പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്

ലോകകിരീടത്തിന്റെ ഭാഗമാകാനുള്ള ഇതിഹാസ താരത്തിന്റെ തീവ്രമായ ആഗ്രഹം സഫലീകരിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി

2023 ലോകകപ്പിൽ അജയ്യരാണ് നിലവിൽ ഇന്ത്യ. കേവലം ഒരു കടമ്പ കൂടി കടന്നാൽ ഇന്ത്യയ്ക്ക് മൂന്നാം കിരീടം. കരുത്തുറ്റ ബാറ്റിങ്ങും ബൗളിങ്ങുമാണ് ഇന്ത്യയുടെ കുതിപ്പിന് പ്രധാന കാരണമെങ്കിലും ഇന്നുകാണുന്ന തരത്തിലേക്ക് ടീമിനെ രൂപപ്പെടുത്തിയ ഒരാളുണ്ട്. ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും വിശ്വസ്തനായ ബാറ്റ്സ്മാൻമാൻ, സൗമ്യതയെ ആയുധമാക്കിയ ലെജൻഡ്;- 'ദ ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ'- രാഹുൽ ദ്രാവിഡ്. അന്നയാൾ അത്ഭുതങ്ങൾ കാട്ടിയിരുന്നത് ക്രീസിലായിരുന്നെങ്കിൽ ഇന്നത് കോച്ചിന്റെ കുപ്പായത്തിലാണ്.

2007ൽ തന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം നോക്കൗട്ടിൽ പുറത്തായപ്പോഴുണ്ടായ നാണക്കേടുകൾക്കും പരിഹാസങ്ങൾക്കും കപ്പ് കൊണ്ടൊരു മറുപടിയാണ് ദ്രാവിഡെന്ന പരിശീലകൻ ലക്ഷ്യമിടുന്നത്. നോക്കൗട്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായ ടീമിനും ക്യാപ്റ്റനായിരുന്ന ദ്രാവിഡിനും അന്നേറ്റ പരിഹാസത്തിന്റെ കൂരമ്പുകൾക്ക് ഇന്നും സമാനതകളില്ല. അതിനെല്ലാം സ്വതസിദ്ധമായ ശൈലിയിൽ കണക്ക് ചോദിക്കാൻ കൂടിയായിരിക്കും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് തന്റെ ചുണക്കുട്ടികളുമായി അയാൾ എത്തുക.

നീണ്ടനാൾ പരുക്കിന്റെ പിടിയിലായിരുന്ന കെഎൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയപ്പോൾ സധൈര്യം ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ മുൻകൈയെടുത്തത് ദ്രാവിഡായിരുന്നു

ശൂന്യതയിൽനിന്നായിരുന്നു ഒരു മികച്ച കോച്ചെന്ന നിലയിലേൽക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച. മുന്നിൽനിന്ന് ഇന്ത്യൻ ടീമിനെ നയിച്ചിരുന്ന ലെജൻഡറി ബാറ്റ്സ്മാനിൽനിന്ന് പിന്നണിയിൽ തന്ത്രങ്ങൾ മെനയുന്ന കോച്ചിലേക്കുള്ള ദ്രാവിഡിന്റെ പ്രയാണം തുടങ്ങുന്നത് 2016ലാണ്. ഇന്ത്യയുടെ അണ്ടർ 19, എ ടീം എന്നിവരുടെ മുഖ്യപരിശീലകനായാണ് തുടക്കം. ആരംഭിച്ച വർഷം തന്നെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിച്ചു. മൂന്നുവർഷങ്ങൾക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻ സി എ) ഡയറക്ടറായി അദ്ദേഹം നിയമിക്കപ്പെട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിടത്തോളം ഏറ്റവും പ്രക്ഷുബ്ധമായ കാലത്താണ് അദ്ദേഹം എൻസിഎയുടെ ഡയറക്ടറാകുന്നത്. 2013 മുതൽ ഒരു അന്താരാഷ്ട്ര കിരീടവും സ്വന്തമാക്കാനാകാതെ നിരാശയിലായിരുന്ന സമയം. 2019 ലോകകപ്പിൽ സെമിയിലെത്തിയെങ്കിലും ന്യൂസിലൻഡിനോട് അവസാന നിമിഷം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് 2021ൽ സാക്ഷാൽ ദ്രാവിഡിനെ ടീമിന്റെ ചുമതലയേൽപ്പിക്കുന്നത്.

