INDIA

'ഇലക്ടറൽ ബോണ്ടുകളെ വിമർശിക്കുന്നവർ പശ്ചാത്തപിക്കും, പോരായ്മകൾ പരിഹരിക്കും'; ചാനൽ അഭിമുഖത്തിൽ നരേന്ദ്ര മോദി

വെബ് ഡെസ്ക്

ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സംഭവം ബിജെപി സർക്കാരിന് തിരിച്ചടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ വൈകാതെ പശ്ചാത്തപിക്കേണ്ടി വരുമെന്നും ഒരു സംവിധാനവും തികഞ്ഞതല്ലെന്നും ഏതെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കാൻ കഴിയുമെന്നും മോദി പറഞ്ഞു.

തമിഴ്‌നാട്ടിലെ തന്തി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ''ഇലക്ടറൽ ബോണ്ടുകൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകൾ ഉടൻ തന്നെ പശ്ചാത്തപിക്കും. 2014ന് മുമ്പ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഫണ്ട് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. ഞാൻ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചതോടെ ഫണ്ടുകളുടെ ഉറവിടം കണ്ടെത്താനായി,'' മോദി പറഞ്ഞു.

2018 ൽ വിജ്ഞാപനം ചെയ്ത ഇലക്ടറൽ ബോണ്ട് സ്‌കീം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി അടുത്തിടെയാണ് വിധിച്ചത്. 2019 ഏപ്രിൽ മുതൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇലക്ടറൽ ബോണ്ടുകളെ ന്യായീകരിച്ച് മോദി രംഗത്തെത്തിയത്.

അണ്ണാ ഡിഎംകെയുമായുള്ള സഖ്യം അവസാനിച്ചതിനെക്കുറിച്ചും മോദി സംസാരിച്ചു. സഖ്യം ഇല്ലാതായത് നഷ്ടമാണെന്നും എന്നാൽ തങ്ങളല്ല അണ്ണാഡിഎംകെയാണ് ഇതിൽ ഖേദിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ഞങ്ങളുടെ സൗഹൃദം ശക്തമായിരുന്നു. ഖേദമുണ്ടെങ്കിൽ അത് എഐഎഡിഎംകെയുടെ ഭാഗത്തുനിന്നായിരിക്കണം, ബിജെപിയുടെ ഭാഗത്തുനിന്നല്ല. അമ്മയുടെ (എഐഎഡിഎംകെ അധ്യക്ഷ അന്തരിച്ച ജെ ജയലളിത) സ്വപ്നങ്ങൾ തകർത്ത് പാപം ചെയ്യുന്നവർ മാത്രമേ ഖേദിക്കേണ്ടതുള്ളൂ, ഞങ്ങളല്ല,'' മോദി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അണ്ണാഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ചത്.

അതേസമയം തന്റെ എല്ലാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പരിഗണനകളാലോ അധികാരമോഹങ്ങളാലോ നയിക്കപ്പെടുന്നതല്ലെന്നും തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് തന്റെ ലക്ഷ്യമെങ്കിൽ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് താൻ മുൻഗണന നൽകില്ലെന്നും മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരേക്കാൾ കൂടുതൽ താൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