ഹര്‍ദീപ് സിങ് നിജ്ജാർ വധത്തിന് പിന്നാലെ അമേരിക്കയിലെ സിഖ് നേതാക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പ്; നൽകിയത് എഫ്ബിഐ
കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ മൂന്ന് സിഖ് നേതാക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പ്. അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയുടെ കോർഡിനേറ്ററായ പ്രിത്പാൽ സിങ് ഉൾപ്പെടെയുള്ളവർക്കാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസിയാ എഫ്ബിഐ മുന്നറിയിപ്പ് നൽകിയത്.
യുഎസ് പൗരനാണ് അറുപത്തി ഒൻപതുകാരനായ പ്രിത്പാൽ സിങ്. ഇദ്ദേഹം ഉൾപ്പെടെ മൂന്നുപേരെയും എഫ്ബിഐ വിളിച്ച് ജീവന് ഭീഷണിയുണ്ടെന്ന കാര്യം അറിയിച്ചതായാണ് വിവരം.
അതേസമയം, അമേരിക്കൻ വംശജരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ഇന്ത്യൻ സർക്കാരിന്റെ രാജ്യാന്തര അടിച്ചമർത്തലിന്റെ രൂപമാണെന്ന് പ്രിത്പാൽ സിങ് പ്രതികരിച്ചു. "ഇത്തരം അടിച്ചമർത്തലിലൂടെ വ്യക്തികളെ ഭീഷണിപ്പെടുത്തുക മാത്രമല്ല അമേരിക്കയുടെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും വെല്ലുവിളിക്കുകയും കൂടിയായ ചെയ്യുന്നത്,", പ്രിത്പാൽ സിങ് പറഞ്ഞു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള പത്രപ്രവർത്തകനും കമന്റേറ്ററുമായ എഴുപതുകാരനായ അമർജിത് സിങ്ങാണ് എഫ്ബിഐ മുന്നറിയിപ്പ് നൽകിയ മറ്റൊരു സിഖുകാരൻ. ജൂൺ 22 ന് സുരക്ഷാ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്നായിരുന്നു എഫ്ബിഐയുടെ ആദ്യ മുന്നറിയിപ്പ്. വാഷിങ്ടണിൽ മോദിക്കെതിരായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അമർജിത് സിങ്ങിന് ആദ്യ സുരക്ഷാ മുന്നറിയിപ്പ് ലഭിക്കുന്നത്. ''ഇന്ത്യയിൽനിന്നാകും ജീവന് സുരക്ഷാ ഭീഷണി ഉണ്ടാകുകയെന്ന് പറഞ്ഞ എഫ്ബിഐ യാത്രകൾ വേണ്ടെന്നും സുരക്ഷിതമായിരിക്കാനും സൂചിപ്പിച്ചു,"അമർജിത് സിങ് പറഞ്ഞു.
ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവായ ഹര്‍ദീപ് സിങ് നിജ്ജാറിന് കാനഡയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവച്ച് ജൂൺ 18നാണ് വെടിയേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. അക്രമികള്‍ അന്‍പതോളം തവണ വെടിയുതിർത്തതായും 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ പതിച്ചതായും പറയുന്ന റിപ്പോർട്ടും ഇതിനുപിന്നാലെ പുറത്തുവന്നു. ആറംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ.
ജലന്ധറിലെ ഭർസിങ് പുര ഗ്രാമത്തിൽനിന്ന് 1996ൽ നിജ്ജാർ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയിൽ പ്ലംബറായി ജോലിചെയ്തിരുന്ന നാൽപ്പത്തി അഞ്ചുകാരനായ നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വർധിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.