ഓങ് സാന്‍ സൂചി
ഓങ് സാന്‍ സൂചി

അഴിമതിക്കേസ്: ഓങ് സാന്‍ സൂചിക്ക് ഏഴു വര്‍ഷം കൂടി തടവ്, വിചാരണ അവസാനിച്ചെന്ന് കോടതി

വിവിധ കേസുകളിലായി നേരത്തെ വിധിച്ച 17 വര്‍ഷം തടവ് ശിക്ഷയ്‌ക്കൊപ്പമാണ് ഏഴ് വര്‍ഷത്തെ ശിക്ഷ കൂടി ചേര്‍ത്തിരിക്കുന്നത്

മ്യാന്‍മറില്‍ അധികാര ഭ്രഷ്ടയാക്കിയശേഷം സൈന്യം തടവിലടച്ച ദേശീയ നേതാവ് ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവ് ശിക്ഷ. അധികാരത്തിലിരിക്കുമ്പോള്‍ സർക്കാര്‍ ഹെലിക്കോപ്റ്റർ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചു എന്നതുള്‍പ്പെടെ അഞ്ച് കേസുകളിലായാണ് നടപടി. വിവിധ കേസുകളിലായി നേരത്തെ വിധിച്ച 17 വര്‍ഷം തടവ് ശിക്ഷയ്‌ക്കൊപ്പമാണ് ഏഴ് വര്‍ഷത്തെ ശിക്ഷ കൂടി ചേര്‍ത്തിരിക്കുന്നത്. മ്യാന്‍മറിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇതോടെ ഓങ് സാന്‍ സൂചിയ്ക്ക് എതിരായ നിയമ നടപടികളും പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.

ഓങ് സാന്‍ സൂചിയ്ക്ക് എതിരായ നടപടി അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമർശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും സൈനിക ഭരണകൂടത്തിന്റെ വഴിവിട്ട നീക്കമാണിതെന്നുമായിരുന്നു വിമർശനങ്ങള്‍.

2021 ഫെബ്രുവരിയില്‍ സൈന്യം ഓങ് സാന്‍ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പുറത്താക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു

2021 ഫെബ്രുവരിയിലാണ് മ്യാന്‍മര്‍ സൈന്യം ഓങ് സാന്‍ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പുറത്താക്കി ഇവരെ തടങ്കലിലാക്കിയത്. പിന്നാലെ രാജ്യദ്രോഹം, അഴിമതി, തുടങ്ങിയ കേസുകളില്‍ 11 വര്‍ഷത്തെ തടവിനും സൂചിയെ ശിക്ഷിക്കുകയായിരുന്നു. പിന്നാലെ ഓഗസ്റ്റില്‍ നാല് അഴിമതി കേസുകളിലായി ആറ് വർഷത്തെ ശിക്ഷയും വിധിച്ചിരുന്നു.

സൂചിയുടെ അന്തരിച്ച മാതാവിന്റെ പേരില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും, ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് ഒരു വസതി നിര്‍മ്മിച്ചതും പദവി ദുരുപയോഗം ചെയ്ത് വിപണി വിലയില്‍ താഴെയുള്ള പൊതുഭൂമി വാടകയ്ക്കെടുത്തു തുടങ്ങിയ ആരോപണങ്ങളും അവർ നേരിടുന്നുണ്ട്. നാല് കേസുകളില്‍ ഓരോന്നിനും അവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു.

നേതാക്കളെ സൈനിക ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കി

മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാത്ത കോടതികളിലാണ് സൂചിയുടെ വിചാരണ നടന്നത്. നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് അവരുടെ അഭിഭാഷകരെ വിലക്കുകയും ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയിലെയും അവരുടെ സര്‍ക്കാരിലെയും പല ഉന്നത അംഗങ്ങളും നിയമ നടപടി നേരിടുന്നുണ്ട്. പലരും ജയിലിലടയ്ക്കപ്പെടുകയും ചില നേതാക്കളെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിരിച്ചുവിടാനും സൈനിക ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.

2020 നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടി രണ്ടാം തവണ അധികാരത്തിലേറുന്ന ദിവസമായ 2021 ഫെബ്രുവരി 1 ന് സൈന്യം അധികാരം പിടിച്ചെടുക്കുകയും ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍ ആക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല. രാജ്യം നിലവില്‍ പട്ടാള ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലാണ്. 2023 വരെയാണ് അടിയന്തരാവസ്ഥയുടെ കാലാവധി.

ഓങ് സാന്‍ സൂചി
അടിയന്തരാവസ്ഥ 2023 വരെ നീട്ടി മ്യാന്‍മര്‍; രാജ്യത്തെ സുസ്ഥിരമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൈനിക നേതൃത്വം

സൈനിക നടപടി രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ സേന ഇതിനെ ശക്തമായി പ്രതിരോധിച്ചതോടെ വലിയ ഏറ്റുമുട്ടലുകളും അരങ്ങേറിയിരുന്നു. അനിയന്ത്രിതമായ അറസ്റ്റുകളും കൊലപാതകങ്ങളും, സിവിലിയന്‍മാര്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങളും സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ആരോപണം ഉണ്ടായിരുന്നു.

ഓങ് സാന്‍ സൂചി
ഓങ് സാൻ സൂചിക്ക് വീണ്ടും തടവുശിക്ഷ; ഒഫീഷ്യല്‍ സീക്രട്സ് ആക്ട് ലംഘിച്ചെന്ന് ആരോപണം

അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണമെന്നതായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടൻ അവസാനിപ്പിക്കണം. ഓങ് സാന്‍ സ്യൂചി, വിൻ മൈന്റ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. മ്യാന്മര്‍ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ പ്രക്ഷുബ്ധമായ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎന്‍ ആദ്യമായാണ് പ്രമേയം പാസാക്കുന്നത്. 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

logo
The Fourth
www.thefourthnews.in