരവുമായ രാജ്യത്ത് ആ കാഴ്ച തീര്‍ച്ചയായും വൈകാരികമാണ്, കാരണം 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ ദേശീയ ടീമിനു വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത് ഇതുവരെ വെറും 312 താരങ്ങള്‍ മാത്രമാണ്. എണ്ണിയാലൊതുങ്ങാത്ത പ്രതിഭകളെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കാണാം, എന്നാല്‍ അവര്‍ക്കെല്ലാം ദേശീയ ടീമിലേക്ക് അവസരം ലഭിക്കണമെന്നില്ല.

സര്‍ഫറാസ് ഖാന്‍ പിതാവ് നൗഷാദ് ഖാനും ഭാര്യ റൊമാനയ്ക്കുമൊപ്പം.
സര്‍ഫറാസ് ഖാന്‍ പിതാവ് നൗഷാദ് ഖാനും ഭാര്യ റൊമാനയ്ക്കുമൊപ്പം.

അതുകൊണ്ടുതന്നെയാണ് അവഗണനകള്‍ നേരിട്ടെങ്കിലും ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന യുവതാരം ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങിയത് കണ്ട് ആരാധകര്‍ കൈയടിച്ചത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന വാര്‍ത്ത രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമിയെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയുടെ പരമോന്നത ക്രിക്കറ്റ് ഭരണസമിതിയായ ബിസിസിഐ ആവര്‍ത്തിച്ച് അന്ത്യശാസനം നല്‍കിയിട്ടും രാജ്യത്തിനോ, സംസ്ഥാനത്തിനോ വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയാറാകാത്ത ഇഷാന്‍ കിഷനാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?

ഭാവിതാരമെന്നു കണ്ട് ക്രിക്കറ്റ് ബോര്‍ഡ് 'യഥേഷ്ടം' അവസരങ്ങള്‍ വാരിക്കോരി നല്‍കിയ ഇഷാന്‍ 'അവധിയില്‍' പ്രവേശിച്ചിട്ട് രണ്ട് മാസത്തിലധികമാകുന്നു. മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ അല്‍പകാലം വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട താരം ഊര്‍ജ്ജസ്വലതയോടെ മടങ്ങിവരട്ടെയെന്നു കണ്ടാണ് ബിസിസിഐ അവധി നല്‍കിയത്. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം തയാറാകുന്നില്ല.

ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നെസും ഫോമും തെളിയിക്കാന്‍ ഇഷാനോട് ബോര്‍ഡ് ആവശ്യപ്പെട്ടത് ജനുവരി മധ്യത്തോടെയാണ്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഇഷാന്‍ ഇതിന് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ നേരിട്ട് അന്ത്യശാസനം നല്‍കിയിരുന്നു. ''ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല'' എന്നായിരുന്നു ജയ് ഷായുടെ മുന്നറിയിപ്പ്. എന്നിട്ടും ഇഷാന് കുലുക്കമുണ്ടായില്ല.

ബിസിസിഐ സെക്രട്ടറിയുടെ മുന്നറിയിപ്പ് മാനിച്ച് രാജസ്ഥാനെതിരേ ഇന്നലെയാരംഭിച്ച മത്സരത്തില്‍ ജാര്‍ഖണ്ഡ് നിരയില്‍ ഇഷാന്‍ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ രാവിലെ ടീം ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ഇഷാന്റെ പേരുണ്ടായില്ല. കളത്തിലിറങ്ങാന്‍ തയാറാണെന്നു കാട്ടി താരം അറിയിപ്പൊന്നും നല്‍കിയില്ലെന്നും രാവിലെ വരെ തങ്ങള്‍ കാത്തിരുന്ന ശേഷമാണ് ടീം ലിസ്റ്റ് പുറത്തുവിടുന്നതെന്നുമാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
പേസറായി തുടങ്ങി 'സ്പിന്‍ ചെയ്ത്' ബാറ്ററായി മാറിയ രജത് പാട്ടീദാര്‍; ടീം ഇന്ത്യയില്‍ കോഹ്ലിയുടെ പകരക്കാരന്‍

ഇഷാന്‍ പരുക്കിന്റെ പിടിയിലല്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷനുകളില്‍ താരം കൃത്യമായി പങ്കെടുക്കുന്നുണ്ട്. പരുക്കിന്റെ പേരുപറഞ്ഞ് ടീം ഇന്ത്യയില്‍ നിന്നു പുറത്തിരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രം ഇഷാന്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ടിരുന്നു. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇഷാന്‍ മടങ്ങിയെത്താത്തതിന്റെ കാരണമെന്താകും?

