അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍

അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍

ടൈപ്പ് 1 പ്രമേഹത്തിന് ഇൻസുലിൻ മാത്രമാണ് ചികിത്സാ രീതി

പ്രമേഹം മുതിര്‍ന്നവര്‍ക്ക് മാത്രം വരുന്ന രോഗാവസ്ഥയാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല, കുട്ടികളെ ബാധിക്കുന്ന ടൈപ്പ് 1 പ്രമേഹവും ഗര്‍ഭിണികളെ ബാധിക്കുന്ന ജെസ്റ്റേഷണല്‍ ഡയബറ്റിസുമുണ്ട്. ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ ആവശ്യമായ രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. അതുകൊണ്ടുതന്നെ സമൂഹം ഒന്നടങ്കം ഈ കുട്ടികളെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. കൂടാതെ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളും പ്രമേഹരോഗാവസ്ഥയില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജുവനൈല്‍ ഡയബറ്റിസ് എന്ന ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളും ജെസ്റ്റേഷണല്‍ ഡയബറ്റിസുള്ളവരും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും സമൂഹം എന്ന രീതിയില്‍ നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്നും ദ ഫോർത്തിനോട് വിശദീകരിക്കുകയാണ് ഡോ. അരുണ്‍ ശങ്കര്‍.

എന്താണ് ടൈപ്പ് 1 പ്രമേഹം? കുട്ടികളില്‍ മാത്രമാണോ ടൈപ്പ് 1 പ്രമേഹം കണ്ടുവരുന്നത്

ശരീരത്തിലെ ഇന്‍സുലിന്റെ പൂര്‍ണമായ അഭാവമാണ് ടൈപ്പ് 1 പ്രമേഹം. പ്രധാനമായും കുട്ടികളിലാണ് കാണപ്പെടുന്നതെങ്കിലും ഏത് പ്രായക്കാരെയും ടൈപ്പ് 1 പ്രമേഹം ബാധിക്കാം. ജനിച്ച ഉടനെ കുഞ്ഞുങ്ങളില്‍ ടൈപ്പ് 1 പ്രമേഹം കാണാം. എല്ലാ പ്രായത്തിലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ടൈപ്പ് 1 പ്രമേഹം കാണുന്നുണ്ട്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉത്പാദനം പൂര്‍ണമായും നശിച്ചുപോകുന്ന അവസ്ഥയാണിത്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉണ്ടെങ്കില്‍ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണമെന്താണെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്. എന്തെങ്കിലും അണുബാധ പിടിപെട്ട് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ പൂര്‍ണമായി നശിക്കുന്നത് ടൈപ്പ്1 പ്രമേഹത്തിന്റെ ഒരു കാരണമാണ്. ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയായതുകൊണ്ട് തന്നെ ടൈപ്പ് 1 പ്രമേഹം ഇന്‍സുലിന്‍ കൊണ്ടുമാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റ് യാതൊരു ചികിത്സാ രീതിയും ഇവിടെ ഫലം ചെയ്യില്ല.

ഇന്‍സുലിന്‍ ചികിത്സ കുട്ടികളില്‍ എത്രത്തോളം പ്രായോഗികമാണ് ?

സാധാരണ ഒരു വ്യക്തിക്ക് ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചലിനനുസരിച്ചാണ് ഉണ്ടാവുന്നത്. ഒരു ദിവസം ഇത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാമെന്ന ഒരു കണക്കില്ല. അതുകൊണ്ടുതന്നെ ഇന്‍സുലിന്‍ ഉത്പാദനം ഇല്ലെങ്കില്‍ പ്രമേഹത്തിന്റെ അളവ് 1000 വരെയോ അതില്‍ കൂടുവാനോ സാധ്യതയുണ്ട്. ആ പ്രമേഹത്തിന്റെ അളവ് തുടര്‍ച്ചയായി നില്‍ക്കുന്നുവെങ്കില്‍ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന് പറയുന്ന കോമയിലേക്ക് വരെ പോകുന്ന അവസ്ഥ വരും. പലപ്പോഴും ടൈപ്പ് 1 പ്രമേഹം കണ്ടുപിടിക്കുന്നത് പോലും ഈ അവസ്ഥയിലാകും. മറ്റ് സൂചനകളൊന്നും തന്നെ ഉണ്ടാകണമെന്നില്ല.

അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍
പ്രമേഹപരിശോധന ഏതു പ്രായം മുതല്‍ തുടങ്ങണം? ചികിത്സയില്‍ അറിയേണ്ടത്

ഓരോ ദിവസവും ഓരോ ഭക്ഷണത്തിനും വേണ്ട ഇന്‍സുലിന്റെ അളവ് വ്യത്യസ്തമായിരിക്കും. കുട്ടിയുടെ ശരീരഭാരം, പ്രമേഹത്തിന്റെ സ്വഭാവം, ജീവിതശൈലി തുടങ്ങി ഒരുപാട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സുലിന്‍ ഡോസ് തീരുമാനിക്കുന്നത്. ടൈപ്പ് 1 പ്രമേഹത്തിന് ഒരു ഡോക്ടറെ സമീപിച്ച് കഴിഞ്ഞ് ഡോസ് വാങ്ങിയാല്‍ പിന്നീടങ്ങോട്ട് ആ ഡോസില്‍ തന്നെ തുടരാന്‍ പറ്റില്ല. അവിടെ ഭക്ഷണത്തിന്റെയോ കാര്‍ബോഹൈഡ്രേറ്റിന്റെയോ ഓരോ ഭക്ഷണത്തിനു മുന്നേയുള്ള പ്രമേഹത്തിന്റെയോ അളവ് അനുസരിച്ച് ഇന്‍സുലിന്റെ അളവ് മാറ്റിക്കൊണ്ടിരിക്കേണ്ടി വരും. അത് ബുദ്ധിമുട്ടാണെങ്കിലും ഇന്‍സുലിന്‍ എടുത്തേ പറ്റുള്ളു.

ടൈപ്പ് 1 പ്രമേഹരോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും മാറേണ്ടതല്ലേ ?

പ്രമേഹമുള്ള വ്യക്തികളും അല്ലാത്തവരും തമ്മിലുള്ള ഏക വ്യത്യാസം ഇന്‍സുലിന്‍ അഭാവമാണ്. അല്ലാതെ മഹാ രോഗമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. പക്ഷേ ഈ വ്യക്തിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പോകണമെങ്കില്‍ ഇന്‍സുലിന്‍ പുറത്ത് നിന്നെടുക്കണം. പ്രമേഹമുള്ള കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായും ഇന്‍സുലിനെടുക്കേണ്ട സാഹചര്യമുണ്ടാക്കുകയാണ് സമൂഹത്തിന് ഇതിലുള്ള പങ്ക്.

സര്‍ക്കാര്‍തന്നെ അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കുട്ടികളുടെ പരീക്ഷാ സമയങ്ങളില്‍ ഇളവുകള്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ അധിക സമയം കൊടുക്കുന്നു, ഷുഗര്‍ കുറഞ്ഞുപോയാല്‍ ഉടനെ മധുരം നല്‍കാനുള്ള സംവിധാനവും ഒരുക്കുന്നു. ടൈപ്പ് 1 പ്രമേഹ രോഗികളായ കുട്ടികളെ സംബന്ധിച്ച് അവര്‍ മുഴുവന്‍ സമയവും മാതാപിതാക്കളുടെ കൂടെയായിരിക്കില്ല ചെലവഴിക്കുന്നത്. സ്‌കൂളിലെ അധ്യാപകരായിരിക്കും അവര്‍ക്ക് സഹായം നല്‍കുന്നത്. അങ്ങനെ ടൈപ്പ് 1 പ്രമേഹരോഗികളുള്ള സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് അതിനെപ്പറ്റിയുള്ള അറിവുണ്ടായിരിക്കണം. എങ്ങനെയാണ് പെട്ടെന്ന് ഒരു അത്യാവശ്യം വന്നാല്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഇന്‍സുലിന്‍ കുട്ടികള്‍ കൃത്യമായി എടുക്കുന്നുണ്ടോയെന്നും അറിഞ്ഞിരിക്കണം.

