INDIA

രാമേശ്വരം കഫെ സ്ഫോടനം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

വെബ് ഡെസ്ക്

ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് മുസമ്മിൽ ശരീഫ് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) അറസ്റ്റു ചെയ്തത്. ബോംബ് സ്ഫോടനത്തിന് ആവശ്യമായ സഹായം ചെയ്തയാളാണ് അറസ്റ്റിലായതെന്നും മുസമ്മിൽ ശരീഫാണ് രാമേശ്വരം സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ എൻഐഎ അറിയിച്ചു. സ്ഫോടനം നടന്ന് 28 ദിവസത്തിനുശേഷമാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മാണ്ഡ്യ, ചിക്കമംഗളൂരു, ബെംഗളൂരു എന്നിവിടങ്ങൾ ഉൾപ്പടെ 12 സ്ഥലങ്ങളിലും, തമിഴ്‌നാട്ടിൽ അഞ്ചിടത്തും, ഉത്തർപ്രദേശിൽ ഒരിടത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

മാർച്ച് മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കേസിലെ രണ്ട് പ്രധാന പ്രതികളായ മുസാവിർ ഷസീബ് ഹുസൈനും അബ്ദുൾ മത്തീൻ താഹയും ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് സ്ഫോടനത്തിന് ആവശ്യമായ സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് എത്തിച്ചുകൊടുത്തത് ഇപ്പോൾ അറസ്റ്റിലായ മുസമ്മിൽ ശരീഫാണ്. സ്‌ഫോടനം നടത്തിയത് മുഖ്യപ്രതി മുസാവിർ ഷസീബ് ഹുസൈൻ ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റു കേസുകളിലായി ഏജൻസി തിരയുന്ന മറ്റൊരു ഗൂഢാലോചനക്കാരനായ അബ്ദുൾ മത്തീൻ താഹയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഈ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരു ബ്രൂക്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫെയിൽ മാർച്ച്  ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. കഫെയിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ  ബോംബ് അടങ്ങിയ ബാഗ് വാഷ്‌റൂമിനു സമീപമുള്ള ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക്  12.55ന്  ബാഗിൽനിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി  സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം