പുത്തനുടുപ്പും നല്ല ഭക്ഷണവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട ജനത; ഗാസയില്‍ കണ്ണിരീന്റെ പെരുന്നാള്‍

പുത്തനുടുപ്പും നല്ല ഭക്ഷണവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട ജനത; ഗാസയില്‍ കണ്ണിരീന്റെ പെരുന്നാള്‍

കളിപ്പാട്ടങ്ങളും ഉടുപ്പുകൾ വാങ്ങലും, കുടുംബ സമ്മേളനങ്ങളും, പാർക്കുകളിൽ കളിക്കലുമായി തങ്ങളുടെ ഈദുകൾ കടന്ന് പോകില്ലെന്ന് ഗാസയിലെ കുട്ടികൾ മനസിലാക്കി കഴിഞ്ഞു...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്ക് ഗാസയില്‍ നിറങ്ങളില്ല.

ഒരു മാസം നീണ്ട വ്രതകാലത്തിനുശേഷം എത്തുന്ന ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അതിരാവിലെ പുത്തനുടുപ്പുകൾ ധരിച്ച് പള്ളികളിൽ പോവുകയും പ്രാർഥിക്കുകയും ചെയ്യും. കൂടെ വീട്ടുകാരോടൊത്ത് സന്തോഷത്തോടെ നല്ല ഭക്ഷണങ്ങൾ കഴിക്കുകയും കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്യും. അങ്ങനെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി ഈദുല്‍ ഫിത്തര്‍ മാറും. എന്നാല്‍ ഗാസയില്‍ ഈ പെരുന്നാള്‍ ദിനത്തിലും ജനങ്ങളില്‍ പ്രതീക്ഷയും സന്തോഷവും ഇല്ലെന്ന് പറയാം. ഗാസയിൽ മനുഷ്യർക്ക് പുത്തനുടുപ്പോ നല്ല ഭക്ഷണമോ പോലും ഇല്ല. പേരിന് പെരുന്നാള്‍ മാത്രം.

മുന്‍ കാലങ്ങളില്‍ പെരുന്നാൾ അടുക്കുമ്പോൾ ഗാസയിലെ തെരുവുകൾ ജനങ്ങളാല്‍ നിറയും. തക്ബീർ ധ്വനികൾ മുഴങ്ങുമ്പോൾ സ്ത്രീകളും കുട്ടികളും പുരുഷന്മാരും വയോധികരും അടങ്ങുന്ന ഗാസയിലെ സകലമാന ജനങ്ങളും ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരിക്കും. അൽ റെമാൽ, അൽ സാഹ മാർക്കറ്റുകൾ കുട്ടികൾക്കായി പുതുവസ്ത്രങ്ങളും ചോക്ലേറ്റുകളും ഈദ് മധുരപലഹാരങ്ങളും വാങ്ങുന്ന ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞിരിക്കും. ഇത്തവണ ഒന്നുമില്ല. ഇത്തവണയുള്ളത്, തകര്‍ന്നുതരിപ്പണമായ കോണ്‍ക്രീറ്റ് കൂനകളും, ബോംബുവീണും വെടിയേറ്റും വീണുപിടഞ്ഞ് ഇല്ലാതായ ഉറ്റവരെയോര്‍ത്തു കരയുന്ന കലങ്ങിയ ഹൃദയങ്ങളും മാത്രം...

പുത്തനുടുപ്പും നല്ല ഭക്ഷണവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട ജനത; ഗാസയില്‍ കണ്ണിരീന്റെ പെരുന്നാള്‍
'എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, നാശത്തിന്റെ വ്യാപ്തി വിവരിക്കാനാകില്ല'; തകർന്ന ഖാന്‍ യൂനിസില്‍ ഗാസന്‍ ജനത

ഗാസ നഗരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അൽ റെമാൽ, അൽ സാഹ മാർക്കറ്റുകൾ തിരിച്ചറിയാൻ പോലും സാധിക്കില്ല. അവ പൂർണമായും തകർന്ന് കഴിഞ്ഞിരിക്കുന്നു. തെരുവുകൾ ശൂന്യമാണ്. തുറന്നിരിക്കുന്ന ചുരുക്കം ചില കടകളിൽ പോലും ആരും സാധനങ്ങള്‍ വാങ്ങാൻ എത്തുന്നില്ല. കടുത്ത പട്ടിണി നടമാടുന്ന ഗാസയില്‍ സഹായ വിതരണങ്ങൾ കൈപ്പറ്റാന്‍ മാത്രമാണ് ജനങ്ങള്‍ പുറത്തേക്ക് വരുന്നത്.

ഒക്ടോബർ 7 ന് ശേഷം ഗാസയിലെ എല്ലാ വീട്ടിലും ഏതെങ്കിലും ഒരാളെങ്കിലും മരിച്ചിട്ടുണ്ടാകും. കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടവരുണ്ടാകും. മാതാപിതാക്കളെയും മക്കളെയും നഷ്ടപ്പെട്ടവരുണ്ടാകും. കഴിഞ്ഞ പെരുന്നാൾ സന്തോഷത്തോടെ ആഘോഷിച്ച പലരും ഇന്ന് അവർക്കൊപ്പമില്ല

അതിജീവനം മാത്രം ലക്ഷ്യമായ ഒരു കൂട്ടം മനുഷ്യർക്ക് പുത്തനുടുപ്പുകളെ കുറിച്ച് ഓർമ പോലും ഉണ്ടാകാൻ വഴിയില്ല. ഇത്തവണത്തെ വ്രതകാലത്ത് പുല്ല് വേവിച്ച് വരെ കഴിക്കേണ്ടി വന്നിരുന്ന മനുഷ്യർക്ക് നല്ല ഭക്ഷണത്തെക്കുറിച്ചും ചിന്തിക്കാൻ വയ്യ.

വീട്ടുകാരോടൊപ്പമുള്ള നല്ല നിമിഷങ്ങളും കുടുംബ സന്ദർശനങ്ങളുമാണ് പിന്നീടുള്ളത്. എന്നാല്‍ ഒക്ടോബർ 7 ന് ശേഷം ഗാസയിലെ എല്ലാ വീട്ടിലും ഏതെങ്കിലും ഒരാളെങ്കിലും മരിച്ചിട്ടുണ്ടാകും. കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടവരുണ്ടാകും. മാതാപിതാക്കളെയും മക്കളെയും നഷ്ടപ്പെട്ടവരുണ്ടാകും. കഴിഞ്ഞ പെരുന്നാൾ സന്തോഷത്തോടെ ആഘോഷിച്ച പലരും ഇന്ന് അവർക്കൊപ്പമില്ല. സന്ദർശിക്കാനോ ആലിംഗനം ചെയ്ത് ആശംസകൾ അറിയിക്കാനോ കുടുംബത്തിലെ ഒരാൾ പോലും അവശേഷിക്കാത്ത അനേകം മനുഷ്യർ ഇപ്പോൾ ഗാസയിൽ ജീവിച്ചിരിപ്പുണ്ട്.

ഈ പെരുന്നാള്‍ ദിനത്തില്‍ താമസിക്കാന്‍ ഒരു വീടോ പ്രാർഥിക്കാൻ പള്ളികളോ ഗാസയില്‍ ഇല്ല. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കൊപ്പം കിടക്കുന്നത് അവരുടെ സ്വപ്നങ്ങളും ജീവിതങ്ങളും പ്രതീക്ഷകളും കൂടിയാണ്. ചാര നിറത്തിൽ ചുറ്റും മണ്ണുപൊത്തി കിടക്കുന്ന കെട്ടിടങ്ങൾക്ക് നടുവിൽ പെരുന്നാൾ ആഘോഷിക്കാനാണ് ഒരു ജനതയുടെ വിധി.

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും ലഭിക്കാത്ത, അവരെകുറിച്ചോർത്ത് വേദനിക്കുന്നവരാണ് വലിയൊരു വിഭാഗം. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്ത് ചടങ്ങുകൾ നടത്താൻ പോലും അവർക്കാകുന്നില്ല. കെട്ടിടങ്ങൾക്കിടയിൽ കിടന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അഴുകുമ്പോൾ എങ്ങെനയാണ് ഗാസയിലെ നിവാസികൾ പെരുന്നാൾ ആഘോഷിക്കുക ?

മാതാപിതാക്കളെയും ഒരു സഹോദരനെയും നഷ്ടപ്പെട്ടതിനുശേഷം വടക്കൻ ഗാസയിലെ ജബാലിയയിൽ യുഎൻ നടത്തുന്ന സ്കൂളുകളിലൊന്നിൽ കഴിയുകയാണ് മുഹമ്മദ് അസീസ്. ഇസ്രയേൽ ബോംബാക്രമങ്ങളിൽ ജീവനെ ഭയന്നാണ് അസീസ് ഓരോ ദിവസവും തള്ളി നീക്കുന്നത്. "എനിക്ക് ചുറ്റുമുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുണ്ട്. ഞാൻ എന്റെ മാതാപിതാക്കളെ മിസ് ചെയ്യുന്നു. പെരുന്നാളിന് പുതുവസ്ത്രങ്ങൾ വാങ്ങാൻ ഉമ്മ എന്നെ കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഈദ് ഇല്ല ” മുഹമ്മദ് പറയുന്നു. വിട്ടിലേക്ക് ഉരുളക്കിഴങ്ങ് വാങ്ങാൻ പോയപ്പോഴാണ് അസീസിന്റെ വീട്ടിന് മുകളില്‍ ഇസ്രയേൽ ബോംബാക്രമണം നടന്നത്. അതോടെ അവന്‍ അനാഥനായി.

പുത്തനുടുപ്പും നല്ല ഭക്ഷണവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട ജനത; ഗാസയില്‍ കണ്ണിരീന്റെ പെരുന്നാള്‍
'ഗാസയില്‍ വംശഹത്യക്ക് സഹായിച്ചു'; ജര്‍മനിക്ക് എതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ്

കളിപ്പാട്ടങ്ങളും ഉടുപ്പുകൾ വാങ്ങലും, കുടുംബ സമ്മേളനങ്ങളും, പാർക്കുകളിലെ കളികളുമായി തങ്ങളുടെ പെരുന്നാള്‍ ദിനം കടന്നു പോകില്ലെന്ന് ഗാസയിലെ കുട്ടികൾ മനസിലാക്കി കഴിഞ്ഞുവെന്ന് മുതിർന്നവർ പറയുന്നു. ഈദ് ഏറ്റവും ആവേശഭരിതരാക്കിയിരുന്നത് കുട്ടികളെയാണ്. തെരുവുകളിലൂടെ ഓടി നടന്ന് ആഘോഷിക്കുമായിരുന്നു. അവർ ഗാസയെ സന്തോഷിപ്പിച്ചിരുന്നു. ആ പഴയ ഗാസയിലെ 5,000-ത്തിലധികം കുട്ടികൾ ഇന്ന് ജീവിച്ചിരിപ്പില്ല. വലിയൊരു സംഖ്യ അംഗഭംഗം നേരിട്ടിരിക്കുന്നു.

" ഇസ്രയേലി സൈനികർ നഗരത്തിൽ നിന്ന് പിൻവാങ്ങിയാലും, നമുക്ക് എങ്ങനെ ഈദ് ആഘോഷിക്കാനാകും? , ഞങ്ങളുടെ ഹൃദയം ദുഃഖവും നിരാശയും നിറഞ്ഞതാണ്, ” ഗാസയിൽ നിന്നുള്ള 50 കാരിയായ മോന യൂസഫ് പറയുന്നു. " ഇവിടുത്തെ കുട്ടികൾ അതിവേഗം വളരുകയാണ്. പത്ത് വയസുകാരനായ എന്റെ കൊച്ചുമകൻ ചോദിക്കുന്നത് എല്ലാ അറബ് രാജ്യങ്ങളിലെയും കുട്ടികൾ ഞങ്ങളെ പോലെയാണോ എന്നാണ്. ആളുകളുടെ മുഖത്ത് സങ്കടവും നിരാശയും പ്രകടമാണ്. ഞങ്ങൾ മിക്ക സമയത്തും നിശബ്ദരാണ്," അവർ കൂട്ടി ചേർത്തു.

പുത്തനുടുപ്പും നല്ല ഭക്ഷണവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട ജനത; ഗാസയില്‍ കണ്ണിരീന്റെ പെരുന്നാള്‍
ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍

“ഞങ്ങൾക്ക് ഇനിയും ഈ സാഹചര്യം സഹിക്കാൻ കഴിയില്ല. ആഘോഷങ്ങളില്ല, അതിജീവനം മാത്രമാണ് മുന്നിലുള്ളത്. ഞങ്ങൾക്ക് സന്തോഷം നഷ്ടപ്പെട്ടു. തുടരുന്ന ഒരോ ആക്രമണത്തിലും ഓരോ കുടുംബത്തിനും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകും. എല്ലാം അവസാനിച്ചാലും ഞങ്ങളുടെ ജീവിതം മുമ്പത്തെ അവസ്ഥയിലേക്ക് മടങ്ങില്ല." 65 കാരിയായ ഉമ്മു ഹസൻ അൽ മസ്‌രി പറയുന്നു.

ടെന്റുകളിലും അഭയാർത്ഥി ക്യാമ്പുകളിലും പ്രിയപ്പെട്ടവർ അടുത്തില്ലാതെ ഇന്ന് പലസ്‌തീനികളും ഒരുങ്ങുകയാണ്. ഒരു നല്ല കാലത്തിന്റെ ഓർമ മാത്രമാണ് അൽപ്പം മധുരമുള്ളതായി അവരുടെ കയ്യിലുള്ളത്.

logo
The Fourth
www.thefourthnews.in