INDIA

ഇന്ന് ലോക ജലദിനം; കിട്ടാക്കനിയായി മാറുന്ന വെള്ളം

വെബ് ഡെസ്ക്

വറ്റിവരണ്ട ജലസ്രോതസുകളുടെയും കൂടിവരുന്ന വനനശീകരണത്തിന്റെയും നടുവില്‍ നിന്നാണ് ലോകം ഇന്ന് ജലദിനം ആഘോഷിക്കുന്നത്. കടുപ്പമേറിയ വേനല്‍ച്ചൂട് നേരിടുന്ന ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജ്യത്ത് ചൂട് കൂടുന്നതിനനുസരിച്ച് കുടിവെള്ള ക്ഷാമവും കൂടിവരികയാണ്. കുടിക്കാന്‍ മാത്രമല്ല, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്കുപോലും വെള്ളം കിട്ടാക്കനിയായിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ ബെംഗളൂരുവിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നത്.

മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് കര്‍ണാടക അനുഭവിക്കുന്നത്. ജലദൗര്‍ലഭ്യം മാത്രമല്ല, ജലസ്രോതസുകള്‍ ഇല്ലാതാകുന്നതടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ബെംഗളൂരുവിലെ 93 ശതമാനം നദികളും വറ്റിവരളുകയും വനമേഖലകള്‍ നശിപ്പിച്ച് മറ്റു നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ ഗവേഷകര്‍ പുറത്ത് വിട്ട വിലയിരുത്തലില്‍ പറയുന്നു. ബെംഗളൂരുവില്‍ ആകെ 79 ശതമാനം ജലസ്രോതസുകളും 88 ശതമാനം വനമേഖലയും നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1000 ശതമാനമാണ് വര്‍ധിച്ചത്.

കാവേരി ജലം എത്താത്ത ബെംഗളൂരു സൗത്ത് പോലുള്ള മേഖലകളിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. മഹാദേവപുര, കെ ആര്‍ പുര, വൈറ്റ് ഫീല്‍ഡ്, ആര്‍ആര്‍ നഗര്‍, ദാസറഹള്ളി, യെലഹങ്ക എന്നീ ഭാഗങ്ങളില്‍ ജലദൗര്‍ലഭ്യം രൂക്ഷമാണ്

നദികള്‍ മാത്രമല്ല, വര്‍ഷങ്ങളായി തടാകങ്ങളും ബെംഗളൂരുവില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 1965ലെ കണക്കുകള്‍ പ്രകാരം 920 തടാകങ്ങള്‍ കര്‍ണാടകയിലുണ്ടായിരുന്നു. എന്നാല്‍ 1993ലെത്തിയപ്പോള്‍ അത് 580 ആയി കുറഞ്ഞു. 2022-ല്‍ പുറത്തുവന്ന് ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ഉപയോഗയോഗ്യമായ 30 തടാകങ്ങള്‍ മാത്രമാണ് ബെംഗളൂരുവിലുള്ളതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. യാതൊരു തടസവുമില്ലാതെ തടാകങ്ങള്‍ കയ്യേറാന്‍ അനുവദിച്ച സര്‍ക്കാരും പൊതുജനങ്ങളുടെ മോശം ഇടപെടലുമാണ് ഇതിന് പ്രതിപ്പട്ടികയില്‍. ഭൂഗര്‍ഭ ജലവിതാനം ഇല്ലാതാകുന്നത് മൂലം തടാകങ്ങള്‍ വറ്റിവരളുന്നതും ഇതിനൊരു കാരണമാകുന്നു.

1976ലെ കര്‍ണാടക പ്രിസര്‍വേഷന്‍ ഓഫ് ട്രീ ആക്ട് (കെടിപിഎ) പ്രകാരം നിരവധി ചട്ടങ്ങളും നിയമങ്ങളും കര്‍ണാടകയില്‍ നിലവിലുണ്ട്. എന്നാല്‍ നിയമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധ നിര്‍മാണപ്രവര്‍ത്തനങ്ങളും ഭൂമിയുടെ ദുരുപയോഗവും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ബെംഗളൂരുവിലുണ്ടാക്കിയിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായപ്പോള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയത് മറ്റ് പരിസ്ഥിത പ്രശ്നങ്ങളിലേക്കും നഗരത്തെ വഴിനടത്തുന്നു.

ഭൂഗര്‍ഭ ജലവിതാനം 500 - 1500 അടി വരെ താഴ്ന്നതോടെ കുഴല്‍ക്കിണറുകള്‍ ഉപയോഗ ശൂന്യമായതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിച്ച ജനതയെ മുതലെടുത്ത് ജലവിതരണ കമ്പനികള്‍ തോന്നുംപോലെ വില ഈടാക്കിയതോടെ ബെംഗളൂരു നിവാസികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്.

മുംബൈ, ജയ്പൂര്‍, ബതിന്‍ഡ, ലക്നൗ, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളിലും ജലക്ഷാമം ഭീഷണിയില്‍

നിലവിലെ നിയന്ത്രണങ്ങളും മാര്‍ഗങ്ങളും

ഒരു കോടി ജനങ്ങള്‍ താമസിക്കുന്ന വലിയ നഗരമാണ് ബെംഗളൂരു. ബെംഗളൂരു കോര്‍പറേഷന്റെ (ബിബിഎംപി) പരിധിയില്‍ വരുന്ന, കാവേരി ജലം എത്താത്ത ബെംഗളൂരു സൗത്ത് പോലുള്ള മേഖലകളിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്. മഹാദേവപുര, കെ ആര്‍ പുര, വൈറ്റ് ഫീല്‍ഡ്, ആര്‍ആര്‍ നഗര്‍, ദാസറഹള്ളി, യെലഹങ്ക എന്നീ ഭാഗങ്ങളില്‍ ജലദൗര്‍ലഭ്യം രൂക്ഷമാണ്.