ടൈപ്പ് 1 പ്രമേഹം കുട്ടിക്കുണ്ടെന്ന് അധ്യാപകരോട് മാതാപിതാക്കള്‍ തുറന്നു പറയണം. രഹസ്യമാക്കി വച്ചാല്‍ ചികിത്സ പാളിപ്പോകാനുള്ള സാധ്യത കൂടുതലാണ്. സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. മാനസികമായ പിന്തുണ ടൈപ്പ് 1 രോഗിക്ക് നല്‍കിയാല്‍ മാത്രമേ സാധാരണ ആരോഗ്യമുള്ളൊരാളെ പോലെ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു.

അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍
വേണ്ടത് ഹെല്‍ത്തി ഡയറ്റ്; പ്രമേഹരോഗികളുടെ ഭക്ഷണ ക്രമീകരണം അറിയാം

പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത എത്രത്തോളമുണ്ട് ?

അച്ഛന്റെയും അമ്മയുടെയും ജീനാണ് മക്കള്‍ക്ക് കിട്ടുന്നത്. അവര്‍ക്ക് ജീവിതശൈലീ രോഗമായ പ്രമേഹം പോലുള്ള അവസ്ഥയുണ്ടെങ്കില്‍ ആ രോഗാവസ്ഥ നമുക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത വണ്ണം, വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ എന്നിവയ്ക്കൊപ്പം പ്രമേഹ പാരമ്പര്യവും കൂടെയുണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗര്‍ഭകാലത്ത് മാത്രം വരുന്ന പ്രമേഹമാണല്ലോ ജസ്റ്റേഷണല്‍ ഡയബറ്റിസ്. ഇതിനു പിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ ?

പ്രമേഹത്തെ തരംതിരിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്‌ ജസ്റ്റേഷണല്‍ ഡയബറ്റിസ്. ഗര്‍ഭകാലത്ത് കണ്ടുപിടിക്കുന്ന പ്രമേഹമാണിത്. കുടുംബപരമായി പ്രമേഹം ഉള്ളവരിലും അല്ലാത്തവരിലും ജസ്റ്റേഷണല്‍ പ്രമേഹം കണ്ടുവരുന്നുണ്ട്. ഗര്‍ഭിണി ആകുന്നതിനു മുന്നേ അണ്ഡാശയത്തില്‍ മുഴകളുള്ള സ്ത്രീകള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും പ്രമേഹത്തിനുള്ള സാധ്യതയുണ്ട്. ഇവിടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതിനാല്‍ ചികിത്സ ശാസ്ത്രീയമായി കൊണ്ടുപോകണം. ഗര്‍ഭകാലത്ത് പ്രമേഹത്തിന്റെ അളവ് നിയന്ത്രണത്തിലായിരിക്കും.

പക്ഷേ അമ്മയെ സംബന്ധിച്ച് ഗര്‍ഭകാലം കുഞ്ഞിന്റെ കൂടി വളര്‍ച്ച വരുന്ന കാലമായിരിക്കും. സാധാരണമായ ഒരു ശരീരഭാരമായിരിക്കില്ല ഈ സമയത്ത് അമ്മയുടേത്. ഈ സമയത്ത് പ്രമേഹത്തില്‍ നിയന്ത്രണം കൊണ്ടുവരുമ്പോഴും പ്രസവത്തിന് ശേഷം തിരിച്ച് സാധാരണ ഒരു രീതിയിലേക്ക് മാറുകയാണ് ചെയ്യുന്നത്. പ്രസവശേഷം ഭക്ഷണം കൂടുതലായി കഴിക്കുന്നവരുണ്ട്. വീണ്ടും വണ്ണം വയ്ക്കാനുള്ള ഒരു സാഹചര്യമാണ് ഇവിടെ വരുന്നത്. ഗര്‍ഭകാലത്ത് കണ്ടുവരുന്ന പ്രമേഹം പെട്ടെന്ന് അപ്രത്യക്ഷമാകുന്നുവെന്ന് നമ്മള്‍ ധരിക്കുകയാണ്. പക്ഷേ അത് സംഭവിക്കുന്നില്ല. പ്രസവാനന്തരം ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഈ പ്രമേഹം തിരിച്ച് വരാന്‍ സാധ്യതയുണ്ട്. പ്രസവത്തിന് ശേഷം കൃത്യമായ ഒരു ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കുകയും ഭക്ഷണ രീതി ശ്രദ്ധിക്കുകയും ചെയ്താല്‍ മാത്രമേ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കൂ.

