വിജയങ്ങൾ ആവർത്തിക്കാൻ 'മെഗാസ്റ്റാർ'; മമ്മൂട്ടിയുടെ 2024, സിനിമകളും പ്രതീക്ഷകളും

വിജയങ്ങൾ ആവർത്തിക്കാൻ 'മെഗാസ്റ്റാർ'; മമ്മൂട്ടിയുടെ 2024, സിനിമകളും പ്രതീക്ഷകളും

2023 ൽ നിന്ന് 2024 ലേക്ക് കടക്കുമ്പോൾ ഏറെ പ്രതീക്ഷകളുള്ള ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്

2023 അവസാനിക്കുമ്പോൾ മലയാള സിനിമയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ നടൻ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു, മമ്മൂട്ടി. കോവിഡ് കാലത്തിന് ശേഷം തിരഞ്ഞെടുത്ത സിനിമകളിൽ വ്യത്യസ്തത കൊണ്ടുവരികയും ഒരോ ചിത്രവും കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാക്കുകയും ചെയ്ത മമ്മൂട്ടിയുടെ വർഷമായിരുന്നു 2023.

സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എട്ടാം തവണ മമ്മൂട്ടിക്ക് ലഭിച്ച വർഷം കൂടിയാണ് കടന്നുപോകുന്നത്. നാലു സിനിമകളാണ് 2023 ൽ മമ്മൂട്ടിയുടെതായി തീയേറ്ററുകളിൽ എത്തിയത്. ക്രിസ്റ്റഫർ എന്ന ചിത്രം നിരാശപ്പെടുത്തിയെങ്കിലും 2023 ൽ സ്വന്തം നിർമാണ കമ്പനിയുടെ തന്നെ മൂന്ന് വ്യത്യസ്ത സിനിമകളിലൂടെ മമ്മൂട്ടിയെന്ന നടനും താരവും കൈയടി നേടി.

വിജയങ്ങൾ ആവർത്തിക്കാൻ 'മെഗാസ്റ്റാർ'; മമ്മൂട്ടിയുടെ 2024, സിനിമകളും പ്രതീക്ഷകളും
കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍

വർഷാരംഭത്തിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, 2023 ലെ പണംവാരി ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്‌ക്വാഡ്, നവംബറിൽ തീയറ്ററിൽ എത്തിയ കാതൽ എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തിയ ചിത്രങ്ങൾ. നൻപകൽ മയക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി ദ്വന്ദ വ്യക്തിത്വങ്ങളായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് 2023 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി. 100 കോടി രൂപയോളമാണ് ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് നടന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ സ്വവർഗാനുരാഗിയായിട്ടായിരുന്നു മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയെ പോലെ ഒരു സൂപ്പർ താരം സ്വവർഗാനുരാഗിയായി എത്തിയപ്പോൾ അന്താരാഷ്ട്ര തലത്തിലടക്കം ചിത്രം ചർച്ചയായി.

വിജയങ്ങൾ ആവർത്തിക്കാൻ 'മെഗാസ്റ്റാർ'; മമ്മൂട്ടിയുടെ 2024, സിനിമകളും പ്രതീക്ഷകളും
അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും

2023 ൽ നിന്ന് 2024 ലേക്ക് കടക്കുമ്പോൾ ഏറെ പ്രതീക്ഷകളുള്ള ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. മലയാളത്തിലും തെലുങ്കിലുമായി അഞ്ച് ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി 2024 ൽ എത്തുക. 2024 ലെ മമ്മൂട്ടി പ്രോജക്ടുകളും പ്രതീക്ഷകളും എന്തൊക്കെയാണെന്ന് നോക്കാം.

ഭ്രമയുഗം

2024 മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഭ്രമയുഗത്തിൽ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്ത വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കും മമ്മൂട്ടിയെത്തുകന്നൊണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അർജുൻ അശോകൻ ആണ് ചിത്രത്തിലെ മറ്റൊരു താരം. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറപിടിച്ച പല്ലുകളും ക്രൂരത നിറയുന്ന കണ്ണുകളും നിഗൂഢ ചിരിയുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരുന്നു.

ടർബോ

'കണ്ണൂർ സ്‌ക്വാഡ്'ന്റെയും 'കാതൽ ദി കോർ'ന്റെയും വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന 'ടർബോ' വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മിഥുൻ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ബസൂക്ക

മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് 'ബസൂക്ക' മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ഗായത്രി അയ്യർ, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകനായ ഡീനോ ഡെന്നിസ്. നിമിഷ് രവി ഛായാഗ്രഹം നിർവഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുൻ മുകുന്ദനാണ്

യാത്ര 2

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വീണ്ടുമെത്തുന്ന ചിത്രമാണ് യാത്ര 2. ആദ്യ ഭാഗത്തിൽ വൈഎസ് ആറിന്റെ ജീവിത കഥ പറഞ്ഞപ്പോൾ രണ്ടാം ഭാഗം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ജീവയാണ് ജഗനായി വെള്ളിത്തിരയിൽ എത്തുന്നത്.

1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയായിരുന്നു 'യാത്ര' യിൽ അവതരിപ്പിച്ചത്. 2004 ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിന് കാരണമായ പദയാത്രയായിരുന്നു ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

വൈ എസ് ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 അവതിപ്പിക്കുന്നത്.

അബ്രഹാം ഓസ്‌ലർ

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചിത്രത്തിൽ മമ്മൂട്ടി വില്ലനാണെന്നും അതല്ല കാമിയോ റോളാണ് മമ്മൂട്ടിക്കെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം ജനുവരി 11 ന് തീയേറ്ററുകളിൽ എത്തും.

logo
The Fourth
www.thefourthnews.in