"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങിനെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു

ഈയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ നിരാശാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗ് യോഗത്തിനെത്തില്ലെന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി. "ഞാൻ നിരാശനാണ്. എന്നാൽ ഉടനെ എനിക്ക് അദ്ദേഹത്തെ കാണാനാകും." ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ
ഒടുവിൽ ഔദ്യോഗിക അറിയിപ്പെത്തി; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് എത്തില്ല

യോഗത്തിനായി എത്തുമെന്ന് ഷി ജിൻപിങ് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങിനെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഉച്ചകോടിയിലാണ് ബൈഡനും ഷി ജിൻപിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലേക്ക് ഷി ജിൻപിങ് എത്തുന്നില്ലെങ്കിൽ സാൻഫ്രാൻസിസ്കോയിൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന APEC കോൺഫറൻസ് നവംബറിൽ നടക്കുമ്പോൾ ഇരുവർക്കും കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചേക്കും.

ഇന്ത്യയും ചൈനയും തമ്മിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഷി ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് എത്തില്ലെന്ന് അറിയിച്ചത്. അതിർത്തിയിൽ സൈനിക സംഘർഷങ്ങൾ മുറുകുന്നതിനോടൊപ്പം ഇന്ത്യയെ പ്രകോപിപ്പിച്ച് ഭൂപടം പ്രസിദ്ധീകരിച്ചതും വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അരുണാചൽ പ്രദേശും അക്സായി ചിൻ പീഠഭൂമിയും ചൈനയുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ഭൂപടം ചൈന പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷി എത്താതിരുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കരുതുന്നത്‌.

"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ
തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 പ്രഖ്യാപനം തടയും: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തിൽ തുടർന്നുപോരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഷിയുടെ പിന്മാറ്റമെന്നും കരുതുന്നു. കഴിഞ്ഞ നവംബറിൽ ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ഷിയും ബൈഡനും ചർച്ച നടത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമുണ്ടായ ചൈനീസ് ചാരബലൂൺ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. സിൻജിയാങ്ങിലെയും ഹോങ്കോങ്ങിലെയും മനുഷ്യാവകാശ പ്രശ്നങ്ങൾ, തായ്‌വാനിലെയും ദക്ഷിണ ചൈനാ കടലിലെയും പ്രാദേശിക അവകാശവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ പ്രശ്നങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബന്ധം മെച്ചപ്പെടുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കാലാവസ്ഥാ വകുപ്പിന്റെ യുഎസ് പ്രത്യേക പ്രതിനിധി ജോൺ കെറി തുടങ്ങി നിരവധി പേർ ചൈനയിലെത്തി ചർച്ച നടത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in