പ്രസവത്തിനു ശേഷം പ്രമേഹം വരില്ലെന്ന ധാരണയില്‍ പരിശോധന നടത്താന്‍ പോലും പലരും തയ്യാറാകില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തിയാലേ പ്രമേഹം വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അതും സാധാരണ രീതിയില്‍ പ്രമേഹം നോക്കിയാല്‍ മാത്രം രോഗാവസ്ഥയുണ്ടോയെന്ന് അറിയാന്‍ പറ്റണമെന്നില്ല. മൂന്നുമാസത്തെ ശരാശരി പ്രമേഹം തന്നെ ഇടയ്ക്ക് പരിശോധിച്ച് നോക്കണം. പ്രമേഹത്തിന്റെ പ്രാരംഭഘട്ടമാണെങ്കിലും പരിശോധനകളിലൂടെ പ്രമേഹത്തിലേക്കെത്താതെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് പ്രമേഹം പകരാനുള്ള സാധ്യത എത്രത്തോളമാണ് ?

സാധാരണ ടൈപ്പ്1 പ്രമേഹമോ ടൈപ്പ് 2 പ്രമേഹമോ ചികിത്സിക്കുന്ന രീതിയിലല്ല ജസ്റ്റേഷണല്‍ പ്രമേഹം ചികിത്സിക്കേണ്ടത്. അവിടെ കുറച്ചുകൂടി ഗൗരവമായ നിയന്ത്രണമാണ് ആവശ്യം. ജസ്റ്റേഷണല്‍ ഡയബറ്റിസില്‍ രക്തത്തില്‍ പഞ്ചസാരയുടെ നില നിയന്ത്രിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരാറുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാം. ജസ്റ്റേഷണല്‍ ഡയബറ്റിസുള്ള ഗര്‍ഭിണിയെ സംബന്ധിച്ച് പ്രമേഹം നിയന്ത്രിച്ച് പോകുന്നില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ തൂക്കം കൂടാനുള്ള സാധ്യതയുണ്ട്. അത് ഭാവിയില്‍ കുഞ്ഞിന് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടാക്കുന്നു.

അറിയാം, നേരിടാം; ടൈപ്പ് 1, ഗര്‍ഭകാല പ്രമേഹങ്ങള്‍
ലോക ന്യുമോണിയ ദിനം: പനിയില്‍ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗം; അറിയാം പ്രതിരോധിക്കാം

എന്നാല്‍ ജസ്റ്റേഷണല്‍ ഡയബറ്റിസുള്ളൊരു അമ്മയുടെ കുഞ്ഞിന് നിര്‍ബന്ധമായും പ്രമേഹം വരണമെന്നില്ല. പ്രസവത്തിന് ശേഷം മുലയൂട്ടുന്നത് കൊണ്ട് പ്രമേഹം വരില്ല. പ്രസവാനന്തരം എത്രത്തോളം ആരോഗ്യകരമായാണോ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത് അത് പോലെയാണ് രോഗം വരാനുള്ള സാധ്യതകളും.

ജസ്റ്റേഷണല്‍ പ്രമേഹത്തിന്റെ ചികിത്സാരീതികള്‍ കൊണ്ട് കുട്ടിക്കോ അമ്മയ്ക്കോ ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വരാന്‍ സാധ്യതയുണ്ടോ ?

ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സയില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഒരു പ്രമേഹം ചികിത്സിക്കുന്നത് പോലെയല്ല ഇത്. പക്ഷേ പ്രമേഹ ചികിത്സയിലെ ആദ്യ ചികിത്സ തുടങ്ങുന്നത് ജീവിത ശൈലീ മാറ്റങ്ങളിലൂടെയാണ്. ഭക്ഷണത്തില്‍ നിയന്ത്രണമുണ്ടായിരിക്കും. ഇടനേരത്ത് ലഘുഭക്ഷണം ഉള്‍പ്പെടുത്തി പല സമയങ്ങളിലായി ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ഗര്‍ഭകാലത്ത് മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില്‍ അത്യാവശ്യം വ്യായാമം ചെയ്യുക. ഈ രണ്ട് രീതിയിലൂടെ മാത്രം പ്രമേഹം നിയന്ത്രണത്തില്‍ വന്നില്ലെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരും.

