ENTERTAINMENT

ധനുഷും ചിമ്പുവും ഉൾപ്പെടെ നാല് മുൻനിര നടന്മാരെ വിലക്കി തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദേശീയ പുരസ്കാര ജേതാവ് ധനുഷ് ഉൾപ്പെടെ നാല് മുൻനിര നായകരെ വിലക്കി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ചിമ്പു, വിശാല്‍, അഥര്‍വ എന്നിവരാണ് വിലക്ക് മറ്റു നടന്മാർ.

പ്രൊഫഷണലല്ലാത്ത ഇടപെടൽ, നിർമാതാക്കളോടുള്ള മോശം പെരുമാറ്റം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിൽ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കോളിവുഡിനെ ഞെട്ടിക്കുന്ന തീരുമാനമുണ്ടായത്.

ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ 'അന്‍പനവന്‍ അധന്‍ഗധവന്‍ അസരധവന്‍' എന്ന സിനിമയുടെ നിര്‍മാതാവായ മൈക്കിള്‍ രായപ്പനാണ് ചിമ്പുവിനെതിരെ പരാതി നല്‍കിയിത്. ചിത്രത്തിന് 60 ദിവസത്തെ ഡേറ്റ് നൽകിയില്ലെങ്കിലും ചിമ്പു ഷൂട്ടിങ്ങിനെത്തിയത് 27 ദിവസം മാത്രം. ഇക്കാര്യത്തിൽ മോശം പെരുമാറ്റം താരത്തിൽനിന്നുണ്ടായെന്നാണ് നിർമാതാവിന്റെ പരാതി.

തേനാണ്ടൽ മുരളി നിർമിക്കുന്ന ചിത്രത്തിൽ നിർമാതാവിന് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയെന്നതാണ് ധനുഷിനെതിരായ നടപടിയിലേക്ക് നയിച്ചത്. മറ്റൊരു നിർമാതാവായ മതിയഴകനും ധനുഷിനെതിരെ പരാതി നൽകിയിരുന്നു.

തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കുമ്പോൾ സാമ്പത്തികകാര്യങ്ങളിൽ സുതാര്യതയില്ലാതെ പെരുമാറിയതാണ് വിശാലിനെതിരായ നടപടിക്ക് കാരണം. അസോസിയേഷന് വിശാൽ വലിയ നഷ്ടം വരുത്തിവച്ചതായി പരാതിക്കാർ ചൂണ്ടിക്കാട്ടി.

നിർമാതാവ് നൽകിയ പരാതിയിൽ വിശദീകരണം നൽകാൻപോലും തയ്യാറായില്ലെന്നതാണ് നടൻ അഥർവയ്ക്കെതിരായ നടപടിയിലേക്ക് നയിച്ചത്.

ജൂണില്‍ ചിമ്പു, വിശാല്‍, അഥര്‍വ, എസ്‌ജെ സൂര്യ, യോഗി ബാബു എന്നിവര്‍ക്ക് വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനും നിസഹകരണത്തിനുമെതിരെ നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്കേർപ്പെടുത്തിയ നാല് നടന്മാരുടെയും പ്രൊജക്ടുകളുമായി നിർമാതാക്കൾ സഹകരിക്കില്ല. നിരവധി സിനിമകളുടെ ഷൂട്ടിങ്ങാകും ഇതോടെ നിലയ്ക്കുക.

ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ ഇതിലുണ്ട്. താരങ്ങളുടെ വിലക്ക് ആരാധകർക്കിടയിലും ചർച്ചയായിട്ടുണ്ട്. വിലക്കിനെ കുറിച്ച് നടന്മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റിലീസിനൊരുങ്ങുന്ന ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറെയും വിശാലിന്റെ മാര്‍ക് ആന്റണിയെയും ഉൾപ്പെടെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്.

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?