ഇവിടങ്ങളില്‍ പൊതുജനങ്ങള്‍ വെള്ളത്തിനായി ആശ്രയിച്ചിരുന്നത് കുഴല്‍ക്കിണറുകളെയും ടാങ്കര്‍ ലോറികളെയുമാണ്. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെ കുഴല്‍ക്കിണറുകളില്‍നിന്ന് ലഭിക്കുന്നത് മലിന ജലമാണ്. ഇത് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാന്‍ കഴിയില്ല. കുഴല്‍ക്കിണര്‍ ഉപയോഗശൂന്യമായതോടെ ആളുകള്‍ കൂട്ടത്തോടെ ഇപ്പോള്‍ ടാങ്കര്‍ ലോറികളെ ആശ്രയിക്കുകയാണ്.

ബെംഗളൂരുവിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷത്തിലെ പ്രധാനപരിപാടികളായ പൂള്‍ പാര്‍ട്ടികള്‍, മഴനൃത്തം തുടങ്ങിയവയ്ക്ക് കാവേരിയിലെയും കുഴല്‍ക്കിണറുകളിലെയും വെള്ളം ഉപയോഗിക്കരുതെന്ന് നിവാസികള്‍ക്ക് സിറ്റി ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ടത്ര മഴ ലഭിക്കാത്തതും ഭൂഗര്‍ഭ ജലം കുറയുന്നതും കാരണം നഗരത്തിലുടനീളമുള്ള കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം വരാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിന്റെ ആവശ്യത്തിനായി 75,000 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിക്കുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്‍ കര്‍ണാടകയില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

കൂടുതല്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ എട്ട് കോടി രൂപ അടിയന്തരമായി അനുവദിച്ചതായി ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 500 അടി കൂടി കുഴിച്ചാലേ വെള്ളം കിട്ടൂയെന്ന അവസ്ഥയിലാണ് മിക്ക കുഴല്‍ക്കിണറുകളും. പാര്‍പ്പിട സമുച്ചയങ്ങളും ഫ്‌ളാറ്റുകളും താമസക്കാരോട് ജല ഉപഭോഗം പരമാവധി കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 ലക്ഷത്തോളം തൊഴിലാളികള്‍ ബെംഗളൂരുവിലെ ഐ ടി - ബി ടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പല കമ്പനികളും തൊഴിലാളികളുടെ ആവശ്യപ്രകാരം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ മാത്രമല്ല, ഈ നഗരങ്ങളിലും 'വെള്ളം മുട്ടും'

ബെംഗളൂരുവില്‍ മാത്രമല്ല, രാജ്യത്തെ പല നഗരങ്ങളിലും ജലക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുംബൈ, ജയ്പൂര്‍, ബതിന്‍ഡ, ലക്നൗ, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളിലും ജലക്ഷാമം നേരിടുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുന്നു, ക്രമരഹിതമായ മഴ, ജല ഉറവിടങ്ങള്‍ കുറയുന്നു തുടങ്ങിയ കാരണങ്ങളാലാണ് മുംബൈയെ പ്രതികൂലമായി ബാധിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മുംബൈയിലെ സ്ഥിതികള്‍ വഷളാക്കുന്നുണ്ട്. നഗരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ഏഴ് തടാകങ്ങളിലെ ജലനിരക്ക് കുറഞ്ഞതും ജലക്ഷാമത്തിന് കാരണമാകുന്നു.

വര്‍ധിച്ചുവരുന്ന ജനസംഖ്യയും വ്യവസായവല്‍ക്കരണവുമാണ് ജയ്പൂരില്‍ ജലത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചിരിക്കുന്നത്. 20ാം നൂറ്റാണ്ട് വരെ രാംഗര്‍ ഡാമായിരുന്നു ജയ്പൂരിന്റെ പ്രധാന ജലസ്രോതസ്. എന്നാല്‍ 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും ഡാമിലെ ജല ലഭ്യത കുറയുകയും ഭൂഗര്‍ഭ ജലത്തെ പൂര്‍ണമായി ആശ്രയിക്കുകയുമായിരുന്നു.

കാര്യക്ഷമമല്ലാത്ത ജലഉപയോഗ രീതിയാണ് ബതിന്‍ഡയിലെ പ്രശ്നമായി മാറുന്നത്. 1400 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടും 2019ല്‍ ഏറ്റവും വലിയ ജലക്ഷാമത്തിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. സമീപവര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള കൂടിയ അളവുകളില്‍ മഴ ലഭിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ പ്രശ്നങ്ങള്‍, വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം തുടങ്ങിയ ഘടകങ്ങള്‍ ജലക്ഷാമം വര്‍ധിപ്പിക്കുന്നു.

എല്ലാ വേനല്‍ സമയങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്ന നഗരമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. മലിനമായിക്കൊണ്ടിരിക്കുന്ന യമുനയില്‍ നിന്നുമാണ് 60 ശതമാനം ജലവും ലഭ്യമാക്കുന്നത്. ഭൂഗര്‍ഭ ജലമാണ് ഇവിടുത്തെ മറ്റൊരു ആശ്രയം. ഭൂഗര്‍ഭ ജല ശോഷണം ഇല്ലാതാക്കുക, വെള്ളത്തിന്റെ ഗുണങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഡല്‍ഹിയില്‍ പ്രയോഗിക്കണമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ തന്നെ വിദഗ്ദര്‍ നല്‍കുന്നത്.

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും