ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍

ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍

ഇതിനോടകം, 33,137 ഗാസ നിവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 17 ലക്ഷം പേര്‍ അഭയാര്‍ഥികളായി

2023 ഒക്ടോബര്‍ 7, ജൂത വിശുദ്ധ ദിനത്തില്‍ പാരച്യൂട്ടില്‍ ഇസ്രയേല്‍ മണ്ണില്‍ പറന്നിറങ്ങിയ ഹമാസ് സംഘം ആക്രമണം അഴിച്ചുവിടുമ്പോള്‍ ഒരു തിരിച്ചടി ഹമാസ് ഉറപ്പിച്ചിരുന്നിരിക്കണം. പക്ഷേ, ആറുമാസമായിട്ടും തീരാത്ത, ഗാസയിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രത്യാക്രമണമായി അതുമാറുമെന്ന് ഹമാസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ആറുമാസം തികയുകയാണ്.

ഇതിനോടകം, 33,137 ഗാസ നിവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 17 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഇത് ഗാസന്‍ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം വരും. ആശുപത്രികളും വിദ്യാലയങ്ങളും തകര്‍ന്നടിഞ്ഞു. ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് എത്തിയിട്ടും ഇസ്രയേല്‍ യുദ്ധവെറി അവസാനിപ്പിക്കുന്നില്ല.

1,200 പേരാണ് ഹമാസിന്റെ ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. 253 പേരെ ഹമാസ് ബന്ദികളാക്കി. ഇതില്‍ 109 പേരെ പിന്നീട് പലപ്പോഴായി വിട്ടയച്ചു. ഹമാസ് ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചു. വ്യോമാക്രമണമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ ഇസ്രയേല്‍ നാവികസേനയും ഗാസ മുനമ്പിലേക്ക് ആക്രമണം അഴിച്ചുവിട്ടു.

ഒക്ടോബര്‍ 13-ന് വടക്കന്‍ ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷക്കണക്കിന് വടക്കന്‍ ഗാസ നിവാസികള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വന്‍തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു.

ആക്രമണം രൂക്ഷമായതോടെ, ഹമാസ് ബന്ദികളെ വിട്ടയക്കാന്‍ തുടങ്ങി. എന്നാല്‍, മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായില്ല. ഇത് സംഘര്‍ഷം രൂക്ഷമാക്കുന്നതിന് കാരണമായി. ഒക്ടോബര്‍ 23-ന് കരയുദ്ധം ആരംഭിച്ചു. വ്യോമാക്രമണം ഏറ്റവും രൂക്ഷമായി. ജനവാസമേഖലയിലേക്ക് ഇസ്രയേല്‍ നിരന്തരം ബോംബ് വര്‍ഷിച്ചു. ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയടക്കം കടുത്ത വ്യോമാക്രമണത്തിന് വിധേയമായി. അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.

ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍
സിറിയയിലെ ഇസ്രയേല്‍ ആക്രമണം: ഇറാന്റെ പ്രത്യാക്രമണം നേരിടാന്‍ അമേരിക്ക, രാജ്യത്ത് കനത്ത ജാഗ്രത

ആക്രമണങ്ങളുടെ ഫലം കടുത്ത ഭക്ഷ്യ, ജലക്ഷാമം, പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ എന്നിവയായിരുന്നു ഗാസന്‍ ജനതയ്ക്ക് നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളായിരുന്നു. ജനസംഖ്യയിലെ കുട്ടികളുടെ എണ്ണത്തില്‍ രണ്ടു ശതമാനത്തിന് മുകളില്‍ അതായത്, 26,000ത്തോളം കുട്ടികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 13,800 കുട്ടികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.

12,009 കുട്ടികള്‍ക്ക് പരുക്കേറ്റു. 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ് ആശുപത്രികളും സ്‌കൂളുകളും

ഗാസയില്‍ ആകെയുള്ള 36 ആശുപത്രികളില്‍ 30 എണ്ണവും ആക്രമണത്തിന് വിധേയമായി. അല്‍-ഷിഫ ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങളും തകര്‍ത്തു. ആശുപത്രികള്‍ക്കടിയില്‍ ഹമാസിന്റെ ഒളിയിടങ്ങളായ ടണലുകളുണ്ടെന്ന് ആയിരുന്നു ആശുപത്രി ആക്രമണത്തിന് ന്യായീകരണമായി ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയിലെ 90 ശതമാനം സ്‌കൂളുകളും തകര്‍ന്നു. ബാക്കിയുള്ള സ്‌കൂളുകള്‍ അഭയാര്‍ഥി ക്യാമ്പുകളായി ഉപയോഗിക്കുകയാണ്.

ഗാസയിലെ പകുതിയിലധികം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. തിരക്കേറിയ തെരുവുകളും സര്‍വകലാശാലകളും വ്യവസായ ശാലകളും സിമന്റ് കൂനകളായി മാറി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. 1,44,000-നും 1,75,000-നും ഇടയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. നൂറിനു മേല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.

ഒലിവ് തോട്ടങ്ങളും കൃഷിയിടങ്ങളും തരിശുനിലങ്ങളായി മാറിയിരിക്കുന്നു. യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗര്‍ഭജലവും മലിനമായി. മലിനജലവും മാലിന്യവും കൊണ്ട് കടല്‍ നിറഞ്ഞിരിക്കുന്നു. ഈ നാശം ഗാസയുടെ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകരും പരിസ്ഥിതി സംഘടനകളും പറയുന്നു. നാശത്തിന്റെ തോതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഘാതവും കാരണം അതിനെ 'ഇക്കോസൈഡ്' ആയി കണക്കാക്കാനും യുദ്ധക്കുറ്റമായി അന്വേഷിക്കാനുമുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.

ഇസ്രയേല്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ഗാസയില്‍ മാനുഷിക സഹായങ്ങള്‍ കടന്നുവരുന്ന ഏകമാര്‍ഗമായിരുന്ന റഫ അതിര്‍ത്തിയില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി. വടക്കന്‍ ഗാസ പൂര്‍ണമായും തകര്‍ത്ത ശേഷമാണ് ദക്ഷിണ ഗാസയിലേക്കും റഫയിലേക്കും ഇസ്രയേല്‍ സേന പ്രവേശിച്ചത്. ദക്ഷിണ ഗാസയില്‍ ആക്രമണം നടത്തില്ലെന്നും ജനങ്ങള്‍ ഇവിടേക്ക് മാറണമെന്നുമായിരുന്നു നേരത്തെ ഇസ്രയേല്‍ പറഞ്ഞിരുന്നത്.

റഫ മാത്രമാണ് ഹമാസിന്റെ നിലവിലെ ശക്തികേന്ദ്രം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. പക്ഷേ, ഇപ്പോഴും ഹമാസ് ഗാസയില്‍ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച പ്രദേശങ്ങളില്‍ ഹമാസ് വീണ്ടും സംഘടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

അതേസമയം, ഇറാന്‍ പിന്തുണയോടെ ലെബനനില്‍നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയെ ഫലപ്രദമായി നേരിടാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ക്കുനേരെ ചെങ്കടലില്‍ ഹൂതി സായുധസംഘങ്ങള്‍ നടത്തുന്ന ആക്രമണവും വര്‍ധിക്കുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

തുടക്കസമയത്ത് അമേരിക്കയുടെയും ബ്രിട്ടന്റെയും ഭാഗത്തുനിന്നു ലഭിച്ച പിന്തുണ നിലവില്‍ ഇസ്രയേലിനില്ല. ഇസ്രയേലിനെതിരായ വംശഹത്യ ആരോപണങ്ങള്‍ യുഎന്‍ പരിശോധിക്കുന്നുമുണ്ട്. ഇസ്രയേല്‍ എതിര്‍പ്പുകളെ മറികടന്ന് ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഇത് ഇസ്രയേലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും ഒരുക്കമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുദ്ധം അവസാനിപ്പിച്ചാലും, ഗാസയില മാനുഷിക പ്രതിസന്ധി അതുപോലെ തന്നെ നിലനില്‍ക്കും.

logo
The Fourth
www.thefourthnews.in