INDIA

'യെദ്യൂരപ്പയുടെ മകനെ വീണ്ടും ജയിപ്പിക്കണം' ബി വൈ രാഘവേന്ദ്രയ്ക്ക് വോട്ടഭ്യർത്ഥിച്ച് കോൺഗ്രസ് എംഎൽഎ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ ശിവമോഗ ലോക്സഭാ മണ്ഡലത്തിൽ യെദ്യുരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ ബി വൈ രാഘവേന്ദ്രയ്ക്കു വേണ്ടി വോട്ടഭ്യർത്ഥിച്ച് കോൺഗ്രസ് എംഎൽഎ. കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാമാജികനുമായ ശാമന്നൂർ ശിവശങ്കരപ്പയാണ് (93) പാർട്ടിയെ വെട്ടിലാക്കി എതിർ പാർട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയത് . ശിവമോഗയിൽ സംഘടിപ്പിച്ച ലിംഗായത്ത് സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ബി വൈ രാഘവേന്ദ്രയെ വേദിയിലിരുത്തികൊണ്ടുള്ള വോട്ടഭ്യർത്ഥന . വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും യോഗ്യതയുള്ള ആളാണ് രാഘവേന്ദ്ര എന്നും തന്റെ കർത്ത്യവങ്ങൾ അദ്ദേഹം കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും സദസിലിനോടായി ശാമന്നൂർ പറഞ്ഞു .

" നിങ്ങൾ ഭാഗ്യം ചെയ്തവരാണ് . മണ്ഡലത്തിലെ എത്ര കുഴപ്പം പിടിച്ച കാര്യമായാലും അദ്ദേഹം കൃത്യമായി നോക്കുന്നു . രണ്ടു മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് വരും . ബിജെപി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കും . ഞാൻ രാഘവേന്ദ്രയ്ക്ക് ആശംസകൾ നേരുകയാണ്. നിങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കണം " കരഘോഷങ്ങളോടെയായിരുന്നു സദസ് അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുത്ത്.

ബി വൈ രാഘവേന്ദ്ര

ബി വൈ രാഘവേന്ദ്ര നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ പിതാവിനെയും തനിക്ക് നന്നായി അറിയാമെന്നും കോൺഗ്രസ് എംഎൽഎ സദസിനോട് വിശദീകരിച്ചു .

ശാമന്നൂരിന്റെ പ്രസംഗം കർണാടക കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 2009 മുതൽ ബിജെപിയുടെ ഉറച്ച കോട്ടയാണ് ശിവമോഗ ലോക്സഭാ മണ്ഡലം. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെത്തെ 8 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം കോൺഗ്രസിനൊപ്പം നിന്നു എന്നത് ശ്രദ്ധേയമാണ്. മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി ബിജെപിക്ക് വെല്ലുവിളി ഉയർത്താമെന്നിരിക്കെയാണ് ലിംഗായത്ത് നേതാവ് കൂടിയായ ഷാമന്നൂർ ശിവശങ്കരപ്പയുടെ ബിജെപിക്കായുള്ള വോട്ടഭ്യർത്ഥന.

ശാമന്നൂർ ശിവശങ്കരപ്പ

ശാമന്നൂരിന്റെ വോട്ടഭ്യർത്ഥനയെ സ്വാഗതം ചെയ്യുകയാണ് ബി വൈ രാഘവേന്ദ്ര. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആത്മാർത്ഥമായാണ് അദ്ദേഹം തനിക്കു വേണ്ടി സംസാരിച്ചതെന്നും വീണ്ടും മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി എസ്‌ യെദ്യുരപ്പയും ശാമന്നൂരിന്റെ പരാമർശത്തെ സ്വാഗതം ചെയ്തു.

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