EXPLAINER

അരവിന്ദ് പനഗാരിയ ചെയര്‍മാനായി സ്ഥാനമേല്‍ക്കും; എന്താണ് ധനകാര്യ കമ്മീഷന്‍, എന്താണ് റോള്‍?

വെബ് ഡെസ്ക്

പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നീതി ആയോഗ് മുൻ വൈസ് ചെയർമാനും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറുമായ അരവിന്ദ് പനഗാരിയയെ പ്രസിഡന്റ് ദ്രൗപതി മുർമു നിയമിച്ചിരിക്കുകയാണ്. 2025 ഒക്‌ടോബര്‍ 31 വരെയാണ് പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധി. റവന്യു മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയും കര്‍ണാടക കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനുമായ ഋത്വിക് രഞ്ജനം പാണ്ഡെയാണ് പതിനാറാം ധനകാര്യ കമ്മീഷൻ സെക്രട്ടറി.

എന്താണ് ധനകാര്യ കമ്മീഷൻ ? എന്തിനാണ് അഞ്ച് വർഷം കൂടുമ്പോൾ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ?

സമകാലിക ആവശ്യങ്ങൾക്കനുസൃതമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയടക്കമുള്ള വിവിധ വരുമാനം തിട്ടപ്പെടുത്തുകയും വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ ആരോഗ്യകരവും സഹായകരവുമായ സാമ്പത്തിക ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതിന്റെ പ്രധാന ആശയം.

ഭരണഘടന നിലവില്‍ വന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ്‌ ആദ്യത്തെ ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നത്. 1951 നവംബര്‍ 22-നാണ് ഇന്ത്യയിലെ ആദ്യ ധനകാര്യ കമ്മീഷന്‍ നിലവില്‍ വരുന്നത്. കെ സി നിയോഗി ആയിരുന്നു ചെയര്‍മാന്‍. അതിനുശേഷം ഓരോ അഞ്ച്‌ വർഷം കൂടുമ്പോഴും രാഷ്ട്രപതി കമ്മീഷന്‍ പുനഃസംഘടിപ്പിക്കും. ആവശ്യമെന്ന് കരുതുന്ന പക്ഷം അഞ്ച് വര്‍ഷക്കാലവധിക്ക് മുമ്പ് തന്നെ ഒരു കമ്മീഷനെ മാറ്റി പുതിയത് രൂപീകരിക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

ധനകാര്യ കമ്മീഷന്റെ ഘടനയും അംഗങ്ങളും: രാഷ്ട്രപതി നിയമിക്കുന്ന ഒരു ചെയർമാനും നാല് അംഗങ്ങളുമാണ് ധനകാര്യ കമ്മീഷനിൽ ഉണ്ടാവുക. ചെയർമാൻ കമ്മീഷന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യണം. കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തിനും പുനർനിയമനത്തിനുമുള്ള എല്ലാ അവകാശങ്ങളും രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്.

കമ്മീഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നിർണയിക്കാനും അതിനനുസരിച്ച് അവരുടെ യോഗ്യതകൾ നിർണയിക്കാനും പാർലമെന്റിന് ഭരണഘടന അധികാരം നൽകിയിട്ടുണ്ട്. അംഗങ്ങളുടെ കാലാവധി ഇന്ത്യൻ രാഷ്ട്രപതിയാണ് തീരുമാനിക്കുന്നത്. സാധാരണയായി അഞ്ച്‌ വർഷത്തേക്കാണ് നിയമിക്കുന്നത്, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി നീട്ടിനല്‍കാറുണ്ട്.

ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ യോഗ്യത

ചെയർമാനെ കൂടാതെ, ധനകാര്യ കമ്മീഷനിലെ മറ്റ് നാല് അംഗങ്ങൾ പാലിക്കേണ്ട യോഗ്യതകൾ ചിലതുണ്ട്. ഹൈക്കോടതിയിലെ ജഡ്ജിയോ സാമ്പത്തിക മേഖലയിൽ മതിയായ യോഗ്യതയോ സാമ്പത്തിക കാര്യങ്ങളിൽ പരിചയമോ ഉള്ളവരെയാണ് നിയമിക്കേണ്ടത്.ഗവൺമെന്റിന്റെ ധനകാര്യത്തിലും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലും പ്രത്യേക അറിവുണ്ടെങ്കിലും ഒരു അംഗത്തിന് ധനകാര്യ സമിതിയുടെ ഭാഗമാകാൻ അർഹതയുണ്ട്. ഭരണത്തോടൊപ്പം സാമ്പത്തികമായ കാര്യങ്ങളിൽ വിശാലമായ അറിവും അനുഭവപരിചയവുമുള്ള ഒരു വ്യക്തിയായിരിക്കണം.

ഒരു അംഗം മാനസികമായി അയോഗ്യനാണെന്ന് കണ്ടെത്തുകയോ ഏതെങ്കിലും തരത്തിലുള്ള അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ അയാളുടെ അംഗത്വം ധനകാര്യ സമിതിയിൽ നിന്ന് അയോഗ്യനാക്കപ്പെടും. രാഷ്ട്രപതിക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാനോ അംഗങ്ങളെ വീണ്ടും നിയമിക്കാനോ കഴിയും.

ധനകാര്യ കമ്മീഷന്റെ ചുമതലകൾ :

ഇന്ത്യൻ ധനകാര്യ കമ്മീഷന് നിരവധി ഉത്തരവാദിത്വങ്ങൾ ഉണ്ട്. താഴെപ്പറയുന്ന കാര്യങ്ങളിൽ കമ്മീഷൻ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കേണ്ടതാണ്:

1. ഓരോ 5 വർഷത്തിലും, ധനകാര്യ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ നികുതി വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാനങ്ങളും സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റ്-ഇൻ-എയ്ഡ് നിയന്ത്രിക്കുന്ന തത്വങ്ങളും നിർണയിക്കുന്നു.

2. രാഷ്ട്രപതി രാജ്യത്തിന്റെ സാമ്പത്തിക താൽപര്യത്തിന് വേണ്ടി പരാമർശിക്കുന്ന ഏതൊരു കാര്യവും കൃത്യമായി പഠിച്ച് അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശിപാര്‍ശകള്‍ നല്‍കണം.

3. സംസ്ഥാന ധനകാര്യ കമ്മീഷൻ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വിഭവങ്ങൾക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ട് വിപുലീകരിക്കുന്നതിന് ആവശ്യമായ നടപടികൾ.

4. ധനകാര്യ കമ്മീഷൻ സ്വന്തം നടപടിക്രമം തീരുമാനിക്കുകയും അതിന്റെ പ്രവർത്തനത്തിന്റെ നിർവഹണത്തിൽ അധികാരം പ്രയോഗിക്കുകയും വേണം.

ധനകാര്യ കമ്മിഷന്റെ പങ്ക് :

ധനകാര്യ കമ്മീഷൻ നൽകുന്ന ശിപാർശകൾ ഒരു ഉപദേശം മാത്രമാണ്, അവ സർക്കാരിന് നിർബന്ധമായും സ്വീകരിക്കേണ്ട ബാധ്യതയില്ല. കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുകയും സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുകയും ചെയ്യേണ്ടത് പൂർണമായും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രപതി പാർലമെന്റിന്റെ പരിഗണനയ്ക്ക് അയയ്ക്കും. പാര്‍ലമെന്റിലെ ഇരുസഭകളും ഈ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടത്തിയാണ് ശിപാര്‍ശകള്‍ പരിഗണിക്കുക. പിന്നീട് ഇതില്‍ കൈക്കൊള്ളുന്ന തീരുമാനം ഇരുസഭകളും പാസാക്കി രാഷ്ട്രപതിക്ക് അയയ്ക്കും. ഇതില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെയാണ് അത് പ്രാബല്യത്തില്‍ വരിക.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