ഏഷ്യന്‍ ഗെയിംസ്: 'ഇന്ത്യയെ ചതിക്കാന്‍ ഒഫീഷ്യലുകളുടെ ശ്രമം', ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്

ഏഷ്യന്‍ ഗെയിംസ്: 'ഇന്ത്യയെ ചതിക്കാന്‍ ഒഫീഷ്യലുകളുടെ ശ്രമം', ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അഞ്ജുവിന്റെ പ്രതികരണം

ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ ഒഫീഷ്യല്‍സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ അത്ലറ്റും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജിന്റെ ആദ്യ ശ്രമം ഒഫീഷ്യല്‍സ് അളക്കാന്‍ തയാറാകാത്തത് ചൂണ്ടിക്കാണിച്ചാണ് അഞ്ജുവിന്റെ പ്രതികരണം.

"നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നു. പക്ഷെ അത് അളക്കാന്‍ അവര്‍ തയാറായില്ല. സമാന അനുഭവം ഇന്നലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്കും നേരിടേണ്ടി വന്നു. ഇന്ത്യന്‍ അത്ലറ്റുകളോട് ഇങ്ങനെ പെരുമാറുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. അവര്‍ ചതിക്കാനും നമ്മളുടെ താരങ്ങളെ അലോസരപ്പെടുത്താനുമാണ് ശ്രമിക്കുന്നത്," ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് അഞ്ജു വ്യക്തമാക്കി.

ആദ്യ ത്രോ തന്നെ മികച്ചതാക്കാറുള്ള പതിവ് ഹാങ്ഷൂവിലും നീരജ് തെറ്റിച്ചിരുന്നില്ല. 89 മീറ്ററോളം ആദ്യ ശ്രമം എത്തിയിരുന്നതായാണ് ഒറ്റനോട്ടത്തില്‍ മനസിലാക്കാനായത്. എന്നാല്‍ സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് ത്രോ അളന്നില്ല, തുടര്‍ന്ന് നീരജിന് ഒരു അവസരം കൂടി നല്‍കുകയായിരുന്നു. 82.38 മീറ്റര്‍ മാത്രമായിരുന്നു ആദ്യ ശ്രമത്തിന്റെ രണ്ടാം അവസരത്തില്‍ നീരജിന്റെ ജാവലിന് താണ്ടാനായത്. പക്ഷെ തന്റെ രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞ് നീരജ് ലീഡ് ഉയര്‍ത്തി. നാലാം ശ്രമത്തിലായിരുന്നു നീരജ് സ്വര്‍ണത്തിലേക്ക് ജാവലിനെറിഞ്ഞത്. 88.88 മീറ്റര്‍ രേഖപ്പെടുത്തിയ ദൂരം സീസണിലെ തന്നെ താരത്തിന്റെ മികച്ച പ്രകടനമാണ്.

ഏഷ്യന്‍ ഗെയിംസ്: 'ഇന്ത്യയെ ചതിക്കാന്‍ ഒഫീഷ്യലുകളുടെ ശ്രമം', ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്
ഏഷ്യന്‍ ഗെയിംസ്: 4-400 റിലേയില്‍ മലയാളികള്‍ ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം, ജാവലിനില്‍ സ്വര്‍ണവും വെള്ളിയും

ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനും നീരജിനായി. 90 മീറ്ററെന്ന മാജിക് നമ്പര്‍ താണ്ടാന്‍ നീരജിന് ഇനിയും സാധിച്ചിട്ടില്ല എന്നത് നിരാശ നല്‍കുന്നതാണ്. 87.54 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജെനയാണ് വെള്ളി നേടിയത്. ജെനയുടെ കരീയറിലെ തന്നെ മികച്ച പ്രകടനമാണ് ഹാങ്ഷൂവില്‍ പിറന്നത്.

വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി സ്വര്‍ണം കരസ്ഥമാക്കിയതും സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയായിരുന്നു. 62.92 മീറ്ററായിരുന്നു ഫൈനലില്‍ അന്നു എറിഞ്ഞ ദൂരം. സീസണില്‍ ഏഴ് ഇവന്റുകളില്‍ പങ്കെടുത്തിരുന്നെങ്കിലും ഒരു തവണ പോലും 60 മീറ്റര്‍ കടക്കാന്‍ അന്നുവിന് സാധിച്ചിരുന്നില്ല. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 59.10 മീറ്റര്‍ എറിഞ്ഞതായിരുന്നു താരത്തിന്റെ മികച്ച ദൂരം.

ഏഷ്യന്‍ ഗെയിംസ്: 'ഇന്ത്യയെ ചതിക്കാന്‍ ഒഫീഷ്യലുകളുടെ ശ്രമം', ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്
ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏറ്റവും വലിയ മെഡല്‍ കൊയ്ത്ത്

നീരജിന്റെ സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 81 ആയി ഉയര്‍ന്നു. 18 സ്വര്‍ണം, 31 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. 165 സ്വര്‍ണവുമായി ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണകൊറിയ (32 സ്വര്‍ണം) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in