പ്ലാനുകളില്ലാത ഇന്ത്യ; വനിതാ ഹോക്കിയില്‍ പാരീസ് ടിക്കറ്റ് നഷ്ടപ്പെടുത്തിയ കാരണങ്ങള്‍

പ്ലാനുകളില്ലാത ഇന്ത്യ; വനിതാ ഹോക്കിയില്‍ പാരീസ് ടിക്കറ്റ് നഷ്ടപ്പെടുത്തിയ കാരണങ്ങള്‍

എതിരാളികളുടെ പ്രതിരോധത്തെ നേരിടാന്‍ കൃത്യമായൊരു പദ്ധതിയാവിഷ്കരിക്കാന്‍ ഇന്ത്യയ്ക്ക് പലപ്പോഴും സാധിക്കാതെ പോയിട്ടുണ്ട്

ടോക്കിയോ ഒളിമ്പിക്സില്‍ പുരുഷ ടീം വെങ്കലം നേടിയതും വനിത ടീം നാലാം സ്ഥാനത്തെത്തിയതുമെല്ലാം ഇന്ത്യന്‍ ഹോക്കി പ്രതാപകാലത്തേക്ക് മടങ്ങാനൊരുങ്ങുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ, പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ വനിതാ ടീം പുറത്തായതോടെ വീണ്ടും പ്രതീക്ഷകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് വീണിരിക്കുന്നു. ഇന്നലെ കണ്ണീരണിഞ്ഞാണ് വനിതാ ടീം ഒളിമ്പിക്സ് സ്വപ്നങ്ങള്‍ അവസാനിപ്പിച്ചത്. കളത്തിലെ തിരിച്ചടിക്ക് പല കാരണങ്ങളും നിരത്താനുമുണ്ട്.

സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍

ഒളിമ്പിക്സ് യോഗ്യതാ റൗണ്ടില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവർക്കായിരുന്നു പാരീസിലേക്ക് ടിക്കറ്റുണ്ടായിരുന്നത്. സെമി ഫൈനലില്‍ ജർമനിയോട് പരാജയപ്പെട്ടെങ്കിലും ജപ്പാനോടുള്ള വെങ്കല മെഡല്‍ പോരാട്ടം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന മറ്റൊരു അവസരമായിരുന്നു. പക്ഷേ, ജാപ്പനീസ് പ്രതിരോധം ഇന്ത്യന്‍ വനിതകള്‍ക്ക് തകർക്കാനാകാതെ പോയി.

അമേരിക്കയോട് മികവിനൊത്തുയരാതെ തോല്‍വി വഴങ്ങി (0-1). എന്നാല്‍ ന്യൂസിലന്‍ഡിനോടും (3-1) ഇറ്റലിയോടും (5-1) മികച്ച വിജയവുമായി തിരിച്ചു വന്നു. സലിമ ടെറ്റയും ഉദിത ദുഹാനുമായിരുന്നു ഗോള്‍ സ്കോറിങ്ങില്‍ മുന്നിലുണ്ടായിരുന്നത്. മറ്റ് താരങ്ങളുടെ സംഭാവനയിലുണ്ടായ ഇടിവ് ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടിയെന്ന് പറയാം.

പ്ലാനുകളില്ലാത ഇന്ത്യ; വനിതാ ഹോക്കിയില്‍ പാരീസ് ടിക്കറ്റ് നഷ്ടപ്പെടുത്തിയ കാരണങ്ങള്‍
സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

പക്ഷേ, ജർമനിക്കെതിരെ ദൗർബല്യങ്ങള്‍ മറികടന്നുള്ള പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ വിട്ടുവീഴ്ചകളുണ്ടായില്ല, അതീവ സമ്മർദത്തിലും അവസരങ്ങള്‍ ഉപയോഗിച്ചു. നിശ്ചിത സമയത്ത് ജർമനിയെ പിടിച്ചുകെട്ടി (2-2). പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയപ്പെട്ടത് (3-4).

ജപ്പാനെതിരായ നിർണായക മത്സരത്തില്‍ നേർവിപരീതമായിരുന്നു കാര്യങ്ങള്‍. പ്രതിരോധം മാത്രമല്ല മുന്നേറ്റനിരയും ജപ്പാനെതിരെ പരാജയപ്പെട്ടു. ആദ്യ അഞ്ച് മിനുറ്റില്‍ തന്നെ രണ്ട് പെനാലിറ്റി കോർണറുകളാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം അവസരത്തില്‍ ജപ്പാന്‍ ഗോള്‍ നേടുകയും ചെയ്തു. ആദ്യ പകുതിയിലുടനീളം ജപ്പാന് ആധിപത്യം നിലനിർത്താന്‍ ഇന്ത്യ അനുവദിച്ചു. മധ്യനിരയുടേയും പ്രതിരോധനിരയുടേയും പിഴവുകള്‍ തന്നെയായിരുന്നു ജപ്പാന്‍ ആധിപത്യത്തിന് കാരണമായത്.

നിർണായക സമയത്തെ വീഴ്ച

ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായ സലിമയ്ക്കും ഉദിത്തയ്ക്കും ജപ്പാനെതിരെ തിളങ്ങാനാകാതെ പോയി. ഫിനിഷിങ്ങില്‍ ഏറെ മെച്ചപ്പെട്ട സലിമ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സുവർണാവസരം പാഴാക്കിയിരുന്നു. പോസ്റ്റിന് മുന്നില്‍ പാസ് സ്വീകരിക്കുന്നതിനായി നിഷ വർഷിയും ജ്യോതിയുമുണ്ടായിരുന്നു. സലിമയുടെ തീരുമാനം ഷോട്ടുതിർക്കുക എന്നതായിരുന്നു. തീരുമാനവും ഷോട്ടും ഒരുപോലെ പിഴച്ചു, ലക്ഷ്യം തെറ്റി.

ബാക്ക്‌ലൈനില്‍ സ്പേസ് നല്‍കി ജപ്പാന് ആധിപത്യം ഉറപ്പിക്കാനുള്ളതൊക്കെ ഉദിത ഒരുക്കിക്കൊടുത്തിരുന്നു. ആദ്യ ക്വാർട്ടറില്‍ തന്നെ ടാക്കിള്‍ ചെയ്യുന്നതിലും ഉദിത പരാജയപ്പെട്ടു. പലതവണയും ഇത് ഗോള്‍ അവസരം സൃഷ്ടിക്കാന്‍ ജപ്പാനെ സഹായിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ പെനാലിറ്റി കോർണറുകളെടുക്കുന്നതിലെ മികവ് ഉദിതയ്ക്ക് നിർണായക മത്സരത്തില്‍ ആവർത്തിക്കാനുമായില്ല. ജപ്പാനെതിരെ ഒന്‍പത് പെനാലിറ്റി കോർണറുകളാണ് ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടത്.

പ്ലാനുകളില്ലാത ഇന്ത്യ; വനിതാ ഹോക്കിയില്‍ പാരീസ് ടിക്കറ്റ് നഷ്ടപ്പെടുത്തിയ കാരണങ്ങള്‍
ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

പദ്ധതികളില്ലാതെ കളത്തില്‍

എതിരാളികളുടെ പ്രതിരോധത്തെ നേരിടാന്‍ കൃത്യമായൊരു പദ്ധതിയാവിഷ്കരിക്കാന്‍ ഇന്ത്യയ്ക്ക് പലപ്പോഴും സാധിക്കാതെ പോയിട്ടുണ്ട്. ജാനെക ഷോപ്മാന്റെ കാലത്തുടനീളം ഇത് പ്രകടമായിരുന്നു. ജപ്പാനും യുഎസ്എയ്ക്കുമെതിരായ മത്സരങ്ങള്‍ ഇതിന് ഉദാഹരണമാണ്. പ്രതിരോധം തകർക്കാന്‍ താരങ്ങള്‍ കൂടുതല്‍ 'സ്മാർട്ട്' ആകണമെന്നാണ് ഷോപ്മാന്റെ പക്ഷം. ഇന്ത്യയുടെ ഈ ദൗർബല്യം മനസിലാക്കിയിട്ടും പരിഹാരം കാണാന്‍ ഷോപ്മാന് കഴിഞ്ഞില്ല.

പെട്ടെന്നുള്ള നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും അവസാന ലാപ്പിലാണ് പരാജയപ്പെടുന്നത്. ജപ്പാനും യുഎസ്എയ്ക്കുമെതിരെ സമനില ഗോള്‍ നേടാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ പലപ്പോഴും സർക്കിളിലേക്ക് പന്തടിച്ച് പെനാലിറ്റി കോർണർ നേടാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതൊരു മോശം പ്രവണതയല്ലെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു കൂടുതല്‍ ശ്രമിക്കേണ്ടിയിരുന്നത്.

ഗോളടിക്കാനാളില്ല

ഒരു മികച്ച ഗോള്‍ സ്കോററില്ല എന്നതായിരുന്നു ടൂർണമെന്റില്‍ ഇന്ത്യ നേരിട്ട മറ്റൊരു തിരിച്ചടി. റാണി രാംപാലിന്റെ അഭാവം, വന്ദന കതാരിയ പരുക്കുമൂലം പുറത്ത്. പെനാലിറ്റി കോർണർ സ്പെഷ്യലിസ്റ്റുകളായ ഗുർജിത് കൗറും ഗ്രേസ് എക്കയു ടീമിലുണ്ടായിരുന്നില്ല.

നിർണായക താരങ്ങളുടെ അഭാവത്തില്‍ ഗോള്‍ സ്കോറിങ് ഉത്തരവാദിത്തം സലിമ, ദീപിക, ഉദിത, സംഗീത കുമാരി എന്നിവരിലേക്ക് എത്തി. സലിമയ്ക്കും ഉദിതയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാനായെങ്കിലും മറ്റുള്ളവരുടെ പിന്തുണയുണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in