ENTERTAINMENT

തീയേറ്റർ സമരമില്ലെന്ന് ദിലീപ്, വിജയകുമാറിനെ മാറ്റാതെ ചർച്ചയില്ലെന്ന് നിർമാതാക്കളും വിതരണക്കാരും; പുതിയ തർക്കം

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയേറ്റർ ഉടമകളുടെ സംഘടനയും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയും തമ്മിലുണ്ടായ തർക്കത്തിൽ പുതിയ വഴിത്തിരിവ്. പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനിത്തിൽനിന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പിൻമാറി. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ചെയർമാനായ ദിലീപ് പറഞ്ഞു.

എന്നാൽ, പ്രസിഡന്റായ വിജയകുമാറിന്റെ നേതൃത്വം മാറാതെ ഫിയോക്കുമായി ഒരു ചർച്ചയ്ക്കുമില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. സംഘടനയ്‌ക്കതിരെയും സിയാദ് കോക്കർ അടക്കമുള്ള നിർമാതാക്കൾക്കെതിരെയും പരസ്യമായി വിജയകുമാർ പ്രസ്താവന നടത്തിയതാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളെ ചൊടിപ്പിച്ചത്.

താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ചർച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണുള്ളതെന്നും ദിലീപ് പറഞ്ഞു. തീയേറ്ററുകൾ അടച്ചിടുകയോ പ്രദർശനം നടത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഷേധം മാത്രമാണുണ്ടായിരുന്നതെന്നുമാണ് ദിലീപ് പറഞ്ഞത്.

നേരത്തെ തീയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ നിലപാടിനെതിരെ സംഘടനയ്ക്കകത്തുള്ളവർ തന്നെ നിലപാടെടുത്തിരുന്നു. പ്രൊജക്ടറുകളുടെ വില, കണ്ടന്റുകൾ നിർമാതാക്കൾ പറയുന്ന ഫോർമാറ്റിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം. ഒടിടി റിലീസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ ഫെബ്രുവരി 22 മുതൽ തീയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്.

റിലീസ് പ്രഖ്യാപിച്ച മഞ്ഞുമ്മൽ ബോയ്‌സ് അടക്കമുള്ള ചിത്രങ്ങൾ ഫെബ്രുവരി 22 ന് തന്നെ റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടന പ്രഖ്യാപിച്ചതോടെ തീയേറ്റർ സമരം പ്രഖ്യാപിച്ച തീയതി മാറിയതാണെന്നും 23 മുതലാണ് സമരമെന്നും വിജയകുമാർ പറഞ്ഞു. തുടർന്ന് ഫിയോക്കിലെ തന്നെ അംഗങ്ങൾ എതിർപ്പ് അറിയിച്ചതോടെ സമരമെന്നത് തെറ്റായി വ്യാഖാനിച്ചതാണെന്നും തീയേറ്റർ ഉടമകളുമായി സഹകരിക്കാത്ത ആളുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നാണ് പ്രഖ്യാപിച്ചതെന്നായിരുന്നു വിജയകുമാറിന്റെ വിശദീകരണം. ഇതിനിടെ നിർമാതാവ് സിയാദ് കോക്കറിനെ അധിക്ഷേപിച്ച് വിജയകുമാർ പ്രസ്താവനകൾ നടത്തുകയും ചെയ്തു.

അയയാതെ നിർമാതാക്കളും വിതരണക്കാരും, വിജയകുമാറിനെതിരെ പ്രതിഷേധം

വിജയകുമാർ നേതൃത്വം നൽകുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് നിർമാതാവ് ജി സുരേഷ് കുമാറായിരുന്നു. തീയേറ്ററുകൾ അടച്ചടില്ലെന്നും ചർച്ച ചെയ്ത് പ്രശ്‌നങ്ങൾ അവസാനിപ്പിക്കുമെന്നും ദിലീപ് പ്രഖ്യാപിച്ചെങ്കിലും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ അയഞ്ഞ മട്ടില്ല. ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും വിജയകുമാർ മാറാതെ ചർച്ചയില്ലെന്നും സംഘടനകൾ തീരുമാനിച്ചു.

തീയേറ്റർ ഉടമകളുടെ സംഘടനയുമായി ഇനി ചർച്ചകൾക്കില്ല. മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്നത് നിരുത്തരവാദപരമായ നിലപാടാണ്. ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും സിയാദ് കോക്കർ പറഞ്ഞു.

ഒടിടി റിലീസ് ചെയ്യുന്ന സമയപരിധി കുറയ്ക്കണമെന്ന നിലപാട് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. 40 അല്ല 48 ദിവസം വേണമെങ്കിലും ഒടിടിക്ക് കൊടുക്കാതിരിക്കാം പകരം അത്രയും ദിവസം സിനിമ തീയേറ്ററിൽ കളിപ്പിക്കുമെന്ന് ഉറപ്പുണ്ടോയെന്ന് നിർമാതാക്കൾ ചോദിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, സോണി ലിവ് തുടങ്ങിയ പ്രമുഖ ഒടിടി ചാനലുകൾ 28 ദിവസത്തിനുള്ളിൽ സിനിമ നൽകിയാൽ മാത്രമേ അംഗീകരിക്കൂ, അല്ലെങ്കിൽ അവർ സിനിമ എടുക്കില്ലെന്നതാണ് സാഹചര്യമെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം, തീയേറ്റർ സമരപ്രഖ്യാപനത്തോടെ ഫിയോക്കിലെ വിജയകുമാറിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. നേരത്തെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാവുകയും തുടർന്ന് ഫിയോക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ആന്റണി പെരുമ്പാവൂർ രാജി വെയ്ക്കുകയും ചെയ്തിരുന്നു. രാജി സ്വീകരിച്ചിട്ടില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്. പുതിയ പ്രശ്‌നം കൂടി ഉടലെടുത്തതോടെ ഫിയോക്ക് നേതൃസ്ഥാനത്തുനിന്ന് വിജയകുമാർ തെറിക്കാനാണ് സാധ്യത.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