അവിടെയും കുഞ്ഞിന്റെ ആരോഗ്യത്തിന് ഹാനികരമാകാത്ത മരുന്നുകളാണ് നല്‍കുന്നത്. ഇന്‍സുലിന്‍ തന്നെയാണ് ഇവിടെയും സുരക്ഷിതമായ മരുന്ന്. ചിലപ്പോള്‍ ഒരു തവണയോ രണ്ട് തവണയോ അല്ലെങ്കില്‍ ടൈപ്പ് 1 രോഗികള്‍ക്ക് നല്‍കുന്നത് പോലെയോ നല്‍കേണ്ടതുണ്ട്. 24 മണിക്കൂര്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തിയാലേ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഗുണകരമാകുകയുള്ളൂ. ഗര്‍ഭകാലത്ത് മാത്രമായി ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ഇന്‍സുലിന്‍ പമ്പ് ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പ്രമേഹരോഗം വരാന്‍ സാധ്യതയുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ധരിക്കാനുള്ള ആലോചനയ്ക്ക് മുമ്പുതന്നെ പ്രമേഹം വരാതിരിക്കാനുള്ള സാധ്യത നോക്കാവുന്നതാണ്.

പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് മാറ്റം വരുത്തി, ഭക്ഷണം ക്രമീകരിച്ച് പോയില്ലെങ്കില്‍ പ്രമേഹം താഴ്ന്ന് പോകുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ ഉപയോഗിക്കുമ്പോള്‍ കാണുന്നത്. അത് ഒഴിവാക്കാന്‍ വേണ്ടി ശ്രമിക്കുകയാണ് ചികിത്സയില്‍ നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചികിത്സാരീതികള്‍ വിദൂര ഭാവിയില്‍ അപകടം ഉണ്ടാക്കുന്നില്ല.

ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കും സമൂഹത്തിനും നല്‍കാനുള്ള സന്ദേശം

പ്രമേഹത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ആളുകള്‍ക്ക് പ്രധാനമായും നല്‍കേണ്ടതുണ്ട്, അത് ടൈപ്പ് 1 പ്രമേഹമായാലും ജസ്റ്റേഷണല്‍ പ്രമേഹമായാലും. പ്രമേഹങ്ങളില്‍ ഏറ്റവും ഗൗരവമേറിയതാണ് ടൈപ്പ് 1 പ്രമേഹം. കാരണം അത് കൂടുതലും കുഞ്ഞുങ്ങളില്‍ കാണുന്ന പ്രമേഹമാണ്. സമൂഹത്തില്‍ അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. മറ്റേതൊരു വ്യക്തിയെപ്പോലെയാണ് പ്രമേഹ രോഗികളും. പ്രമേഹ രോഗി എന്ന് പറയരുത്, അവസ്ഥ എന്ന് മാത്രമേ പറയാന്‍ പാടുള്ളു.

അവര്‍ക്ക് കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ പൂര്‍ണമായ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ചികിത്സ നന്നായി കൊണ്ടുപോകാന്‍ സാധിക്കുള്ളൂ. പ്രമേഹ അവസ്ഥയുള്ള കുടുംബാംഗങ്ങള്‍ ശാസ്ത്രീയമായി തന്നെ ചികിത്സ മുന്നോട്ട് കൊണ്ടുപോകണം. നിയന്ത്രണം ഇല്ലാതെ പോകുന്ന അവസ്ഥയില്‍ മാത്രമേ പ്രമേഹം മറ്റ് സങ്കീര്‍ണതകളിലേക്ക് എത്തിപ്പെടുന്നുള്ളൂ. ശാസ്ത്രീയമായ അടിത്തറയോട് കൂടി ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക. ജീവിത ശൈലിയിലെ മാറ്റവും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെയും ചികിത്സ മുന്നോട്ട് കൊണ്ടുപോയാല്‍ പ്രമേഹരോഗികളുടെ ചികിത്സ വിജയകരമാകുമെന്നതിന് സംശയമില്ല.

logo
The Fourth
www.thefourthnews.in