നിപ: കേരളത്തിലെ ടൂറിസം മേഖലയിലും ആശങ്ക

നിപ: കേരളത്തിലെ ടൂറിസം മേഖലയിലും ആശങ്ക

കോഴിക്കോടാണ് നിപ സ്ഥിരീകരിച്ചതെങ്കിലും കേരളത്തിലെ മൊത്തത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത

കോവിഡാനന്തര കാലത്ത് തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയായി നിപ വൈറസ് രോഗഭീതി. സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റവുമായി ടൂറിസം രംഗം തിരിച്ചുവരുന്നതിനിടെയാണ് കോഴിക്കോട് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിപ വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതും ആക്ടീവ് കേസുകള്‍ നാലിലേക്ക് ഉയര്‍ന്നതും നിയന്ത്രണങ്ങളും സുരക്ഷയും വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇതിനൊപ്പം അയല്‍ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും കേരളത്തിലെ ടൂറിസം മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

കോഴിക്കോടാണ് നിപ സ്ഥിരീകരിച്ചതെങ്കിലും വടക്കന്‍ ജില്ലകള്‍ക്കൊപ്പം കേരളത്തിലെ മൊത്തത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ഇനിനോടകം തന്നെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കികഴിഞ്ഞ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് കുറയുമെന്നതാണ് വസ്തുത.

നിപ: കേരളത്തിലെ ടൂറിസം മേഖലയിലും ആശങ്ക
നിപ: അനുഭവങ്ങൾ പാഠങ്ങളാക്കാം; അതിജീവിക്കാം

നിലവില്‍ കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളായ കുടക്, ദക്ഷിണ കന്നഡ, ചാമരാജ നഗര, മൈസൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ സെപ്റ്റംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന മലബാര്‍ ടൂറിസം യോഗവും മാറ്റി വെച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ 3000 പേരടങ്ങുന്ന യോഗമായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇത 2024 ജൂണിലേക്ക് അത് മാറ്റി വെച്ചിരിക്കുകയാണ് അധികൃതര്‍.

ദീപാവലി അടക്കമുള്ള സീസണുകളെ സാരമായി ബാധിക്കുമെന്ന പേടിയിലാണ് ടൂറിസം മേഖല

കോവിഡിന് ശേഷം 40,000 കോടി രൂപയുടെ വരുമാനമാണ് ഓരോ വര്‍ഷവും ടൂറിസത്തില്‍ നിന്നും ലഭ്യമാകുന്നത്. എന്നാല്‍ കേരളത്തിലേക്ക് യാത്ര തീരുമാനിച്ച പല സഞ്ചാരികളും ഇപ്പോള്‍ തന്നെ യാത്രകള്‍ റദ്ദാക്കുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ദീപാവലി അടക്കമുള്ള സീസണുകളെയും ഇത് സാരമായി ബാധിക്കുമെന്ന പേടിയിലാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

നിപ: കേരളത്തിലെ ടൂറിസം മേഖലയിലും ആശങ്ക
ഒരാൾക്ക് കൂടി നിപ വൈറസ് ബാധ; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്

അസം ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും മൂന്നാര്‍, കുമരകം, കോവളം എന്നീ സ്ഥലങ്ങളിലേക്ക് യാത്ര തീരുമാനിച്ചിരുന്ന സഞ്ചാരികള്‍ സന്ദര്‍ശനം റദ്ദാക്കിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സഞ്ചാരികളുടെ ആശങ്ക അകറ്റാന്‍ നടപടികള്‍ വേണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നിപ നിയന്ത്രണ വിധേയമാകുന്ന സാഹചര്യം ഉണ്ടായാല്‍ ടൂറിസം രംഗത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരില്ലെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്ക്കുന്നു.

ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറ് മാസത്തില്‍ 1.06 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2022ലെ 88.95 ലക്ഷം എന്ന കണക്കില്‍ നിന്നാണ് ഇത്രയും ഭീമമായ വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്കുള്ളിലുള്ളവരുടെ മാത്രമല്ല, വിദേശികളുടെയും ഇഷ്ട സ്ഥലമാണ് കേരളം. 2023ല്‍ 2.88 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കൂടാതെ കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ തിരഞ്ഞെടുത്ത 53 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതും ടൂറിസം മേഖലയ്ക്ക് കരുത്ത് പകര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in