ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം

ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം

ലോകകപ്പ് കലാശപ്പോരില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഷമിയെയും സിറാജിനെയും കാത്തിരിക്കുന്നത് ഓസ്ട്രേലിയ മാത്രമല്ല, തീവ്രദേശീയവാദികള്‍ കൂടെയാണ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം, ഒരു ലക്ഷത്തിലധികം വരുന്ന കാണികള്‍... ഇന്ത്യയ്ക്ക് എതിരാളികളായി എത്തുന്നത് എകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശക്തരായ ഓസ്‌ട്രേലിയ. നീലക്കുപ്പായമണിഞ്ഞ് 11 പേര്‍ കളത്തിലിറങ്ങുമ്പോള്‍ 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം ചെറുതായിരിക്കില്ല. അതിനൊപ്പംതന്നെ കൈയെത്തും ദൂരത്താണ് കിരീടമെന്നതിന്‌റെ സമ്മര്‍ദവും.

ഓസിസിനെതിരെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമ്മര്‍ദമകറ്റാന്‍ രോഹിത് ശര്‍മയുടെ കൗണ്ടര്‍ അറ്റാക്കിങ് മതിയാകും, ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ബുംറയുടെ ഒരു ഗംഭീര ഓവര്‍തന്നെ ധാരാളം. പക്ഷേ, രോഹിതിന്‌റെ പ്രധാന ആയുധങ്ങളായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും അതിജീവിക്കാന്‍ അഹമ്മദാബാദില്‍ ഇതൊന്നും പോരാതെ വരും. അതിന്‌റെ കാരണമെന്തെന്ന് ചോദിക്കുന്നവര്‍ക്ക് നല്‍കാന്‍ ഒരുത്തരം മാത്രം, അവരുടെ പേര് തന്നെ.

ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം
മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

കലാശപ്പോരില്‍ നിലവാരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോയാല്‍ വംശഹത്യയുടെ ചരിത്രമുറങ്ങുന്ന ഗുജറാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയവും അവിടെയെത്തുന്ന തീവ്രദേശീയവാദികളായ ഒരു വിഭാഗം കാണികളും സിറാജിനും ഷമിക്കും കരുതിവച്ചിരിക്കുന്നത് എന്താകുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഗോ ടു പാകിസ്താന്‍ വിളികളും ബാപ് കോന്‍ ഹെ ചോദ്യങ്ങളും ഗ്യാലറിയില്‍നിന്ന് ഇരുവരുടെയും കാതുകളിലേക്ക് ഇരമ്പിയെത്തും.

ഈ രണ്ട് പ്രയോഗങ്ങളും ഷമിക്ക് പരിചിതമാണ്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോഴാണ് ആദ്യത്തെ സംഭവം. ഫൈനലില്‍ ഷമി കളിച്ചിരുന്നില്ല. തോല്‍വിക്കുശേഷം പവലിയനിലേക്ക് മടങ്ങവെയാണ് ഒരാള്‍ ഷമിയോട് ബാപ് കോന്‍ ഹെ എന്ന് ചോദിച്ചത്, പലതവണ കാണികള്‍ക്കിടയില്‍നിന്ന് ആ ചോദ്യം ഉയര്‍ന്നു. പിന്നീട് 2021 ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് തോല്‍വി വഴങ്ങിയപ്പോഴും ഷമി ഇരയായി, അന്ന് ഗോ ടു പാകിസ്താന്‍ വിളികളായിരുന്നു ഇന്ത്യന്‍ പേസര്‍ക്ക് നേരെയെത്തിയത്. പാകിസ്താന്‍ ഏജെന്‌റെന്ന് ഷമി മുദ്രകുത്തപ്പെടുകയും ചെയ്തു.

ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

അഹമ്മദാബാദിലും കാര്യങ്ങള്‍ വ്യത്യസ്തമാകില്ല. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്‌റെ ഗ്യാലറികളിലൊളിഞ്ഞിരിക്കുന്ന അപകടം ഈ ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ തെളിഞ്ഞതാണ്. ഇന്ത്യയ്‌ക്കെതിരെ 49 റണ്‍സ് നേടി തിളങ്ങിയ മുഹമ്മദ് റിസ്വാന്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ കൈയടിച്ചായിരുന്നില്ല ഇക്കൂട്ടര്‍ സ്വീകരിച്ചത്. മറിച്ച്, ജയ് ശ്രീറാം എന്ന് ആക്രോശിച്ചായിരുന്നു.

ഷമിയുടെയും സിറാജിന്‌റെയും തോളിലേറി ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുകയാണെങ്കില്‍ പോലും ഇരുവരുടെയും പ്രകടനങ്ങള്‍ക്ക് ''രാജ്യസ്‌നേഹവും'' അന്യമത വിദ്വേഷവും കവിഞ്ഞൊഴുകുന്ന കാണികളും വലതുസൈബറിടങ്ങളും നല്‍കാന്‍ പോകുന്ന അംഗീകാരം വെറുപ്പ് തന്നെയായിരിക്കും. ഈ പ്രവചനത്തിന് പിന്നിലുമുണ്ട് എടുത്ത് പറയാനാകുന്ന ഉദാഹരണം.

ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം
സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക് ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

കഴിഞ്ഞ സെപ്തംബര്‍ 17-നായിരുന്നു ശ്രീലങ്കയെ കീഴടക്കി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ ഏഷ്യ കപ്പ് ഉയര്‍ത്തിയത്. ശ്രീലങ്കയെ കേവലം 50 റണ്‍സിനൊതുക്കിയത് സിറാജിന്‌റെ ആറ് വിക്കറ്റ് പ്രകടനമായിരുന്നു. സ്വിങ് ബൗളിങ്ങിന്‌റെ മനോഹാരിത എന്താണെന്ന് ലോകത്തിന് മുന്നില്‍ അന്ന് സിറാജ് തെളിയിച്ചു. സിറാജിനെ അംഗീകരിക്കുന്നതിന് പകരം അധിക്ഷേപമായിരുന്നു വലത് സൈബറിടങ്ങള്‍ സമ്മാനിച്ചത്.

എന്തിനധികം, ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഏഴ് വിക്കറ്റെടുത്ത് ഒറ്റയ്ക്ക് ഇന്ത്യയെ ഫൈനലിലെത്തിച്ചിട്ടും വില്യംസണിന്‌റെ ക്യാച്ച് വിട്ടുകളഞ്ഞതിന് ഷമിയെ ക്രൂശിച്ചവരാണ് ഇക്കൂട്ടര്‍. പിന്നീട് ഷമി പന്തെറിയാനെത്തിയപ്പോള്‍ വാങ്ക്‌ഡേയിലെ കാണികള്‍ ഒന്നടങ്കം ഷമി..ഷമി..ഷമിയെന്ന് ആര്‍ത്തുവിളിച്ചു. അതിദേശീയതയും വിദ്വേഷവും കളിക്കളങ്ങളില്‍ അളവില്ലാതെ വ്യാപിക്കുമ്പോള്‍ വാങ്ക്‌ഡേയിലെ ഗ്യാലറികള്‍ ആ നിമിഷം നല്‍കിയത് പ്രതീക്ഷയായിരുന്നു.

ഇനി കളത്തിനകത്തെ കാര്യങ്ങള്‍

അഹമ്മദാബാദിലെ വിക്കറ്റ് ഈ ലോകകപ്പില്‍ തുണച്ചിരിക്കുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെയാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയം വിജയലക്ഷ്യം പിന്തുടര്‍ന്നവര്‍ക്കൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ഏക ടീം ഓസ്‌ട്രേലിയയാണ്, ഇംഗ്ലണ്ടിനെതിരെ. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും അനൂകൂല്യം ലഭിക്കുന്നതും ഫസ്റ്റ് ഇന്നിങ്‌സിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഷമിക്കും സിറാജിനും എതിരാളികള്‍ രണ്ട്; അഹമ്മദാബാദിലെ ഗ്യാലറികളിലും വിക്കറ്റിലും ഒളിഞ്ഞിരിക്കുന്ന അപകടം
നൂറില്‍ നൂറ് നേടാന്‍ കോഹ്ലി; ട്വന്റി ട്വന്റിക്ക് വഴിമാറുന്ന കാലവും ചരിത്രത്തിലേക്കുള്ള ദൂരവും

പേസര്‍മാര്‍ ഫസ്റ്റ് ഇന്നിങ്‌സില്‍ ഇതുവരെ അഹമ്മദാബാദില്‍ എറിഞ്ഞത് 115 ഓവറുകളാണ്. വീഴ്ത്തിയത് 24 വിക്കറ്റ്, ശരാശരി 26.16. രണ്ടാം ഇന്നിങ്‌സില്‍ 75.4 ഓവര്‍ എറിഞ്ഞപ്പോള്‍ ലഭിച്ചത് 11 വിക്കറ്റ് മാത്രം, ശരാശരിയാകട്ടെ അന്‍പതിനടുത്തു. സമാനമാണ് സ്പിന്നര്‍മാരുടെ കാര്യവും. ഫസ്റ്റ് ഇന്നിങ്‌സില്‍ 77.2 ഓവറില്‍നിന്ന് 14 വിക്കറ്റ്, ശരാശരി 25.78. സെക്കന്‍ഡ് ഇന്നിങ്‌സില്‍ 86.5 ഓവറില്‍നിന്ന് നേടിയത് എട്ട് വിക്കറ്റ്, ശരാശരി 55.25.

കണക്കുകള്‍ ഇങ്ങനെയൊക്കയാണെങ്കിലും ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. കാരണം, ലോകകപ്പ് ഫൈനലിന്‌റെ സമ്മര്‍ദത്തെ അതിജീവിച്ച് വലിയ ടോട്ടലുകള്‍ പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. 315-330 വരെ സ്‌കോര്‍ ചെയ്യാനായാല്‍ ഏറെക്കുറെ കിരീടം ഉറപ്പിക്കാം.

logo
The Fourth
www.thefourthnews.in