തിരിച്ചടിയാകുമോ ഐപിഎല്‍ സംസ്‌കാരം?

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ക്ലബ് ക്രിക്കറ്റ് പോരാട്ടം. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലിലൂടെ രാജ്യാന്തര തലത്തിലേക്ക് വളര്‍ന്ന അനേകം താരങ്ങള്‍ ടീം ഇന്ത്യയിലുണ്ട്. ഇന്ന് രാജ്യാന്തര ക്രിക്കറ്റിലെ ബൗളര്‍മാരില്‍ മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ജസ്പ്രീത് ബുംറയെ ഇന്ത്യക്ക് കിട്ടിയത് ഐപിഎല്ലിലൂടെയാണ്. എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംസ്‌കാരത്തിന് ഐപിഎല്‍ ഒരു 'പാര'യാകുകയാണ് എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്ന ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമിലേക്ക് അവസരം കാത്തു കഴിയുന്നതിലും നല്ലത് ഐപിഎല്‍ ടീമുകളില്‍ കളിച്ച് ക്യാഷ് സമ്പാദിക്കലാണ് എന്ന ചിന്താഗതി യുവതാരങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഐപിഎല്ലിന് കഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തി, കൈ നിറയെ പണം. ഗലികളില്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഹാര്‍ഡ് ഹിറ്റര്‍മാര്‍ ക്രിക്കറ്റിനെ ഗൗരവമായി കാണാതെ ക്ലബ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ തെറ്റുപറയാനില്ല.

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ നായകനായിട്ടു കൂടി ദേശീയ ടീമിലേക്ക് അവസരം ലഭിക്കാതെ രാജ്യം വിട്ട ഉന്മുക്ത് ചന്ദിന്റെ അനുഭവം അവര്‍ക്കു മുന്നിലുണ്ട്. അത്തരമൊരു സാഹചര്യത്തിലേക്കു നീങ്ങാതെ ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം കളിച്ച് ജീവിതം 'സെറ്റ്' ആക്കാനാണ് ഇന്ന് യുവതാരങ്ങള്‍ ശ്രമിക്കുന്നത്. ഇഷാനും അതേ ചിന്താഗതിയാണെന്നാണ് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലില്‍ കളിക്കാനായി മുംബെ ഇന്ത്യന്‍സ് ഇഷാന് നല്‍കുന്നത് 15.25 കോടി രൂപയാണ്. മാച്ച് ഫീ വേറെ. മാന്‍ ഓഫ് ദ മാച്ച്, കൂടുതല്‍ സിക്‌സര്‍, മികച്ച ക്യാച്ച് തുടങ്ങിയ നേടിയാല്‍ അതിനു ഓരോ ലക്ഷം രൂപ വീതം വേറെ ലഭിക്കും. ഇതിനു പുറമേയാണ് പരസ്യവരുമാനം. മുംബൈ ഇന്ത്യന്‍സ് പോലൊരു ടീമിന്റെ ഭാഗമായതിനാല്‍ പരസ്യവരുമാനത്തിലും മികച്ച നേട്ടമാണ് ഇഷാന് ലഭിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു മാസത്തെ ക്രിക്കറ്റിനു മാത്രം കുറഞ്ഞത് 40-50 കോടി രൂപ ക്ലബ് ക്രിക്കറ്റില്‍ നിന്ന് താരത്തിന് ലഭിക്കും.

എന്നാല്‍ ബിസിസിഐയ്ക്കായി കളിക്കുമ്പോള്‍ ഇതിന്റെ മൂന്നിലൊന്നു പോലും ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ ബോര്‍ഡിന്റെ സി ഗ്രേഡ് കരാറാണ് ഇഷാനുമായി ബിസിസിഐയ്ക്കുള്ളത്. ഇതനുസരിച്ച് പ്രതിവര്‍ഷം ഒരു കോടി രൂപയാണ് താരത്തിന് ലഭിക്കുക. ദേശീയ ടീമില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ മാച്ച് ഫീ ഇനത്തിലും മറ്റും വരുമാനം ലഭിക്കില്ല. പരസ്യവരുമാനവും കുറവാണ്, എന്നാല്‍ വര്‍ഷം മുഴുവന്‍ ബിസിസിഐ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. ഈ പശ്ചാത്തലത്തില്‍ യുവതാരങ്ങള്‍ ദേശീയ ടീമിന്റെ താല്‍പര്യങ്ങളെക്കാള്‍ ക്ലബ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയാല്‍ തെറ്റുപറയാനാകുമോ?

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

സ്വാധീനിച്ചത് കരീബിയന്‍ സൗഹൃദങ്ങള്‍?

ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ചിന്താഗതി പടര്‍ന്നത് എങ്ങനെയെന്നു ആലോചിക്കുന്നവരുമുണ്ട്. അവരുടെ അന്വേഷണങ്ങള്‍ എല്ലാം ചെന്നെത്തി നില്‍ക്കുന്നത് കരീബിയന്‍ ദ്വീപുകളിലാണ്. വെസ്റ്റിന്‍ഡീസ് താരങ്ങളാണ് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന കരീബിയന്‍ ക്രിക്കറ്റില്‍ നിന്ന് വരുമാനം ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ 'സ്വയം വില്‍പ്പന'യ്ക്കു വച്ച വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ക്ലബ് ക്രിക്കറ്റുകളില്‍ നിന്നു കൊയ്യുന്നത് കോടികളാണ്.

വെടിക്കെട്ട് ബാറ്റര്‍മാരാലും തീപ്പൊരി പേസര്‍മാരാലും മിന്നുന്ന ഓള്‍റൗണ്ടര്‍മാരാലും സമ്പന്നമാണ് കരീബിയന്‍ ദ്വീപുകള്‍. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍... ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഈ പേരുകള്‍ സ്വര്‍ണലിപികളിലാണ് കൊത്തിയിരിക്കുന്നത്. ഇവരൊക്കെ ഐപിഎല്‍, ബിഗ് ബാഷ് തുടങ്ങി ലോകത്തെ എണ്ണം പറഞ്ഞ ക്ലബ് ക്രിക്കറ്റ് ലീഗുകളിലെ പൊന്നുംവിലയുള്ള താരങ്ങളാണ്. ഇവരുടെ കാലം അസ്തമിച്ചെങ്കിലും വിന്‍ഡീസ് താരങ്ങള്‍ക്ക് ഇന്നും ക്ലബ് ക്രിക്കറ്റ് മാര്‍ക്കറ്റില്‍ പിടിവലിയാണ്.

എന്നാല്‍ ക്ലബ് ക്രിക്കറ്റിലെ ഈ സൂപ്പര്‍ താരങ്ങളെ പലപ്പോഴും വെസ്റ്റിന്‍ഡീസ് ടീമില്‍ കാണാറില്ല. മാച്ച് ഫീയായി പോലും കാല്‍ക്കാശ് കൊടുക്കാന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പാങ്ങില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ ദേശീയ ടീമിനായി കളിക്കാന്‍ പോകാറില്ല. പകരം കാശിനു വേണ്ടി ലോകത്തെവിടെയും ക്രിക്കറ്റ് കളിക്കാനിറങ്ങും.

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
ജൂറല്‍ ഇവിടെയുണ്ട്, മറ്റുള്ളവര്‍?

വര്‍ഷം മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി മാറ്റിവയ്ക്കാതെ ഒന്നോ രണ്ടോ മാസം മാത്രം കളത്തിലിറങ്ങിയാല്‍ കൈനിറയെ കാശുകിട്ടുമെന്നിരിക്കെ എന്തിന് ദേശീയ ടീമില്‍ കളിക്കണമെന്നാണ് അവരുടെ ചോദ്യം. ഗെയ്‌ലും പൊള്ളാര്‍ഡും റസലുമൊക്കെ വിന്‍ഡീസിന്റെ മത്സരങ്ങള്‍ ഉപേക്ഷിച്ച് ഐപിഎല്ലും ബിഗ്ബാഷുമൊക്കെ കളിക്കാനിറങ്ങിയത് എത്രയോ തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. വിരമിച്ചെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന കീറോണ്‍ പൊള്ളാര്‍ഡ് നിലവില്‍ നാല് ലീഗുകളിലാണ് കളിക്കുന്നത്. കോടികള്‍ പ്രതിഫലം പറ്റുന്നുമുണ്ട്.

ടി20 ലീഗുകളില്‍ വിന്‍ഡീസ് താരങ്ങളെ പോപ്പുലറാക്കിയത് ഐപിഎല്ലാണ്. ഐപിഎല്ലിലെ അവരുടെ വെടിക്കെട്ട് പ്രകടനവും അതിന് കിട്ടിയ ആരാധക പിന്തുണയുമാണ് മറ്റു ലീഗുകളെയും ആകര്‍ഷിച്ചത്. ഇന്ത്യന്‍ യുവതാരങ്ങളിലും പലരും ഗെയ്‌ലിന്റെയും പൊള്ളാര്‍ഡിന്റെയുമൊക്കെ ആരാധകരാണ്. ഇതൊക്കെ കണ്ട് വളരുന്ന അവരും തങ്ങളുടെ ആരാധനാപാത്രങ്ങളുടെ വഴി തിരഞ്ഞെടുത്താല്‍ കുറ്റം പറയാനാകുമോ?

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
ചാഹലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു; ഇനി 'ബിഷ്‌ണോയ്ക്കാലം'

ഭവിഷ്യത്ത്, പോംവഴി

ദേശീയ ടീമില്‍ കളിക്കാെതെ ഐപിഎല്‍ കളിച്ചാല്‍ എന്താണ് തെറ്റ്, വിദേശത്ത് ഫുട്‌ബോള്‍ താരങ്ങള്‍ അങ്ങനെയല്ലേ കളിക്കുന്നത് എന്നു ചോദിക്കുന്ന യുവക്രിക്കറ്റ് ആരാധകരുണ്ട് ഇന്ന് ഇന്ത്യയില്‍. അവര്‍ക്കുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാന്‍ ഒന്നേയുള്ളു, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം. തൊണ്ണൂറുകളുടെ മധ്യകാലം വരെ ലോക ക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്ന വെസ്റ്റിന്‍ഡീസ് ടീമിന്റെ ഇന്നത്തെ അവസ്ഥയാണ് ഈ പ്രവണതകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത്.

ദേശീയതയെന്ന ഒരു വികാരവുമായി ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ക്രിക്കറ്റ് ഒരു വികാരമായി മാറുന്നത്. ഇന്ത്യയും പാകിസ്താനും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമൊക്കെ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ആവേശപൂണ്ട് മത്സരം കാണുന്നതും അതുകൊണ്ടാണ്. ഈ രാജ്യങ്ങളിലൊക്കെ ക്രിക്കറ്റിന് ഇത്ര പ്രചാരം ലഭിക്കാനും കാരണമതാണ്. വെസ്റ്റിന്‍ഡീസിന് ഇല്ലാതെ പോയതും ദേശീയതയെന്ന ആ വികാരമാണ്.

അവര്‍ ഒരു ദേശീയപതാകയുടെ കീഴില്‍ അല്ല കളിക്കുന്നത്. പകരം ഒരു ക്രിക്കറ്റ് ബോര്‍ഡിന്റെ പതാകയുടെ കീഴിലാണ്. ആന്റിഗ്വ, ബാര്‍ബഡോസ്, ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങി ദ്വീപുകളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരെ ഒരുമിപ്പിച്ച് ഒരു ക്രിക്കറ്റ് ബോര്‍ഡിന്റെ പതാകയ്ക്കു കീഴില്‍ അണിനിരത്തിയാണ് വെസ്റ്റിഡീസ് ക്രിക്കറ്റ് ടീം രൂപപ്പെടുത്തിയത്.

അതുകൊണ്ടു തന്നെ അവരില്‍ ദേശീയതയോ, സ്വന്തം രാജ്യത്തിനായി ജയിക്കണമെന്ന വികാരമോ ഇല്ല. ദേശീയ ക്രിക്കറ്റ് ടീമിന്റെ നേട്ടമോ കോട്ടമോ അവരെ ബാധിക്കുന്നില്ല. വെസ്റ്റിന്‍ഡീസ് ടീമിനെ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണന്ന അഭിമാനം അവരിലില്ല, വെസ്റ്റിന്‍ഡീസ് എന്നൊരു രാജ്യമില്ലെന്ന് അവര്‍ക്ക് അറിയാം. ഒത്തൊരുമയായിരുന്നു അവരെ നയിച്ചിരുന്നത്.

ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?
ആറ് മാസത്തിനപ്പുറം ടി20 ലോകകപ്പ്; ഇന്നിങ്‌സ് തുറക്കാന്‍ അഞ്ച് പേരില്‍ ആര്?

എന്നാല്‍ തൊണ്ണൂറുകളുടെ പകുതിയോടെ ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തിക തളര്‍ച്ച നേരിട്ടപ്പോള്‍ ഈ ഒത്തൊരുമ ഇല്ലാതെയായി. സാമ്പത്തിക പരാധീനതകളും പ്രതിഫലത്തര്‍ക്കങ്ങളും താരങ്ങള്‍ക്കിടയില്‍ സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടാക്കി. ഫലം ഒന്നിച്ചു കളിച്ചു ജയിക്കണമെന്ന വാശി അവരില്‍ ഇല്ലാതായി. ഒടുവില്‍ ലോക ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് വെസ്റ്റിന്‍ഡീസ് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

ഇന്ത്യയും പാകിസ്താനും ഓസ്‌ട്രേലിയയുമൊക്കെ വേറിട്ടു നിന്നത് മികച്ച ആഭ്യന്തര ക്രിക്കറ്റ് രംഗവും ദേശീയ വികാരമുള്ള ഒരു ടീമും ഉണ്ടായത് കൊണ്ടാണ്. ഇപ്പോള്‍ യുവതാരങ്ങള്‍ ദേശീയത കൈവെടിഞ്ഞ് ക്ലബ് ക്രിക്കറ്റിലേക്ക് പോകുമ്പോള്‍ വിന്‍ഡീസ് നേരിട്ട പ്രതിസന്ധിയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ കാത്തിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലും ഇത് തുടങ്ങിക്കഴിഞ്ഞു. ദേശീയ ടീമില്‍ കളിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലബ് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഹാരിസ് റൗഫിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത് കഴിഞ്ഞ ദിവസമാണ്. ഈ അപകടം മുന്നില്‍ കണ്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ പോലും ഉപാധികളോടെ മാത്രം അനുമതി നല്‍കുന്നത്.

ഹാരിസ് റൗഫ്‌
ഹാരിസ് റൗഫ്‌

ഈ പ്രവണത അപകടമാണെന്ന് ബിസിസിഐയും തിരിച്ചറിഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷാന്‍ കിഷന്റെ പ്രശ്‌നം കൈവിട്ടു തുടങ്ങിയപ്പോള്‍ തന്നെ അതിനു പ്രതിവിധികളും ബിസിസിഐ വൃത്തങ്ങള്‍ ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ടീമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ബോര്‍ഡ്. ആഭ്യന്തര സീസണില്‍ നിശ്ചിത എണ്ണം രഞ്ജി മത്സരങ്ങളും മറ്റു മത്സരങ്ങളും കളിക്കുന്ന താരങ്ങളെ മാത്രമേ ഇനി ടീമില്‍ ഉള്‍പ്പെടുത്താവു എന്ന നിബന്ധന കൊണ്ടുവരാനാണ് നീക്കം. ഇത് എത്രകണ്ട് ഫലവത്താകുമെന്ന് കണ്ടറിയാം.

logo
The Fourth
www.thefourthnews.in