ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ

ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ

നെഹ്‌റുവിന്റെ നിര്‍ണായക രാഷ്ട്രീയ തീരുമാനമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇന്ത്യയെ സ്ഥിരാംഗമായി നിലനിർത്തിയത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് പ്രേമിയും. തങ്ങളുടെ പ്രിയ താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ലോകകിരീടം ചൂടുന്നത് കാണാന്‍ കാത്തിരിക്കുകയാണവർ. ലോകക്രിക്കറ്റിലെ എണ്ണം പറഞ്ഞ ശക്തിയാണ് ഇന്ന് ഇന്ത്യ. പ്രതിഭാശാലികളായ വമ്പൻ താരനിരയും ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡുമെല്ലാം അതിനെ അടിവരയിടുന്നു. എന്നാൽ ഒരുകാലത്ത് സ്ഥിതി അങ്ങനെയായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗത്വം പോലും നഷ്ടമായേക്കാവുന്ന നില ഇന്ത്യൻ ടീമിനുണ്ടായിരുന്നു. അവിടെനിന്ന് ഇക്കാണുന്ന പ്രൗഢിയിലേക്ക് വളരാൻ ഇന്ത്യൻ ക്രിക്കറ്റിന് പാതവെട്ടിയത് പ്രഥമ പ്രധാനമന്ത്രി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.

അന്ന് നെഹ്‌റു സ്വീകരിച്ച നിര്‍ണായക രാഷ്ട്രീയ തീരുമാനമായിരുന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എന്ന് പേര് മാറ്റിയ ഇംപീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സില്‍ തുടരാന്‍ ഇന്ത്യയെ സഹായിച്ചത്. ലോകകപ്പ് ജ്വരം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ നെഹ്‌റു എങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രക്ഷകനായതെന്നത് പരിശോധിക്കാം.

നെഹ്‌റുവും ക്രിക്കറ്റും

1905 മുതല്‍ 1907 വരെ വിദ്യാഭ്യാസത്തിനായി ലണ്ടനില്‍ താമസിക്കവെയാണ് നെഹ്‌റു ക്രിക്കറ്റില്‍ ആകൃഷ്ടനാകുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ഉന്നതരായ ഇന്ത്യക്കാർ തങ്ങളുടെ മക്കളെ പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസത്തിന് വേണ്ടി ബ്രിട്ടീഷ് സ്‌കൂളുകളിലും സര്‍വകലാശാലകളിലും പറഞ്ഞയക്കുന്ന രീതി അന്നത്തെക്കാലത്ത് സാധാരണമായിരുന്നു.

ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ
നൂറില്‍ നൂറ് നേടാന്‍ കോഹ്ലി; ട്വന്റി ട്വന്റിക്ക് വഴിമാറുന്ന കാലവും ചരിത്രത്തിലേക്കുള്ള ദൂരവും

പ്രധാനമന്ത്രിയായി മാറിയപ്പോഴും നെഹ്‌റുവിന്റെ കായികപ്രേമത്തില്‍ മാറ്റമൊന്നും വന്നില്ല. 1953 സെപ്റ്റംബറില്‍ ചാരിറ്റിയുടെ ഭാഗമായി ഡല്‍ഹിയില്‍വച്ച് പ്രധാനമന്ത്രി ഇലവനും വൈസ് പ്രസിഡന്റ് ഇലവനും തമ്മില്‍ ഒരു ദ്വിദിന ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചിരുന്നു. ബിഹാറിലെയും ആന്ധ്രാപ്രദേശിലെയും ഉത്തര്‍ പ്രദേശിലെയും പ്രളയബാധിതരെ സഹായിക്കാനായി പണം സമാഹരിക്കാനായിരുന്നു ടൂർണമെന്‍റ്. പ്രധാനമന്ത്രി ഇലവന്റെ ക്യാപ്റ്റനായും മാച്ചിന്റെ കമന്‍റേറ്ററായും നെഹ്‌റുവായിരുന്നു കളിയിലാകെ നിറഞ്ഞുനിന്നത്.

''ഇവിടെ മത്സരം കാണാനെത്തിയവര്‍ക്ക് നല്ല കുറച്ച് നിമിഷങ്ങള്‍ ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നു. അതുപോലെ കളിയുടെ സ്പിരിറ്റിനൊപ്പം നിലകൊണ്ട ഞങ്ങള്‍ക്കും നല്ലൊരു മാച്ച് കളിക്കാനായി. ആക്രമണോത്സുകമായ ബാറ്റിങ്ങും മികച്ച സ്‌കോറിങ്ങും കാഴ്ചവച്ചു. ഏറ്റവും മികച്ച രീതിയില്‍ കളിക്കണമെന്ന മനോഭാവം ഇരുടീമുകളുടേയും ഭാഗത്തുനിന്നുണ്ടായി. തോല്‍ക്കാനോ ജയിക്കാനോ അല്ല ഞങ്ങളിറങ്ങിയത്, മറിച്ച് മത്സരം ആസ്വദിക്കാനാണ്''- മികച്ച പ്രാസംഗികന്‍ മാത്രമല്ല, നല്ലൊരു കമന്‍റേറ്റർ കൂടിയാണ് താനെന്ന് നെഹ്‌റു അന്ന് തെളിയിച്ചു.

ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ
CWC 2023|ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍; പതിവ് തെറ്റിക്കാതെ പടിക്കല്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക

ഇരു ടീമിലും വിവിധ പാര്‍ട്ടികളിലെ പാര്‍ലമെന്റ് അംഗങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ട് ഇന്നിങ്സുകളിലായി 17 വിക്കറ്റും 700-ലധികം റണ്ണും പിറന്നു. പക്ഷേ കളി സമനിലയില്‍ അവസാനിച്ചു. "വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് നാമിവിടെ കളിക്കുന്നത്. വെള്ളപ്പൊക്കം എത്ര ഭയാനകമാണെന്ന് ഇന്ത്യക്കും പുറത്തുമുള്ള ജനങ്ങള്‍ക്ക് അറിയില്ല" കളിക്കിടയിലും നെഹ്‌റു ജനങ്ങളോടായി പറഞ്ഞു. ഒരു കായികയിനത്തെ സാമൂഹിക ക്ഷേമത്തിനും കൂടി ഉപയോഗിക്കുകയായിരുന്നു നെഹ്‌റു.

മാച്ചിന് ശേഷം പണം സമാഹരിക്കുന്നതിനായി ബാറ്റും സ്‌കോര്‍ബുക്കുകളും ലേലത്തിന് വച്ചു. ലേലക്കാരനായി നേതൃത്വം നല്‍കിയതും നെഹ്‌റുവാണ്. നെഹ്‌റുവിന്റെ ശേഖരത്തിലുള്ള രണ്ട് ബാറ്റുകളും ലേലത്തിന് വച്ചിരുന്നു. അതിലൊന്ന്, 1948-ല്‍ ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ ബാറ്റായിരുന്നു. 1950-ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കോമണ്‍വെല്‍ത്ത് ടീം ഒപ്പിട്ട് നല്‍കിയതായിരുന്നു മറ്റൊരു ബാറ്റ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രക്ഷകനായ കഥ

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും റിപ്പബ്ലിക് ആകുന്നത് വരെ ബ്രിട്ടീഷ് രാജാവിനെ ഇന്ത്യയുടെ രാജാവായാണ് ആദ്യ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ ആശയത്തോട് യോജിപ്പില്ലായിരുന്നു. എത്രയും വേഗം റിപ്പബ്ലിക് ആയി ബ്രിട്ടീഷ് രാജാവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ആ സമയത്താണ് ഇന്ത്യയെ കോമണ്‍വെല്‍ത്തിലേക്ക് സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ക്ലെമന്റ് അറ്റ്‌ലീയും പ്രതിപക്ഷ നേതാവ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലും രംഗത്തുവന്നത്.

ഇതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു. കോമണ്‍വെല്‍ത്തില്‍ ചേരേണ്ടെന്ന നിലപാടായിരുന്നു പാര്‍ട്ടിയുടേത്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സുപ്രധാന തീരുമാനമായിരുന്നു അന്ന് നെഹ്‌റു കൈക്കൊണ്ടത്.

ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ
രക്ഷകനായി മില്ലര്‍; തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക, ഓസീസിന് ലക്ഷ്യം 213

റിപ്പബ്ലിക്കായാലും കോമണ്‍വെല്‍ത്തിനുള്ളില്‍ ഇന്ത്യക്ക് റിപ്പബ്ലിക്കായി തുടരാമെന്ന് ചര്‍ച്ചില്‍ പറഞ്ഞതായി ബ്രിട്ടീഷ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ മിഹിര്‍ ബോസ് എഴുതിയ 'നൈന്‍ വേവ്‌സ്: ദ എക്‌സ്ട്രാ ഓര്‍ഡിനറി സ്‌റ്റോറി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്' എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അടക്കമുള്ളവര്‍ എതിര്‍ത്തിട്ടും കോമണ്‍വെല്‍ത്തില്‍ തുടരാന്‍ നെഹ്‌റു ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പക്ഷേ അതെങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ചു?

"1948 ജൂലൈ 19ന് ലോര്‍ഡ്‌സില്‍ വച്ച് ഐസിസി യോഗം ചേര്‍ന്നപ്പോള്‍ ഇന്ത്യ കോമണ്‍വെല്‍ത്തില്‍ തുടരാന്‍ സമ്മതിച്ചു. അതിനാല്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഐസിസി അംഗമായി നിലനിര്‍ത്താമെന്ന് തീരുമാനമെടുത്തു" മിഹിര്‍ ബോസ് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

കോമണ്‍വെല്‍ത്തില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് ഐസിസി അംഗത്വം നല്‍കില്ലെന്നതായിരുന്നു അന്നത്തെ ചട്ടം. ഐസിസി വീണ്ടും യോഗം ചേര്‍ന്നപ്പോഴേക്കും ഇന്ത്യ റിപ്പബ്ലിക്കായെങ്കിലും കോമണ്‍വെല്‍ത്തില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഇന്ത്യയെ ഐസിസി സ്ഥിരാംഗമാക്കി. ഒരുപക്ഷേ രാഷ്ട്രീയ സമ്മർദങ്ങള്‍ക്കൊടുവില്‍ കോമണ്‍വെല്‍ത്ത് അംഗത്വം വേണ്ടെന്ന തീരുമാനം നെഹ്‌റു എടുത്തിരുന്നെങ്കില്‍ ഐസിസിയുടെ ഭാഗമാകാനുള്ള ഇന്ത്യയുടെ കടമ്പകള്‍ ഏറിയേനെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in