INDIA

'കണക്കുകള്‍ വളച്ചൊടിക്കുന്നു, പുറത്തുനടക്കുന്നത് കോടതി അറിയുന്നില്ല'; ഇലക്ടറല്‍ ബോണ്ട് കേസിൽ കേന്ദ്രം സുപ്രീംകോടതിയില്‍

വെബ് ഡെസ്ക്

കോടതി വിധികള്‍ സര്‍ക്കാരിനെഎതിരെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇലക്ടറല്‍ ബോണ്ട് കേസ് വാദത്തിനിടെയാണ്, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശം. കള്ളപ്പണം തടയുകയായിരുന്നു സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും കോടതി വിധികള്‍ സമൂഹമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുകയാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

''കോടതിയുടെ വിധികള്‍ പുറത്ത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതി മനസിലാക്കണം. ഇപ്പോള്‍ മറ്റു ചില തലങ്ങളില്‍ വ്യാപകമായ വേട്ടയാടല്‍ ആരംഭിച്ചിരിക്കുകയാണ്. കോടതിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളില്‍ കോടതിയെ ലജ്ജിപ്പിക്കുന്ന തരത്തില്‍ അഭിമുഖങ്ങള്‍ നല്‍കുകയാണ്. നാണക്കേടുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പെരുമഴയാണ്. കണക്കുകള്‍ ഏതു തരത്തിലും വളച്ചൊടിക്കപ്പെടാം. തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ കണക്കുകള്‍ വെച്ച് ഏത് തരത്തിലുള്ള പോസ്റ്റുകളും സൃഷ്ടിക്കാം. ഇതെല്ലാം പരിഗണിച്ച് വിധി പുറപ്പെടുവിക്കണം,'' തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

എന്നാല്‍, സര്‍ക്കാര്‍ വാദം കോടതി തള്ളി. നിയമവാഴ്ചയ്ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എസ്ബിഐയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

കോടതി പറഞ്ഞാലെ വിവരങ്ങള്‍ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ല. ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തണം, ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം. എസ്ബിഐയില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആല്‍ഫ ന്യൂമറിക് കോഡുകള്‍ വ്യക്തമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാമെന്നും എസ്ബിഐ സുപ്രീം കോടതിയില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭാവിയില്‍, വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ടറല്‍ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന സത്യവാങ്മൂലം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുന്‍പ് സമര്‍പ്പിക്കാന്‍ എസ്ബിഐ ചെയര്‍മാനോട് കോടതി നിര്‍ദേശിച്ചു.

എസ്ബിഐയ്ക്ക് സെലക്ടീവാകാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് എസ്ബിഐയ്ക്കുവേണ്ടി ഹാജരായത്. സുപ്രീംകോടതി വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെ വ്യവസായ സംഘടനകളായ ഫിക്കിയും അസോചവും കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേരണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് വന്നില്ലെന്ന് കോടതി ചോദിച്ചു. വ്യവസായ സംഘടനകളെ ഇപ്പോള്‍ കേള്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും