T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം

ഇതാദ്യമായല്ല രോഹിത് ചെറിയ സ്കോറുകള്‍ അനായാസമായി പ്രതിരോധിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും

I would love to defend a low total, any day - Rohit Sharma

ഒരു സ്കോർ പ്രതിരോധിക്കണമെങ്കില്‍ എതിർ പാളയത്തിലുള്ളവരെ മുഴുവന്‍ പുറത്താക്കിയാല്‍ മാത്രമെ സാധിക്കൂ എന്ന തത്വം പലകുറി തെറ്റിച്ച ചരിത്രമുണ്ട് രോഹിത് ശർമയ്ക്ക്. ബുംറ, ഹാർദിക്ക്, അർഷദീപ്, അക്സർ, ജഡേജ എന്നീ അസ്ത്രങ്ങളെല്ലാം ഉപയോഗിക്കാനുള്ള നിലം രോഹിത് ഒരുക്കുന്നത് 'വെയിറ്റിങ് ഗെയിം' എന്ന തന്ത്രത്തിലൂന്നീയാണ്. നാസൗ കൗണ്ടിയില്‍ പാകിസ്താന്റെ മാത്രമല്ല ക്രിക്കറ്റ് പണ്ഡിതരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചതും ഇത് തന്നെ.

119 എന്ന ബിലോ പാർ സ്കോറിലേക്ക് ട്വന്റി 20 സ്പെഷ്യലിസ്റ്റുകളാല്‍ സമ്പന്നമായ ബാറ്റിങ് നിരയെ പാകിസ്താന്‍ ഒതുക്കിയപ്പോഴും രോഹിതിന്റെ മുഖത്ത് തെല്ലും പരിഭ്രമമുണ്ടായിരുന്നില്ല. വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ തുടക്കത്തിലെ ലഭിക്കുന്ന ആധിപത്യത്തിലായിരുന്നില്ല ഇന്ത്യന്‍ നായകന്റെ കണ്ണുകള്‍. അതുകൊണ്ട് തന്നെ ബാബറിന്റെ വിക്കറ്റിന് ശേഷം റിസ്വാന്‍-ഉസ്മാന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ബുംറയെ ഉപയോഗിക്കാന്‍ രോഹിത് തയാറായില്ല.

T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം
'വെള്ളിയാഴ്ച ഒരിക്കലും ഇന്ത്യയ്ക്ക് പാകിസ്താനെ തോല്‍പ്പിക്കാനാകില്ല'; ആ പറച്ചിലിന് പിന്നില്‍

അർഷദീപ്-ജഡേജ-ഹാർദിക്ക് ത്രയത്തെ ഉപയോഗിച്ചായിരുന്നു പവർപ്ലെയ്ക്ക് ശേഷം റണ്ണൊഴുക്ക് തടയാനുള്ള ശ്രമം നടത്തിയത്. പിന്നാലെ അക്സറിനെ ഉപയോഗിച്ച് കൂട്ടുകെട്ട് പൊളിച്ചു. അവസാന എട്ട് ഓവറില്‍ 48 റണ്‍സ് മാത്രം മതിയായിരിക്കെയാണ് പാകിസ്താന്റെ ഏറ്റവും അപകടകാരിയായ ബാറ്റർ ഫഖർ സമാന്‍ ക്രീസിലെത്തുന്നത്. ഫഖറിനെതിരെ രോഹിത് തിരഞ്ഞെടുത്തത് പാക് ബാറ്റർമാർ അനായാസം സ്കോർ ചെയ്ത ഹാർദിക്ക്. ബൗണ്‍സർ നേരിടുന്നതില്‍ ദൗർബല്യമുള്ള ഫഖർ ഹാർദിക്കിന്റെ കെണിയില്‍ വീണു. ഫലം വിക്കറ്റ്.

പാകിസ്താന്‍ സമ്മർദത്തിലേക്ക് വഴുതിയ നിമിഷത്തിലായിരുന്നു ബുംറയെ രോഹിത് തിരികെയെത്തിച്ചത്, 15-ാം ഓവറില്‍. നമുക്ക് സംഭവിച്ചത് പാകിസ്താന്‍ ഇന്നിങ്സിലും ആവർത്തിക്കാമെന്ന രോഹിതിന്റെ ദീർഘവീക്ഷണം മൈതാനത്ത് പ്രകടമാകുകയായിരുന്നു പിന്നീട്. റിസ്വാന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ബുംറയുടെ പന്തില്‍ ബെയില്‍സ് നിലം തൊട്ടു. ഇന്ത്യയുടെ സാധ്യതകള്‍ തുറന്നതും ഇവിടെ നിന്നായിരുന്നു.

T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം
EURO 2024|തിരസ്‌കരിക്കപ്പെട്ടവര്‍ നിരാശരാകരുത്, വരും നിങ്ങള്‍ക്കൊരുനാള്‍... ഇതാ ഉദാഹരണങ്ങള്‍

ഇതാദ്യമായല്ല രോഹിത് ചെറിയ സ്കോറുകള്‍ അനായാസമായി പ്രതിരോധിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും, കേവലം ഗ്രൂപ്പ് ഘട്ടത്തിലായിരുന്നില്ല, കിരീടപ്പോരിലായിരുന്നു രോഹിതിന്റെ നായകമികവ് അന്നെല്ലാം കണ്ടത്. 2017-ല്‍ റൈസിങ് പൂനെ സുപ്പർ ജയന്റ്സിനെതിരെ 129 റണ്‍സും 2019-ല്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 149 റണ്‍സും പ്രതിരോധിച്ചായിരുന്നു കിരീടനേട്ടം. രണ്ട് കളികളിലും ഒരു റണ്‍സിനായിരുന്നു മുംബൈയുടെ ജയം.

ഇവയെല്ലാം പഴങ്കഥകളാണെന്ന് പറയാം. എന്നാല്‍ 2023 ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സമ്മർദ ഘട്ടത്തില്‍ നിന്ന് കളി വീണ്ടെടുത്തത് രോഹിതെന്ന ക്യാപ്റ്റന്‍ കൂളിന്റെ ക്ലാസിക്ക് ഉദാഹരണമാണ്. അന്ന് സ്കോർബോർഡിന്റെ സമ്മർദം ഇത്രമാത്രമുണ്ടായിരുന്നില്ലെന്ന് മാത്രം.

ട്വന്റി 20 ലോകകപ്പിലേക്ക് ഒരിക്കല്‍ക്കൂടി. നായകന്‍ കൂളാണ്, ബുംറ നയിക്കുന്ന ബൗളിങ് നിരയും. എന്നാല്‍ ബാറ്റിങ് മറന്ന ബാറ്റിങ് നിരയാണ് ഇന്ത്യയ്ക്ക് മുന്നിലെ ആശങ്ക. ശിവം ദുബെ, സൂര്യകുമാർ യാദവ് എന്നിവർ മികവിലേക്ക് ഉയർന്നില്ലെങ്കില്‍ ഐസിസി കിരീടവരള്‍ച്ച നീണ്ടേക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in