ഖത്തറില്‍ 8 മുൻ നാവികരുടെ വധശിക്ഷ: അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം

ഖത്തറില്‍ 8 മുൻ നാവികരുടെ വധശിക്ഷ: അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം

ഖത്തര്‍ കോടതിയുടെ വിധി പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് നാവികരുടെ മോചനത്തിനായി ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടന്‍തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി ഇന്ത്യ നടപടികള്‍ ആരംഭിച്ചിരുന്നെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

''വിഷയത്തില്‍ ഇന്ത്യ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ വിധി രഹസ്യമാണ്. ഇത്‌ നിയമസംഘവുമായി പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്,'' ബാഗ്ചി പറഞ്ഞു.

ഖത്തറില്‍ 8 മുൻ നാവികരുടെ വധശിക്ഷ: അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം
രാഷ്ട്രീയ നേട്ടം ലക്ഷ്യമെന്ന് ആരോപണം, ഖത്തറിൽ മുൻ ഇന്ത്യൻ നാവികരുടെ മോചനം സങ്കീർണമാകുമോ?

എട്ട് പേരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുടുംബാംഗങ്ങളെ കണ്ടിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഖത്തര്‍ കോടതിയുടെ വിധിപ്പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു. ഖത്തര്‍ പോലെ ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്തില്‍ നടത്തിയ വിധി എന്തുകൊണ്ടാണ് രഹസ്യമാക്കി വയ്ക്കുന്നതെന്നായിരുന്നു തീവാരി ചോദിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഖത്തറില്‍ പ്രതിരോധ കമ്പനിയായ ദഹാര ഗ്ലോബലില്‍ ജോലി ചെയ്തിരുന്ന എട്ട് മുൻ ഇന്ത്യന്‍ നാവിസേനാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. നാവികര്‍ക്കായി സമര്‍പ്പിച്ച നിരവധി ജാമ്യാപേക്ഷകള്‍ നിരസിക്കുകയും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്ത ഖത്തര്‍ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ഖത്തറില്‍ 8 മുൻ നാവികരുടെ വധശിക്ഷ: അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം
എട്ട് മുൻ ഇന്ത്യന്‍ നാവികർക്ക് ഖത്തർ വധശിക്ഷ വിധിച്ചത് എന്തിന്? എന്താണ് അൽ ദഹ്‌റ കേസ്?

എട്ടുപേരും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടിയും ഇസ്രയേലിനുവേണ്ടിയും ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറില്‍ 8 മുൻ നാവികരുടെ വധശിക്ഷ: അപ്പീല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം
മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ: അയയാതെ ഖത്തര്‍, ഇന്ത്യക്ക് മുന്നില്‍ ഇനി വഴിയെന്ത്?

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം അറസ്റ്റിലായ ഇന്ത്യക്കാര്‍ക്ക് പുറമെ ദഹറ ഗ്ലോബല്‍ കമ്പനിയുടെ സിഇഒയും ഖത്തറിലെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷന്‍ മേധാവിയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in