INDIA

വായുമലിനീകരണം: ഇന്ത്യക്കാർക്ക് നഷ്ടമാകുന്നത് ആയുസിന്റെ 5.3 വർഷം

വെബ് ഡെസ്ക്

രാജ്യത്തെ വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ശരാശരി 5.3 വർഷം കുറയ്ക്കുമെന്ന് പഠനം. ഡൽഹിയിലെ സ്ഥിതിയാണ് കൂടുതൽ സങ്കീർണം. ഡൽഹിയിലെ മനുഷ്യരുടെ ആയുസിൽ ശരാശരി 11.9 വർഷത്തിന്റെ കുറവ് വന്നേക്കാം. ലോകത്തെ ഏറ്റവും വായുമാലിന്യമുള്ള നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഡൽഹി. ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ അപകടാവസ്ഥയെ വ്യക്തമാക്കുന്ന എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് റിപ്പോർട്ട് തയാറാക്കിയത് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ്.

ഡല്‍ഹിയില്‍ നിന്നുള്ള ചിത്രം

ഒരു ക്യൂബിക് മീറ്ററിൽ അഞ്ച് മൈക്രോഗ്രാം വരെയാണ് ലോകാരോഗ്യ സംഘടന പറയുന്ന വായുമലിനീകരണത്തിന്റെ സുരക്ഷിത തോത്. അതിനേക്കാൾ പത്തിരട്ടി കൂടുതലാണ് ഇന്ത്യയിൽ നിലവിലുള്ള വായുമലിനീകരണം. നിലവിൽ നിശ്ചയിച്ചിട്ടുള്ള ദേശീയ അന്തരീക്ഷ വായു ഗുണനിലവാര തോതായ ഒരു ക്യൂബിക് മീറ്ററിൽ 40 മൈക്രോഗ്രാം എന്ന അളവെങ്കിലും പാലിച്ചില്ലെങ്കിൽ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ ശരാശരി 1.8 വർഷത്തെ കുറവ് സംഭവിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ അവസ്ഥ പരിശോധിക്കുമ്പോൾ 8.5 വർഷം വരെ നഷ്ടമാക്കും.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂചിക പ്രകാരം ഇന്ത്യയിലെ വായു മലിനീകരണം വളരെ മോശം അവസ്ഥയിലാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളും താമസിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തിന്റെ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന പ്രദേശങ്ങളിലാണ്. അതിനുപുറമെ രാജ്യത്തിന്റെ ദേശീയ വായു ഗുണനിലവാര തോതിനെക്കാൾ ഉയർന്ന പ്രദേശങ്ങളിലാണ് ജനസംഖ്യയുടെ 67.4 ശതമാനം ജനങ്ങളെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

ആയുർദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കണികാ മലിനീകരണമാണ് ഇന്ത്യയിലെ പൗരന്മാരുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി എന്നും ചിക്കാഗോ സർവകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ, വായു മലിനീകരണം (പിഎം 2.5) മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടമായ പ്രശ്നമായി തുടരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ശരാശരി ആയുർദൈർഘ്യം 2.3 വർഷം കുറയ്ക്കുന്നു. വായുവിൽ കാണപ്പെടുന്ന ഖര-ദ്രവ കണങ്ങളുടെ തോതാണ് പിഎം (കണികാ മലിനീകരണം) എന്ന അളവുകോൽ കൊണ്ട് അർത്ഥമാക്കുന്നത്.

ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ആദ്യ 50 നഗരങ്ങളെടുത്താൽ അതിൽ 39 എണ്ണവും ഇന്ത്യയിലാണ്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഒരു ക്യൂബിക് മീറ്ററിൽ 53.3 മൈക്രോഗ്രാമാണ് ഇന്ത്യയിലെ വായുമലിനീകരണ തോത്.

വായുമലിനീകരണം മൂലം ആയുദൈർഘ്യം കുറയുന്ന ജനതയുടെ മുക്കാൽ ഭാഗവും വസിക്കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, ചൈന, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ്. ശ്വസിക്കുന്ന വായുവിന്റെ നിലവാരത്തിലെ കുറവ് മൂലം ഒന്ന് മുതൽ ആറു വർഷം വരെ കുറവാണ് ഇവിടുത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തിലുണ്ടാകുന്നത്.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...