സീനിയർ ടീമിലെ പല കളിക്കാരെയും ജൂനിയർ തലത്തിൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായിരിക്കുമെന്ന് ആദ്യം വിലയിരുത്തലുകളുണ്ടായെങ്കിലും തുടക്കത്തിൽ അത്ര ഭംഗിയായിരുന്നില്ല കാര്യങ്ങൾ. 2022 ൽ വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവച്ചത് ഉൾപ്പെടെ നിരന്തരമായ മാറ്റങ്ങൾ ടീമിനെയും പ്രകടനത്തെയും ബാധിച്ചിരുന്നു. നിരവധി തോൽവികളിലൂടെ കടന്നുപോയിട്ടുള്ള ദ്രാവിഡിന്റെ കരിയർ അനുഭവങ്ങൾ ഉലഞ്ഞുനിന്നിരുന്ന ഇന്ത്യൻ ക്യാമ്പിന് തുണയാകുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

വലിയ വിമർശനങ്ങൾ ഉയർന്നപ്പോഴും കളിക്കാരെ പ്രതിരോധിക്കാൻ ദ്രാവിഡ് സജീവമായി മുന്നിലുണ്ടായിരുന്നു. ആ വിശ്വാസ്യത തെറ്റിയില്ലെന്നതിന്റെ തെളിവാണ് രാഹുലിന്റെയും ശ്രേയസിന്റെയുമൊക്കെ ലോകകപ്പ് പ്രകടനം

 2007 ലെ ലോകകപ്പ്
2007 ലെ ലോകകപ്പ്

2023ൽ ഇന്ത്യയിൽ നടക്കാനിരുന്ന ലോകകപ്പിനെ മുന്നിൽ കണ്ടായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ടീമിൽ പല കോംബിനേഷനുകളും മാറിമാറി പരീക്ഷിച്ചു. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാതെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിൽ ഊന്നിയും ടീമിനെ ഒപ്പംനിർത്തിയും മുന്നോട്ടുതന്നെ സഞ്ചരിച്ചു. പല പരീക്ഷണങ്ങൾക്കും തിരിച്ചടികളും തോൽവികളുമുണ്ടായിട്ടും പകുതിക്ക് എല്ലാം അവസാനിപ്പിക്കാൻ ദ്രാവിഡ് തയാറായിരുന്നില്ല. എല്ലാവരും തോൽവി ഉറപ്പിക്കുന്ന സമയങ്ങളിലും ഏറ്റവും അവസാന നിമിഷം വരെ ക്രീസിൽ പോരാടുന്ന ദ്രാവിഡായിരുന്നു അപ്പോഴെല്ലാം അവതരിച്ചത്.

പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്
ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം

നീണ്ടനാൾ പരുക്കിന്റെ പിടിയിലായിരുന്ന കെഎൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയപ്പോൾ സധൈര്യം ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ മുൻകൈയെടുത്തത് ദ്രാവിഡായിരുന്നു. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‌വാദും ഉൾപ്പെടെയുള്ള താരങ്ങൾ പുറത്തുനിൽക്കുമ്പോഴായിരുന്നു ഈ തീരുമാനം. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നപ്പോഴും കളിക്കാരെ പ്രതിരോധിക്കാൻ ദ്രാവിഡ് സജീവമായി മുന്നിലുണ്ടായിരുന്നു. ആ വിശ്വാസ്യത തെറ്റിയില്ലെന്നതിന്റെ തെളിവാണ് രാഹുലിന്റെയും ശ്രേയസിന്റെയുമൊക്കെ ലോകകപ്പ് പ്രകടനം. മധ്യനിരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്താണ് ഇന്ന് ശ്രേയസ്.

പകരം ചോദിക്കാൻ പിന്നണിയിൽ അയാളുണ്ട്; 'ദ ഗ്രേറ്റ് വാൾ' മിസ്റ്റർ രാഹുൽ ദ്രാവിഡ്
മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

ലോകകിരീടത്തിന്റെ ഭാഗമാകാനുള്ള ഇതിഹാസ താരത്തിന്റെ തീവ്രമായ ആഗ്രഹം സഫലീകരിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. പക്ഷേ അതിന്റെ ആവേശങ്ങളൊന്നും അയാളിൽ കാണാനാകില്ല. ലോകമെന്നും കണ്ടപോലെ ശാന്തതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര, അതാണയാളുടെ കരുത്ത്.

logo
The Fourth
www.thefourthnews.in