ENTERTAINMENT

'ദളപതി 70' അവസാന വിജയ് ചിത്രമോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടെ എസ് ശങ്കറുമായി വീണ്ടും ഒന്നിക്കുമോ?

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ ഇല്ലയോ എന്ന ചോദ്യം ഏറെ നാളായി തമിഴകത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. രാഷ്ട്രീയത്തിലെത്തിയ ശേഷം താരം അഭിനയം നിർത്തുമെന്ന് ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രവർത്തകർ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയും എസ് ശങ്കറും ഒന്നിക്കുന്നുവെന്നതാണ് പുതിയ വിവരം. രാം ചരണിന്റെ ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന് ശേഷമായിരിക്കും ഇരുവരും ഒരുമിക്കുക.

2009ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായ നൻപനാണ് വിജയും ശങ്കറും അവസാനമായി ഒരുമിച്ച ചിത്രം. ബോക്സ് ഓഫീസ് ഹിറ്റായ നൻപന് ശേഷം ഇരുവരും ഒരുമിക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ വിജയ് ആരാധകരും ഏറെ ആവേശത്തിലാണ്. രാം ചരണിന്റെ ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന് ശേഷമായിരിക്കും വിജയ് ചിത്രത്തിനായി ശങ്കർ തിരക്കഥ ഒരുക്കുക. വിജയോട് ശങ്കർ ഒരു വൺലൈൻ പറഞ്ഞുവെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നുമാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം വിജയുടെ അവസാന ചിത്രമായിരിക്കുമോ എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.

ലോകേഷ് കനകരാജിന്റെ 'ലിയോ'യ്ക്ക് ശേഷം വെങ്കിട് പ്രഭുവിന്റെ ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുക. 'മങ്കാത്ത', 'മാനാട്' തുടങ്ങിയ ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വെങ്കട്ട് പ്രഭു ആദ്യമായിട്ടാണ് വിജയ്ക്കൊപ്പം ഒരുമിക്കുന്നത്. നേരത്തെ, ദളപതി 68 ആയിരിക്കും വിജയുടെ അവസാന ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതിനു ശേഷം താരത്തെ മുൻ നിർത്തി സിനിമകൾ ചെയ്യാനുളള പദ്ധതികൾ മാരി സെൽവരാജ്, മിഷ്‌കിൻ, വെട്രിമാരൻ അടക്കമുളള സംവിധായകരുടെ സംഭാഷണങ്ങളിൽ നിന്നും അടുത്തിടെ ഉയർന്നുവന്നതോടെ ആ​രാധകരും വലിയ പ്രതീക്ഷയിലായി.ഏറ്റവും ഒടുവിൽ ശങ്കറിന്റെ പേരും ഉയർന്ന് വന്നത് വലിയ ആവേശമാണ് ഉയർത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ പനയൂരിലെ ഫാം ഹൌസിൽ വച്ച് ആരാധക കൂട്ടായ്മയായ മക്കൾ ഇയക്കം പ്രവർത്തകരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇതിന് ശേഷം താരം രണ്ട് വർഷത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നുവെന്ന തരത്തിലുളള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് താരം ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

2022ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ദളപതി വിജയ് മക്കൾ ഇയക്കം മത്സരിച്ചിരുന്നു. വിജയുടെ നിർദ്ദേശപ്രകാരം, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാതെയോ ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ തേടാതെയോ ദളപതി വിജയ് മക്കൾ ഇയക്കം മത്സരിക്കുമെന്ന് ഒരു പ്രസ്താവനയിൽ പാർട്ടി വ്യക്തമാക്കി. ആരാധകരും അണികളും ഭാരവാഹികളും തങ്ങളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്ന പ്രസ്താവനയിൽ ജനങ്ങളുടെ വിജയത്തിന് വഴിയൊരുക്കുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും പറയുന്നു.

വിജയ് 3 വർഷത്തെ ഇടവേളയെടുത്ത് 2026ലെ തെരഞ്ഞെടുപ്പിനായി ടിവിഎംഐയെ സജ്ജമാക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.എന്നാൽ അഭിനയം നിർത്തി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വിവരം വിജയോ ദളപതി വിജയ് മക്കൾ ഇയ്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