പാകിസ്താന്‍: വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും, പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ വലിയ ഒറ്റകക്ഷി

പാകിസ്താന്‍: വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും, പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ വലിയ ഒറ്റകക്ഷി

ഭൂരിഭാഗം സീറ്റുകളുടെയും ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്.

പാകിസ്താന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയത്തിന്റെ അവകാശവാദം മുഴക്കി മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷരീഫും ഇമ്രാന്‍ ഖാനും. പാകിസ്താനില്‍ അസ്വാഭാവികമായി തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനിടെയാണ് നേതാക്കള്‍ വിജയപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭൂരിഭാഗം സീറ്റുകളുടെയും ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം കൂടുതലെന്ന് വ്യക്തമായിട്ടില്ല.

നിലവില്‍ വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ)നേതാവ് ഇമ്രാന്‍ ഖാന്‍ വിജയം പ്രഖ്യാപിക്കുകയും തന്റെ അണികളോട് വിജയാഘോഷം നടത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചാണ് ഇമ്രാന്‍ ഖാന്‍ സന്തോഷം പ്രകടിപ്പിച്ചത്.

പാകിസ്താന്‍: വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും, പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ വലിയ ഒറ്റകക്ഷി
പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം

'നിങ്ങള്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരുമെന്ന് ഞാന്‍ വിശ്വസിച്ചു, ആ വിശ്വാസത്തെ നിങ്ങള്‍ മാനിച്ചു. വോട്ടിലെ ജനപങ്കാളിത്തം എല്ലാവരെയും ഞെട്ടിച്ചു. ഷെരീഫിന്റെ ആരോപണം ആരും സ്വീകരിക്കരുത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതിനാല്‍ തന്നെ അദ്ദേഹം കുറച്ച് സീറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളു', ഇമ്രാന്‍ ഖാന്‍ പറയുന്നു.

അതേസമയം തന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീം ലീഗ് - നവാസ് (പിഎംഎല്‍-എന്‍) ആണ് കൂടുതല്‍ സീറ്റ് നേടിയതെന്ന് നവാസ് ഷെരീഫും അവകാശപ്പെട്ടു. തങ്ങളോട് സഖ്യം ചേരാനുള്ള പാര്‍ട്ടികളെ അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്. പിടിഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളുടെ വിജയം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്ക് നേരിട്ട പിടിഐയെ അംഗീകൃത പാര്‍ട്ടിയായി കണക്കാത്തതിനാല്‍ തന്നെ ഷെരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിയാണ് നിലവില്‍ പാകിസ്താനിലെ ഏറ്റവും വലിയ ഔദ്യോഗിക പാര്‍ട്ടി.

ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എണ്ണം തന്റെ പാര്‍ട്ടിക്കില്ലെന്ന് ഷെരീഫ് കഴിഞ്ഞ ദിവസം ലാഹോറില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്നോടൊപ്പം ചേരാന്‍ മറ്റ് കക്ഷികളെ ക്ഷണിക്കുകയായിരുന്നു. 265 സീറ്റുകളില്‍ പകുതിയിലധികം സീറ്റുകളുടെയും ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷെരീഫിന്റെ പ്രസംഗം.

ഫലം വൈകുന്നതിനിടെ പിടിഐ എതെങ്കിലും സഖ്യമുണ്ടാക്കില്ലെന്നും പ്രധാന പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും ഇമ്രാന്‍ ഖാന്റെ മുന്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സുല്‍ഫിക്കര്‍ ബുഖാരി ബിബിസിയോട് പറഞ്ഞു. എന്നാല്‍ പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അന്തരീക്ഷവും കണക്കാക്കുമ്പോള്‍ കൃത്യമായ ഒരു വിജയി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പാകിസ്താന്‍: വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും, പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ വലിയ ഒറ്റകക്ഷി
വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം

വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയുടെ കണക്കുകള്‍ പ്രകാരം 245ല്‍ 99 സീറ്റാണ് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയത്. പിഎംഎല്‍-എന്‍ 71 സീറ്റും ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 53 സീറ്റും മറ്റുള്ളവര്‍ 27 സീറ്റും നേടി.

എന്നിരുന്നാലും പാകിസ്താനിലെ സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ അവര്‍ക്ക് സാധിക്കും.

logo
The Fourth
www.thefourthnews.in